ഇവരുടെ സുഹൃത്തുക്കളാണ് തീവണ്ടിയെ കുറിച്ച് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ നേരെ ഇന്ത്യയിലേക്ക്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് തിരഞ്ഞെടുത്തത്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്.
ഊട്ടി: ആദ്യമായി ഒരു തീവണ്ടി പ്രണയത്തിന്‍റെ സാക്ഷിയായി, രണ്ടുപേര്‍ക്കു മാത്രമായി ആ തീവണ്ടി ഓടി. അതും ഇന്ത്യയിലെ നീലഗിരി പൈതൃക തീവണ്ടി. അതിനു പിന്നിലൊരു കഥയുമുണ്ട്. ലണ്ടനില്‍ എഞ്ചിനിയറായ ഗ്രഹാം രണ്ടു വര്‍ഷം മുമ്പാണ് സില്‍വിയയെ കണ്ടുമുണ്ടിയത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് മൂക സാക്ഷിയായത് ഇംഗ്ലണ്ടിലെ ഒരു തീവണ്ടിയും. അന്നവരൊരു കാര്യം തീരുമാനിച്ചു. വിവാഹം കഴിഞ്ഞാല്‍ ആദ്യയാത്ര വ്യത്യസ്തതയുള്ളൊരു തീവണ്ടിയിലായിരിക്കും. അങ്ങനെയാണ് കഥയിലേക്ക് നീലഗിരി തീവണ്ടി കടന്നുവരുന്നത്.
ഇവരുടെ സുഹൃത്തുക്കളാണ് തീവണ്ടിയെ കുറിച്ച് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ നേരെ ഇന്ത്യയിലേക്ക്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് തിരഞ്ഞെടുത്തത്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്. സിനിമ ഷൂട്ടിങ്ങിനല്ലാതെ ഇതുവരെ ഇങ്ങനെ ഒരു തീവണ്ടി ഓടിയിട്ടില്ല. തീവണ്ടിയുടെ ഈ പ്രത്യേക സര്‍വീസിന് ദക്ഷിണറെയില്‍വേ ഈടാക്കുന്നത് മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് 2.5 ലക്ഷം രൂപയാണ്. വെള്ളിയാഴ്ച രാവിലെ മേട്ടുപാളയത്ത് എത്തിയ ദമ്പതികള്‍ക്ക് ഐആര്‍സിടിസി അധികൃതര്‍ ചെറിയ സ്വീകരണം ഒരുക്കിയിരുന്നു. വൈകുന്നേരം മൂന്നുമണിക്കാണ് യാത്ര അവസാനിച്ചത്.
വിവാഹ തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഐആര്‍സിടിസി വഴി തനിച്ചൊരു സര്‍വീസെന്ന ആശയം അധികൃതര്‍ക്ക് മുന്നില്‍ ഗ്രഹാമും സില്‍വിയയും അവതരിപ്പിച്ചു. ദക്ഷിണറെയില്‍വേയുടെ സ്വപ്‌നപാതയില്‍ അവര്‍ക്കായി പ്രത്യേകമൊരു സര്‍വീസ് നടത്തുന്നത് റെയില്‍വേയ്ക്ക് നന്നാകുമെന്ന് തോന്നിയ അധികൃതരും സമ്മതമറിയിച്ചു. പശ്ചിമഘട്ട ജൈവ ഭൂപടത്തിലൂടെ കുതിച്ചുപായുന്നൊരു തീവണ്ടിയിലൂടെ തനിച്ചൊരു കാനന യാത്രയെന്ന ഇവരുടെ സ്വപ്നം പൂവണിയുകയും ചെയ്തു.
വിവാഹം കഴിഞ്ഞയുടന്‍ ഡല്‍ഹി, ചെന്നൈ ഒക്കെ കണ്ട ശേഷമാണ് ഇരുവരും ഊട്ടിയിലെത്തിയത്. ഒമ്പത് മണിയോടെ എഞ്ചിനും മൂന്ന് കോച്ചുകളുമാണ് ഇവര്‍ക്ക് മാത്രമായി ഊട്ടിവരെ ഓടിയത്. പ്രകൃതിയെ അടുത്തറിയാനും ആദ്യകാല റെയില്‍വേ എഞ്ചിനില്‍ യാത്ര ചെയ്യാന്‍ സാധിച്ചതും തങ്ങളുടെ ഭാഗ്യമാണെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല ഇങ്ങനെ ഒരു യാത്ര ഒരുക്കിയ ഇന്ത്യന്‍ റെയില്‍വേക്ക് നന്ദി പറയാനും ഇവര്‍ മറന്നില്ല.
