ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

ആശുപത്രികൾ എപ്പോഴും പാഠശാലകളാകാറില്ല... മനുഷ്യൻ എല്ലാ രോഗങ്ങൾക്കു മുൻപിലും  നിസ്സഹായരാകാറുമില്ല. അതിജീവനത്തിനു വേണ്ടിയുള്ള ഓട്ടത്തിൽ  ദൈവദൂതരായി അവതരിക്കാൻ ഡോക്ടർമാർക്കോ നഴ്‌സുമാർക്കോ എല്ലാ സമയവും സാധിച്ചെന്നും വരില്ല! എങ്കിലും ചില മുഹൂർത്തങ്ങളുണ്ട്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന, ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന, ജീവിതത്തിന്റെ അർത്ഥം  ഒറ്റ നിമിഷത്തേക്ക് മനസ്സിലാക്കിത്തരുന്ന അപൂർവം ചില മുഹൂർത്തങ്ങൾ. ആതുര ശുശ്രുഷാ  രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഒരിക്കെലെങ്കിലും അത്തരം നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവാം.

തിരക്കേറിയ ഒരു ദിവസത്തിന്റെ തുടക്കം. എനിക്ക് ആ ദിവസം ലഭിച്ച അഞ്ചു പേഷ്യന്റ്‌സിൽ ഒരാൾ മിസ്റ്റര്‍ സ്മിത്ത് (‘Mr .Smith’). ഏകദേശം രണ്ട്  ആഴ്ചയോളം ICU -വിൽ എല്ലാ ചികിത്സകളും പരീക്ഷിച്ച് നിഷ്ഫലമായി, ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ താല്‍പര്യപ്രകാരം പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയ ഒരു  പേഷ്യന്‍റ്. ഹൃദയത്തിന്റെ പ്രവർത്തനം വെറും പത്തു ശതമാനം മാത്രം. വൃക്കകളും ഏകദേശം പൂർണ്ണമായി പ്രവർത്തനം നിലച്ചു. എല്ലാ ജീവൻ രക്ഷാ മരുന്നുകളും നിര്‍ത്തി പരമാവധി ശാന്തമായി മരണം ലഭിക്കുന്നതിന് വേണ്ടി വേദനാസംഹാരികളും ഓക്സിജനും മാത്രമാണ് നൽകുന്നത്. ചാർട്ട്‌ പരിശോധിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്  രണ്ട് ആഴ്ചകൾക്കു മുമ്പ് ഹൃദയമിടിപ്പ് കൂടുതലായതുകൊണ്ട് അദ്ദേഹം ആദ്യമായി അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോൾ ഞാനായിരുന്നു അദ്ദേഹത്തിന്റെ പ്രൈമറി നേഴ്സ്. 88  വയസ്സുണ്ടെങ്കിലും പൂർണ ആരോഗ്യവാനും പ്രസന്നവാനുമായ ഒരു മനുഷ്യൻ. 

"വേദനിക്കുന്നുണ്ടോ" ഇല്ല... എന്ന് പതുക്കെ ആംഗ്യം

രണ്ടാം ലോകമഹാ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ഒരു റിട്ടയേർഡ് മിലിറ്ററി ഓഫീസർ. ഇന്ത്യയെക്കുറിച്ച്‌, ഇന്ത്യക്കാരെക്കുറിച്ച് ആദരവോടെ സംസാരിച്ച മനുഷ്യൻ... വർഷങ്ങൾക്ക് മുമ്പ് മുംബൈ സന്ദർശിച്ചതിനെക്കുറിച്ച് അടുത്തുള്ള ഇന്ത്യൻ റെസ്റ്റോറന്‍റിലെ വിഭവങ്ങളെ കുറിച്ച്, എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സഹായങ്ങൾ ചെയ്തിരുന്ന സംഘടനയിൽ പ്രവർത്തിച്ചതിനെക്കുറിച്ചൊക്കെ അന്ന് ഒരുപാടു സംസാരിച്ച വ്യക്തി.

അദ്ദേഹവും ഒരുനിമിഷം പിരിയാതെ കൂടെ നിന്നിരുന്ന കൊച്ചുമകൾ ലിൻഡയും അന്ന് എന്റെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തു വീട്ടിൽ പോകാമെന്നു പ്രതീക്ഷിച്ചിരിക്കെ, പെട്ടെന്നുണ്ടായ കാർഡിയാക് അറസ്റ്റ് സ്ഥിതി മോശമാക്കുകയും അദ്ദേഹം  ICU -വിലേക്ക് മാറ്റപ്പെടുകയും  ചെയ്തു. ഇന്ന് വീണ്ടും ഞങ്ങളുടെ വാർഡിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.

ഞാൻ ആദ്യം തന്നെ അദ്ദേഹത്തിന്‍റെ റൂമിലേക്ക് പോയി. തിരിച്ചറിയാൻ കഴിയാത്തവിധം ശരീരം മുഴുവൻ നീര് വച്ചിരിക്കുന്നു. പരസഹായമില്ലാതെ വിരലുകൾ പോലും അനക്കാൻ കഴിയുന്നില്ല. പേര് വിളിച്ചപ്പോൾ പതിയെ കണ്ണുകൾ തുറന്നു. "എന്നെ ഓർമ്മയുണ്ടോ?'' ഞാൻ ചോദിച്ചു. മറുപടിയായി ചുണ്ടുകളിൽ ചെറിയ ഒരു അനക്കം. "വേദനിക്കുന്നുണ്ടോ" ഇല്ല... എന്ന് പതുക്കെ ആംഗ്യം. "അല്‍പം വെള്ളം തരട്ടെ " ചെറുതായി പിളർന്ന ചുണ്ടിലേക്കു അല്പം വെള്ളം ഇറ്റി കൊടുത്തു. "പേടിക്കണ്ട... ഞാൻ ഉടനെ തന്നെ തിരിച്ചുവരാം" എന്ന് പറഞ്ഞ് ഞാൻ ആ മുറിയിൽ നിന്നിറങ്ങി. അങ്ങനെ പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു ഉടനെ എനിക്കങ്ങോട്ട്  തിരിച്ചു പോവാനാവില്ലെന്ന്. ദിവസത്തിന്റെ തുടക്കമാണ്. ഒരായിരം ആവശ്യങ്ങളുമായി മറ്റു രോഗികളും, നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ട ഒട്ടനവധി  കാര്യങ്ങളും...

ഏകദേശം 30 മിനിട്ടു കഴിഞ്ഞപ്പോൾ രാവിലത്തെ മരുന്നുകൾ  എടുത്തുകൊണ്ടിരിക്കുന്നതിനിടെ എനിക്ക് പെട്ടെന്ന് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകണമെന്ന് തോന്നി. ഞാൻ ചെല്ലുമ്പോൾ മുമ്പ് കണ്ടതുപോലെ തന്നെ. പക്ഷെ, ചുണ്ടുകൾ വല്ലാതെ വരണ്ടിരിക്കുന്നു. ഞാൻ ഒരു ടവ്വൽ നനച്ചു മുഖം തുടച്ചു കൊടുത്തു. എന്തോ പറയാനുള്ളതുപോലെ എന്‍റെ മുഖത്തേക്ക്  തറഞ്ഞിരിക്കുന്ന കണ്ണുകൾ.

അയാളുടെ നീണ്ട ജീവിതകാലയളവിൽ കണ്ടുമുട്ടിയ എത്രയേറെ മുഖങ്ങൾ

"ധൈര്യമായിരിക്കൂ... ലിൻഡ ഇപ്പോൾ തിരിച്ചു വരും" ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ അയാളുടെ മുഖം വിളറി വെളുക്കാൻ തുടങ്ങി. പലപ്പോഴും അടുത്തു കണ്ടിട്ടുള്ള മരണത്തിന്റെ നിറം. നോക്കി നിൽക്കെ ശ്വാസത്തിന്റെ ഗതി മാറി. ശരീരത്തിലെ സമസ്ത കോശങ്ങളും ആഞ്ഞു പ്രയത്നിക്കുന്നു...ഒരിറ്റു പ്രാണനായി... തണുത്തു തുടങ്ങിയ വിരലുകൾ എന്റെ കൈക്കുള്ളിലാക്കി  ഞാൻ പറഞ്ഞു, "നിങ്ങൾ ഒരു നല്ല മനുഷ്യനായിരുന്നു. നന്നായി  ജീവിച്ചു. യു വിൽ ബി ഇൻ എ ബെറ്റർ പ്ലേസ്." എല്ലാം സെക്കന്റുകള്‍ക്കുള്ളിൽ കഴിഞ്ഞു. ബന്ധുക്കളിൽ ആരെയെങ്കിലും അറിയിക്കുന്നതിന് മുമ്പ് തന്നെ ജീവിതത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു തവിട്ടുനിറക്കാരിയുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് ആ വെളുത്ത നിറക്കാരൻ യാത്ര പറഞ്ഞു പോയി. അവസാന ദൗത്യം പോലെ ആ കണ്ണുകൾ ഞാൻ തിരുമ്മിയടച്ചു.

അധികം താമസിയാതെ തന്നെ ലിൻഡ തിരികെയെത്തി. ആ നിമിഷം വരെ പിരിയാതെ കൂടെ നിന്നിട്ട് അവസാന യാത്ര പറയാതെ മുത്തച്ഛനെ പറഞ്ഞയച്ചതിൽ  അവർക്കു വല്ലാത്ത കുറ്റബോധമായിരുന്നു. അവസാന നിമിഷങ്ങൾ ഞാനവരോട് വിവരിച്ചു പറഞ്ഞു. എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടവർ പറഞ്ഞു. ഒരിക്കലും ഏകാന്തത ഇഷ്ട്ടപ്പെടാത്ത എന്റെ മുത്തച്ഛൻ തന്നെയാണ് മരിക്കുന്നതിന് തൊട്ടുമുൻപ് നിന്നെ അങ്ങോട്ട് കൂട്ടികൊണ്ടു പോയതെന്ന്.

യാത്ര പറയുമ്പോൾ അയാൾ എന്താവും ഓർത്തിരിക്കുക?

ഒരുനിമിഷം ഞാൻ ചിന്തിച്ചു. അയാളുടെ നീണ്ട ജീവിതകാലയളവിൽ കണ്ടുമുട്ടിയ എത്രയേറെ മുഖങ്ങൾ... ഒപ്പം ആഘോഷിച്ച, ദുഃഖങ്ങൾ പങ്കുവച്ച എത്രയോ  ജീവിതങ്ങൾ. രക്തവും വിയർപ്പും നൽകി അയാൾ പോഷിപ്പിച്ച ബന്ധങ്ങളും സൗഹൃദങ്ങളും... അയാൾ സാക്ഷ്യം വഹിച്ച മഹായുദ്ധങ്ങളും, തകർച്ചകളും പടുത്തുയർത്തലുകളും. ഇന്ത്യയെന്ന  ഇരുണ്ട കോണിലെ  ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന  അപരിചിതയുടെ കരങ്ങളിൽ പിടിച്ച് തന്റെ ഇന്ദ്രിയങ്ങളുടെ വാതിലടച്ചു യാത്ര പറയുമ്പോൾ അയാൾ എന്താവും ഓർത്തിരിക്കുക? കർമ്മബന്ധങ്ങളുടെ നിയോഗങ്ങളെക്കുറിച്ചു തീവ്രമായി എഴുതിയത് ഒ.വി വിജയനാണ്.

ശരിയാണ്, ധാന്യവും പാൽപ്പൊടിയും പണവുമൊക്കെ ആയി ഞാൻ യാത്രയാക്കിയ ആ മനുഷ്യനുൾപ്പടെ അനേകം അപരിചിതരുടെ വിയർപ്പിന്റെ വില പണ്ട് നമ്മുടെ നാട്ടിലേക്കൊഴുകിയപ്പോൾ അറിഞ്ഞോ അറിയാതെയോ അതിലൊരംശം എന്റെ രക്തത്തിലും അലിഞ്ഞു ചേർന്നിട്ടുണ്ടാവാം. കാലം കടന്നു പോകുമ്പോൾ, അയാളുടെ വംശപരമ്പരകളിലൊരാൾ  ഏതെങ്കിലുമൊരു ആശുപത്രി ചുവരിനുള്ളിൽ മരവിച്ചുതുടങ്ങുന്ന എന്റെ കൈകളും ചേർത്തു പിടിക്കാം. അതിനിടയിലുള്ള ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞാൻ വീണ്ടും എന്റെ മത്സര ഓട്ടത്തിലേക്കു തിരികെ പോട്ടെ. 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം