'ബ്ലിസ്' എന്ന പേരിലാണ് ഈ പാഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക. സാധാരണ പാഡുകളിലടങ്ങിയിട്ടുള്ള സൂപ്പര്‍ അബ്സോര്‍ബന്‍റ് പോളിമര്‍ പോലെയുള്ള കെമിക്കലുകളൊന്നും തന്നെ ഇതിലടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അവയുണ്ടാക്കുന്ന അലര്‍ജി പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്നാണ് കരുതുന്നത്. 

ഹെര്‍ബല്‍ മെന്‍സ്ട്രല്‍ പാഡുകളുണ്ടാക്കി ആര്‍ത്തവ ദിനങ്ങളെ പരിസ്ഥിതി സൌഹാര്‍ദ്ദമാക്കുകയാണ് തമിഴ് നാട്ടില്‍ നിന്നുള്ള നിവേദിത, ഗൌതം എന്നീ വിദ്യാര്‍ത്ഥികള്‍. മെസ്റ്റ (കെനാഫ്) എന്ന ചെടിയില്‍ നിന്നുള്ള നാരുപയോഗിച്ചാണ് പാഡ് നിര്‍മ്മാണം. കോയമ്പത്തൂര്‍ കുമാരഗുരു കോളേജ് ഓഫ് ടെക്നോളജിയില്‍ അപ്പാരല്‍ ടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും. 

'ബ്ലിസ്' എന്ന പേരിലാണ് ഈ പാഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക. സാധാരണ പാഡുകളിലടങ്ങിയിട്ടുള്ള സൂപ്പര്‍ അബ്സോര്‍ബന്‍റ് പോളിമര്‍ പോലെയുള്ള കെമിക്കലുകളൊന്നും തന്നെ ഇതിലടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അവയുണ്ടാക്കുന്ന അലര്‍ജി പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്നാണ് കരുതുന്നത്. സാധാരണ പ്ലാസ്റ്റിക് അടങ്ങിയ പാഡുകള്‍ സംസ്കരിക്കാനുള്ള ബുദ്ധിമുട്ടുകളും ഇതിനില്ല. മറ്റ് പാഡുകളെ ഉപയോഗിക്കാനും സംസ്കരിക്കാനും കുറച്ചു കൂടി എളുപ്പമാണ് എന്ന് പാഡുപയോഗിക്കുന്നവര്‍ പറയുന്നു. 

നിവേദിതയും ഗൌതവും ഈ പാഡിന്‍റെ നിര്‍മ്മാണത്തിലേക്കെത്തിയത് തികച്ചും യാദൃശ്ചികമായാണ്. ആന്ധ്രപ്രദേശില്‍ നിന്നുമുള്ള ഒരു എന്‍.ജി.ഒ കെനാഫിന്‍റെ ഫൈബറുകളുപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അന്വേഷിച്ച് കോളേജിനെ സമീപിക്കുകയായിരുന്നു. വ്യത്യസ്ത തരത്തിലുള്ള ഫാബ്രിക്കുകളുണ്ടാക്കിയപ്പോഴാണ് ഈ ഫൈബര്‍ ദ്രവങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നല്ലതാണെന്ന് മനസിലായത്. അങ്ങനെയാണ് സാനിറ്ററി പാഡിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. കെനാഫ് കിട്ടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷെ, ചിറകുകള്‍ വച്ച് അവ അവസാനവട്ട രൂപത്തിലെത്തിക്കുന്നതായിരുന്നു വെല്ലുവിളി. 

നിവേദയും ഗൌതവും കെനാഫ് ഫൈബര്‍ ലബോറട്ടറി പരിശോധനകള്‍ക്കയച്ചു. പരിശോധനയില്‍ ഒരു ഗ്രാം കെനാഫ് ഫൈബര്‍ 22.78 മില്ലി രക്തം വലിച്ചെടുക്കുമെന്ന് മനസിലായി. യാതൊരു വിധത്തിലുള്ള കെമിക്കലും ചേര്‍ക്കാതെയാണ് പാഡ് നിര്‍മ്മിക്കുന്നതെന്നും ഇരുവരും പറയുന്നു. എട്ട് മണിക്കൂര്‍ വരെ ഒരു പാഡ് ഉപയോഗിക്കാം. ബ്ലിസ്സിന് പേറ്റന്‍റും ലഭിച്ചു കഴിഞ്ഞു. 

ഇപ്പോള്‍ ബ്ലിസ് കോയമ്പത്തൂരിലാണ് കിട്ടുന്നത്. പറഞ്ഞറിഞ്ഞാണ് ആളുകള്‍ ഇവ വാങ്ങാനെത്തുന്നത്. ഇ- കൊമേഴ്സ് പ്ലാറ്റ് ഫോമുകളുപയോഗിച്ച് ബ്ലിസ് എല്ലായിടത്തും എത്തിക്കാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം. 

കടപ്പാട്: എഫോര്‍ട്ട് ഫോര്‍ ഗുഡ്