ലോകത്തെ മുഴുവൻ കൊവിഡ് 19 എന്ന മഹാമാരി വിഴുങ്ങിത്തുടങ്ങുമ്പോൾ, എല്ലാവരും സ്വന്തം വീടുകളിൽ അല്ലെങ്കിൽ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിൽ അഭയം തേടുകയാണ്. എന്നാൽ, പോകാൻ ഇടമില്ലാത്ത തെരുവില്‍ കഴിയുന്നവര്‍ക്ക് ഇത് ദുരിതകാലമാണ്. പല രാജ്യങ്ങളും അവരെ അധിവസിപ്പിക്കാനുള്ള നൂതനമായ പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും, ഓസ്‌ട്രേലിയൻ സർക്കാർ ഈ കാര്യത്തിൽ ഒരുപടി കൂടി മുന്നോട്ട് പോവുകയാണ്. തെരുവുകളിൽ നിന്നും വീടില്ലാത്തവരെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പാർപ്പിക്കാൻ പദ്ധതിയിടുകയാണ് സർക്കാർ.   

'ഹോട്ടൽസ് വിത്ത് ഹാർട്ട്' എന്ന പദ്ധതിയുടെ ഭാഗമായാണ് വീടില്ലാത്തവരെ പെർത്തിലെ പഞ്ചനക്ഷത്ര ഹോട്ടലായ പാൻ പസഫികിൽ പാർപ്പിക്കാൻ വെസ്റ്റ് ഓസ്‌ട്രേലിയൻ സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തുടക്കത്തിൽ 20 ആളുകളെയാണ് ഒരു മാസത്തെയ്ക്ക് അവിടെ താമസിപ്പിക്കാൻ പോകുന്നത്. സാധാരണയായി പാൻ പസഫിക് ഹോട്ടലിലെ ഡീലക്സ് റൂമിൽ ഒരാൾക്ക് താമസിക്കാൻ ഒരു രാത്രി 13,000 രൂപയാണ് വില. ഏറ്റവും ചെലവേറിയ മുറികൾക്ക് ഒരു രാത്രി 20,000 രൂപയോളം വരും.   

ഗാർഹിക പീഡനത്തിന് ഇരയായവരെയും, മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെയും താമസിയാതെ ഈ പദ്ധതിയിൽ ചേർക്കും. ഹോട്ടലിലെ 120 മുറികളാണ് ഇവർക്കായി വിട്ടുകൊടുക്കുക. പകർച്ചവ്യാധിയുടെ സമയത്ത് ഭവനരഹിതർക്ക് വീട് കണ്ടെത്താനായി രൂപീകരിച്ച ഒരു ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം സമാനമായ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

കൊവിഡ് -19 ഇവരുടെ ഇടയിൽ എളുപ്പത്തിൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കമ്മ്യൂണിറ്റി സർവീസ് മന്ത്രി സിമോൺ മക്ഗുർക്ക് പറഞ്ഞു. 
ഈ ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തിൽ സഹായവുമായി മുന്നോട്ട് വന്നതിന് പാൻ പസഫിക്കിന് അവർ നന്ദി അറിയിക്കുകയും ചെയ്തു. കമ്മ്യൂണിറ്റി സർവീസ് ഓർഗനൈസേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ സംരംഭം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ആരോഗ്യ സംവിധാനത്തെ നല്ല രീതിയിൽ സഹായിക്കുമെന്നും COVID-19 -ന്റെ വ്യാപനം തടയാൻ സംസ്ഥാനം പോരാടുമ്പോൾ ഈ സംരംഭം കൂടുതൽ പ്രയോജനം ചെയ്യുമെന്നും അവർ പറഞ്ഞു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ 355 സ്ഥിരീകരിച്ച COVID-19 കേസുകളുണ്ട്. അതിൽ 41 പേര്‍ വെസ്റ്റ് ഓസ്‌ട്രേലിയക്കാർ കൊറോണ വൈറസിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചു. ഓസ്‌ട്രേലിയയിലുടനീളം 4,459 കൊറോണ വൈറസ് കേസുകളുണ്ട്, അതിൽ 19 പേർ മരിക്കുകയും ചെയ്തു.