1752 -ൽ സെപ്റ്റംബർ മൂന്നിനും സെപ്റ്റംബർ 13 -നും ഇടയിൽ ബ്രിട്ടനിൽ എത്ര ആളുകൾ ജനിച്ചുവെന്ന് നിങ്ങൾക്കറിയാമോ? ആരുമില്ല. ആരും ജനിച്ചിട്ടില്ല, ആരും മരിച്ചിട്ടില്ല. ആ കാലയളവിൽ വിവാഹങ്ങളൊന്നും നടന്നില്ല. യുദ്ധങ്ങളൊന്നും നടന്നില്ല. വ്യാപാര ഇടപാടുകളൊന്നും ഒപ്പിട്ടിട്ടില്ല. എന്തിനേറെ ബ്രിട്ടന്‍റെ കലണ്ടറിൽ പോലും ഈ പതിനൊന്ന് ദിവസം അടയാളപ്പെടുത്തിയിട്ടില്ല. 1752 സപ്‍തംബര്‍ രണ്ടിന് രാത്രി ഉറങ്ങാൻ കിടന്ന ആളുകൾ, ഉറക്കമുണർന്നത് സെപ്റ്റംബർ 14 -നാണ്. ബ്രിട്ടനിൽ മാത്രമല്ല ബ്രിട്ടന്റെ കീഴിലായിരുന്ന ഇന്ത്യയിലും ഇത് സംഭവിച്ചു. പിന്നെ, ഇതൊക്കെ ആര് വിശ്വസിക്കാനാ എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാൽ, ഇത് സംഭവിച്ചത് കലണ്ടറിൽ വന്ന മാറ്റത്തിന്റെ ഫലമായാണ്.

1752 സെപ്റ്റംബർ രണ്ട് വരെ ബ്രിട്ടനിലെ ആളുകൾ പിന്തുടർന്നിരുന്നത് ജൂലിയൻ കലണ്ടറാണ്. റോമൻ കലണ്ടറായ ലൂണിസോളാർ കലണ്ടറിന്റെ കുറവുകൾ പരിഹരിക്കാൻ ബിസി 46 -ൽ ജൂലിയസ് സീസറാണ് ജൂലിയൻ കലണ്ടർ കൊണ്ടുവരുന്നത്. റോമൻ കലണ്ടറിൽ മൊത്തം 355 ദിവസവും 12 മാസവുമുണ്ടായിരുന്നു. ഇത് സൗരവർഷത്തേക്കാൾ ഏകദേശം 10 ദിവസം കുറവാണ്. ഓരോ നാല് വർഷത്തിലും നമുക്ക് ലീപ് ഇയർ വരുന്നപോലെ അവരും ഓരോ ഇടവിട്ടുള്ള വർഷങ്ങളിൽ 22, 23 ദിവസങ്ങൾ അധികമായി കലണ്ടറിൽ ചേർത്തിരുന്നു. അതിലൊരു പ്രശ്നമെന്തെന്നാൽ ഇത് ശാസ്ത്രീയമായല്ല കണക്കാക്കിയിരുന്നത്. മറിച്ച് പുരോഹിതനായിരുന്നു അതിനുള്ള അധികാരം ഉണ്ടായിരുന്നത്. മിക്കപ്പോഴും അദ്ദേഹം തന്റെ രാഷ്ട്രീയ സഖ്യകക്ഷികൾ അധികാരത്തിലിരിക്കുന്ന വർഷം കൂടുതൽ ദിവസങ്ങൾ ചേർക്കുകയും എതിരാളികൾ അധികാരത്തിലിരിക്കുന്ന വർഷം അത്രയും ദിവസം കലണ്ടറിൽ നിന്ന് കുറയ്ക്കുകയും ചെയ്യുമായിരുന്നു. ഇതിന്റെ ആകെ ഫലം, ശരാശരി റോമൻ പൗരന് പലപ്പോഴും ഇന്നത്തെ തീയതി ഏതാണെന്നതിനെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല എന്നതാണ്.  

തീയതികൾ ഇങ്ങനെ തോന്നിയപോലെ മാറ്റിയും മറിച്ചും ചേർക്കുന്നത് കണ്ട്, ഒടുവിൽ ജൂലിയസ് സീസർ അതിൽ ഇടപെട്ടു. ഏറ്റവും മികച്ച തത്ത്വചിന്തകരെയും ഗണിതശാസ്ത്രജ്ഞരെയും വിളിച്ച് അദ്ദേഹം ശാസ്ത്രീയമായ രീതിയിൽ സൂര്യനുമായി സമന്വയിപ്പിക്കുന്ന ഒരു കലണ്ടർ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ഒരു വർഷത്തിൽ 365 ദിവസവും ആറ് മണിക്കൂറുമുണ്ടെന്നാണ് അക്കാലത്ത് ആളുകൾ കരുതിയിരുന്നത്. അതിനാൽ സീസറിന്റെ ഗണിതശാസ്ത്രജ്ഞർ 365 ദിവസം ദൈർഘ്യമുള്ള ഒരു കലണ്ടർ നിർമ്മിച്ചു. ഓരോ വർഷവും നഷ്ടപ്പെട്ട ആറ് മണിക്കൂർ ചേർത്ത് ഓരോ നാല് വർഷവും ഒരു അധികദിവസം കൂട്ടിച്ചേർത്തു. എന്നാൽ വാസ്‍തവത്തിൽ, ഭൂമിയ്ക്ക് സൂര്യനെ ചുറ്റാൻ 365 ദിവസം, അഞ്ച് മണിക്കൂർ, 48 മിനിറ്റ്, 45 സെക്കൻഡ് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജൂലിയൻ കലണ്ടർ അപ്പോഴും കൃത്യമായിരുന്നില്ല.  

മറ്റൊരു പ്രശ്നവും ഈ കലണ്ടറിനുണ്ടായിരുന്നു. പാരമ്പര്യമനുസരിച്ച്, പൂർണചന്ദ്രനുശേഷം വരുന്ന ആദ്യ ഞായറാഴ്ചയാണ് ഈസ്റ്റർ ആഘോഷിക്കേണ്ടത്. തീയതിയിലുള്ള പിശക് കാരണം പലപ്പോഴും പത്ത് ദിവസം പിന്നിലായിരുന്നു ഈസ്റ്റർ ദിനം വന്നിരുന്നത്. 1582 -ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പ ഈ കലണ്ടർ ഒന്ന് പരിഷ്കരിക്കാൻ ശ്രമിച്ചു. ഈസ്റ്റർ ഉദ്ദേശിച്ച തീയതിയിൽ നിന്ന് മാറിപ്പോകുന്നത് പോപ്പിന് ഇഷ്ടപ്പെട്ടില്ല. ആധുനിക കാലഘട്ടത്തിന്റെ ആദ്യ കലണ്ടർ പരിഷ്കരണം നടക്കുന്നത് അപ്പോഴാണ്. ലീപ് ഇയർ എന്ന ആശയം കലണ്ടറിൽ ഉൾപ്പെടുത്തി പുതിയ കലണ്ടർ നിലവിൽ വന്നു. 1582 -ൽ ആദ്യമായി പുതിയ കലണ്ടർ സ്വീകരിച്ചത് ഫ്രാൻസ്, ഇറ്റലി, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ്. 1927 ജനുവരി ഒന്നിന് പുതിയ സംവിധാനത്തിലേക്ക് മാറിയ അവസാന രാജ്യം തുർക്കിയായിരുന്നു.

പോപ്പിനോട് അതൃപ്‍തിയുണ്ടായിരുന്ന ഇംഗ്ലണ്ട് പുതിയ കലണ്ടർ പിന്തുടരാൻ വിസമ്മതിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഈ വ്യത്യാസം 11 ദിവസമായി വളർന്നു. ഒടുവിൽ മറ്റ് വഴികളില്ലാതെ, അവർ പുതിയ കലണ്ടർ സ്വീകരിക്കാൻ തയ്യാറായി. എന്നാൽ, കലണ്ടറുകൾ മാറ്റുന്നത് എല്ലാവരേയും കുഴപ്പത്തിലാക്കി. 1752 -ാം വർഷം എത്തിയതോടെ ജൂലിയൻ കലണ്ടറിനേക്കാൾ 11 ദിവസം മുന്നിലായി ഗ്രിഗോറിയൻ കലണ്ടർ. ഈ പൊരുത്തക്കേട് ശരിയാക്കാനും എല്ലാ തീയതികളും ഒരുപോലെ വിന്യസിക്കാനും ഇംഗ്ലണ്ടിന് 11 ദിവസം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ 1752 സെപ്റ്റംബർ രണ്ട് ബുധനാഴ്ചയെ തുടർന്ന് കലണ്ടറിൽ 1752 സെപ്റ്റംബർ 14 വ്യാഴാഴ്ച മാർക്ക് ചെയ്യപ്പെട്ടു. എന്നാൽ, ജീവിതത്തിന്റെ 11 ദിവസം വെട്ടിച്ചുരുക്കിയെന്ന് തെറ്റിദ്ധരിച്ച് ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങി. വിശുദ്ധന്റെ ദിവസങ്ങളും ഈസ്റ്റർ തീയതിയും ഉൾപ്പെടെയുള്ള ദിനങ്ങൾ മാറിയതിനാൽ ആളുകൾ അതൃപ്തരായി.  “Give us our Eleven Days” എന്ന മുദ്രാവാക്യം മുഴക്കി അവർ തെരുവുകൾ തോറും പ്രതിഷേധിച്ചു എന്നാണ് പറയപ്പെടുന്നത്.