യുഎസിലെ മിനസോട്ടയിലെ വീട്ടിൽ സീൽകോട്ടിംഗ് ചെയ്യാനെത്തിയ യു എസുകാരായ നി‌‌‌ർമാണത്തൊഴിലാളികൾക്ക് ഇന്ത്യക്കാരിയായ ഒരു സ്ത്രീ ഉഴുന്നു വടയും തേങ്ങാ ചട്ണിയും നൽകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.

വാഷിങ്ടൺ: അതിഥി ദേവോ ഭവ എന്ന സംസ്കാരം പിന്തുടരുന്നവരാണ് നമ്മൾ ഇന്ത്യക്കാ‍‌ർ. വീട്ടിൽ മറ്റെന്തെങ്കിലും ജോലിക്കായി വരുന്ന തൊഴിലാളികൾക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കുന്നത് കേരളത്തിലും പുതിയ കാര്യമല്ല. എന്നാൽ ഇത്തരത്തിൽ വീട്ടിലെത്തിയ നി‌‍ർമാണത്തൊഴിലാളികളായ അതിഥികൾക്ക് ഉഴുന്നുവട നൽകി സ്വീകരിച്ച വീട്ടമ്മയാണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലെ താരം.

യുഎസിലെ മിനസോട്ടയിലെ വീട്ടിൽ സീൽകോട്ടിംഗ് ചെയ്യാനെത്തിയ യു എസുകാരായ നി‌‌‌ർമാണത്തൊഴിലാളികൾക്ക് ഇന്ത്യക്കാരിയായ ഒരു സ്ത്രീ ഉഴുന്നു വടയും തേങ്ങാ ചട്ണിയും നൽകുന്ന വീഡിയോ വൈറലാണ്.

മെയ് 26 ന് ഷെയ‌‍‌ർ ചെയ്ത വീഡിയോ നിലവിൽ 13.3 മില്യൺ ആളുകളാണ് കണ്ടിട്ടുള്ളത്. അമേരിക്കൻ സീൽകോട്ടിംഗ് കമ്പനിയിലെ തൊഴിലാളികൾ ജോലിക്കിടയിലാണ് ആദ്യമായി ഇന്ത്യയുടെ ഉഴുന്നു വട കഴിക്കുന്നത്. കമ്പനി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടിൽ തന്നെ ഉണ്ടാക്കിയ ഉഴുന്നു വട കഴിച്ച യുവാക്കൾ സ്നേഹത്തോടെ നന്ദി പറയുന്നതും വീഡിയോയിൽ കാണാം. രണ്ട് ഡിസ്‌പോസിബിൾ പ്ലേറ്റുകളിലായി നൽകുന്ന വടയും ചട്ണിയും കഴിച്ച് ഫയ‍‌ർ എന്ന് അനുമോദിക്കുന്നതും കാണാം. എന്താണിതെന്ന് ചോദിച്ചപ്പോൾ ഡോനട്ട് പോലെ ഒരു പലഹാരമാണെന്നും എന്നാൽ മധുരമല്ലെന്നും വീട്ടമ്മ പറയുന്നുണ്ട്. നൽകിയ വട മുഴുവൻ കഴിച്ചു തീ‍‌ർക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

വീഡിയോയുടെ താഴെ വീട്ടമ്മയെയും ഇന്ത്യൻ സംസ്കാരത്തെയും അനുമോദിക്കുന്ന കമന്റുകൾ കൊണ്ടും നിറയുകയാണ്. അതിഥി ദേവോ ഭവ (അതിഥി ദൈവത്തിന് തുല്യമാണ്),ഇത് ഇന്ത്യയുടെ മനോഹരമായ സംസ്കാരമാണ്, ഇന്ത്യയിൽ ഇത് വളരെ സാധാരണമാണെന്നുമൊക്കെ കമന്റുകളുണ്ട്.