എന്റെ കുട്ടികൾക്ക് ഞാൻ വിശദമായ കൗൺസിലിങ്ങ് നൽകിയിരുന്നു. ആദ്യമായി കൗൺസിലിംഗിന് പോയപ്പോൾ അവരോട് പപ്പയുടെ മരണത്തെപ്പറ്റി സംസാരിക്കാൻ പറഞ്ഞു. പിന്നെ അവർ ഒന്നിച്ചിരുന്ന് പപ്പയ്ക്ക് കത്തെഴുതി.  "പപ്പാ.. പപ്പയ്ക്കവിടെ സുഖമല്ലേ..? ഞങ്ങൾക്ക് പപ്പയെ വല്യ ഇഷ്ടമാണ്.. അവിടെ നേരം പോവുന്നുണ്ടെന്ന് ഞങ്ങൾ കരുതുന്നു..." ഞങ്ങൾ മൂന്നുപേരും ഒന്നിച്ചു നിന്ന് ആ നഷ്ടത്തെ അതിജീവിച്ചു.

അച്ഛനും അമ്മയും ഇരട്ടക്കുട്ടികളും - ആരെയും അസൂയപ്പെടുത്തുന്ന ഒരു സന്തുഷ്ട കുടുംബത്തിൽ നിന്നും പെട്ടെന്നൊരു നാൾ ഞങ്ങൾ മൂന്നുപേരും തനിച്ചായിപ്പോയതെങ്ങനെ..? ഗാർഡിയനിൽ ബാർബറാ വാണ്ട് എഴുതിയ ലേഖനം 

ഏറെ നേരം ആലോചിച്ചിരുന്ന് ഒടുവിൽ ധൈര്യം സംഭരിച്ച് എങ്ങനെയോ ഞാനെന്റെ ജോയലിനെയും ബെനഡിക്ടിനെയും അടുത്തുവിളിച്ച് പറഞ്ഞു.. " മക്കളേ.. നിങ്ങളുടെ അച്ഛൻ മരിച്ചുപോയി.." - എന്നെ അൽപനേരം തുറിച്ചുനോക്കി നിന്നശേഷം അവർ പറഞ്ഞു, "ഇനി ഞങ്ങൾ പോയി കാർട്ടൂൺ കണ്ടോട്ടെ..? "

അതേ.. അതുതന്നെയാണ് അവരുടെ അച്ഛൻ നിക്ക്, മരിച്ചവിവരം അറിഞ്ഞപ്പോൾ എന്റെ മക്കൾ ചെയ്തത്. അവരുടെ അച്ഛന് അപൂർവമായ ഒരു കാൻസർ ബാധിച്ചിട്ട് നാലുമാസം തികഞ്ഞതേയുണ്ടായിരുന്നുള്ളൂ. നാലുവയസ്സു തികഞ്ഞിട്ടില്ലായിരുന്ന എന്റെ മക്കൾക്ക് അവരുടെ അച്ഛനെന്തിനാണ് സദാ കിടക്കുന്നതെന്ന് മനസ്സിലായിക്കാണില്ല. കീമോ താങ്ങാൻ ആ ദുർബല ദേഹത്തിന് കഴിഞ്ഞില്ല. ദിനം പ്രതി വഷളായിക്കൊണ്ടിരുന്നു ശരീരത്തിന്റെ അവസ്ഥ. ഒടുവിൽ നാലേനാലു മാസങ്ങൾക്കിപ്പുറം അവരുടെ അച്ഛൻ മരിച്ചു. ഞങ്ങളുടെ ആകാശം തന്നെ ഇടിഞ്ഞുവീണ ആ വാർത്ത ഞാൻ അവരോട് പറഞ്ഞപ്പോൾ, എന്റെ മക്കൾ അല്പനേരത്തെ മൗനത്തിനുശേഷം തിരികെച്ചെന്ന് പാതിവഴി നിർത്തിയ കാർട്ടൂൺ കണ്ടു തീർത്തു..

കുട്ടികളുടെ സങ്കടം നമ്മൾ വലിയവരുടേതു പോലെയല്ല എന്ന് ഞാൻ നേരിട്ടറിഞ്ഞ ആദ്യത്തെ സന്ദർഭമായിരുന്നു അത്. അവർക്ക് സങ്കടമില്ലാഞ്ഞിട്ടല്ല.. പാവങ്ങൾ.. നാലു വയസ്സ് തികഞ്ഞിട്ടില്ലാ അവർക്ക്.. ഒന്നും മനസ്സിലായിക്കാണില്ല എന്റെ മക്കൾക്ക് അന്ന്. 

കുഞ്ഞുങ്ങളുടെ മനസ്സിലെ സങ്കടം പായൽ നിറഞ്ഞ കുളം പോലെയാണ്. ശരിക്കുള്ള ആഴം പുറത്തുനിന്നു നോക്കുന്നവർക്ക് ഒരിക്കലും മനസ്സിലാവുകയേയില്ല. കുമിളകൾ പൊന്തുന്നത് കണ്ണിൽപെട്ടാൽ പോലും എന്തു നോക്കണം, എങ്ങോട്ട് നോക്കണം എന്ന് മനസ്സിലാവുകയേയില്ല. അച്ഛൻ മരിച്ചു പോയതിന്റെ പേരും പറഞ്ഞ് എന്റെ മക്കൾ ഇന്നുവരെ കരഞ്ഞു ഞാൻ കണ്ടിട്ടില്ല. എന്നാലും എനിക്കറിയാം അത് അവരെ പാടെ ഉലച്ചിരുന്നെന്ന്.. അവർ ഇന്നും അവരുടെ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടെന്ന്. ജോയലിന് സ്‌പോട്ടി എന്നൊരു കരടിക്കുട്ടനുണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് അതിനെ കാണാണ്ടായി. അവൻ അതിന്റെ പേരിൽ ദിവസങ്ങളോളം കരഞ്ഞുകൊണ്ടിരിക്കുമായിരുന്നു. ഏറെക്കഴിഞ്ഞാണ് അത് മാറിയത്. ഇപ്പോഴും അതിന്റെ ഓർമ്മവരുമ്പോൾ അവൻ പറയും.. " എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമെന്നു പറയുന്നത്, എന്റെ സ്‌പോട്ടി പോയതാണ്.. " അവൻ പറയുന്നതും, ഉദ്ദേശിക്കുന്നതും തമ്മിലുള്ള കണക്ഷൻ അവന്റെ മുഖത്തെവിടയോ ഉണ്ട്.. നോക്കേണ്ടതെവിടെയെന്ന് നമുക്കറിയണം എന്നുമാത്രം.. 

പലപ്പോഴും അവർ അച്ഛൻ മരിച്ചതിന്റെ സങ്കടത്തെപ്പറ്റി പറഞ്ഞെന്നു വരില്ല.. ബെന്നി ഒരിക്കൽ പറഞ്ഞു.. "ഒരു ദിവസം രാവിലെ എണീറ്റ് പപ്പയെ നോക്കിയപ്പോൾ അപ്പുറത്ത് കിടപ്പില്ല.. പെട്ടെന്ന് എനിക്കോർമ്മവന്നു പപ്പ മരിച്ചു പോയതാണല്ലോ എന്ന്.. ആകെ ഒരു കറണ്ടടിച്ച ഫീലിങ്ങായി അപ്പോൾ.. " പറഞ്ഞു തീർന്നപ്പോൾ അവന്റെ തൊണ്ടയിടറി, കണ്ണിന്റെ കോണിൽ ഒരു തുള്ളി വന്നു നിന്നു. അവനു കരയുന്നത് തീരെ ഇഷ്ടമല്ല.. അതുകൊണ്ട് അവൻ പതുക്കെ വിഷയം മാറ്റി. പിന്നെ അടുത്ത മുറിയിലേക്ക് പോയി. മരിപ്പിന്റെ സങ്കടം വീട്ടിൽ അലയടിക്കുമ്പോഴും കുട്ടികൾക്ക് ആളുകൾ കൂടുന്ന ഒരു ആഘോഷവേളമാത്രമാവും മരണങ്ങൾ.. പലപ്പോഴും അതിനെ സ്നേഹക്കുറവാണോ എന്നുപോലും ആളുകൾ വ്യാഖ്യാനിച്ചേക്കും.. 

നിക്ക് മരിച്ചതിന്റെ അടുത്ത മാസങ്ങളിൽ എന്റെ മക്കൾക്ക് സങ്കടത്തിന്റേതായ ലക്ഷണങ്ങൾ പലതുമുണ്ടായിരുന്നു. ആകെ പരിഭ്രാന്തരായിരുന്നു അവർ. എന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ അവർ കരയാറാവും. കാറിൽ നിന്നും അവർക്കു മുമ്പേയിറങ്ങിയാൽ. പറയാതെ എങ്ങോട്ടെങ്കിലും മാറിയാൽ.. തീർന്നു. അക്കാലത്ത് സ്ഥിരം വയറുവേദനയായിരുന്നു ജോയലിന്.. കുട്ടികൾക്ക് സങ്കടം വന്നാൽ അവർ കാണിക്കുന്ന ഒരു സ്ഥിരം ലക്ഷണമാണ് അകാരണമായ ഈ വയറുവേദനയും. ബെന്നിയുടെ ദേഷ്യം ഇരട്ടിച്ചിരുന്നു നിക്ക് പോയശേഷം. ചെറിയ കാര്യങ്ങൾക്കുപോലും അവൻ കൂട്ടുകാരുമായി തല്ലുകൂടാൻ തുടങ്ങി അന്നൊക്കെ. 'എനിക്ക് ഇനീം കുഞ്ഞായി മാറണം' എന്നും പറഞ്ഞ് വെറും തറയിൽ ചുരുണ്ടുകിടക്കുമായിരുന്നു. രണ്ടുപേരുടെയും പഠിത്തത്തെയും സങ്കടം ബാധിച്ചു കാര്യമായി. 

എല്ലാം പറഞ്ഞു തീർക്കാം എന്ന് കരുതി ഞാൻ സംസാരിക്കാൻ തുടങ്ങും മക്കളോട്. പറഞ്ഞു തുടങ്ങും മുമ്പേ കരച്ചിലാവുമെനിക്ക്. അത് കണ്ട അവർ ഭയപ്പാടിലും. ഒരു ദിവസം ബെന്നി പുറത്തെ ലോണിൽ ചെന്ന് നിന്ന് ആകാശത്തേക്ക് നോക്കിക്കൊണ്ട് പറയുന്നത് ഞാൻ കേട്ടു, " പപ്പാ.. പപ്പ ആകാശത്തുണ്ടോ എന്നെനിക്കറിയില്ല.. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..? അമ്മയാണെങ്കിൽ ഇപ്പോഴും സങ്കടം പിടിച്ച് ഞങ്ങളെ പ്രാന്താക്കുകയാണ്... " നിക്കിന്റെ ഒരു ജീൻസ് അലമാരയിൽ കണ്ട്, " പപ്പ ജീൻസ് കൊണ്ടുപോവാൻ മറന്നു..." എന്നും പറഞ്ഞ് ജോയൽ പേടിച്ചു കരഞ്ഞു. പപ്പയ്ക്ക് അവിടെ വേറെ പുതിയ ജീൻസ് കിട്ടും എന്നുപറഞ്ഞ് ഞാനവനെ ആശ്വസിപ്പിച്ചു. 

അവരുടെ സ്‌കൂളിലെ ടീച്ചർ സാലിയുടെ ഇടപെടൽ ഞങ്ങളെ ശരിക്കും സഹായിച്ചു അവരെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി.. ആഴ്ചയിലൊരിക്കൽ അവർ പിള്ളേരോട് അച്ഛന്റെ മരണത്തെക്കുറിച്ചും അസുഖത്തെക്കുറിച്ചും ഒക്കെ സംശയരൂപേണ സംസാരിക്കുമായിരുന്നു. അന്നു ബെന്നി, "കാൻസറിനോട് എനിക്ക് വെറുപ്പാണ്.. ദേഷ്യമാണ്.. എന്റെ കണ്മുന്നിൽ വന്നാൽ ഞാൻ അടിച്ച് എല്ലൊടിക്കും.." എന്നവരോടു പറഞ്ഞത്രേ.. " കാൻസർ വലിയൊരു അസുഖമാണ്.. വളരെ.. വളരെ വലിയ ഒരസുഖം.. അതിനെ തോൽപ്പിക്കാൻ ഒരുപാട് ഡോക്ടർമാർ വേണം. പപ്പയ്ക്ക് ആകെ അഞ്ച് ഡോക്ടർമാർ മാത്രേ ഉണ്ടായിരുന്നുള്ളൂ.. ഒരു 50 ഡോക്ടർമാർ ഉണ്ടായിരുന്നേൽ പപ്പാ രക്ഷപ്പെട്ടേനേം.." എന്ന് ജോയലും.

അവന്റെ ജീവിതത്തിലെ ആ നശിച്ച ദിവസത്തെപ്പറ്റി പിന്നീടെപ്പോഴോ ജോയൽ ഓര്‍മ്മിച്ചിരുന്നു, " ഞാൻ അന്ന് എണീക്കാൻ വൈകി.. പപ്പയെ കൊറേ വട്ടം വിളിച്ചു. പപ്പ എവിടെപ്പോയി എന്ന് ചോദിച്ചിട്ട് ആരും ഒന്നും പറഞ്ഞില്ല. ഞാൻ കരുതി പപ്പ ഷോപ്പിംഗിനു പോയതാവും എന്ന്. ഇടക്ക് ഞാൻ പപ്പ എന്നെ ബെന്നീ എന്ന് വിളിക്കുന്നത് കേൾക്കാറുണ്ട്. പപ്പ ഹാപ്പിയാണെന്നും പറഞ്ഞപോലെ... അങ്ങ് മേലെ സുഖമാണെന്നാവും പറഞ്ഞത്." 

പിള്ളേരെ അവരുടെ സങ്കടങ്ങൾ ഉള്ളിലേക്കെടുക്കാൻ അനുവദിക്കേണ്ടത് ഇങ്ങനെ അവർക്ക് 'കംഫർട്ടബിൾ' ആയ സാഹചര്യങ്ങളിൽ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ വിട്ടുകൊണ്ടാവണം എന്ന് തന്നെ ഞാൻ കരുതുന്നു. ഇതൊക്കെ അതാത് കാലങ്ങളിൽ അവർ ചർച്ച ചെയ്യാതെയും മനസ്സിലാക്കാതെയും പോയാൽ പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ചിലപ്പോൾ ഉള്ളിൽ കിടക്കും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷിക്കപ്പെടുന്ന പല കുട്ടികൾക്കും കാണും ഇതുപോലെ കലുഷിതമായ ബാല്യങ്ങൾ.

എന്റെ കുട്ടികൾക്ക് ഞാൻ വിശദമായ കൗൺസിലിങ്ങ് നൽകിയിരുന്നു. ആദ്യമായി കൗൺസിലിംഗിന് പോയപ്പോൾ അവരോട് പപ്പയുടെ മരണത്തെപ്പറ്റി സംസാരിക്കാൻ പറഞ്ഞു. പിന്നെ അവർ ഒന്നിച്ചിരുന്ന് പപ്പയ്ക്ക് കത്തെഴുതി. "പപ്പാ.. പപ്പയ്ക്കവിടെ സുഖമല്ലേ..? ഞങ്ങൾക്ക് പപ്പയെ വല്യ ഇഷ്ടമാണ്.. അവിടെ നേരം പോവുന്നുണ്ടെന്ന് ഞങ്ങൾ കരുതുന്നു..." ഞങ്ങൾ മൂന്നുപേരും ഒന്നിച്ചു നിന്ന് ആ നഷ്ടത്തെ അതിജീവിച്ചു. ഞങ്ങളുടെ ജീവിതത്തിൽ തുടർന്ന് വന്ന എല്ലാ ആഘോഷങ്ങളിലും അവരുടെ അച്ഛന്റെ കണക്കിന് ഒരു ഇടം ഞങ്ങൾ ഒഴിച്ചിട്ടു. അധികം താമസിയാതെ ഇതുപോലെ അച്ഛൻ നഷ്ടപ്പെട്ട ചില കുടുംബങ്ങളുമായി ഞങ്ങൾക്ക് പരിചയപ്പെടാനുള്ള അവസരങ്ങളുണ്ടായി. അവിടെ നിന്നുള്ള കഥകളും എന്റെ മക്കൾ കേട്ടു. അവർ അവരുടെ കഥകൾ അങ്ങോട്ടു പറഞ്ഞു. 

നഷ്ടങ്ങളെ അതിജീവിക്കാനൊക്കെ നമ്മുടെ മക്കൾക്ക് പറ്റും. അവർക്ക് വേണ്ടത് അവരെപ്പോലെ നഷ്ടപ്പെട്ടതിന്റെ നേർസാക്ഷ്യങ്ങളായ സമാനമായ ചില അനുഭവകഥകൾ മാത്രമാണ്. അതിനോട് സാമ്യപ്പെടുത്തി അവർ സ്വന്തം അതിജീവന കഥ മെനെഞ്ഞെടുത്തോളും.. അവിടെ നിന്നും അവർ തെറ്റുകൾ കണ്ടെത്തും.. അതിനെയൊക്കെ സ്വന്തം ജീവിതത്തിൽ തിരുത്തി കാണിച്ചുകൊടുത്തോളും.. 

എന്റെ മക്കൾ ധീരന്മാരാണ്. പുതിയൊരു സ്‌കൂളിൽ പോയി അവനവനെ പരിചയപ്പെടുത്തുമ്പോൾ അവർ സധൈര്യം പറയും അവരെ വിട്ടുപോയ അവരുടെ സ്നേഹവാനായ അച്ഛനെപ്പറ്റി. മറ്റുള്ള കുട്ടികളുടെ അച്ഛന്മാർ ഫുട്ബാൾ ക്യാമ്പുകളിൽ അവരെ വിടാൻ ചെല്ലുമ്പോൾ അവർ എന്നോട് പരാതിപ്പെടില്ല. അവർക്കറിയാം അവരുടെ അച്ഛന് അവരെ കൊണ്ടുവരാൻ വേണ്ടി വരാനാകില്ലെന്ന്. "ചെറുപ്പത്തിലേ അച്ഛനില്ലാതായ" കുഞ്ഞുങ്ങൾ എന്ന ലേബലും പേറിക്കൊണ്ടാണ് എന്റെ മക്കൾ വളർന്നു വന്നത്. അത് അവരെ ആജീവനാന്തം പിന്തുടരും. പക്ഷേ, അതിനെ മറികടക്കാനാവാത്തൊരു ദുരന്തമായൊന്നും എന്റെ മക്കൾ കാണില്ല. അവർക്കറിയാം അവരെപ്പോലെ അച്ഛനില്ലാത്ത ഒരായിരം കുഞ്ഞുങ്ങളുണ്ട് ഇന്നാട്ടിലെന്ന്. അത് അവരുടെയോ അവരുടെ അമ്മയുടെയോ കുറ്റമല്ലെന്ന്.. അച്ഛനില്ലാതെ വളർന്ന ചില കുഞ്ഞുങ്ങൾ അവരുടെ ജീവിതത്തിൽ സാധാരണ കുഞ്ഞുങ്ങളെക്കാൾ വലിയ നിലകളിലെത്തിയിട്ടുണ്ട്. എന്റെ മക്കളും അതുപോലൊക്കെ ആവുമോ..? ആവോ.. അറിയില്ല.. ആയാൽ ഏറ്റവുമധികം സന്തോഷിക്കുക അവരുടെ അച്ഛൻ തന്നെയാവും.. ഉറപ്പ്..!