Asianet News MalayalamAsianet News Malayalam

ഹൈടെക് കൃഷി പരീക്ഷിച്ചപ്പോള്‍ ലാഭം ലക്ഷങ്ങള്‍

പരിശീലനത്തിന് ചെന്നപ്പോള്‍ എല്ലാം തിയറി ക്ലാസുകളാണ്. പ്രാക്ടിക്കലായി ഒന്നുമില്ല. വിദ്യാഭ്യാസവും കുറവായിരുന്നതിനാല്‍ അത് മനസിലാക്കാനും ധ്യാനേഷ്വര്‍ ബുദ്ധിമുട്ടി. പക്ഷെ, തോറ്റുകൊടുക്കില്ലെന്ന് തീരുമാനിച്ചു. അധികൃതരുമായി ബന്ധം തുടര്‍ന്നു. എങ്ങനെയാണ് പോളി ഹൗസ് ഫാമിങ് ചെയ്യുന്നത് എന്ന് പഠിച്ചു. 

hi-tech farming success story
Author
Pune, First Published Dec 8, 2018, 4:13 PM IST

പൂനെയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് അയാള്‍ ജനിച്ചത്. പത്താം ക്ലാസ് കഴിഞ്ഞയുടനെ ധ്യാനേഷ്വര്‍ ബോഡെ കുടുംബത്തിനൊപ്പം ഫാമില്‍ ജോലി ചെയ്തു തുടങ്ങി. പരമ്പരാഗതമായ കൃഷിരീതി പിന്തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരും രാവിലെ കൃഷിപ്പണിക്കിറങ്ങും. പക്ഷെ, ഒരു പാത്രം ചോറിനും ഒരു ഗ്ലാസ് പാലിനും അപ്പുറം അവര്‍ക്ക് ഒന്നും കിട്ടിയിരുന്നില്ല. 

കൃഷിപ്പണി നഷ്ടമാണെന്ന് മനസിലായപ്പോള്‍ ധ്യാനേഷ്വര്‍ കൃഷിപ്പണി ഉപേക്ഷിച്ചു. പിന്നീടയാള്‍ പൂനെയില്‍ ഒരു ഓഫീസില്‍ ഓഫീസ് ബോയ് ആയി ജോലിക്ക് കയറി. പത്തുവര്‍ഷം അയാള്‍ ആ ജോലി ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം 11 വരെ ജോലി ചെയ്യണം. എന്തിനാണ്, ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നതെന്ന് തോന്നിത്തുടങ്ങി. കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നും തോന്നിത്തുടങ്ങി. 

ആ സമയത്താണ് പത്രത്തില്‍‌ ഒരു ലേഖനം വന്നത്. സംഗലിയിലെ ഒരു കര്‍ഷകന്‍റെ വിജയകഥ ആയിരുന്നു അതില്‍. പോളിഹൌസ് ഫാമിങ്ങിലൂടെ 1000 സ്ക്വയര്‍ഫീറ്റ് സ്ഥലത്ത് കൃഷി ചെയ്ത് ഒരു വര്‍ഷം 12 ലക്ഷം വരെ നേടിയ കര്‍ഷകന്‍റെ കഥ. 

ധ്യാനേഷ്വര്‍ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു. പൂനെയിലെ ഹോര്‍ട്ടി കള്‍ച്ചര്‍ ട്രെയിനിങ് സെന്‍റര്‍ നല്‍കുന്ന രണ്ട് ദിവസത്തെ പരിശീലനത്തിലും പങ്കെടുത്തു. അയാളുടെ അച്ഛന്‍ അയാളുടെ തീരുമാനത്തെ എതിര്‍ത്തിരുന്നു. 

പരിശീലനത്തിന് ചെന്നപ്പോള്‍ എല്ലാം തിയറി ക്ലാസുകളാണ്. പ്രാക്ടിക്കലായി ഒന്നുമില്ല. വിദ്യാഭ്യാസവും കുറവായിരുന്നതിനാല്‍ അത് മനസിലാക്കാനും ധ്യാനേഷ്വര്‍ ബുദ്ധിമുട്ടി. പക്ഷെ, തോറ്റുകൊടുക്കില്ലെന്ന് തീരുമാനിച്ചു. അധികൃതരുമായി ബന്ധം തുടര്‍ന്നു. എങ്ങനെയാണ് പോളിഹൌസ് ഫാമിങ് ചെയ്യുന്നത് എന്ന് പഠിച്ചു. 

പിറ്റേ വര്‍ഷം വരെ അയാള്‍ എല്ലാ ദിവസവും 17 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പരിശീലനകേന്ദ്രത്തിലെത്തി. അവിടെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ ജോലി ചെയ്തു. ഒരു രൂപ പോലും വാങ്ങിയില്ല. പഠിക്കാനാണ് വരുന്നതെന്ന് പറഞ്ഞു. 

പരിശീലനം കഴിഞ്ഞപ്പോള്‍ ധ്യാനേഷ്വര്‍ ഒരു ലോണിന് അപേക്ഷിച്ചു. പോളിഹൌസ് നിര്‍മ്മാണത്തിനായിരുന്നു ലോണ്‍. 1999-ല്‍ അയാള്‍ പലവിധത്തിലുള്ള പൂക്കള്‍ നട്ടുവളര്‍ത്തി. ലോക്കല്‍ മാര്‍ക്കറ്റുകള്‍ക്കപ്പുറം ഹോട്ടലുകളില്‍ അലങ്കാരത്തിനായി പൂക്കള്‍ നല്‍കിത്തുടങ്ങി. പൂനെ, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്കും പൂക്കള്‍ കയറ്റി അയച്ചു. 

ആദ്യമൊക്കെ കൃത്യമായ വരുമാനം കിട്ടിയിരുന്നില്ല. പക്ഷെ, ഇപ്പോള്‍ കൃത്യമായി വരുമാനം കിട്ടുന്നു. പക്ഷെ, ഒരു വര്‍ഷത്തിനുള്ളില്‍ അയാള്‍ 10 ലക്ഷം രൂപ ലോണെടുത്തത് തിരിച്ചടച്ചു. 

ബാങ്ക് മാനേജര്‍ ആദ്യമായി വീട്ടിലെത്തിയപ്പോള്‍ തന്‍റെ നിലമെല്ലാം കടം കാരണം ജപ്തി ചെയ്യാനാണെന്ന് ഭയന്ന് ധ്യാനേഷ്വറിന്‍റെ അച്ഛന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായില്ല. പക്ഷെ, ബാങ്ക് മാനേജര്‍ അകത്ത് ചെന്ന് അച്ഛന്‍റെ കാലില്‍ തൊടുകയും നിങ്ങളുടെ മകനാണ് ആദ്യമായി ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ലോണും അടച്ച് തീത്തതെന്നും പറഞ്ഞു. 

ലോക്കല്‍ ന്യൂസ് ചാനലില്‍ ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരികയും നിരവധി കര്‍ഷകര്‍ പോളിഹൌസ് ഫാര്‍മിങ്ങിനെ കുറിച്ച് അറിയാന്‍ അയാളെ സമീപിക്കുകയും ചെയ്തു. 

ലോണിന് അപേക്ഷിക്കാനും അത് തിരിച്ചടക്കാനും മാര്‍ക്കറ്റിങ്ങിനുമെല്ലാം ധ്യാനേഷ്വര്‍ മറ്റ് കര്‍ഷകരെ സഹായിച്ചു. വിവിധ ഫാമുകളിലേക്ക് അയാള്‍ എപ്പോഴും യാത്രകള്‍ നടത്തും. അപ്പോഴും സ്വന്തം ഫാം ശ്രദ്ധിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തിയിരുന്നില്ല. 

2004 -ല്‍ നബാര്‍ഡിന്‍റെ സഹായത്തോടെ മറ്റ് 11 പേര്‍ കൂടി ചേര്‍ന്ന് 'അഭിനവ് ഫാര്‍മേഴ്സ് ക്ലബ്ബ്' എന്നൊരു ക്ലബ്ബിന് രൂപം കൊടുത്തു. കുറച്ച് പേര്‍ മാര്‍ക്കറ്റിങ് കാര്യങ്ങള്‍ ശ്രദ്ധിച്ചു, കുറച്ചുപേര്‍ ട്രാന്‍സ്പോര്‍ട്ട്. അവര്‍ ലാഭം പരസ്പരം പങ്കുവെച്ചു. വളരെ പെട്ടെന്ന് തന്നെ 11 പേരില്‍ നിന്നും 305 ആയി അംഗസംഖ്യ ഉയര്‍ന്നു. 

മാസത്തില്‍ 25,000 രൂപയൊക്കെ കിട്ടിക്കൊണ്ടിരുന്ന കര്‍ഷകരുടെ ഗ്രൂപ്പിന് വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരെ വരുമാനം കിട്ടിത്തുടങ്ങി. ഗ്രൂപ്പ് 300 മാരുതി കാറുകള്‍ വാങ്ങി. സാധനങ്ങളെത്തിക്കുന്നത് വേഗത്തിലാക്കാനായിരുന്നു ഇത്. നബാര്‍ഡ് അവരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു. 


നഷ്ടങ്ങളും വന്നു

പക്ഷെ, നഷ്ടവുമുണ്ടായി. പൂക്കളുടെ വില കുറഞ്ഞു. ക്ലബ്ബിലെ അംഗങ്ങളുടെ എണ്ണം 23 വരെ ആയി കുറഞ്ഞു. അതേ സമയത്താണ് അവിടെ മാളുകള്‍ ഉയര്‍ന്നുവന്നത്. ചെരിപ്പുകള്‍ മാളിലും പച്ചക്കറികള്‍ റോഡരികിലും വില്‍ക്കുന്നതിന്‍റെ വൈരുദ്ധ്യത്തെ കുറിച്ച് പറഞ്ഞ് ധ്യാനേഷ്വര്‍ ചിരിക്കുന്നു. 

മാളുകളുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ച കര്‍ഷകര്‍ പച്ചക്കറികള്‍ കൃഷി ചെയ്ത് തുടങ്ങി. ബ്രൊക്കോളി, ചൈനീസ് കാബേജ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. 100 ശതമാനം ഓര്‍ഗാനിക് പച്ചക്കറികള്‍ മാത്രമാണ് വില്‍ക്കുന്നത്. 

പതിയെ പതിയെ ലാഭം കണ്ടുതുടങ്ങി. അതുവരെയുണ്ടായിരുന്ന നഷ്ടങ്ങള്‍ നികത്തുന്ന തരത്തിലുള്ള ലാഭം കിട്ടിത്തുടങ്ങി. പക്ഷെ, ഇനിയും നഷ്ടമുണ്ടായേക്കാമെന്ന് തോന്നിയ ധ്യാനേഷ്വര്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഹൈ-ടെക്ക് കൃഷി ഒരുക്കി. 

ഒരു ഏക്കര്‍ സ്ഥലം, 10,000- 20,000 ലിറ്റര്‍ വെള്ളം, രണ്ട് മണിക്കൂര്‍ ഇലക്ട്രിസിറ്റി, നാല് മണിക്കൂര്‍ മാത്രം കൃഷിയിടത്തില്‍ ചെലവഴിച്ചാല്‍ മതി. ഈ ഒരു ഏക്കര്‍ സ്ഥലത്തെ നാല് സബ് പ്ലോട്ടുകളാക്കി തിരിച്ചു. ഒന്നില്‍ ഓറഞ്ച്, മാങ്ങ് തുടങ്ങി 12 തരം പഴങ്ങള്‍ നട്ടുവളര്‍ത്തി. മറ്റൊന്നില്‍ പച്ചക്കറികള്‍, മൂന്നാമത്തേതില്‍ പയര്‍ വര്‍ഗങ്ങള്‍, അവസാനത്തേതില്‍ ഇല വര്‍ഗങ്ങള്‍. ഇവ നേരിട്ട് ആവശ്യക്കാരിലെത്തിച്ചു തുടങ്ങി. ബസുകളിലും ട്രെയിനുകളിലും ഇവ മുംബൈ, ഗോവ, നാഗ്പുര്‍, ദില്ലി, കല്‍ക്കത്ത എന്നിവിടങ്ങളിലെത്തിച്ചേര്‍ന്നു. പശുവിനെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. അതില്‍ നിന്നും ലാഭം കണ്ടെത്തുന്നു. ആറ് കര്‍ഷകര്‍ ചേര്‍ന്ന് 12 ലക്ഷം വരെ ഒരു വര്‍ഷം കണ്ടെത്തുന്നു. 

കൂടാതെ അഭിനവ് ഫാര്‍മേഴ്സ് ഗ്രൂപ്പ് വനിതാ സ്വാശ്രയസംഘങ്ങളുമായി കൈകോര്‍ക്കുന്നു. പാക്ക് ചെയ്യാനും മറ്റും വനിതകളാണ് സഹായിക്കുന്നത്.  300-800 വരെ ഇവര്‍ക്ക് ദിവസം കൂലി കിട്ടുന്നു. ഇവര്‍ ഇപ്പോള്‍ സ്വന്തം കാലില്‍ നിന്നു തുടങ്ങി. ഇന്ന്, അഭിനവ് ഫാര്‍മേഴ്സ് ക്ലബ്ബ് ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. 1.5 ലക്ഷം കര്‍ഷകരുണ്ട് അംഗങ്ങളായി. 400 കോടി വരെ വര്‍ഷം ഇവര്‍ക്ക് കിട്ടുന്നു. 

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios