കിളിമാനൂര്‍ കൊട്ടാരത്തിലെ രാജ കുടുബാംഗം ഹരിഹരവര്‍മ്മയുടെ കൊലപാതകം, പോലീസ് ഇരുട്ടില്‍ തപ്പുന്നു. 2011ല്‍ പത്രങ്ങളില്‍ നിറഞ്ഞ തലക്കെട്ടാണ്. രാജകുടുബാംഗം പിന്നീട് രത്‌നവ്യാപാരിയും തട്ടിപ്പുകാരനുമായി. ഹരിഹരവര്‍മ്മ എന്ന തട്ടിപ്പുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണവും പോലീസ് നടുടികളുമെല്ലാം വലിയ വിവാദമായി.
സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്ന അന്ന് പഴയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് ഒരു പോലീസുകാരന്‍ എങ്ങിനെയാകരുത്, അബദ്ധങ്ങളില്‍ വീഴരുത് എന്ന് തന്റെ സര്‍വ്വീസ് ഡയറിയെന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകത്തിലൂടെ പോലീസ് സേനയോട് പറയുകയാണ്
തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെ സബ് ഇന്‍സ്പെക്ടര്‍ സി. മോഹനന്‍.
മോഹനന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനമാണിന്ന്. ഇനി കാക്കിയില്‍ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് ഒരു യാത്രയില്ല. കഴിഞ്ഞ മുപ്പത്തിയാറു വര്‍ഷത്തെ തന്റെ കാക്കി ജീവിതം ഇന്ന അവസാനിക്കുമ്പോള്‍ ഈ ദിനത്തെ കൂടുതല്‍ സുന്ദരമാക്കാനുള്ള ശ്രമത്തിലാണ് മോഹനന്‍.
'2011 ല്‍ കൊല്ലപ്പെട്ട ഹരിഹര വര്‍മ്മ എന്നയാളുടെ ശരീരം ഡിസംബര്‍ 24 ന് കണ്ട് കിട്ടുന്നു. പിറ്റേ ദിവസം അവധി ദിനമായതിനാല്‍ ഒരു ദിവസം താമസിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ പേരില്‍ കേട്ട വിമര്‍ശനങ്ങള്‍ ഭീകരമായിരുന്നു'. തങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ വരുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പഠിക്കാനുണ്ട്. അവര്‍ക്ക് ഈ പുസ്തകം ഒരു ഗൈഡായിരിക്കും. ഒത്തിരി കേസ് ഡയറികള്‍ എഴുതിയിട്ടുണ്ടെങ്കിലും ഒരു പുസ്തകം എഴുതുന്നത് വലിയ അനുഭവമാണെന്ന് മോഹനന്‍ പറയുന്നു.
മൂന്ന് പതിറ്റാണ്ടുകള് നീണ്ട പോലീസ് ജീവിതം അവസാനിപ്പിച്ച് വെറുതേ അങ്ങ് കടന്ന് പോവുകയല്ല മോഹനന്‍. മുപ്പത്താറു വര്‍ഷത്തെ പോലീസ് ജീവിതം വിരമിക്കുന്ന ഈ ദിനത്തിലും ഒരു കണ്ണാടിയിലെന്ന പോലെ മോഹനന് വ്യക്തമാണ്. സര്‍വ്വീസില്‍ നിന്ന് പടിയിറങ്ങുന്ന ഇന്ന് ഒരു നല്ല പോലീസുകാരന്‍ എങ്ങിനെയാവാമെന്ന് സഹപ്രവര്‍ത്തകരോടും സമൂഹത്തോടും പറയുന്ന ഒരു പുസ്തകം മോഹന്‍ രചിച്ചിരിക്കുന്നു.
പോലീസ് സേനയെ വിമര്‍ശിച്ച് കൊണ്ടുള്ള ഒരു പുസ്തകമല്ലിത്. തന്റെ സര്‍വ്വീസ് ജീവിതത്തെക്കുറിച്ചുമല്ല ഈ പുസ്തകമെന്ന് മോഹനന്‍ പറയുന്നു. എങ്ങിനെ ഒരു നല്ല പോലീസുകാരനാകാം എന്നാണ് പുസ്തകം പറയുന്നത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഇന്ന് മോഹനന്‍ എഴുതിയ 'കണ്ണാടി' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പുസ്തകം മുന്‍ ഡിജിപി ടി. പി സെന്‍കുമാറിന് കൈമാറും.
തങ്ങള്‍ ചെയ്ത മണ്ടത്തരങ്ങള് ഇനി വരുന്നവര്‍ ചെയ്യാതിരിക്കാനായി ഒരു പുസ്തകം. പതിനെട്ടു അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തില്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ച് കൊണ്ട് എങ്ങനെയാണ് ഒരു കുറ്റകൃത്യം അന്വേഷിക്കേണ്ടതെന്ന് മോഹനന്‍ വ്യക്തമാക്കുന്നു. 2011 ല്‍ തങ്ങള്‍ക്ക് പറ്റിയ ഒരു അമിളിയുടെ പുറത്ത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. അത് മോഹനന്‍ വിശദീകരിക്കുന്നതിങ്ങനെ.
