ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് പ്ലാസ്റ്റിക്ക് മലിനീകരണം. ഇങ്ങനെ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിനെ പ്രതിരോധിക്കാനായി ആളുകൾ പതുക്കെ പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറുകയാണ് ഇന്ന്. കർണാടകയിലെ ഒരു ജ്യൂസ് ഷോപ്പ് അത്തരമോരു വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയാണ്.    

ബെംഗളൂരുവിലെ മല്ലേശ്വരത്തെ 'ഈറ്റ് രാജ' ഒരു തിരക്കേറിയ ജ്യൂസ് കടയാണ്. സ്വാദേറിയ ജ്യൂസ് ലഭിക്കുന്ന ആ കടയിൽ ആളുകൾക്ക് ജ്യൂസ് നൽകുന്നത് പ്ലാസ്റ്റിക് ഗ്ലാസുകളിൽ അല്ല. പകരം പഴങ്ങളുടെ തോടുകളിലാണ്. "സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയുമാണ് ഞങ്ങൾ ഇതിനെ കുറിച്ച് അറിയാൻ തുടങ്ങിയത്. ഈ പുതിയ സംരംഭം വളരെ പെട്ടെന്ന് തന്നെ ജനങ്ങൾ ഏറ്റെടുത്തു. ഒരിക്കൽ ഉപയോഗിച്ച തോടുകൾ ചുമ്മാ വലിച്ചെറിയാതെ അവർ കന്നുകാലികൾക്ക് ഭക്ഷണമായി നൽകുകയും ചെയ്യുന്നു" അവിടെ സ്ഥിരമായി പോകുന്ന ആളുകൾ പറഞ്ഞു. 

നിരവധി വ്ളോഗുകളിലും, ബ്ലോഗുകളിലും ബെംഗളൂരുവിലെ ഒരേയൊരു സീറോ-വേസ്റ്റ് ജ്യൂസ് ഷോപ്പിനെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. കടയെ കുറിച്ചും, അതിൻ്റെ നൂതന പ്ലാസ്റ്റിക് രഹിത ബിസിനസ്സ്  രീതിയെകുറിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. “ജ്യൂസ് ഷോപ്പ് എന്ന ആശയം പൂർണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ദപരമാണ്. മാലിന്യങ്ങൾ ഇല്ലാതാക്കാനും, പ്ലാസ്റ്റിക് ഉപയോഗം തടയാനും ഇത് നല്ലൊരു മാർഗ്ഗമാണ്” ഷോപ്പ് ഉടമ രാജ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിലും ഈ കട പിന്നോട്ടല്ല. ഫ്രൂട്ട് ഷെല്ലിൽ ജ്യൂസ് വിൽക്കുന്നതിനുപുറമെ, പുകവലി ഉപേക്ഷിക്കാനും പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യ ജ്യൂസും ഈ ഷോപ്പ് വാഗ്ദാനം ചെയ്യുന്നു.

"പല സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് ജ്യൂസ് കുടിക്കാനായി ഇവിടെ വരുന്നത്" രാജ പറഞ്ഞു. ഇവിടത്തെ മറ്റൊരു പ്രത്യേകത എല്ലാ ദിവസവും കട തുറന്നിരിയ്ക്കും എന്നതാണ്. പ്ലാസ്റ്റിക് ഉപയോഗം തടയാൻ സ്വന്തമായി സ്റ്റീൽ കപ്പുകൾ കൊണ്ടുവരുന്ന ആളുകൾക്ക് 20 രൂപയ്ക്ക് ജ്യൂസും ഇവിടെ നൽകപ്പെടും. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിന് ഒരു വലിയ പ്രോത്സാഹനമായിത്തീരുകയാണ് ഈ കട.