ഫ്ലോറിഡയിലെ ഒരു ചെറുപട്ടണമാണ് ക്വിൻസി. 1920 -കളിൽ വെറും സാധാരണക്കാരാണ് അവിടെ ജീവിച്ചിരുന്നത്. എന്നാൽ, പിന്നീട് ആ സാധാരണക്കാർ ആരും അസൂയപ്പെടുന്ന രീതിയിൽ കോടീശ്വരന്മാരായി മാറുകയായിരുന്നു. ഇന്ന് യുഎസിലെ സമ്പന്ന പട്ടണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ക്വിൻസിയിലിന്ന് എത്രയോ കോടീശ്വരന്മാരുണ്ട്. കഴിഞ്ഞ ദശകങ്ങളിൽ മാന്ദ്യത്തിൽ നിന്നും മാന്ദ്യത്തിലേയ്ക്ക് രാജ്യം നീങ്ങുമ്പോഴും ഈ പട്ടണം അതിലൊന്നും ഉലയാതെ പിടിച്ചു നിൽക്കുകയാണ്. എന്താണ് ഈ പട്ടണത്തെ സമ്പന്നമാക്കിയത്? പുകയിലയ്ക്കും മറ്റ് കാർഷിക ഉൽ‌പന്നങ്ങൾക്കും പ്രസിദ്ധമാണ് ഈ പട്ടണമെങ്കിലും, അതൊന്നുമല്ല നിവാസികളെ ധനികരാക്കിയത്. 20, 30 -കളിൽ ക്വിൻസിയിൽ പ്രവർത്തിച്ച ബാങ്കർ പാറ്റ് മൺറോയാണ് ഇതിന് പിന്നിൽ. അദ്ദേഹത്തിന്റെ ഓഹരി നിക്ഷേപത്തിന്റെ ഒരു പദ്ധതിയാണ് ആ പട്ടണത്തെ സമ്പന്നതയിലേയ്ക്ക് എത്തിച്ചതെന്ന് കരുതപ്പെടുന്നു. 

നമ്മൾ പലപ്പോഴും ഒരു നിക്ഷേപം എന്ന നിലയ്ക്ക് ഓഹരികൾ വാങ്ങാറുണ്ട്. എന്നാൽ, ചിലപ്പോഴെങ്കിലും അതിൽ നഷ്ടം സംഭവിക്കാറുമുണ്ട്. എന്നാൽ, എന്തിലാണ് നിക്ഷേപിക്കേണ്ടതെന്ന് പാറ്റ് മൺറോയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. പുകയില കർഷകരുടെ ബാങ്കറായിരുന്നു മൺറോ. നല്ല വിളവ് ലഭിക്കുന്ന സമയം കൂടുതൽ നിക്ഷേപത്തിനായുള്ള ഉപദേശത്തിനായി ആളുകൾ അദ്ദേഹത്തെ സമീപിക്കാറുണ്ട്. അവർക്ക് അദ്ദേഹം ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. എല്ലാവരും അദ്ദേഹത്തെ സ്നേഹത്തോടെ 'മിസ്റ്റർ പാറ്റ്' എന്ന് വിളിച്ചു. 

1919 -ൽ കൊക്കക്കോളയുടെ ഒരു ഓഹരിക്ക് 40 യുഎസ് ഡോളറായിരുന്നു. എന്നാൽ, പഞ്ചസാര വ്യവസായവുമായുള്ള തർക്കത്തെ തുടർന്ന് ഓഹരിവില ഓരോ ഷെയറിനും 19 ആയി കുറഞ്ഞു. ബാങ്കിൽ ഉണ്ടായിരുന്നതിനേക്കാളും കുറഞ്ഞ വിലയ്ക്കാണ് ഓഹരികൾ കമ്പനി വിറ്റത്.  ഓരോ വർഷവും ആളുകൾ കൊക്കക്കോള കൂടുതൽ കൂടുതൽ വാങ്ങുന്നത് മൺറോ കണ്ടു. അദ്ദേഹം ശ്രദ്ധിച്ച മറ്റൊരു കാര്യം, മാന്ദ്യകാലത്ത് പോലും ആളുകൾ കോക്ക് കുടിക്കുന്നത് നിർത്തിയില്ല എന്നതാണ്. കാലക്രമേണ കോക്ക് ഒരു ശക്തമായ ബ്രാൻഡായി മാറുന്നത് അദ്ദേഹം വീക്ഷിച്ചു. നിക്ഷേപ ഉപദേശങ്ങൾ തേടുന്ന ആർക്കും കോക്ക് ഷെയറുകൾ ശുപാർശ ചെയ്യാൻ തുടങ്ങി അദ്ദേഹം. കൊക്കക്കോള ഓഹരി വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തരവാദിത്തമുള്ള നിക്ഷേപകരുടെ ബാങ്ക് വായ്പകൾക്ക് അയാൾ സ്വയം ഗ്യാരണ്ടി നിന്നു. കർഷകരെയും, വിധവകളെയും കഷ്ടപ്പെടുന്ന മറ്റ് വിഭാഗങ്ങളെയും ഓഹരി വാങ്ങാൻ അദ്ദേഹം നിർബന്ധിച്ചു.  

ഇതോന്നും പോരാതെ ഓഹരി വാങ്ങാൻ പണമില്ലാതെ കഷ്ടപ്പെടുന്ന ആളുകൾക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ ലോൺ നൽകി. മൺറോയുടെ ബിസിനസ്സ് കഴിവുകൾ, ആ പട്ടണത്തിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഏകദേശം 67 കുടുംബങ്ങൾ അദ്ദേഹത്തിന്റെ വാക്ക് കേട്ടു ഓഹരികൾ വാങ്ങി. ഇത് ഹ്രസ്വകാല വിപണിയിലെ ഏറ്റക്കുറച്ചിലുകളെ കണക്കിലെടുക്കാതെ പണം സമ്പാദിക്കാൻ അവരെ സഹായിച്ചു. വലിയ സാമ്പത്തിക മാന്ദ്യകാലത്തും അതിനുശേഷവും പട്ടണത്തെ ഇത് രക്ഷിക്കുകയും, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്‍തു. വിളകൾക്ക് നാശം സംഭവിക്കുമ്പോഴും, കൊക്കോക്കോളയുടെ ഓഹരിയിൽ നിന്നുള്ള ലാഭവിഹിതമാണ് ആളുകൾക്ക് താങ്ങായത്. ദേശീയ സമ്പദ്‌വ്യവസ്ഥ തകർന്നപ്പോഴും, അതിനെ അതിജീവിക്കാൻ ഈ തുക ആളുകളെ സഹായിച്ചു. കോക്കിന്  വിലകുറഞ്ഞ സമയങ്ങളിൽ ആളുകൾ കൂടുതൽ ഓഹരികൾ വാങ്ങി.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആളോഹരി സമ്പന്നമായ പട്ടണമായി ക്വിൻസി മാറി. 'കൊക്കക്കോള കോടീശ്വരന്മാർ' എന്ന് വിളിക്കപ്പെടുന്ന ആ 67 പേരും ഗണ്യമായ തുക ഇതുവഴി സമ്പാദിച്ചു. 2019 -ലെ കണക്ക് പ്രകാരം, മഹാമാന്ദ്യത്തിന് മുമ്പ് വാങ്ങിയ കൊക്കക്കോളയുടെ ഒരു വിഹിതത്തിന്, ഇന്ന് 74 കോടിയ്ക്ക് മീതെയാണ് മൂല്യം.