ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു? ആ അനുഭവങ്ങളാണ് ഈ കുറിപ്പുകളില്‍.

പഠനകാലത്തെ ഏറ്റവും മറക്കാനാവാത്ത സംഭവങ്ങള്‍ക്ക് പലതിനും സാക്ഷിയായത് എം. ഇ. എസ് കോളേജിന്റെ ഹോസ്റ്റല്‍ മുറികളായിരുന്നു. അതില്‍ തന്നെ മെസ് ഹാളിനുള്ള പ്രാധാന്യം വളരെ വലുതാണ്. ശനിയും ഞായറും അവധി ആയിരുന്നത് കൊണ്ടും അതേ ദിവസങ്ങളില്‍ ഹോസ്റ്റലില്‍ ആളു കുറവായിരുന്നതു കൊണ്ടും മെനു വളരെ വിചിത്രമായിരുന്നു (കുറഞ്ഞ പക്ഷം ഞങ്ങള്‍ക്കെങ്കിലും). 

എങ്കിലും ഞായറാഴ്ച ഉച്ചക്കുണ്ടായിരുന്ന നെയ്‌ചോറിന് താരപരിവേഷമുണ്ടായിരുന്നെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഞായറാഴ്ച വൈകിട്ടത്തെ കഞ്ഞീം പയറും പലരുടേയും നിരാശക്ക് വഴിയൊരുക്കിയിരുന്നു. മെസിലെ ഫുഡ് പരിഷ്‌കരണത്തില്‍ ഇളക്കം തട്ടാതെ കഞ്ഞി തലയുയര്‍ത്തി നിന്നു. അതോടൊപ്പം മെസ് ഹാളില്‍ തന്നെയിരുന്ന് ഭക്ഷണം കഴിക്കണമെന്ന് നിയമവും. മെസില്‍ നിന്ന് ഭക്ഷണം റൂമില്‍ കൊണ്ടു പോവുന്നത് കള്ളക്കടത്തു പോലെ അപകടവും കുറ്റകരവുമായ കാര്യമായാണ് കണക്കാക്കിയിരുന്നത്. 

കാലങ്ങളായുള്ള ആലോചനക്ക് ശേഷം അവസാനം ഞായറാഴ്ചത്തെ കഞ്ഞി പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്തി. ഉച്ചക്കത്തെ നെയ്‌ച്ചോറ് ഞായറാഴ്ച ഹോസ്റ്റലില്‍ ഇല്ലാത്തവരുടെ പാത്രത്തിലെടുത്ത് വെച്ചിട്ട് വൈകിട്ട് കഴിക്കുക. പ്രശ്‌നമെന്തെന്ന് വെച്ചാല്‍ ഞായറാഴ്ച കുട്ടികള്‍ കുറവായതിനാല്‍ ഉണ്ടാക്കുന്ന ആഹാരവും കുറവായിരിക്കും. എങ്ങാനും തികയാതെ വന്നാല്‍ കള്ളി പുറത്താവും. മെസില്‍ ഉച്ചക്കത്തെ ആഹാരം നിശ്ചിത സമയത്തിനുള്ളില്‍ കഴിക്കാതിരുന്നാല്‍ പ്രത്യേക പരാമര്‍ശത്തോടു കൂടിയുള്ള പണിഷ്‌മെന്റ വരും. അതിനെക്കാളും പ്രശ്‌നം നെയ്‌ച്ചോറ് മുറികളിലെത്തിക്കലാണ്. ദൂരദര്‍ശന്‍ മാത്രം കിട്ടിയിരുന്ന ടി. വി യിലെ ഞായറാഴ്ച മാത്രം വരുന്ന സിനിമ കാണാന്‍ പലപ്പോളും വാര്‍ഡന്‍ ഉച്ചയൂണിന്റെ സമയത്ത് മെസ് ഹാളിലുണ്ടാവും. അവരുടെ കണ്ണ് വെട്ടിക്കലാണ് ആദ്യത്തെ കടമ്പ. അത് കഴിഞ്ഞാല്‍ സാധനം മുറിയിലെത്തിക്കണം. നാലാം നിലയിലാണ് മുറി. ആദ്യം പൈലറ്റ് വാഹനം പോയി രണ്ടാം നിലയില്‍ നില്‍ക്കും. ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി. പൈലറ്റിന്റെ നിര്‍ദേശങ്ങള്‍ ഏറ്റുവാങ്ങാന്‍ സ്‌റ്റെയര്‍കേസിനടുത്ത് ഒരാള്‍ തയ്യാറായി നില്‍പാണ്. സ്‌പോട്ട് ക്ലിയറായാല്‍ ഒരൊറ്റ പോക്കാണ്. മുറിയിലെത്തിയിട്ടെ പോക്ക് നില്‍ക്കു. 

അങ്ങനെ ഞായറാഴ്ച കഞ്ഞി മാറി നെയ്‌ചോറും തണുത്ത പപ്പടവും തിന്ന് ആത്മ നിര്‍വൃതി അടഞ്ഞു. ഭാഗ്യം കൂടുതലുണ്ടായിരുന്നത് കൊണ്ട് പലനാള്‍ കള്ളന്മാര്‍ പിടിയിലായില്ല. 

വാല്‍കഷണം: നെയ്‌ചോറിനോട് വലിയ മതിപ്പില്ലാതിരുന്നതിനാല്‍ തനിയെ പോയിരുന്ന് കഞ്ഞീം പയറും തിന്ന് ഞാനും നിര്‍വൃതിയടഞ്ഞു. അതു കൊണ്ട് നെയ്‌ച്ചോറ് കടത്തലിന് സാക്ഷിയാവുകയെ ചെയ്യേണ്ടി വന്നുള്ളു.