മുംബൈ: വ്യത്യസ്തമായ വ്യക്തികളെയും ജീവിതവും പരിചയപ്പെടുത്തുന്ന ഫേസ്ബുക്ക് പേജാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ'. എല്ലാവര്‍ക്കും പ്രചോദനമാവുന്ന നിരവധി അനുഭവങ്ങള്‍ പേജില്‍ പങ്കുവെക്കാറുണ്ട്. ഇതും അത്തരത്തില്‍ ഒരു പെണ്‍കുട്ടി തന്‍റെ പാഷനെ കുറിച്ച് പറയുന്ന പോസ്റ്റാണ്. ഫുട്ബോള്‍ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും പക്ഷ, പരിശീലനത്തിനയക്കാന്‍ വീട്ടുകാരുടെ കയ്യില്‍ പണമില്ലായിരുന്നുവെന്നും പോസ്റ്റിലുണ്ട്. പക്ഷെ, കഠിനാധ്വാനത്തിലൂടെ അവള്‍ മഹാരാഷ്ട്രാ ടീമില്‍ വരെ എത്തിക്കഴിഞ്ഞു. നാഷണല്‍ ടീമില്‍ കയറണമെന്നാണ് തന്‍റെ ആഗ്രഹമെന്നും പെണ്‍കുട്ടികള്‍ക്ക് ഇതൊന്നും കഴിയില്ലെന്ന് പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കണമെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: ഞാനൊരു ഇടത്തരം കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. എനിക്കെപ്പോഴും സ്പോര്‍ട്സ് ഇഷ്ടമായിരുന്നു. സ്കൂളില്‍ നമുക്കൊരിക്കലും ഒരു ടീമുണ്ടായിരുന്നില്ല. പക്ഷെ, ഞങ്ങളുടെ കോളനിയില്‍ എപ്പോഴൊക്കെ സ്പോര്‍ട്സ് ഉണ്ടായിരുന്നോ അപ്പോഴൊക്കെ ഞാന്‍ പങ്കെടുക്കുമായിരുന്നു. എനിക്ക് എങ്ങനെയാണ് ഫുട്ബോള്‍ കളിക്കുന്നതെന്ന് പഠിക്കാനിഷ്ടമുണ്ടായിരുന്നു. ഞാനും അച്ഛനും ഒരുമിച്ചിരുന്ന് ഫുട്ബോള്‍ മാച്ച് കാണുമായിരുന്നു. എനിക്ക് പ്രൊഫഷണലായി ഫുട്ബോള്‍ കളിക്കാന്‍ പഠിക്കണം എന്നുണ്ടായിരുന്നു. പക്ഷെ, എന്‍റെ വീട്ടുകാര്‍ക്ക് എന്നെ കോച്ചിങ്ങിനയക്കാനുള്ള പണമുണ്ടായിരുന്നില്ല. 

എപ്പോഴും ചുറ്റിനും ഞാന്‍ എന്നെ പരിശീലിപ്പിക്കാനൊരു വിമന്‍ ടീമിനെ തിരഞ്ഞിരുന്നു. പരിശീലിപ്പിക്കുന്നൊരു ടീമുണ്ടായിരുന്നത് വളരെ ദൂരത്താണ്. എന്‍റെ അമ്മ എന്നോട് ചോദിക്കുമായിരുന്നു, എങ്ങനെയാണ് നീ ദിവസവും അത്രയും ദൂരം പോവുക എന്ന്. ഞാനമ്മയോട് പറഞ്ഞു, ബസിന് പോയ്ക്കൊള്ളാം, അല്ലെങ്കില്‍ ട്രെയിനിന് അങ്ങനെ എങ്ങനെയെങ്കിലും പോവാം. എനിക്ക് പരിശീലനം നേടാന്‍ ആത്രയും ആഗ്രഹമായിരുന്നു. ഞാന്‍ രാവിലെ 5.30ന് എഴുന്നേല്‍ക്കും. റെഡിയാകും. രണ്ട് ട്രെയിനുകള്‍ മാറിക്കയറും സ്കൂള്‍ ബാഗുമായി പരിശീലനത്തിന് പോകും. എനിക്ക് അവിടെ എത്തിയാല്‍ മതിയായിരുന്നു. അതായിരുന്നു എന്‍റെ സന്തോഷം. 

വിഖ്റോളിയിലെ ടീമിനു വേണ്ടി കളിക്കുമ്പോഴും ഞാന്‍ എന്‍റെ സ്വപ്ന ടീമായ മുംബൈ യുണൈറ്റഡിനു വേണ്ടി കളിക്കുന്നത് സ്വപ്നം കണ്ടു. ഞാനെത്ര പാഷനേറ്റ് ആണ് എന്ന് മനസിലായപ്പോള്‍ എന്നെ അവര്‍ അവരുടെ ടീമിലേക്ക് എടുത്തു. എന്‍റെ ദിവസങ്ങള്‍ തിരക്കുള്ളതായിത്തീര്‍ന്നു. എഴുന്നേല്‍ക്കുന്നു, പ്രാക്ടീസിന് പോകുന്നു, കോളേജില്‍ പോകുന്നു, വീണ്ടും പ്രാക്ടീസിന് പോകുന്നു. ഫുട്ബോളിനോട് കുറച്ചുകൂടി അടുത്തപ്പോള്‍, ഞാന്‍ കോളേജ് സ്കിപ്പ് ചെയ്യാന്‍ തുടങ്ങി. ഒരിക്കല്‍ ഞാന്‍ തോറ്റുപോയി. സമയത്തിന് പ്രൊജക്ട് സമര്‍പ്പിക്കാന്‍ കഴിയാത്തതായിരുന്നു കാരണം. എന്‍റെ മാതാപിതാക്കള്‍ നിരാശരായി, ഞാനും. പഠനവും പ്രാക്ടീസും ബാലന്‍സ് ചെയ്യുന്നതിനായും ഞാനൊരു വഴി കണ്ടുപിടിച്ചു. പകല്‍ മുഴുവന്‍ പ്രാക്ടീസ് ചെയ്യുകയും, രാത്രി പഠിക്കുകയും ചെയ്തു. അങ്ങനെ ബിരുദം കിട്ടി. ഒരു പി.ആര്‍ ഏജന്‍സിയില്‍ ജോലിയും കിട്ടി. അപ്പോഴും ഞാനെന്‍റെ പ്രാക്ടീസ് നിര്‍ത്തിയില്ല. 5.30 ന് എഴുന്നേറ്റ് ഞാന്‍ പ്രാക്ടീസിന് പോകും. ദിവസം മുഴുവന്‍ ജോലി ചെയ്ത് വൈകുന്നേരവും ഞാന്‍ പ്രാക്ടീസിന് പോകും. 

ജീവിതത്തില്‍ ഞാനെപ്പോഴും കേട്ടത്, പെണ്‍കുട്ടികള്‍ക്ക് സ്പോര്‍ട്സ് പറ്റില്ല എന്നാണ്. പെണ്‍കുട്ടികള്‍ക്ക് ഗോള്‍ കീപ്പറാകാന്‍ കഴിയില്ലയെന്നും. ഇന്ത്യയില്‍ ഒരു വനിതാ കായികതാരത്തിന് ഭാവിയുണ്ടാകില്ല എന്നും എന്നോട് എല്ലാവരും പറയാറുണ്ട്. അവര്‍ക്ക് ഒരു മറുപടി നല്‍കണം. അതിലേക്കായുള്ള ആദ്യത്തെ പടി ഞാന്‍ ചവിട്ടിക്കഴിഞ്ഞു. മഹാരാഷ്ട്രാ ടീമില്‍ ഗോള്‍കീപ്പറായി ചേര്‍ന്ന് കഴിഞ്ഞു. നാഷണല്‍ ടീമില്‍ ചേര്‍ന്ന് ഇന്ത്യന്‍ പതാക ഉയരത്തിലെത്തിക്കുന്നതിനായാണ് ഞാന്‍ കാത്തിരിക്കുന്നത്.