Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ ഹൃദയം, അവര്‍ പോലും അറിയാതെ നിലയ്ക്കുമ്പോള്‍

പലപ്പോഴും ഡോക്ടർമാർ പോലും സ്ത്രീകൾ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങളെ,  അവരതു പ്രകടിപ്പിക്കുന്ന നേരം  അനുഭവിക്കുന്ന മാനസികമായ സമ്മർദ്ദ ലക്ഷണങ്ങൾ വെച്ച്, അവരുടെ മാനസിക വിഭ്രാന്തികളായി  വിലയിരുത്താറുണ്ട്.  സ്ത്രീകൾക്ക് കൃത്യസമയത്ത് കൃത്യമായ ചികിത്സ കിട്ടാതിരിക്കാൻ അതും ഒരു കാരണമാണ്.  

heart attack in women
Author
India, First Published Dec 18, 2018, 4:10 PM IST

പലപ്പോഴും സ്ത്രീകൾക്ക് തങ്ങൾക്കു വരുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മനസ്സിലാവാറില്ല. എന്തിന്, ചിലപ്പോൾ ഡോക്ടർമാർക്ക് പോലും... 

ഹൃദയാഘാതം പൊതുവെ പുരുഷൻമാർക്കാണ് വരാറ് എന്നൊരു വിശ്വാസമുണ്ട്. അത് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഡോ. നീക്കാ ഗോൾഡ്‌സ്ബെർഗ് എത്രയോ കാലമായി സ്ത്രീകളിൽ ഹൃദയാഘാതത്തെക്കുറിച്ചുള്ള അവബോധം ഊട്ടിയുറപ്പിക്കുവാനായി പ്രയത്നിക്കുന്ന ഒരാളാണ്. അവർ പറയുന്നത്, താൻ കണ്ടിട്ടുള്ള സ്ത്രീകളിൽ പലരും അവർക്ക് ഹൃദയാഘാതം വരുമ്പോൾ അത് തിരിച്ചറിയാതിരിക്കുകയും വേണ്ടപ്പെട്ടവരോടുപോലും അതേപ്പറ്റി പറയാൻ മടിക്കുകയും ചെയ്യുന്നവരാണ് എന്നാണ്.  "പലരും എന്നോട് പറഞ്ഞത്, നല്ല നെഞ്ചുവേദന പോലെ തോന്നിയപ്പോൾ, ഗ്യാസ് ട്രബിളിനുള്ള മരുന്ന് കഴിച്ച് കുറച്ചു ചൂടുവെള്ളവും അകത്താക്കി അൽപനേരം ചെന്നു കിടന്നു നോക്കി എന്നാണ്." അദ്ദേഹം പറഞ്ഞു. "എന്റെ പൊന്നു സഹോദരിമാരേ, ഹാർട്ടറ്റാക്ക് വന്നാൽ ചെയ്യേണ്ടത് അതൊന്നുമല്ല. കഴിവതും വേഗം ആസ്പത്രിയിൽ എത്തി വിദഗ്ധ ചികിത്സ തേടുകയാണ്." 

ഇത് ഗോൾഡ്‌സ്ബർഗിന്റെ പേഷ്യന്റ്‌സിന്റെ മാത്രം സ്ഥിതിയല്ല. യൂറോപ്യൻ കാർഡിയോളജി സൊസൈറ്റി നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് 'ഹൃദയാഘാതം വരുന്ന സ്ത്രീകൾ, പുരുഷന്മാരേക്കാൾ ശരാശരി 33  മിനിറ്റ് വൈകിയാണ് ആസ്പത്രിയിൽ എത്തിച്ചേരുന്നത്' എന്നാണ്. 2000  മുതൽ 2016  വരെ സ്വിറ്റ്സർലണ്ടിലെ ട്രിയംലി ആശുപത്രിയിൽ ചികിത്സതേടിയ 4360 രോഗികളുടെ കേസുകളിൽ നടത്തിയ പഠനത്തിലാണ് ഈ വസ്തുത വെളിപ്പെട്ടത്. ഇതിൽ 20 ശതമാനത്തോളം സ്ത്രീകളായിരുന്നു. ഇന്ത്യയിലെയോ കേരളത്തിലെയോ സ്ഥിതിവിവരക്കണക്കുകൾ വെച്ച് ഇത്തരം ഒരു പഠനം നടത്തിയാൽ, ചികിത്സ തേടാൻ വൈകുന്ന സമയം ഇതിന്റെ ഇരട്ടിയിലധികമാവും എന്നുറപ്പാണ്. ഇതേപ്പറ്റി ന്യൂയോർക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി, ഡോ. സുസൈൻ സ്റ്റെയ്ൻ ബാം പറയുന്നു,  "ഇതിന് ഒരു പ്രധാന കാരണം, തങ്ങൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായി സ്ത്രീകൾ തിരിച്ചറിയുന്നില്ല എന്നതാണ്. കാരണം അവരറിയുന്ന പുരുഷന്മാരിൽ അവർ വന്നുകണ്ടിട്ടുള്ള ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഹൃദയാഘാതം അവരിൽ, സ്ത്രീകളിൽ അനുഭവവേദ്യമാക്കുന്നത്..." 

പുരുഷന്മാർക്ക് താരതമ്യേന ലളിതമായ ഒരു ലക്ഷണമാണ്, 'കൊളുത്തിപ്പിടിക്കുന്ന വേദന', അതുവന്നാലുടൻ അവർ അടുത്തുള്ള ആസ്പത്രിയിലേക്ക് ഓട്ടോപിടിക്കും. സ്വയം അഡ്മിറ്റ് ചെയ്യും. എന്നാൽ, നമ്മുടെ സ്ത്രീകളോ, അവർക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ പലവിധമാണ്. അവർക്ക് കൊളുത്തിപ്പിടിച്ചുള്ള നെഞ്ചുവേദനയോ അല്ലെങ്കിൽ കൈ തരിച്ചിലോ വിയർക്കലോ ഒന്നും ഉണ്ടാവില്ലെന്നല്ല. പലപ്പോഴും അതൊന്നും കൂടാതെയും അവർക്ക് ഹൃദയാഘാതം വരാം. ഉദാ. വീർപ്പുമുട്ടൽ, താടിയെല്ലിൽ വേദന, പുറം വേദന, മനംപിരട്ടൽ, ഛർദ്ദി, അല്ലെങ്കിൽ ജലദോഷപ്പനിയുടെ മറ്റു ക്ലാസ്സിക്കൽ ലക്ഷണങ്ങൾ... പതിനഞ്ചു മിനിറ്റോളം നീണ്ടു നിൽക്കുന്ന തൊണ്ട, കഴുത്ത്, നെഞ്ച്, ചുമൽ, വയർ വേദനകൾ. അല്ലെങ്കിൽ, വിയർപ്പ്, ക്ഷീണം, തലചുറ്റൽ ഇതൊക്കെയും ലക്ഷണങ്ങളായി അനുഭവപ്പെടാം. 

ഇങ്ങനെ താരതമ്യേന എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാവുന്ന ലക്ഷണങ്ങൾ വരുമ്പോൾ അവർ ഉടനെ ചെയ്യുന്നത് വല്ല നാട്ടുമരുന്നുകളും കഴിച്ച്, നേരെ കേറിക്കിടക്കുകയാണ്. ഒന്നുറങ്ങി എണീറ്റുവരുമ്പോഴേക്കും ഒക്കെ ശരിയാവും എന്നവർ  കരുതും. 

ഗോൾഡ്‌സ്ബെർഗ് പറയുന്നത്, സ്ത്രീകൾക്ക് പൊതുവേ ഒരു ജാള്യതയും, 'ആസ്പത്രിയിലൊക്കെ പോയിട്ട് ഒന്നുമില്ലെങ്കിൽ നാണക്കേടാവും'  എന്നൊരു മിഥ്യാഭിമാനബോധവും ഉണ്ടാവും. പക്ഷേ, അത് വളരെ അപകടകരമാണ്. ഹൃദയത്തിന്റെ കാര്യത്തിൽ നമ്മൾ പാഴാക്കുന്ന ഓരോ നിമിഷവും നമ്മുടെ ഹൃദയത്തിന്റെ ഒരു സുപ്രധാന ഭാഗം പ്രവർത്തനരഹിതമാവുകയാണ്. അത് ചിലപ്പോൾ നമ്മുടെ മരണത്തിൽ വരെ ചെന്ന് കലാശിച്ചേക്കാം. 

35 വയസ്സിനു ശേഷമുള്ള ആളുകളിൽ ഇന്ന് ഹൃദയാഘാതത്തിന്റെ തോത് വർധിച്ചു വരികയാണ്. റിപ്പോർട്ടുചെയ്യപ്പെടുന്ന ഹൃദ്രോഗങ്ങളിൽ എൺപതു ശതമാനവും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. സമയത്തിന് ചികിത്സ ലഭ്യമായാൽ.  അതുകൊണ്ടുതന്നെ കഴിയുന്നതും വേഗം അസുഖത്തെ തിരിച്ചറിഞ്ഞ് മതിയായ ചികിത്സ തേടേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. 

പലപ്പോഴും ഡോക്ടർമാർ പോലും, പലപ്പോഴും ഡോക്ടർമാർ പോലും സ്ത്രീകൾ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങളെ,  അവരതു പ്രകടിപ്പിക്കുന്ന നേരം  അനുഭവിക്കുന്ന മാനസികമായ സമ്മർദ്ദ ലക്ഷണങ്ങൾ വെച്ച്, അവരുടെ മാനസിക വിഭ്രാന്തികളായി വിലയിരുത്താറുണ്ട്.  സ്ത്രീകൾക്ക് കൃത്യസമയത്ത് കൃത്യമായ ചികിത്സ കിട്ടാതിരിക്കാൻ അതും ഒരു കാരണമാണ്.

ഈ രംഗത്ത്, കാര്യമായ പുരോഗതി ഇന്നുവന്നിട്ടുണ്ടെങ്കിലും, പുരുഷന്മാരെപ്പോലെ തന്നെ ഹൃദയാഘാതസാധ്യതകളുള്ളവരാണ് സ്ത്രീകളും എന്ന സത്യം നമ്മളിനിയും ഉള്ളിലേക്കെടുത്തിട്ടില്ല. ആ കാര്യത്തിലാണ് കാര്യക്ഷമമായ അവബോധനിർമ്മാണം ഇനിയും നടത്തേണ്ടതുള്ളത്. 

1984 -നു ശേഷമാണ് ഹൃദയാഘാതം സ്ത്രീകളെ അങ്ങനെ ബാധിക്കാത്ത ഒരസുഖമാണ് എന്നുള്ള തെറ്റിദ്ധാരണ മാറാൻ തുടങ്ങിയത്.  അതിനുകാരണമായി പറയുന്നത്, അതിനു മുമ്പുള്ള കാലത്ത്, മെഡിക്കൽ രംഗത്ത് നടത്തപ്പെട്ടിരുന്ന ക്ലിനിക്കൽ ട്രയലുകൾ മിക്കതും പുരുഷകേന്ദ്രീകൃതമായിരുന്നു എന്നതാണ്. പഠനങ്ങളിൽ സ്ത്രീ സാമ്പിളുകളുടെ എണ്ണം പ്രാതിനിധ്യസ്വഭാവത്തോടെ വരാൻ തുടങ്ങിയപ്പോൾ കണക്കുകളിലും പതിയെ മാറ്റങ്ങൾ വന്നു. പിന്നെ, സ്ത്രീകൾക്കിടയിലും വർധിച്ചുവരുന്ന പുകവലി, മദ്യപാനം, തൊഴിൽ മേഖലകളിൽ നിന്നുള്ള സ്ട്രെസ് തുടങ്ങിയവയും സ്ത്രീകളെ ഹൃദയാഘാതത്തിന് കൂടുതൽ വശംവദരാക്കിയിട്ടുണ്ട്. 
 
സ്ത്രീകൾക്ക് അവരിൽ വരാൻ സാധ്യതയുള്ള ഹൃദയാഘാതത്തെക്കുറിച്ച് പരമാവധി വിവരങ്ങൾ പകർന്നു നൽകുക, അവർ  വ്യായാമത്തിലേക്കും ശാരീരികാധ്വാനം വരുന്ന വിനോദങ്ങളിലേക്കും കൂടുതലായി കടന്നുചെല്ലാനുള്ള സാഹചര്യങ്ങൾ സൃഷ്‌ടിക്കുക,  ഹൃദയാഘാതം വരുന്ന മുറയ്ക്ക്, ഒരു നിമിഷം പോലും പാഴാക്കാതെ അവരെ ആസ്പത്രികളിലേക്ക് എത്താൻ പ്രേരിപ്പിക്കുക, ആവശ്യമെങ്കിൽ സഹായിക്കുക. തുടങ്ങിയ പ്രാഥമികമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി നമുക്ക് നമ്മുടെ ജീവിതത്തിന്റെ ഭ്രമണകേന്ദ്രങ്ങളായ സ്ത്രീകളുടെ  ദീർഘായുസ്സും ആരോഗ്യസൗഖ്യങ്ങളും ഉറപ്പുവരുത്താൻ. 

(courtesy: huffington post)


 

Follow Us:
Download App:
  • android
  • ios