Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് സാവിത്രിയമ്മയുടെ കഥ പറഞ്ഞു എന്നു ചോദിച്ചാൽ, ഉത്തരമൊന്നേയുള്ളൂ...

ആ അമ്മയെ കാണുമ്പോള്‍ ഒക്കെ ഞാനെന്റെ പപ്പയുടെ അമ്മയെ ഓർത്തു. അതുകൊണ്ടാവണം പെട്ടെന്ന് തന്നെ അവരോടു വല്ലാത്തൊരു അടുപ്പമുണ്ടായി. ഓരോ തവണ കാണുമ്പോഴും ഉള്ള മോളെയെന്നുള്ള വിളിയും, അപ്പോൾ ആ കണ്ണുകളിൽ തെളിയുന്ന തിളക്കവും കൊണ്ടൊക്കെ ആവും വീട്ടിൽ നിന്നാദ്യമായി മാറിനിൽക്കുന്ന എനിക്കും കൂടെ ഡ്യൂട്ടിയുണ്ടായിരുന്ന എന്റെ കൂട്ടുകാരിക്കും ആ അമ്മച്ചി ആരൊക്കെയോ ആയി.

hospital days gladis
Author
Thiruvananthapuram, First Published Feb 22, 2019, 7:57 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days gladis

കൊല്ലത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഞാൻ നഴ്സിംഗ് പഠിച്ചത്.. ആദ്യമായി വീട്ടിൽനിന്നും    മാറി നിൽക്കുന്നതും അപ്പോളാണ്. ആദ്യത്തെ മൂന്നു മാസം പ്രിലിമിനറി  ട്രെയിനിങ് പീരീഡ് ആയിരുന്നു. ആ സമയത്തു ക്ലാസ് മാത്രമായിരുന്നു, ഹോസ്പിറ്റൽ ഡ്യൂട്ടി ഉണ്ടായിരുന്നില്ല.

സ്ത്രീകളുടെ വാർഡിൽ ആയിരുന്നു ആദ്യ മാസം പോസ്റ്റിങ്ങ്

ഹോസ്റ്റലിൽ ഒപ്പമുള്ള കൂട്ടുകാരെയും സീനിയേഴ്സിനെയും പഠിപ്പിക്കുന്ന ട്യൂട്ടേഴ്സിനെയും ഇടക്ക് വീട്ടിൽ നിന്ന് കാണാൻ വരുന്ന ബന്ധുക്കളെയുമല്ലാതെ മറ്റാരെയും തന്നെ ഈ കാലയളവിൽ കാണാൻ സാധിക്കില്ലായിരുന്നു. പിന്നെ ക്യാന്‍റീനിൽ ഭക്ഷണം വിളമ്പി തരുന്ന ചേച്ചിമാരേയും കാണാറുണ്ടായിരുന്നു കേട്ടോ. വീട്ടിലെ സാഹചര്യത്തിൽ നിന്നകന്ന്‌, നമ്മുടെ പ്രിയപ്പെട്ടവരെയൊക്കെ വിട്ട്  സ്ട്രിക്ട് ആയ ഒരു ഹോസ്റ്റൽ ജീവിതത്തിലേക്ക് പറിച്ചു മാറ്റപ്പെടുമ്പോഴുള്ള  മനസിന്റെ പിടച്ചിലും  വേദനയുമൊക്കെ വളരെ വലുതാണ്. അതനുഭവിച്ചിട്ടുള്ളവർക്ക്  കൂടുതൽ വിവരിക്കാതെ തന്നെ മനസിലാവും.

അങ്ങനെ പ്രിലിമിനറി ട്രെയിനിങ് പീരിയഡിനുശേഷം കാത്തിരുന്ന ഹോസ്പിറ്റൽ ഡ്യൂട്ടിക്ക് തുടക്കമായി. ചുരുക്കത്തിൽ ഹോസ്റ്റൽ ലൈഫിലെ പരിമിതമായ സ്വാതന്ത്ര്യത്തിൽ നിന്നും   വിഷമങ്ങളിൽ നിന്നുമൊക്കെ  പുറംലോകത്തേയ്ക്ക് ചെറിയൊരു ജാലകം തുറന്നു കിട്ടിയത് പോലായിരുന്നു ഞങ്ങളെല്ലാവർക്കും ഡ്യൂട്ടി സമയം. അങ്ങനെ ആദ്യമായി ഡ്യൂട്ടിക്ക് പോയി തുടങ്ങിയ കാലം... സ്ത്രീകളുടെ വാർഡിൽ ആയിരുന്നു ആദ്യ മാസം പോസ്റ്റിങ്ങ്.

ജനറൽ വാർഡുകളിൽ ഡ്യൂട്ടി കിട്ടുന്നത്  പഠനം തുടങ്ങിയ കാലം മുതൽ  സന്തോഷമായിരുന്നു. വി ഐ പി  ബ്ലോക്കുകളിൽ പോവുമ്പോ ഉള്ള ബലം പിടിത്തവും ശ്വാസം മുട്ടലുമൊന്നും  അവിടെ ആവശ്യമില്ലെന്നത് തന്നെയാണതിനു കാരണം. 

ആ അമ്മയെ കാണുമ്പോള്‍ ഒക്കെ ഞാനെന്റെ പപ്പയുടെ അമ്മയെ ഓർത്തു

വികാരങ്ങൾ മറയില്ലാതെ കാണിക്കുന്നവർ, 'മക്കളേ..' എന്ന് വിളിക്കുന്ന അമ്മച്ചിമാർ, അവരുടെ സങ്കടങ്ങൾ സ്വന്തം മക്കളോടെന്ന പോലെ പറയുന്നവർ ഒക്കെ മിക്കവാറും ജനറൽ വാർഡുകളിൽ ഉള്ളവരായിരുന്നു. അവരെപ്പോലുള്ളവരുടെ പശ്ചാത്തലത്തിൽ നിന്ന് വന്നവരായ  എന്നെപ്പോലുള്ളവർക്ക് അവരുടെ വിഷമങ്ങൾ വേഗം റിലേറ്റ് ചെയ്യാൻ പറ്റുമായിരുന്നു.

കുറച്ചു കൂടുതൽ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ചില രോഗികൾ വല്ലാത്തൊരു അടുപ്പം സൃഷ്ടിക്കാറുണ്ട്, ചിലപ്പോഴൊക്കെ.. നമ്മുടെ ആരൊക്കെയോ ആണെന്ന് തോന്നിപ്പിച്ച് അവർ കുറച്ച് ദിവസത്തേയ്ക്കെങ്കിലും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. അങ്ങനത്തെ ഒരാളായിരുന്നു അന്ന് ആ വാർഡിൽ ഉണ്ടായിരുന്ന ഒരു സാവിത്രിയമ്മ. മനസ് നിറയെ സ്നേഹം മാത്രമുള്ള ഒരു 'അമ്മ.'

ആ അമ്മയെ കാണുമ്പോള്‍ ഒക്കെ ഞാനെന്റെ പപ്പയുടെ അമ്മയെ ഓർത്തു. അതുകൊണ്ടാവണം പെട്ടെന്ന് തന്നെ അവരോടു വല്ലാത്തൊരു അടുപ്പമുണ്ടായി. ഓരോ തവണ കാണുമ്പോഴും ഉള്ള മോളെയെന്നുള്ള വിളിയും, അപ്പോൾ ആ കണ്ണുകളിൽ തെളിയുന്ന തിളക്കവും കൊണ്ടൊക്കെ ആവും വീട്ടിൽ നിന്നാദ്യമായി മാറിനിൽക്കുന്ന എനിക്കും കൂടെ ഡ്യൂട്ടിയുണ്ടായിരുന്ന എന്റെ കൂട്ടുകാരിക്കും ആ അമ്മച്ചി ആരൊക്കെയോ ആയി.

സാവിത്രിയമ്മയുടെ രണ്ടു പെൺമക്കളും കുടുംബവുമാണ് ആ അമ്മയെ നോക്കിയിരുന്നത്. ഒരുപാട് സ്നേഹവും കരുതലുമൊക്കെയുള്ള ഒരു കുടുംബം. എന്നും ഡ്യൂട്ടിക്ക് ചെല്ലുമ്പോ സാവിത്രിയമ്മ സ്നേഹത്തോടെ  കയ്യിൽ പിടിച്ചു ചോദിക്കും വല്ലതും കഴിച്ചിട്ടാണോ മക്കളെ വന്നതെന്ന്.. ആ ചോദ്യം കേൾക്കുമ്പോ കണ്ണും മനസുമൊക്കെ അറിയാതെ നിറയും. അത് കഴിക്കാഞ്ഞിട്ടൊന്നുമല്ല കേട്ടോ. വീട്ടിലുള്ളവരെയൊക്കെ അതുപോലെ മിസ് ചെയ്യുന്ന ഒരു സമയമായിരുന്നല്ലോ..

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോ സാവിത്രിയമ്മഡിസ്ചാർജ് ആയിപ്പോയി. രോഗികൾ ആശുപത്രി വിടുമ്പോൾ സന്തോഷമാണ് ഉണ്ടാകേണ്ടത്. എന്നാലും ചിലർ പോകുമ്പോൾ ഇനിയവരെ ചിലപ്പോൾ കാണാൻ പറ്റില്ലല്ലോന്നുള്ള, അവരുടെ കരുതൽ അനുഭവിക്കാൻ കഴിയില്ലല്ലോന്നുള്ള തോന്നൽ കൊണ്ടൊക്കെ ആവും വല്ലാതെ വിഷമം തോന്നും. പിന്നീട് ആ ഒഴിഞ്ഞ ബെഡ് കാണുമ്പോ മനസിലൊരു സങ്കടമായിരുന്നു.. പിന്നെയും വേറെ രോഗികളൊക്കെ ആ ബെഡിൽ വന്നുപോയെങ്കിലും സാവിത്രിയമ്മ മനസ്സിന്നു പോയതേയില്ല.

ഈയിടെയായി ഇങ്ങനെയാണ്‌  നല്ല ഓര്‍മ്മക്കുറവുണ്ട്‌, നിങ്ങളെ മനസിലായിട്ടുണ്ടാകില്ല

അങ്ങനെ പതിയെ പതിയെ ഹോസ്റ്റലും ഹോസ്പിറ്റലും പുതിയ കൂട്ടുകാരും സീനിയേഴ്സും ഒക്കെ ആയി പൊരുത്തപ്പെട്ടു. ഏതാണ്ട് ഒരു ഒന്നര വർഷത്തിന് ശേഷം... നല്ല തിരക്കുള്ള ഒരു ദിവസമാണ് സാവിത്രിയമ്മയുടെ മകളെ  ഒ.പി -യിൽ വച്ച് കണ്ടത്. അമ്മ സർജിക്കൽ വാർഡിൽ അഡ്മിറ്റ് ആണെന്നും യൂട്രസ്സ് നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷൻ കഴിഞ്ഞെന്നുമൊക്കെ ആ ചേച്ചി പറഞ്ഞു. അന്ന്  ഞാനും അന്ന് എന്റൊപ്പം ഡ്യൂട്ടിക്കുണ്ടായിരുന്ന കൂട്ടുകാരിയും ഡ്യൂട്ടി കഴിഞ്ഞു സാവിത്രിയമ്മയെ കാണാൻ പോയി. വളരെ വേണ്ടപ്പെട്ടവരാരോ ചെന്നത് പോലെയാണ് അവിടുണ്ടായിരുന്ന സാവിത്രിയമ്മയുടെ മക്കളും മറ്റും ഞങ്ങളോട് പെരുമാറിയത്. എന്നാൽ, സാവിത്രിയമ്മ മാത്രം വെറുതെ നോക്കി കിടന്നതല്ലാതെ ഒരു പരിചയവും കാണിച്ചില്ല... കയ്യിൽ പിടിച്ചു, 'എന്താ മിണ്ടാതെ കിടക്കുന്നെ? വേദനയുണ്ടോ?' എന്ന് ചോദിച്ചപ്പോ വെറുതെ മുഖത്തേക്ക് നോക്കിയതല്ലാതെ സാവിത്രിയമ്മ ഒന്നും പ്രതികരിച്ചതേയില്ല.

എന്തോ ഒരു വിഷമം തോന്നി അപ്പോൾ. മരുന്നുകളുടെ ആലസ്യം കൊണ്ടോ മറ്റോ ആയിരിക്കുമെന്ന് ആദ്യം കരുതി. അപ്പോൾ സാവിത്രിയമ്മയുടെ ഒരു മോൾ പറഞ്ഞു, "അമ്മ ഈയിടെയായി ഇങ്ങനെയാണ്‌  നല്ല ഓര്‍മ്മക്കുറവുണ്ട്‌, നിങ്ങളെ മനസിലായിട്ടുണ്ടാകില്ല. ഓപ്പറേഷൻ ചെയ്തേ മതിയാവൂ എന്ന് ഡോക്ടർ നിർബന്ധം പറഞ്ഞത് കൊണ്ടാണ്  ചെയ്തത്, അല്ലേൽ ഒഴിവാക്കിയേനെ.." വല്ലാത്ത വിഷമം തോന്നി, ഓടിവന്നത് ആ 'മക്കളേ'യെന്നുള്ള വിളികേൾക്കാനായിരുന്നു, ആ കണ്ണിലെ സ്നേഹം കാണാൻ ആയിരുന്നു..

വേദന പെട്ടെന്ന് മാറുമെന്നും ഡിസ്ചാർജ് ആവുന്നതിന് മുൻപ് ഇനിയും വരാമെന്നുമൊക്കെ പറഞ്ഞപ്പോ സാവിത്രിയമ്മ വെറുതെ തലയാട്ടി. സ്വന്തം കൊച്ചുമക്കളോടെന്ന പോലെ ഒത്തിരി വാത്സല്യത്തോടെ പെരുമാറിയിരുന്ന ഒരമ്മയുടെ ചിത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.  ഞങ്ങളെ പറ്റിയുള്ള  ഓർമകൾ മനസ്സിൽ  നിന്നും  മാഞ്ഞുപോയ ആ അമ്മയെ വീണ്ടും കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. എങ്കിൽ മനസിലെ ആ സ്നേഹചിത്രം മായില്ലായിരുന്നു.

ദൈവം ഞങ്ങൾക്ക് തരുന്ന നിധിയാണ്, ശമ്പളമാണ് സാവത്രിയമ്മയെ പോലുള്ളവരുടെ സ്നേഹം

സാവിത്രിയമ്മ ഇപ്പോഴും ഒരു വിങ്ങലായി അവശേഷിക്കുന്നുണ്ട് മനസ്സിൽ... ആ വിളിയും...

ഞാൻ ഈ ഓർമ്മക്കുറിപ്പ് പറയാൻ കാരണമുണ്ട്..  നേഴ്സുമാരുടെ ഓര്‍മ്മക്കുറിപ്പുകളിൽ ഇതിനേക്കാൾ മനസിനെ പിടിച്ചുലച്ച സംഭവങ്ങൾ ഉണ്ട്.. രോഗികൾ ഉണ്ട്.. എന്‍റെയും നഴ്സിങ് ജീവിതത്തിൽ അങ്ങനെ പല സംഭവങ്ങൾ പിന്നീടുമുണ്ടായിട്ടുണ്ട്.. പിന്നെ എന്തുകൊണ്ട് സാവിത്രിയമ്മയുടെ കഥ പറഞ്ഞു എന്നു ചോദിച്ചാൽ ഉത്തരമൊന്നേയുള്ളൂ, വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമാണിത്. ഇപ്പളും ഇതോർത്തിരിക്കാൻ  കഴിയുന്നുണ്ടെങ്കിൽ, ആ അമ്മക്ക് സ്നേഹത്തിന്റെ ഒരു നനുത്ത സ്പര്‍ശനം ഇപ്പോളും ഓര്‍മ്മയിലൂടെ തരാൻ പറ്റുന്നുണ്ടങ്കിൽ അതാ അമ്മ തന്ന നന്മയാണ്. അതിലുപരി എന്നെ പോലെ ആയിരങ്ങൾ അടങ്ങുന്ന നഴ്സിംഗ് സമൂഹത്തിന്റെ പുണ്യം ആണ് ഇവരുടെ സ്നേഹം.. പുഞ്ചിരി.. അവരുടെ 'മക്കളേ..' എന്നുള്ള വിളി.

ഒരുപാട് മോശം വാക്കുകൾ കേട്ടിട്ടുണ്ട് പലരിൽ നിന്നും ഈ പ്രൊഫഷനെ പറ്റി. നാട്ടിലെ നേഴ്സിംഗ് ജോലിയിൽ നേരിടുന്ന പ്രശ്ങ്ങൾ.. സാലറി പ്രശ്ങ്ങൾ അതിനൊക്കെ ഇടയിൽ ദൈവം ഞങ്ങൾക്ക് തരുന്ന നിധിയാണ്, ശമ്പളമാണ് സാവിത്രിയമ്മയെ പോലുള്ളവരുടെ സ്നേഹം..

ആ ഒരൊറ്റ കാരണം മതി മരണം വരെ ഈ ജോലി തിരഞ്ഞെടുത്തതിൽ അഭിമാനിക്കാൻ.. I love being a nurse... 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം


 

Follow Us:
Download App:
  • android
  • ios