അതീവ സുരക്ഷാ മേഖലയിലാണ് ഈ ജയില്‍. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ഫ്രാന്‍സിസ്‌കോ ഹെരേര ആര്‍ഗ്യവേറ്റയാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ഡോണ്‍ ചോകാ എന്നറിയപ്പെടുന്ന സാന്‍ പെഡ്ര ഹോണ്ടുറാസിലെ അധോലോക സംഘങ്ങളിലൊന്നിന്റെ നേതാവാണ്.

സ്‌കര്‍ട്ടും ഹൈ ഹീല്‍ ചെരിപ്പുകളും കൃത്രിമ തലമുടിയും സണ്‍ ഗ്ലാസും ധരിച്ചാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൃത്രിമ മാറിടം വെച്ച്, മുഖത്ത് ചായം തേച്ച്, നഖത്തില്‍ പോളിഷ് ഇട്ട് ശരിക്കും ഒരു സ്ത്രീയെ പോലെ വേഷമണിഞ്ഞായിരുന്നു ഇയാളുടെ രക്ഷപ്പെടാനുള്ള ശ്രമം. ജയില്‍ അന്തേവാസികളെ സന്ദര്‍ശിക്കാന്‍ എത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം, ഗാര്‍ഡുമാരെ കബളിപ്പിച്ച് ജയിലിന്റെ പുറത്തേക്ക് കടക്കുകയായിരുന്നു ഇയാള്‍. 

നിരവധി സുരക്ഷാ കവാടങ്ങള്‍ കൂളായി കടന്നു പോയ ഇയാളെ അവസാന കവാടങ്ങളിലൊന്നിലെ ഒരു ഗാര്‍ഡാണ് കുടുക്കിയത്. ഹൈ ഹീല്‍ ചെരിപ്പിട്ടുള്ള ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ ഗാര്‍ഡ് സണ്‍ ഗ്ലാസ് അഴിപ്പിച്ച ശേഷം ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. 

കനത്ത മേക്കപ്പിട്ടുവെങ്കിലും, അതിനു പിന്നില്‍ ഒരാണ്‍ ആണെന്ന കാര്യം ഒളിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നിരവധി കൊലക്കേസുകള്‍, മാരകായുധങ്ങള്‍ കൈവശം വെച്ച കേസുകള്‍ എന്നിവയില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഇയാളെ രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള എല്‍ പോസോ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.