തന്റെ അറിവും അനുഭവങ്ങളും കൊണ്ട് തലമുറകൾക്ക് പ്രചോദനമായിത്തീർന്ന അതുല്യവ്യക്തിത്വമാണ് ഹെലൻ കെല്ലർ. തന്റെ വൈകല്യങ്ങളുമായി പോരാടി, ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് വെല്ലുവിളിയെയും അതിജീവിക്കാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തി. അവരെ ഒരിക്കൽ കണ്ടാൽ പിന്നെ ആരും മറക്കില്ലായിരുന്നു. വിക്ടോറിയ രാജ്ഞി അവരെ 'അത്ഭുത പ്രതിഭ' എന്നാണ് വിളിച്ചത്. ട്രൂമാൻ, മാർക്ക് ട്വെയ്ൻ, ബർണാഡ് ഷാ, ഐൻ‌സ്റ്റൈൻ, രവീന്ദ്രനാഥ ടാഗോർ, മഹാത്മാഗാന്ധി, ജവഹർ‌ലാൽ നെഹ്‌റു എന്നീ പ്രതിഭകൾ അവരെ ആദരിച്ചിരുന്നു. ഇന്ന് ഹെലൻ കെല്ലറുടെ 140 -ാം ജന്മ വാർഷികമാണ്. 

ഹെലൻ കെല്ലർ 1880 ജൂൺ 27 -ന് അമേരിക്കയിലെ അലബാമയിലെ ടസ്‍കുംബിയയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. അവൾക്ക് ഒരു വയസ്സുള്ളപ്പോൾ, അമ്മയുടെ മടിയിൽ കിടന്ന് അവൾ സംസാരിക്കാൻ തുടങ്ങി. പക്ഷേ, ആ സൗഭാഗ്യം അധികദിവസം നീണ്ടുനിന്നില്ല. അവൾക്ക് 19 മാസം പ്രായമുള്ളപ്പോൾ, ഭേദപ്പെടുത്താനാവാത്ത ഒരു രോഗം പിടിപെട്ട് കാണാനും, സംസാരിക്കാനും കേൾക്കാനുമുള്ള ഹെലന്‍റെ ശക്തി ഇല്ലാതായി. കാണാനോ, കേൾക്കാനോ കഴിയാതെ വരുന്നത് വളരെ വേദനാജനകമാണ്. എന്നാൽ, ആ വേദന മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പോലും സാധിക്കാത്തത് അതിലേറെ ദുരിതമാണ്. നെഞ്ചിൽ ഒരു കഠാര കുത്തിയിറക്കിയ വേദനയോടെ അവർ തന്റെ ദുഃഖങ്ങളെ നെഞ്ചോടമർത്തി ഒന്നും മിണ്ടാനാകാതെ ജീവിച്ചു. പെട്ടെന്നൊരു ദിവസം കണ്ണിൽ ഇരുട്ട് മാത്രമായപ്പോൾ  അവൾ ഭയത്തോടെ അമ്മയോട് പറ്റിനിന്നു. ക്രമേണ, ആ നിശബ്ദതയോടും ഇരുട്ടിനോടും പൊരുത്തപ്പെടാൻ അവൾ ശ്രമിച്ചു. നേരത്തെ പഠിച്ചതെല്ലാം മറവിയുടെ ആഴത്തിലേക്ക് മറഞ്ഞു.  

1887 മാർച്ച് 3, ഹെലൻ കെല്ലറുടെ ജീവിതത്തിന്‍റെ വിധി മാറ്റിയെഴുതിയ ദിവസമായിരുന്നു. അന്നാണ് അവളുടെ സ്വന്തം ടീച്ചർ ആനി സള്ളിവൻ അവളെ പഠിപ്പിക്കാൻ അവളുടെ വീട്ടിലെത്തിത്. സള്ളിവന് അന്ന് ഇരുപത് വയസ്സായിരുന്നു. ഹെലന്റെ ആഗ്രഹവും വികാരവും മനസ്സിലാക്കിയ സള്ളിവൻ അതേദിവസം തന്നെ ഹെലന് ഒരു പാവ നൽകി. കുറച്ചുകാലം ഹെലൻ പാവയോടൊപ്പം കളിക്കുന്നത് തുടർന്നു. തുടർന്ന് സള്ളിവൻ ഹെലന്റെ കൈയിൽ പതുക്കെ ഒരു അക്ഷരം എഴുതി. വിരലുകളുടെ ഈ കളി ഹെലന് ഇഷ്ടമായി. തുടർന്ന്, സള്ളിവൻ ഹെലന്റെ കൈപ്പത്തിയിൽ വിരലുകൾ കൊണ്ട് വാട്ടർ എന്നെഴുതി. എന്നിട്ട് പതുകെ ഹെലന്റെ കൈകൾ വെള്ളത്തിൽ തൊടുവിച്ചു. ഈ രീതിയിൽ അവർ ഹെലനിൽ ഒരു പുതിയ ബോധം ഉണർത്താൻ തുടങ്ങി. അവൾ എല്ലാ ദിവസവും പുതിയ വാക്കുകൾ പഠിച്ചുകൊണ്ടിരുന്നു. 

തന്റെ കഴിവിലും, എല്ലാ സന്തോഷത്തിലും, വികാരങ്ങളിലും, ആഗ്രഹങ്ങളിലും, എല്ലായ്പ്പോഴും തന്റെ  അധ്യാപികയായ സള്ളിവന്റെ സ്നേഹസ്‍പർശമുണ്ടെന്ന് ഹെലൻ എഴുതി. മൂന്ന് വർഷങ്ങൾക്കുശേഷം, അവൾക്ക് ബ്രെയ്‌ലി അക്ഷരമാല വായിക്കാനും എഴുതാനും കഴിഞ്ഞു. സംസാരിക്കുന്ന വ്യക്തിയുടെ ചുണ്ടിലും തൊണ്ടയിലും വിരലുകൾ വച്ചുകൊണ്ട് അവൾ ലിപ് റീഡിങ് പഠിച്ചു. ഒടുവിൽ അവൾ 1904 -ൽ റാഡ്ക്ലിഫ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. അഞ്ച് വ്യത്യസ്ത ഭാഷകൾ പഠിച്ച ഹെലൻ ബിഎ ബിരുദം നേടിയ ആദ്യത്തെ ബധിര-അന്ധയായ വ്യക്തിയായിരുന്നു. അവളുടെ വൈകല്യങ്ങളെ മറികടക്കുന്നതിൽ അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ച അവൾ താമസിയാതെ ഒരു സെലിബ്രിറ്റിയായിത്തീർന്നു.  

അവരുടെ ജീവിതത്തിലും സഫലമാകാത്ത ഒരു പ്രണയമുണ്ടായിരുന്നു. 1916 -ൽ, 36 വയസ്സുള്ളപ്പോൾ, ഹെലൻ ഇരുപതുകളുടെ അവസാനത്തിൽ എത്തിനിൽക്കുന്ന ഒരു മുൻ പത്ര റിപ്പോർട്ടറായ പീറ്റർ ഫാഗനുമായി പ്രണയത്തിലായി. സള്ളിവൻ രോഗിയായിരിക്കുമ്പോൾ ഹെലന്റെ  താൽക്കാലിക സെക്രട്ടറിയായി ജോലി ചെയ്യാൻ വന്നതായിരുന്നു ഫാഗൻ. പ്രണയം വീട്ടിലറിയുന്നതിന് മുൻപ് ദമ്പതികൾ രഹസ്യമായി വിവാഹനിശ്ചയം നടത്തുകയും വിവാഹ ലൈസൻസ് എടുക്കുകയും ചെയ്തു. എന്നാൽ, വീട്ടുകാർ ഇതിനെ പിന്തുണച്ചില്ല. സഫലമാകാത്ത ആഗ്രഹങ്ങളുടെ പട്ടികയിൽ അതും എഴുതിച്ചേർത്തു അവൾ. 'എന്റെ ജീവിതത്തിൽ സ്നേഹം നിഷേധിക്കപ്പെട്ടു,സംഗീതവും സൂര്യപ്രകാശവും നിഷേധിക്കപ്പെട്ടതുപോലെ' എന്നാണ് ഹെലന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

എന്നാൽ, അതിൽ തളർന്നിരിക്കാതെ, തന്‍റെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചുകൊണ്ടും വൈകല്യമുള്ള മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടും അവർ ജീവിതം മുന്നോട്ട് കൊണ്ടുപോയി.  വൈകല്യമുള്ളവരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമായി ഒരു പ്രമുഖ അഭിഭാഷകയെന്ന നിലയിൽ അവൾ ജീവിതകാലം മുഴുവൻ ചെലവഴിച്ചു, കൂടാതെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ച് സംസാരിക്കുകയും എഴുതുകയും ചെയ്‍തു. ഹെലനെ  'സന്തോഷത്തിന്‍റെയും ശുഭാപ്‍തിവിശ്വാസത്തിന്‍റെയും ഏറ്റവും തിളക്കമുള്ള നക്ഷത്രം' എന്നും 'ലോകത്തിലെ എട്ടാമത്തെ അത്ഭുതം' എന്നും വിളിക്കുന്നു.    

കെല്ലർ തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവൾ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയിൽ അംഗമായിരുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസി‌എൽ‌യു) രൂപീകരിക്കാൻ അവൾ സഹായിച്ചു. അവളുടെ ഇടതുപക്ഷ കാഴ്‍ചപ്പാടുകൾ കാരണം എഫ്ബിഐ അവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വ്യാവസായിക തൊഴിലാളികളുടെ അവകാശങ്ങൾ, സ്ത്രീകളുടെ വോട്ടവകാശം, ജനനനിയന്ത്രണം എന്നിവയും ഹെലൻ പിന്തുണച്ചിരുന്നു. വ്‌ളാഡ്‍മിർ ലെനിനെ വളരെ ആരാധിച്ചിരുന്ന അവൾ, തന്റെ സോഷ്യലിസ്റ്റ് കാഴ്‍ചപ്പാടുകളെക്കുറിച്ച് ലേഖനങ്ങൾ എഴുതി.

ഹെലൻ കെല്ലർ 1968 ജൂൺ 1-ന് അന്തരിച്ചു. ജനിച്ച് 140 വർഷത്തിനുശേഷവും, ഹെലനെ 'അന്ധ ബധിര ലോകത്തിന്‍റെ മിശിഹ' എന്നാണ് ലോകം വിളിക്കുന്നത്. ഇന്നും നിരവധി ആളുകൾക്ക് ഒരു പ്രചോദനമാണ് അവർ. 

വായിക്കാം:

കാഴ്ചയില്ലായ്മ ഒരു പരിധിയേ അല്ലെന്ന് ഹെലനെ പഠിപ്പിച്ച അധ്യാപിക; ഒരു കുട്ടിയുടെ ജീവിതം മാറാന്‍ നല്ലൊരു അധ്യാപിക മതി...