ലോകം മുഴുവൻ കൊവിഡ് -19 -ന് മുന്നിൽ കീഴടങ്ങുമ്പോൾ, ഛത്തീസ്‍ഗഢിലെ ഗോത്രമേഖലയായ ബസ്‍തറിനെ ഇതൊന്നും ബാധിക്കുന്നില്ല. ജൂൺ 16 വരെ സംസ്ഥാനത്ത് മൊത്തം 1,756 പൊസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയപ്പോൾ, ഇവിടെ രജിസ്റ്റർ ചെയ്‍തത് വെറും 36 കേസുകൾ മാത്രമാണ്.  കണക്ക് പ്രകാരം, സംസ്ഥാനത്തെ 28 ജില്ലകളിൽ മൂന്നെണ്ണം കൊവിഡ് മുക്തമാണ്. അവിടങ്ങളിൽ ഇതുവരെ ഒരു കേസുപോലും  രേഖപ്പെടുത്തിയിട്ടില്ല. ഈ മൂന്ന് ജില്ലകളും ബസ്‍തർ മേഖലയിലെ ആദിവാസി ജില്ലകളാണ് എന്നതാണ് അതിശയം. ഇത്രയൊക്കെ ശുചിത്വവും, സാമൂഹിക അകലവും പാലിച്ചിട്ടും ഈ രോഗത്തെ വേണ്ട രീതിയിൽ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഇതൊരു പുതിയ വൈറസാണ് എന്നതുകൊണ്ട് തന്നെ  ഇതിനെ കുറിച്ച് ആധികാരികമായി പറയാൻ വൈദ്യശാസ്ത്രത്തിനും സാധിക്കുന്നില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് ശാസ്ത്രത്തിന്റെ കടന്നുകയറ്റമില്ലാത്ത, നിരക്ഷരരായ, കാടിന്റെ മക്കൾക്ക് ഇത് സാധിക്കുന്നത്?

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇതിന്റെ പിന്നിലുള്ള കാരണം ബസ്‍തരുടെ ഭക്ഷണശീലവും, ജീവിതശൈലിയുമായിരിക്കാമെന്നാണ് പറയുന്നത്. കാട്ടുവേരുകൾ, പച്ചക്കറികൾ, കൂൺ തുടങ്ങി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന നിരവധി ആഹാരപദാർത്ഥങ്ങൾ ഈ  ആദിവാസികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നു. കാർഷിക, പ്രാദേശിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇത് അവരുടെ സ്വാഭാവിക പ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. ഭക്ഷണത്തിനുപുറമെ, ബസ്‍തർ ആദിവാസികളെ ആരോഗ്യത്തോടെയിരിക്കാൻ സഹായിച്ചത് അവരുടെ ജീവിതശൈലിയാണ്. പ്രകൃതിദത്തമായ ഒരു ക്വാറന്‍റൈനിലാണ് അവർ ജീവിക്കുന്നത്. 

ജഗദൽപൂർ ആസ്ഥാനമായുള്ള നരവംശശാസ്ത്രജ്ഞൻ രാജേന്ദ്ര സിംഗ് ഈ പ്രദേശത്തെ ആദിവാസികൾ സാമൂഹ്യ അകലം എങ്ങനെ പിന്തുടരുന്നു എന്നതിനെ കുറിച്ച് വിശദീകരിക്കുന്നു. “അവരുടെ വീടുകളുടെ അതിരുകൾ വളരെ വലുതാണ്, ഇത് ആളുകൾ അടുത്തടുത്ത് താമസിക്കുന്നത് ഒഴിവാക്കുകയും, മതിയായ ശാരീരിക അകലം പാലിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു” സിംഗ് പറഞ്ഞു. "മാത്രവുമല്ല അവർ പ്രധാനമായും വനത്തിൽ നിന്നാണ് ഭക്ഷണം ശേഖരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത് ഒരു കൂട്ടായ പ്രവർത്തനമല്ല. ആഴ്‍ചയിൽ ഒരിക്കൽ മാത്രമാണ് അവർ ചന്തയിൽ പോകുന്നത്” അദ്ദേഹം പറഞ്ഞു. Abujhmadiya ആദിവാസികളുടെ ജീവിതത്തെക്കുറിച്ച് ആദ്യമായി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് രാജേന്ദ്ര സിംഗ്. 

പഴങ്ങൾ, വേരുകൾ, വിവിധ ഔഷധച്ചെടികൾ തുടങ്ങിയ വന ഉൽ‌പന്നങ്ങള്‍ കൂടുതലായുമുപയോഗിക്കുന്ന ഗോത്രവർഗക്കാർക്ക് സ്വാഭാവികമായും പല രോഗങ്ങൾക്കെതിരെയും പ്രതിരോധശേഷിയുണ്ട്. കാട്ടിൽ വളരുന്ന സാൽ മരങ്ങളിൽ കാണുന്ന ബോഡ ഫംഗസ്, മുളച്ചെടികളുടെ മൃദുവായ ബസ്‍ത, കൂൺ എന്നിവ ഇവിടത്തെ ആദിവാസികളുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമാണ്. ഇതുകൂടാതെ, വിവിധ ഇലക്കറികളും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. അമിനോ ആസിഡുകൾ, വിറ്റാമിൻ സി, ഇരുമ്പ്, ഫോളിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ ഈ ഭക്ഷ്യവസ്‍തുക്കളിൽ നിന്ന് ലഭിക്കുന്നു. ഇത് ബസ്‍തറിലെ ഗ്രാമീണരുടെ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്നു.

ഇനി പരിശോധനകളുടെ കണക്കുകൾ നോക്കിയാൽ സംസ്ഥാനത്തെ ബിലാസ്‍പൂർ ജില്ലയിൽ ഏകദേശം 32,100 സാംപിളുകൾ പരിശോധിക്കുകയുണ്ടായി. സർഗുജയിൽ ഏറ്റവും കുറഞ്ഞത്  ഏകദേശം 11,340 സാംപിളുകളും. ബസ്‍തറിലാകട്ടെ 18,180 -ലധികം സാമ്പിളുകളാണ് പരിശോധിച്ചത്. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ ബസ്‍തറിൽ എടുത്ത സാമ്പിളുകളിൽ 90 ശതമാനവും കുടിയേറ്റ തൊഴിലാളികളുടേതാണ്. മാത്രവുമല്ല, ബസ്‍തറിലെ ആദിവാസി ജില്ലകളായ സുക്മ, നാരായൺപൂർ, ബിജാപൂർ എന്നിവിടങ്ങളിൽ ഇതുവരെ ഒരു കൊറോണ വൈറസ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ദന്തേവാഡ, കോണ്ടഗാവ്, കാങ്കർ, ജഗദൽപൂർ എന്നിവ ഉൾപ്പെടുന്ന മറ്റ് ജില്ലകളാണ് മേഖലയിലെ 36 കേസുകൾ. ഇതിൽ കോണ്ടഡാഗോണും ദന്തേവാഡയും ആദ്യത്തെ കേസുകൾ റിപ്പോർട്ട് ചെയ്‍തത് കഴിഞ്ഞ ആഴ്‍ച മാത്രമാണ്.

ബസ്‍തർ മേഖലയിലെ ആദിവാസികളുടെ ഭക്ഷണ ശീലങ്ങളും സ്വാഭാവിക സാമൂഹിക അകല മാനദണ്ഡങ്ങളുമാണ് കൊറോണ വൈറസിനെ വേണ്ടരീതിയിൽ ചെറുക്കാൻ അവരെ പ്രാപ്‍തമാക്കുന്നത് എന്നാണ് ഇവരെല്ലാം പറയുന്നത്. എന്നിരുന്നാലും, ഇതുവരെ ഇതിന് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടായിട്ടില്ല. ഇത് ഒരു അനുമാനവും വിശ്വാസവുമായി മാത്രമാണ്. എന്നാൽ, ഇതിനെ കുറിച്ച് ശാസ്ത്രീയമായി പഠിക്കണമെന്ന് ബസ്‍തർ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആന്ത്രോപോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സ്വപൻ കുമാർ പറയുന്നു.

 

(കടപ്പാട്: ദ പ്രിന്‍റ്)