മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന വില്ലനെ നമ്മൾ സിനിമയിൽ കണ്ടിരിക്കാം. പല കോമഡി ഷോകളിലും അതിനെ കളിയാക്കിക്കൊണ്ട് സ്‌കിറ്റുകൾ വരെ ഉണ്ടാകാറുണ്ട്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇതുപോലെ വിചിത്രമായ വളർത്തുമൃഗങ്ങൾ പല നേതാക്കൾക്കും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഹിറ്റ്ലറിനും സാറ്റേൺ എന്ന പേരിൽ ഒരു ചീങ്കണ്ണി വളർത്തുമൃഗമായി ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മോസ്കോ മൃഗശാലയിൽ കഴിഞ്ഞിരുന്ന അത് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചു. എന്നാൽ, സാറ്റേൺ ഹിറ്റ്ലറിന്റെ വളർത്തുമൃഗമായിരുന്നു എന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.  

1936 -ൽ അമേരിക്കയിൽ ജനിച്ച സാറ്റേണിനെ പിന്നീട് ബെർലിൻ മൃഗശാലയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. സാറ്റേൺ ഹിറ്റ്ലറുടെ വളർത്തുമൃഗമല്ലെങ്കിലും, ആൾ അത്ര നിസ്സാരക്കാരനല്ല. 1943 -ൽ രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ മൃഗശാലയിൽ ബോംബേറുണ്ടായി. അന്ന് ഈ ചീങ്കണ്ണി അതിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട്, മൂന്ന് വർഷത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളക്കാർ അതിനെ സോവിയറ്റ് യൂണിയന് നൽകി.  

പിന്നീടുള്ള വർഷങ്ങളിൽ അതിന് എന്ത് സംഭവിച്ചു എന്നത് ആർക്കും അറിയില്ല. എന്നിരുന്നാലും, 1946 ജൂലൈ മുതൽ മോസ്കോയിലെ മൃഗശാലയിയിൽ സാറ്റേൺ ഉണ്ട്. 74 വർഷമായി  സാറ്റേൺ മോസ്കോ മൃഗശാലയിലാണ് കഴിഞ്ഞിരുന്നത്. അതിന് മരിക്കുമ്പോൾ ഏകദേശം 84 വയസ്സുണ്ടായിരുന്നു. "അവന്റെ മരണത്തോടെ ഒരു യുഗം അവസാനിച്ച പോലെയാണ് ഞങ്ങൾക്ക് തോന്നുന്നത്. അവനെ ഞങ്ങൾ നന്നായി നോക്കിയെന്ന് വിശ്വസിക്കുന്നു." അധികൃതർ പറഞ്ഞു.  ബ്രഷ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്ന സാറ്റേൺ പെട്ടെന്ന് ദേഷ്യപ്പെടുമായിരുന്നുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു. ഉരുക്ക് പല്ലുകൾ ഉപയോഗിച്ച് കോൺക്രീറ്റ് കഷണങ്ങൾ തകർക്കാൻ അതിന് കഴിഞ്ഞിരുന്നുവെന്നും മൃഗശാല റിപ്പോർട്ട് ചെയ്‍തു. എന്നാൽ സാറ്റേൺ എന്നുമുതലാണ് ഹിറ്റ്ലറുടെ വളർത്തുമൃഗമായി അറിയപ്പെടാൻ തുടങ്ങിയതെന്ന് തങ്ങൾക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

1945 -ൽ യുദ്ധം അവസാനിക്കുന്നതിനുമുമ്പ് വരെ നാസി ജർമ്മനിയുടെ തലസ്ഥാനമായ ബെർലിൻ സഖ്യസേനയുടെ വ്യോമാക്രമണത്തിന് നിരന്തരം വിധേയമാകാറുണ്ട്. 1943 നവംബറിൽ ബെർലിൻ യുദ്ധം ആരംഭിച്ചു. നവംബർ 22 -ന് ഉണ്ടായ വ്യോമാക്രമണത്തിൽ മൃഗശാല സ്ഥിതിചെയ്‍തിരുന്ന ടിയർഗാർട്ടൻ ജില്ലയിൽ വ്യാപകമായ നാശനഷ്‍ടമുണ്ടായി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‍തു. മൃഗശാലയിലെ പല മൃഗങ്ങളും ചത്തു. മൃഗശാലയുടെ അക്വേറിയം സ്ഥിതിചെയ്‍തിരുന്ന കെട്ടിടം മൊത്തമായി തകർന്നു. തെരുവിൽ നാല് ചീങ്കണ്ണികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയിൽ അവ തെരുവിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. എന്നാൽ, സാറ്റേൺ എങ്ങനെയോ രക്ഷപ്പെട്ടു. യുദ്ധത്തിൽ തകർന്ന ആ നഗരത്തിൽ ഒട്ടും അനുയോജ്യമല്ലാത്ത കാലാവസ്ഥയിൽ അത് മൂന്നുവർഷം വരെ ജീവിച്ചു. പിന്നീടാണ് അത് മോസ്കൊ മൃഗശാലയിൽ എത്തിയത്. ചാൾസ് ഡാർവിന്റെ പേരിലുള്ള മോസ്കോയിലെ പ്രശസ്‍തമായ ബയോളജി മ്യൂസിയത്തിൽ ചീങ്കണ്ണിയെ ഇനിമുതൽ സ്റ്റഫ് ചെയ്‍ത് പ്രദർശിപ്പിക്കുമെന്ന് പറയപ്പെടുന്നു.