ഞാനെന്തുകൊണ്ടാണ് അവളെ വിവാഹം കഴിപ്പിച്ചയക്കാത്തത് എന്ന് പലരും ചോദിച്ചു. പക്ഷെ, ഞാന്‍ പണം സൂക്ഷിച്ചു വയ്ക്കുന്നത് അവള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ്, അല്ലാതെ അവളെ വിവാഹം ചെയ്തയക്കാനല്ല. 

മുംബൈ: പെണ്‍മക്കളെ പഠിപ്പിക്കുന്നതിനേക്കാള്‍ രക്ഷിതാക്കള്‍ പണം ചെലവഴിക്കുന്നത് അവരെ വിവാഹം കഴിച്ചയക്കാനാണ്. അവര്‍ക്കൊരു നല്ല ജോലി കിട്ടുന്നതുവരെ കാത്തിരിക്കാനും മിക്കവരും തയ്യാറാവാറില്ല. പകരം, സ്വര്‍ണവും സ്ത്രീധനവും നല്‍കി അവരെ വിവാഹം കഴിപ്പിച്ചയക്കും. എന്നാല്‍, ടാക്സി ഡ്രൈവറായ ഈ അച്ഛന്‍ പറയുന്നത് താന്‍ ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും തന്‍റെ മകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കാനാണ് എന്നാണ്. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്കിലാണ് ഈ അച്ഛന്‍റെ കഥ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്: കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഞാനീ ടാക്സി ഓടിക്കുകയാണ്. കുറച്ചുപണം സമ്പാദിക്കുന്നതിനായി ഞാന്‍ കഠിനാധ്വാനം ചെയ്തു. എന്‍റെ മകള്‍ക്ക് ബി.എഡിന് ചേരാനായിരുന്നു ആഗ്രഹം. ഞാനെന്തുകൊണ്ടാണ് അവളെ വിവാഹം കഴിപ്പിച്ചയക്കാത്തത് എന്ന് പലരും ചോദിച്ചു. പക്ഷെ, ഞാന്‍ പണം സൂക്ഷിച്ചു വയ്ക്കുന്നത് അവള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ്, അല്ലാതെ അവളെ വിവാഹം ചെയ്തയക്കാനല്ല. ആദ്യം അവള്‍ അവളുടെ സ്വന്തം കാലില്‍ നില്‍ക്കട്ടെ. അതുകഴിഞ്ഞ് വിവാഹത്തെ കുറിച്ച് ചിന്തിക്കാം.