ആ സ്ത്രീ ആകെ ഭയന്നിരുന്നു ഞാനാണ് ആ അവസ്ഥയിലെങ്കിലോ എന്നേ ആലോചിച്ചുള്ളൂ
സ്നേഹത്തോടെയുള്ള ഒരു ചിരി, ഒരു കുഞ്ഞുസഹായം ഇങ്ങനെ പലതും മതിയാകും ലോകത്തിലുള്ള പ്രതീക്ഷ നിലനിര്‍ത്താന്‍. ചിലപ്പോള്‍ എന്നത്തേക്കുമായി അത് ചിലരെ സുഹൃത്തുക്കളുമാക്കും.
അതുപോലൊരു സൗഹൃദത്തിന്‍റെ കഥയാണ് ഹ്യുമന്‍സ് ഓഫ് ബോംബെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതാണ് പോസ്റ്റ്:
' ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ടിക്കറ്റ് പരിശോധനക്ക് ആള് വന്നു. അടുത്തിരുന്ന സ്ത്രീയുടെ കയ്യില്‍ ടിക്കറ്റില്ല. പിഴയടക്കാനുള്ള പണവുമില്ല. കണ്ടക്ടര്‍ അവരോട് അടുത്ത സ്റ്റേഷനിലിറങ്ങണമെന്ന് ഉറപ്പിച്ചു പറഞ്ഞു. ആ സ്ത്രീയാണെങ്കില്‍ ആകെ ഭയന്നിരിക്കുന്നു. അവരുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിച്ചു. ആരെങ്കിലും ഒന്നെന്നെ സഹായിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചേനെ എന്നു തോന്നി. അങ്ങനെ, ഞാനവര്‍ക്ക് ടിക്കറ്റിനുള്ള പണം നല്‍കി. ഇത് ഞാനെങ്ങനെ തിരികെ തരുമെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അത് മറന്നേക്കൂവെന്ന് ഞാന്‍ മറുപടിയും പറഞ്ഞു.
കുറേ ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഞാന്‍ ഷോപ്പിങ് നടത്തിക്കൊണ്ടിരിക്കുന്പോള്‍ ഒരാള്‍ വന്ന് അവരെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു. ഓര്‍ത്തുവന്നപ്പോള്‍, അന്ന് ട്രെയിനിലുണ്ടായിരുന്ന അതേ സ്ത്രീയാണ്. അവരെനിക്ക് ആ പണം തിരികെ തരാന്‍ തുനിഞ്ഞു. പിന്നീട്, ഞങ്ങളൊരുമിച്ചൊരു കോഫി കുടിച്ചു. ആ സൗഹൃദം വളര്‍ന്നു. ഞങ്ങളിപ്പോള്‍ നല്ല സുഹൃത്തുക്കളാണ്.
മറ്റൊരാളുടെ സ്ഥാനത്ത് നമ്മള്‍ നമ്മളെത്തന്നെ നിര്‍ത്തിനോക്കുക. ലോകത്തില്‍ നിന്നും നമ്മളെന്താണോ ആഗ്രഹിക്കുന്നത്, അത് ലോകത്തിനു നല്‍കുക. അപ്പോള്‍, ജീവിതം നിങ്ങളെ അദ്ഭുതപ്പെടുത്തും.' - എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിച്ചിരിക്കുന്നത്.
