പല വിചിത്രമായ ആചാരങ്ങളും ഇന്ത്യയിൽ നമുക്ക് കാണാം. തേങ്ങ തലയിൽ അടിച്ച് പൊട്ടിക്കുന്നത് തുടങ്ങി തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് വരെ അതിൽ പെടുന്നു. എന്നാൽ, ചില ആചാരങ്ങൾ മൃഗങ്ങൾക്ക് നേരെയുളള പൊറുക്കാൻ കഴിയാത്ത അതിക്രമങ്ങളായി മാറാറുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകത്തിൻ്റെ പല കോണിലും ഇതേപോലെ ആചാരങ്ങളുടെയും, വിശ്വാസങ്ങളുടെയും പേരിൽ മൃഗങ്ങളെ ഒരു ദയയുമില്ലാതെ കഷ്ടപ്പെടുത്തുന്നത് കാണാനാകും. 

 

എല്ലാ വര്‍ഷവും ജനുവരിയില്‍, സ്‍പാനിഷുകാര്‍ വിശുദ്ധ ആന്റണി (AD മൂന്നാം നൂറ്റാണ്ടിലെ വിശുദ്ധന്‍)  -യുടെ ദിനം ആഘോഷിക്കാറുണ്ട്. ഏറ്റവും വേദനിപ്പിക്കുന്ന കാര്യം ഈ ദിനം ആഘോഷിക്കുന്നത് മൃഗങ്ങളെ വേദനിപ്പിച്ചുകൊണ്ടാണ് എന്നതാണ്. സെന്‍റ്. ആന്റണീസ് ദിനത്തിൻ്റെ തലേദിവസം സാൻ ബർത്തലോമി ഡെ പിനാറെസ് ഗ്രാമത്തിലാണ് വിവാദപരമായ ഈ സംഭവം നടക്കുന്നത്. "ലാസ് ലൂമിനേറിയ ഫെസ്റ്റിവൽ" എന്ന് വിളിക്കുന്ന ഈ ചടങ്ങിൽ കുതിരകളെ തീയിലൂടെ ചാടിക്കുന്നു. അവയുടെ 'പുനർജന്മം' സൂചിപ്പിക്കാനും, സവാരി ചെയ്യുന്നവർ തങ്ങളുടെ ധൈര്യം തെളിയിക്കാനുമാണ് കുതിരകളെ വലിയ തീകുണ്ഡത്തിലൂടെ ചാടിക്കുന്നത്. 

ഇങ്ങനെ തീയിലൂടെ കുതിരകൾ കടന്നുപോകുമ്പോൾ അവർ ശുദ്ധീകരിക്കപ്പെടുമെന്നാണ് സ്പാനിഷുകാരുടെ വിശ്വാസം. നൂറുകണക്കിനാളുകളാണ് തങ്ങളുടെ അവസരത്തിനായി ഓരോ വർഷവും അവിടെ കാത്തുനിൽക്കുന്നത്. ഇതുപക്ഷേ മൃഗങ്ങളെ വേദനിപ്പിക്കില്ലെന്നാണ് അവിടത്തുകാർ പറയുന്നത്. കൂടാതെ ഇത് അവരെ വരാനിരിക്കുന്ന ദുരിതങ്ങളിൽനിന്ന് കാത്ത് രക്ഷിക്കും എന്നും അവർ വിശ്വസിക്കുന്നു. 500 വർഷത്തെ പഴക്കമുള്ള ഈ ആചാരത്തിന് പക്ഷേ ലോകത്തെമ്പാടുമുള്ള മൃഗസ്നേഹികളുടെ കടുത്ത വിമർശനം നേരിടേണ്ടി വരികയാണ് ഇപ്പോൾ.  

 

വർഷങ്ങൾക്ക് മുൻപ് ആ പട്ടണത്തിൽ ഒരു പകർച്ചവ്യാധി പടർന്ന് പിടിച്ചു. എല്ലാ കുതിരകളും ആ പകർച്ചവ്യാധിയിൽ ചത്തൊടുങ്ങി. അതിനുശേഷം, എല്ലാവർഷവും കുതിരകളെ അത്തരം ആപത്തുകളിൽനിന്ന് രക്ഷിക്കാനും, ശുദ്ധീകരിക്കാനും വേണ്ടിയാണ് ഗ്രാമീണർ ഈ ആചാരം ചെയ്തുപോരുന്നത്. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും ഇതിൽ പങ്കെടുക്കുന്നു. "പാരമ്പര്യത്തേക്കാൾ, ഞങ്ങൾക്കിതൊരു വികാരമാണ്. ഞങ്ങൾ ജനിച്ചതു മുതൽ ഞങ്ങളോടൊപ്പം ജീവിക്കുന്ന ഒന്നാണ് ഈ ആചാരവും" ഏഴ് വർഷമായി ഇതില്‍ പങ്കെടുക്കുന്ന ചുരുക്കം വനിതാ റൈഡറുമാരിൽ ഒരാളായ 20 -കാരി ലിബർട്ടാഡ് ഗോമെസ് പറഞ്ഞു. എന്നാൽ തീയിലൂടെ കുതിരകളെ ഇങ്ങനെ ചാടിക്കുന്ന ഈ ആചാരത്തോട് ആ നാട്ടില്‍ത്തന്നെയുള്ള ചിലർക്ക് എതിർപ്പുണ്ട്. അവരുടെ അഭിപ്രായത്തിൽ, തീയുടെ മുകളിലൂടെ ചാടിക്കുകയല്ല യഥാർത്ഥത്തിൽ പണ്ടത്തെ ആചാരം, പകരം മൃഗങ്ങളെ തീയുടെ ചുറ്റിലും നടത്തിക്കുകയാണ്. ഇപ്പോൾ കാണുന്ന ആചാരം പിന്നീട് വന്നതാണെന്നും അവർ വിശ്വസിക്കുന്നു.  

അഗ്നിജ്വാലയിലൂടെ ചാടുന്നതിന് മുമ്പ് കുതിരകളുടെ മേൽ വെള്ളം തളിയ്ക്കുന്നു. ഇത് തീയിലൂടെ ചാടുമ്പോൾ കുതിരകൾക്ക് വേദനിക്കാതിരിക്കാനാണ്. എന്നാൽ, അത്രയ്ക്ക് ശക്തമായ ചൂടിൽ അവയ്ക്ക് അസ്വസ്ഥതകളൊന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതുപോലെതന്നെ കുതിരകളുടെ വാലുകൾക്ക് തീപ്പിടിക്കാതിരിക്കാനായി അതിനെ സുരക്ഷിതമായി പൊതിയുന്നു. അങ്ങനെ അവയുടെ വാല് തീയേൽക്കാതെ രക്ഷപ്പെടും. പക്ഷേ, ബാക്കി ഭാഗമോ?  

 

ചിലപ്പോൾ കുതിരകളെ മാത്രമല്ല കഴുതകളെയും ഇങ്ങനെ തീയിലൂടെ നടത്തിക്കാറുണ്ട്. “വളർത്തു മൃഗങ്ങളുടെ രക്ഷകൻ്റെ വിശുദ്ധദിനം ആഘോഷിക്കാൻ കുതിരകളെ തീയിലൂടെ നടത്തിക്കുന്നത് വിരോധാഭാസമാണ്. ഇത് അവയ്ക്ക് സമ്മർദ്ദവും ഭയവും ഉണ്ടാക്കുന്നു. കുതിരകൾ അങ്ങേയറ്റം സെൻ‌സിറ്റിവാണ്. തീ അവയ്ക്ക് ഭയമാണ്. അതിനാൽ തീയിലൂടെ നടക്കാൻ നിർബന്ധിക്കുന്നത് അവയ്ക്ക് ഭയപ്പെടുത്തുന്ന ഒരനുഭവമായിരിക്കും” യൂറോപ്പിലെ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലിൻ്റെ സീനിയർ ഡയറക്ടർ ഡോ. ജോവാന സ്വാബെ  പറഞ്ഞു. ആദ്യമൊക്കെ ചില, കുറ്റിച്ചെടിയുടെയൊക്കെ കമ്പുകൾ കത്തിച്ചാണ് തീയുണ്ടാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ധനം ഉപയോഗിച്ചാണ് തീ കത്തിക്കുന്നത്. ഇത് തീ കത്തിക്കയറുന്നത്തിനും, കട്ടിയുള്ള പുക ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

 

ഇതിനെതിരെയുള്ള പ്രതിഷേധം കനക്കുമ്പോഴും, അതിൽനിന്ന് പിന്മാറാൻ ആ നഗരത്തിലുള്ളവര്‍ ഒരുക്കമല്ല. ആചാരങ്ങളും, വിശ്വാസങ്ങളും എല്ലാം നമ്മുടെ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. എന്നാൽ, അതിൻ്റെ പേരിൽ മിണ്ടാപ്രാണികളെയടക്കം ഉപദ്രവിക്കുന്നത് ന്യായീകരിക്കാൻ സാധിക്കില്ല.