Asianet News MalayalamAsianet News Malayalam

സ്വര്‍ഗലോകങ്ങളിലല്ല മാലാഖമാര്‍; ആശുപത്രി മുറികളിലാണ്!

വേദനയുടെ ആരോഹണവരോഹങ്ങള്‍ക്കൊപ്പിച്ച ഉയര്‍ന്നു താഴ്ന്ന ശബ്ദ വീചികള്‍ക്ക് താളബോധം ഒട്ടുമില്ലായിരുന്നു. ദീനരോദനങ്ങള്‍ എപ്പോഴാണ് പൊട്ടിക്കരച്ചിലും അലറിക്കരച്ചിലുമായി മാറിയത് എന്നോര്‍ക്കുന്നില്ല. പ്രായത്തിലിളപ്പവും പക്വതയില്‍ മൂപ്പുമുള്ള നഴ്സ് പെണ്‍കുട്ടികള്‍ കൈയ്യില്‍ പിടിച്ചാശ്വസിപ്പിക്കും 'ചേച്ചീ കരയാതെ ..' ആശ്വാസ വാക്കുകളില്‍ നിന്നും ആവേശമുള്‍ക്കൊള്ളാനുള്ള ആത്മധൈര്യം പൂര്‍ണമായും ചോര്‍ന്നു പോയിരുന്നു

Hospital days Shyna Rajesh
Author
Thiruvananthapuram, First Published Nov 27, 2018, 6:41 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

 

'നിനക്ക് സ്ത്രീ ഹോര്‍മോണ്‍ കുറവാണോ?'

അതായിരുന്നു പെണ്‍കൂട്ടുകാരികളുടെ രഹസ്യ ചോദ്യം. 

'അവള്‍ക്ക് പുരുഷ ഹോര്‍മോണ്‍ കൂടുതലാണ് '

ഇതായിരുന്നു ആണ്‍ സുഹൃത്തുക്കളുടെ പരസ്യ പ്രഖ്യാപനം. 

രണ്ടിനോടും എനിക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഇതേ സംശയം ചെറുപ്പത്തില്‍ എനിക്കുമുണ്ടായിരുന്നു, പൂരമല്ലേ പുരുഷന്റെ നക്ഷത്രമല്ലേ എന്നോര്‍ത്ത് സ്വയം ആശ്വസിച്ചു. അങ്ങനെ  അച്ഛന്റെ ആണ്‍കുട്ടിയും അമ്മയുടെ വലം കയ്യുമായി നടന്നു. 

വിവാഹശേഷം സമാധാനപ്രിയനായ ഭര്‍ത്താവിനെ സ്വാധീനിച്ച്  350 സിസി റോയല്‍ എന്‍ഫീല്‍ഡിന്റെ അമരക്കാരിയായി വിരാജിച്ചിരുന്ന കാലഘട്ടം. ഇതിനിടയില്‍ ആഗ്രഹിച്ചു തന്നെയുണ്ടായ ആദ്യത്തെ പ്രെഗ്‌നന്‍സി. ഏഴുമാസം തികയും വരെ ബാംഗ്‌ളൂരില്‍ തന്നെയായിരുന്നു ചികിത്സ. ആദ്യമായി അമ്മയാവുമ്പോള്‍ വളര്‍ന്ന വീടിന് തരാവുന്ന സ്വാസ്ഥ്യം ബാംഗളൂരിലെ ഫ്‌ളാറ്റ് ജീവിതത്തിന്  തരാനാവില്ല  എന്ന് തോന്നിയത് കൊണ്ടുതന്നെ പിന്നീടുള്ള ചികിത്സകള്‍ തളിപ്പറമ്പിലായിരുന്നു. ആദ്യത്തെ വിസിറ്റില്‍ തന്നെ ഡോക്ടര്‍ പറ്റെ വെട്ടിയ എന്റെ തലമുടിയിലേക്കും ഡ്രെസിന്റെ നിറത്തിനൊത്ത ഷേഡിലുള്ള ലിപ്‌സ്റ്റിക്കിലേക്കും അര്‍ത്ഥഗര്‍ഭമായി നോക്കിയതോര്‍ക്കുന്നു.

മാസത്തിലൊരിക്കല്‍ വരുന്ന വയറു വേദനയെക്കാള്‍ അല്‍പം കൂടുതല്‍. അത്രയേ പരിഗണിച്ചിരുന്നുള്ളൂ, പ്രസവവേദനയെ. 

ഗര്‍ഭധാരണത്തിന്റെ ഏഴാം മാസം മുതല്‍ ദിവസങ്ങള്‍ നീങ്ങുന്നതും പെരുമ്പാമ്പ് ഇഴയുന്നതും ഒരുപോലെയാണെന്നു തോന്നും. വളരെ പതുക്കെ, വളരുന്ന വയറിന്റെ അസ്വസ്ഥതകളൊന്നും നാഴിക സൂചികള്‍ക്കു തിട്ടമില്ലല്ലോ?

അങ്ങനെ പ്രതീക്ഷയുടെ അവസാനഘട്ടമെന്നോണം പ്രസവ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ആശുപത്രിയില്‍ പോകണം, പ്രസവിക്കണം തിരിച്ചു വരണം , എന്റെ അജണ്ടയില്‍ പ്രസവത്തിന് ഈ മൂന്ന് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്.

നെല്ലുകുത്തുന്നതിനിടയില്‍ പ്രസവവേദന വന്ന അമ്മയുടെ പ്രസവ കഥയും ഓട്ടുവിളക്കിന്റെ അരണ്ട പ്രഭയില്‍ ആശുപത്രി കാണാതെ മൂന്ന് കുട്ടികളെ പ്രസവിച്ച ഭര്‍തൃ മാതാവിന്റെ പ്രസവ കഥയും ഒന്നിലേറെത്തവണ കേട്ടതാണ്. മാസത്തിലൊരിക്കല്‍ വരുന്ന വയറു വേദനയെക്കാള്‍ അല്‍പം കൂടുതല്‍. അത്രയേ പരിഗണിച്ചിരുന്നുള്ളൂ, പ്രസവവേദനയെ. 

ചര്‍മത്തിന്റെ മൂന്ന് പാളികളും പിന്നെ ഗര്‍ഭപാത്രവും കീറിയുള്ള സിസേറിയന്‍ പേടിയായിരുന്നു. പിന്നെ സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിന് കിട്ടാവുന്ന പ്രതിരോധ കവചത്തെക്കുറിച്ചുള്ള അതിമോഹവും. അതുകൊണ്ടു നോര്‍മല്‍ ഡെലിവറി തന്നെ ആഗ്രഹിച്ചിരുന്നു. പക്ഷെ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെക്കാള്‍ വലിയ വാഗ്ദാനങ്ങള്‍ ഒരു ഡോക്ടര്‍ക്കും തരാനാവില്ലല്ലോ!

പുതു ജീവനുകളെ വരവേല്‍ക്കാന്‍ വേദനയുടെ നിലയില്ലാക്കയത്തില്‍ മുങ്ങിപ്പൊങ്ങുന്ന പെണ്‍ ജന്മങ്ങള്‍.

പ്രസവ വാര്‍ഡിലേക്ക് കടന്നു അര മണിക്കൂറിനുള്ളില്‍ തന്നെ മനസിലായിത്തുടങ്ങി, ചില സത്യങ്ങള്‍. കൈത്തോടും കടലും തമ്മിലുള്ള വ്യത്യാസമുണ്ടായിരുന്നു പ്രതീക്ഷകള്‍ക്കും സത്യങ്ങള്‍ക്കുമിടയില്‍. 'കരയില്ല' എന്നുറപ്പിച്ചു പ്രസവ വാര്‍ഡില്‍ കയറിയ എന്റെ ശബ്ദം പതുക്കെ ഉയര്‍ന്നു തുടങ്ങിയിരുന്നു.

വേദനയുടെ ആരോഹണവരോഹങ്ങള്‍ക്കൊപ്പിച്ച ഉയര്‍ന്നു താഴ്ന്ന ശബ്ദ വീചികള്‍ക്ക് താളബോധം ഒട്ടുമില്ലായിരുന്നു. ദീനരോദനങ്ങള്‍ എപ്പോഴാണ് പൊട്ടിക്കരച്ചിലും അലറിക്കരച്ചിലുമായി മാറിയത് എന്നോര്‍ക്കുന്നില്ല. പ്രായത്തിലിളപ്പവും പക്വതയില്‍ മൂപ്പുമുള്ള നഴ്സ് പെണ്‍കുട്ടികള്‍ കൈയ്യില്‍ പിടിച്ചാശ്വസിപ്പിക്കും 'ചേച്ചീ കരയാതെ ..' ആശ്വാസ വാക്കുകളില്‍ നിന്നും ആവേശമുള്‍ക്കൊള്ളാനുള്ള ആത്മധൈര്യം പൂര്‍ണമായും ചോര്‍ന്നു പോയിരുന്നു.

'ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടാര്‍ത്ത നാദം പോലെ ഒഴുകുന്ന ജീവിതം'എന്ന കവിവാക്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ആലോചിച്ചു കിടന്ന വേദനയുടെ ഇടവേളകള്‍. സഹനത്തിനൊടുവില്‍ നഴ്സിനോട് പറഞ്ഞു 'ഡോക്ടറെ വിളിക്കൂ'.  മറുപടി വന്നു 'ആയില്ല ചേച്ചീ .. സമയമാവുമ്പോള്‍ ഞാന്‍ വിളിക്കാം' ഇടവേളകളില്‍ പിന്നെയും രണ്ടു മൂന്നു തവണ പറഞ്ഞു നോക്കി-'ങേ..ഹേ, സമയമായില്ല പോലും'

മലയാള ഭാഷയില്‍ വഴങ്ങുന്നില്ല എന്ന് മനസിലായപ്പോള്‍ ഇംഗ്‌ളീഷില്‍ അലറി.. ഒടുവില്‍, ദൈവ ദൂതനെ പോലെ ഡോക്ടര്‍ വന്നു.. മൂന്നാം മാസം മുതല്‍ മുടങ്ങാതെ ജപിച്ച ഗര്‍ഭരക്ഷാ സ്‌തോത്രത്തിന് എന്നെ രക്ഷിക്കാനാവുന്നില്ലല്ലോ എന്ന നിസ്സഹായതയോടെ ഡോക്ടര്‍ക്ക് മുന്നില്‍ കൈ കൂപ്പി. യുദ്ധവീര്യം ചോര്‍ന്നു പോയ പോരാളിയെപ്പോലെ ദൈന്യതയോടെ പറഞ്ഞൊപ്പിച്ചു 'ഇനിയെനിക്കാവില്ല , ഓപ്പറേഷന്‍ ചെയ്‌തോളൂ'

ഓപ്പറേഷന് വേണ്ടി മാനസികമായി തയ്യാറെടുക്കുന്നതിനിടയില്‍ ഒരു നഴ്സ് പെണ്‍കുട്ടി പറയുന്നത് കേട്ടു 'ആയീ... ന്നാ തോന്നണേ .. അങ്ങോട്ട് നടന്നോളൂ ..' ഒബ്‌സെര്‍വഷന്‍ ബെഡില്‍ നിന്നും ലേബര്‍ ടേബിളിലേക്ക് പതുക്കെ നടന്നു. നടപ്പിനിടയില്‍ കണ്ട കാഴ്ചകള്‍ ഒട്ടും സുഖദായകങ്ങളായിരുന്നില്ല. പിറവിയെടുക്കാന്‍ വെമ്പുന്ന പുതു ജീവനുകളെ വരവേല്‍ക്കാന്‍ വേദനയുടെ നിലയില്ലാക്കയത്തില്‍ മുങ്ങിപ്പൊങ്ങുന്ന പെണ്‍ ജന്മങ്ങള്‍.

ഒന്‍പതു ദിവസത്തെ ആശുപത്രിവാസം മാറ്റിയെഴുതുകയായിരുന്നു എന്റെ വിശ്വാസങ്ങളെ.

ലേബര്‍ ടേബിളില്‍ ജന്മമെന്ന പ്രതിഭാസത്തിനു സാക്ഷിയായതോടൊപ്പം, ചില ഡോക്ടര്‍മാര്‍ക്ക്  ദൈവത്തിന്റെ കൈകളാണ് എന്ന് അടുത്തറിയുകയായിരുന്നു..

പ്രസവശേഷം വീട്ടില്‍ പോകാന്‍ തയ്യാറെടുക്കുമ്പോള്‍  അപ്രതീക്ഷിതമായി വന്ന ചില കോംപ്ലിക്കേഷന്‍സ് പിറവിയുടെ സന്തോഷങ്ങള്‍ മുഴുവന്‍ തല്ലിത്തകര്‍ത്തു കളഞ്ഞു. കറുപ്പും വെളുപ്പും മാത്രമായ ജീവിതം.

ധൈര്യവതിയെന്നു കരുതിയ ഭാര്യയുടെ ദൈന്യതയ്ക്കുമുന്‍പില്‍ പകച്ചുപോയ ഭര്‍ത്താവ്. ബാംഗ്ളൂരിനും കണ്ണൂരിനുമിടയില്‍ തിടുക്കത്തില്‍ നടത്തിയ ഒന്നിലേറെ യാത്രകള്‍. ഭാര്യയെയും കുഞ്ഞിനേയും മകളുടെ വേദനയില്‍ സ്വയം മറന്നു പോയ ഭാര്യാ മാതാവിനെയും മുന്നില്‍ നിന്ന് നയിക്കേണ്ടി വന്ന ഭരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നയാള്‍.

ഒന്‍പതു ദിവസത്തെ ആശുപത്രിവാസം മാറ്റിയെഴുതുകയായിരുന്നു എന്റെ വിശ്വാസങ്ങളെ. കാവും പുഴയും താണ്ടി നിറമുള്ള സ്വപ്നങ്ങള്‍ കണ്ടു നടന്ന പെണ്‍ ജീവിതം ഉടച്ചു വര്‍ക്കപ്പെടുകയാണ് പ്രസവമെന്ന പ്രക്രിയയിലൂടെ. സ്റ്റിയറിങ് വീലും ഹാന്‍ഡില്‍ ബാറും പുരുഷനോളം കയ്യടക്കത്തോടെ തന്നെ നിയന്ത്രിക്കാന്‍ ആവും എന്നത് എന്റെയൊരു സ്വകാര്യ അഹങ്കാരമായിരുന്നു. തുടയിടുക്കില്‍ വന്നുനിന്ന ജീവനെ പര സഹായമില്ലാതെ ഭൂവെളിച്ചം കാണിക്കാന്‍ പോലുമാകാത്തത്ര നിസ്സഹായയാണ് ഞാനെന്ന തിരിച്ചറിവിന് മുന്‍പില്‍ പഠിച്ചെടുത്ത വിശേഷ വിദ്യകളെല്ലാം വെറും തുണ്ടു കടലാസുകള്‍ മാത്രം. അടിയില്‍ കത്തുന്ന തീക്കുണ്ഡത്തിനു മുകളിലൂടെ എഴായികീറിയ  തലനാരിഴ പാലം കടന്നു ഏഴു വാതിലുകള്‍ താണ്ടി പോയാല്‍ കാണാവുന്നവരല്ല യഥാര്‍ത്ഥ മാലാഖമാര്‍. രോഗം മണക്കുന്ന ആശുപത്രി വരാന്തകളിലും, ദുരിതം പെയ്തിറങ്ങുന്ന ഐസിയുവിനുള്ളിലും ജീവന്റെ കൂട്ടിരിപ്പുകാരായി അവര്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. മുറിവറിയാതെ മുറിവില്‍ മരുന്ന് വെക്കുന്ന 'ആര്‍ട് ഓഫ് ഹീലിംഗ്' എന്ന കല സ്വായത്തമാക്കിയ നേഴ്‌സുമാരാണ് അവര്‍.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios