
എന്തുകൊണ്ട് സാക്കിര്‍ നായിക്ക്
ഐസിസ് എന്നല്ല ഒരു തീവ്രവാദി സംഘടനയേയും, യുദ്ധത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും കൊല്ലുന്ന, സര്‍ക്കാരിനെതിരേ പോരാടുന്ന ഒരു സംഘടനയേയും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും സംഘടനകളും അനുകൂലിക്കില്ല, അതറിയാം. പക്ഷേ ഇതുമായി ബന്ധപ്പെട്ടു വിവാദത്തിലായ ഡോ. സാക്കിര്‍ നായിക്കിനെ പോലെയുള്ള ഒരു മതപ്രഭാഷകനെ മുസ്ലീം ലീഗ് എന്തിന് ഇപ്പോള്‍ പിന്തുണയ്ക്കുന്നു?
സാക്കിര്‍ നായിക്കിനെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. കാരണം, സാക്കിര്‍ നായിക് എന്നത് ഒരു സുപ്രഭാതത്തില്‍ വന്ന ആളൊന്നുമല്ല. '91 മുതല്‍ അദ്ദേഹത്തിന്റെ 'ഇസ്‌ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍' ബോംബേയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ധാരാളം പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. ലോകത്തിന്റെ പല ഭാഗത്തും, പല ഭാഷകളിലായിട്ട് പ്രസംഗിച്ചിട്ടുണ്ട്. ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പുസ്തകങ്ങള്‍ ധാരാളം മലയാളത്തിലേയ്ക്ക് വന്നിട്ടുണ്ട്. അപ്പോള്‍ സാക്കിര്‍ നായിക്കിന് നിഗൂഢതകളില്ല. എല്ലാവര്‍ക്കും അറിയാം. പ്രസംഗങ്ങള്‍ പ്രിന്റ് മീഡിയയിലുണ്ട്, ഇലക്ട്രോണിക് മീഡിയയിലുണ്ട്, ഒക്കെ രാജ്യത്തു ധാരാളമായി പ്രചരിച്ചിട്ടുള്ള കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു പ്രസംഗത്തിലോ ലേഖനത്തിലോ ഒരു വരിയെങ്കിലും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതായിട്ട് ഇന്നുവരെ ഒരാളും ആരോപിച്ചിട്ടില്ല.
എനിക്കതിനകത്ത് ഒരു സംശയമുള്ളത്, സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ പറയുന്നത്, നിരപരാധികളെ കൊല്ലാന്‍ ഇസ്ലാം പറഞ്ഞിട്ടില്ല. പാവപ്പെട്ടവരെ അടിച്ചമര്‍ത്തുന്നവര്‍ക്കേതിരെ ശബ്ദിക്കാനാണ് പറഞ്ഞിട്ടുള്ളത്. നിരപരാധികളെ കൊല്ലാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല എന്നു പറയുമ്പോള്‍, അപരാധികളെ കൊല്ലാം എന്ന ഒരു മറുയുക്തി അതിനകത്തുണ്ട്.
അതിനൊരു വിശദീകരണം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണല്ലോ. ആ വിഷയത്തില്‍ അദ്ദേഹം എഴുതിയ പുസ്തകമാണിത്. 2005ല്‍ പ്രസിദ്ധീകരിച്ച 'സ്റ്റോപ്പ് ടെററിസം' എന്ന പേരിലുള്ളൊരു പുസ്തകം. അതിന്റെ മലയാളവുമുണ്ട്. അതിലെ ഒരു വാചകം, കാരണം ഇതൊക്കെ അപ്പപ്പോള്‍ ദൂരീകരിച്ചു പോകേണ്ട കാര്യങ്ങളാണ്. 'ഈ വിശ്വാസവും ആദര്‍ശവും മുറുകേ പിടിക്കുന്ന ഒരു മുസ്ലീമിന് എങ്ങനെയാണ് തീവ്രവാദിയാകാന്‍ കഴിയുക?' അദ്ദേഹം ചോദിക്കുകയാണ്. 'ഇസ്ലാം എന്ന വാക്ക് ഉല്‍ഭവിച്ചത് സമാധാനം എന്നര്‍ത്ഥമുള്ള 'സലാം' എന്ന അറബി വാക്കില്‍ നിന്നാണ്. മനസ്സും ശരീരവും നാഥനു മുന്‍പില്‍ സമര്‍പ്പിക്കുക എന്നത്രേ മുസ്ലീം എന്ന അറബി വാക്കിന്റെ അര്‍ത്ഥം. അതായത്, ഇസ്ലാമെന്നാല്‍ സര്‍വ്വശക്തനു മുന്‍പില്‍ എല്ലാം സമര്‍പ്പിച്ച് സമാധാനമടയുക എന്നതാണ്. നിരപരാധികളെ കൊല ചെയ്യുന്ന ഒരു പ്രവൃത്തിയും ഇസ്ലാം അംഗീകരിക്കുന്നില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമായിരുന്നാലും ലണ്ടന്‍ സ്‌ഫോടനമായിരുന്നാലും മുംബൈ സ്‌ഫോടനപരമ്പരയായിരുന്നാലും ഇത്തരം നികൃഷ്ടമായ അക്രമങ്ങളെ നാം അപലപിച്ചേ തീരൂ. പതിനായിരക്കണക്കിന് മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ ഇറാഖിലേയും അഫ്ഘാനിസ്ഥാനിലേയും സൈനിക നടപടികളെയും ഗുജറാത്തിലും പാലസ്തീനിലും ലെബനനിലും കാപാലിക കഴുകന്മാര്‍ പിച്ചിച്ചീന്തിയ മനുഷ്യശരീരങ്ങളെയും ഒരു മത തത്വങ്ങള്‍ കൊണ്ടും ന്യായീകരിക്കാന്‍ സാധിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുസ്ലീമായിരുന്നാലും അമുസ്ലീമായിരുന്നാലും എതിര്‍ക്കപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണ്. എല്ലാ മതങ്ങളും നിരപരാധികളെ കൊല്ലുന്നത് എതിര്‍ക്കുന്നു. തീവ്രവാദം മതത്തിന്റെ കുത്തകയല്ല.'
പക്ഷേ, അതിനകത്തൊരു വാക്ക് വീണ്ടും ഞാന്‍ പിടിക്കുകയാണ്. ഈ നിരപരാധികളെ കൊല്ലുന്നത്...
അങ്ങനെയല്ല. അതില്‍ പറഞ്ഞല്ലോ, നിങ്ങള്‍ ഏത് മതത്തില്‍ പെട്ടയാളെയും, ഇപ്പോള്‍ ലണ്ടന്‍ സംഗതി ഒക്കെ പറഞ്ഞല്ലോ ഇദ്ദേഹം.
സാക്കിര്‍ നായിക്ക് എന്ന വ്യക്തിയെ മനസിലാക്കുമ്പോള്‍, എനിക്കു ആദ്യത്തെ സംശയം, ഈ നിരപരാധികളെ എന്ന് അദ്ദേഹം എടുത്തുപറയുമ്പോഴും അക്രമം പാടില്ല എന്നു പറയുമ്പോഴുമെല്ലാം അപ്പോള്‍ അപരാധികളെ ആകാമോ?
അങ്ങനെയല്ല. വേറൊരു വ്യാഖ്യാനമാണത്.
ശരി. ഉസാമ ബിന്‍ ലാദനെ അനുകൂലിക്കണോ എതിര്‍ക്കണോ എന്നു ചോദിക്കുമ്പോള്‍ അതിന്റെ മറുപടി, 'എനിക്കറിയില്ല ഉസാമ ബിന്‍ ലാദന്‍ എന്താണ് ചെയ്യുന്നതെന്ന്. ചിലര്‍ പറയുന്നു അദ്ദേഹം വലിയ കൊലപാതകിയാണെന്ന്. ചിലര്‍ പറയുന്നു നല്ലയാളാണെന്ന്. എന്തായാലും അമേരിക്ക പോലെയുള്ള ഒരു ലോക തീവ്രവാദിയെ, വേള്‍ഡ് ടെററിസ്റ്റിനെ എതിര്‍ക്കുകയാണ് ഉസാമ ബിന്‍ ലാദന്‍ ചെയ്യുന്നതെങ്കില്‍ അത് നല്ല കാര്യം'.
ഇങ്ങനെ ഉസാമ ബിന്‍ ലാദനെ കുറിച്ചു പറഞ്ഞത് ഞാന്‍ കേട്ടതാണ്.
ഉസാമ ബിന്‍ ലാദനെ അദ്ദേഹം ന്യായീകരിച്ചിട്ടില്ല. ഉസാമ ബിന്‍ ലാദന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് എനിക്കറിയില്ല എന്നദ്ദേഹം പറഞ്ഞാല്‍ ഉസാമ ബിന്‍ ലാദനെ ന്യായീകരിക്കുന്നു എന്നര്‍ത്ഥമില്ല.
അല്ല, വാക്കുകള്‍ ഇതാണ്, വെര്‍ബാറ്റിം ഇതാണ്. അമേരിക്ക പോലെ ഒരു ലോക തീവ്രവാദി ആണ് ഉസാമ ബിന്‍ ലാദന്റെ ലക്ഷ്യമെങ്കില്‍ ഞാന്‍ അതിനെ പിന്തുണയ്ക്കുന്നു.
അല്ല, അതല്ല. അങ്ങേര് പറഞ്ഞ വാക്ക് ജിമ്മി തന്നെ പറഞ്ഞു. അതിനെ പറ്റി എനിക്കറിയില്ല എന്നദ്ദേഹം പറഞ്ഞു.
ഓക്കെ, അങ്ങനെ പറഞ്ഞാണ് തുടങ്ങുന്നത്.
അതേ, അങ്ങനെ പറഞ്ഞു തുടങ്ങി. അതിനര്‍ത്ഥം അദ്ദേഹത്തിന് അതേ പറ്റി അറിയില്ലെന്നാണ്. അദ്ദേഹത്തെ ന്യായീകരിച്ചതൊന്നുമല്ല.
പക്ഷേ അമേരിക്കയെയാണ് എതിര്‍ക്കുന്നതെങ്കില്‍...
അതൊരു വ്യഖ്യാനമാണ്.
ഇങ്ങനെ ഒരു സമയത്ത്, ഈ രണ്ടു രീതിയിലും താങ്കള്‍ ഇപ്പോള്‍ ഇന്റര്‍പ്രറ്റ് ചെയ്ത പോലെയും ഞാന്‍ ഇപ്പോള്‍ വ്യാഖ്യാനിച്ച പോലെയും, അങ്ങനെയൊക്കെ നില്‍ക്കുന്ന ഒരു കക്ഷിയെ ലീഗ് പിന്തുണയ്‌ക്കേണ്ട കാര്യമുണ്ടോ? ലീഗ് ഒരു മത സംഘടനയല്ല, ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. സാക്കിര്‍ നായിക്ക് എന്നു പറയുന്നതു ഒരു മതപ്രഭാഷകനാണ്. എന്താണ് ലീഗിന് ഇതിനകത്ത് ബിസിനസ്സ്?
ലീഗ് എന്നു പറയുന്നത് അന്യായത്തിനെതിരായി പ്രതികരിക്കുന്ന ഒരു പാര്‍ട്ടിയാണ്. സാക്കിര്‍ നായിക്കിന്റെ പ്രശ്‌നമെന്നോ അല്ലാത്ത പ്രശ്‌നമെന്നോ ഇല്ല. ലീഗ് ഏതു കാലത്തും അനീതിയ്‌ക്കെതിരായി നിന്നിട്ടുണ്ട്. നിങ്ങള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്, നിരപരാധികളെ ജയിലിലടച്ചതിന് എതിരായി, UAPAയ്‌ക്കെതിരായി, ഒക്കെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി പ്രതികരിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗ് അനീതിയ്‌ക്കെതിരാണ്. ഇദ്ദേഹം ഇന്നസന്റായ ഒരു വ്യക്തി. ജീവിതം മുഴുവന്‍ ടെററിസം പോലെയുള്ള കാര്യങ്ങള്‍ക്കെതിരായി ശക്തമായി ലോകഭാഷകളില്‍ സംസാരിച്ചൊരു വ്യക്തി. എത്രയോ കാലം എത്രയോ പ്രഭാഷണങ്ങള്‍ ചെയ്ത ഒരു വ്യക്തി. ഇദ്ദേഹത്തെ വല വീശി പിടിച്ച് തീവ്രവാദിയാണെന്ന് മുദ്ര കുത്താന്‍ ശ്രമിക്കുന്ന സമയത്ത് ആ അനീതിയ്‌ക്കെതിരായി പ്രവര്‍ത്തിക്കേണ്ട, പ്രതികരിക്കേണ്ട ബാധ്യത, നീതിയുടെ പക്ഷത്ത് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയില്‍ മുസ്ലീം ലീഗിനുണ്ട്.

ബി.ജെ.പി ഭരണകൂടം ചെയ്യുന്നത്
ഈ സാക്കിര്‍ നായിക്കിനെ ലക്ഷ്യമിടുന്നത് എന്തിനാണ്? സാക്കിര്‍ നായിക്കിനെ തീവ്രവാദിയാക്കുകയും ഇപ്പോള്‍ ക്രൂശിക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ ആരാണ്, എന്താണ്?
വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതായത്, ഇവിടെ നിങ്ങള്‍ക്കെല്ലാം അറിയാം. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം അഭിപ്രായ സ്വാതന്ത്ര്യം, മതപരമായിട്ടുള്ള സംഗതികള്‍ അതിന്റെ കാര്യത്തിലൊക്കെ തന്നെ വളരെ തെറ്റായ ഒരു സമീപനമെടുക്കുന്നുണ്ട്. ഇദ്ദേഹം ഒരു മതപ്രഭാഷകനാണ്. മതപ്രഭാഷകന്‍ മാത്രമല്ല, അദ്ദേഹം പ്രസക്തമായ ഡിബേറ്റുകളില്‍ പങ്കെടുക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ഒരു സംഗതി എന്നു പറഞ്ഞാല്‍, അല്‍ഭുതകരമായ മെമ്മറി പവറാണ്. ഖുറാന്‍, ബൈബിള്‍, ഗീത എല്ലാത്തിനെ പറ്റിയും അദ്ദേഹത്തിന് കൃത്യമായി അറിയാം. അങ്ങനെയുള്ള ഒരു പ്രഭാഷകനെ നിശ്ശബ്ദനാക്കുക എന്നൊരു അജണ്ട ബിജെപിക്കുണ്ട്.
പിന്നെ, ബിജെപി എടുത്തു വരുന്ന ഒരു സമീപനമുണ്ട്, എന്താണെന്നറിയുമോ നിങ്ങള്‍ക്ക്? ഒരുപാട് നല്ല വ്യക്തികളെ ചീത്തയായിട്ട് മുദ്ര കുത്താനുള്ള ഒരു പൊളിറ്റിക്‌സ് അവരെടുക്കുന്നുണ്ട്. ഇന്ത്യയെ അവര്‍ കൊണ്ടുപോകുന്നത് ആ സ്വഭാവത്തിലേക്കാണ്. അങ്ങനെ, നിരപരാധിയായ ഒരാളെ വേട്ടയാടുന്ന സമയത്ത് മിണ്ടാതിരിക്കാന്‍ ഒക്കില്ല. കൃത്യമായൊരു നിലപാടാണ് ഞങ്ങള്‍ എടുത്തിട്ടുള്ളത്.
ഞാന്‍ ഇതിന്റെ വേറൊരു വശം പറയട്ടെ? ഇപ്പോള്‍, അമേരിക്ക, സാമ്രാജ്യത്വം മുതലായവ കേരളത്തില്‍ പണ്ട് മുതലേ നമ്മളെല്ലാം കേട്ടു വളര്‍ന്ന വാക്കുകളാണ്. കമ്യൂണിസ്റ്റുകാര്‍ ഈ സാമ്രാജ്യത്വത്തെ പറ്റി സംസാരിച്ചാല്‍ ചെഗുവേര എന്നു പറയുന്ന ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ നാട് ക്യൂബയോ മറ്റോ ആണ്. അദ്ദേഹം ബൊളീവിയയില്‍ പോകുന്നു, ചിലിയില്‍ പോകുന്നു, അങ്ങനെയൊക്കെ പോയി യുദ്ധം ചെയ്യുന്നു അത് വലിയ കാര്യമാണ്. പക്ഷേ, ഇസ്ലാമിസ്റ്റുകള്‍ സാമ്രാജ്യത്വത്തിനെതിരെ പറഞ്ഞാല്‍, സാക്കിര്‍ നായിക്കിന്റെ ഉദാഹരണം തന്നെയെടുക്കാം. സാക്കിര്‍ നായിക്ക് അമേരിക്കക്കെതിരേ പോരാടണം എന്നു പറഞ്ഞാല്‍ അദ്ദേഹം തീവ്രവാദിയാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ പറഞ്ഞാല്‍ അയാള്‍ തീവ്രവാദിയല്ല, കുഴപ്പക്കാരനല്ല. അതൊരു നല്ല കാര്യമാണ്. അപ്പോള്‍, ഇസ്ലാമില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക് ഇങ്ങനെ, എന്താ പറയുക, ഒട്ടും നീതിയുക്തമല്ലാത്ത രീതിയില്‍ വിധിക്കപ്പെടുന്ന ഒരു സ്ഥിതിയുണ്ടോ? ലോകത്തും രാജ്യത്തുമൊക്കെ?
ഈ ട്രേഡ് സെന്ററില്‍ നടന്ന ആക്രമണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്താണ്, സാമ്യജ്യത്വത്തെ എതിര്‍ക്കുന്നതോടു കൂടി തന്നെ അത്തരത്തിലുള്ള ടെററിസ്റ്റ് സ്വഭാവമുള്ള ആക്രമണങ്ങള്‍ അത് ലണ്ടനില്‍ ആയിരുന്നാലും ശരി മറ്റേത് ഭാഗത്തായിരുന്നാലും ശരി, അത്തരം പ്രവണതകളെ ശക്തിയായി അദ്ദേഹം എതിര്‍ത്തിട്ടുണ്ട്. അതേ സമയത്ത്, സൈദ്ധാന്തികമായി, സാമ്യജ്യത്വത്തെ എതിര്‍ക്കുന്ന സംഗതിയില്‍ അദ്ദേഹം മുന്‍പിലുണ്ട്. മറ്റ് പ്രസ്ഥാനങ്ങളുമുണ്ട്. അതിനെ ആ നിലയില്‍ തന്നെയാണ് കാണേണ്ടത്. അതിനെ വ്യത്യസ്ഥമായ നിലയില്‍ കാണേണ്ട കാര്യമില്ല.
ഡോ. സാക്കിര്‍ നായിക്കിന്റെ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിച്ചു വരികയാണ്. ലീഗുമായി നേരിട്ടു ബന്ധമുള്ള കക്ഷിയൊന്നുമല്ല. എങ്ങാനും സാക്കിര്‍ നായിക്കിന്റെ മറ്റെന്തെങ്കിലും ഒക്കെ കാര്യങ്ങള്‍ പുറത്തു വന്നാല്‍ ലീഗ് ഇപ്പോള്‍ സാക്കിര്‍ നായിക്കിനെ പരസ്യമായി പിന്തുണച്ചതിന് അവസാനം വലിയ വില കൊടുക്കേണ്ടി വരുമോ? തന്ത്രപരമായി എങ്കിലും അതൊരു പ്രശ്‌നമാകുമോ?
ഞങ്ങള്‍ സാക്കിര്‍ നായിക്കിനെ പിന്തുണച്ചത് ഇതുവരെ സാക്കിര്‍ നായിക്കിനെ പറ്റി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്. നാളെ സാക്കിര്‍ നായിക്ക് എന്തുചെയ്യുമെന്നോ അദ്ദേഹത്തെ പറ്റിയുള്ള കണ്ടെത്തല്‍, അതൊക്കെ വരട്ടെ. ഞങ്ങളാരും പറഞ്ഞിട്ടില്ലല്ലോ ഒരന്വേഷണവും നടത്തരുതെന്ന്.
മതപ്രചാരകനായ സാക്കിര്‍ നായിക്കിനെ പിന്തുണക്കുന്നു; അനീതിയാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ നടന്നിട്ടുള്ളത്. പക്ഷേ, ഈ വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി വളരെ തീവ്ര സ്വഭാവമുള്ള മത വിശ്വാസം പ്രചരിപ്പിക്കലും പഠിപ്പിക്കലും ആളെക്കൂട്ടലും നടക്കുന്നുണ്ട്. അതിന്റെ അവസാന ഫേസ് ആയിരിയ്ക്കും ഐസിസില്‍ പോയോ ഇല്ലയോ എന്താണെന്നറിഞ്ഞുകൂടാ അങ്ങനെ സംഭവിച്ചിരിക്കുന്നത്. ഉത്തരവാദിത്വമാര്‍ക്കാണ്? എന്താണ് സംഭവിക്കുന്നത്?
അതിലൊരു സംഗതി എന്നു പറയുന്നത്, ചെറുപ്പക്കാരായിട്ടുള്ള ആളുകളെ മിസ്‌ഗൈഡ് ചെയ്തിട്ട് കൊണ്ട് പോകുന്നൊരു പ്രവണതയുണ്ട്. അതിനെ ചെറുതായിട്ട് കാണേണ്ട കാര്യമല്ല. എതിര്‍ക്കപ്പെടേണ്ട ഒരു കാര്യമാണത്. കാരണം, ചെറുപ്പക്കാരില്‍ പല തരത്തിലുള്ള അസംതൃപ്തിയുണ്ട്, അവരവരുടേതായ ചില എക്‌സ്ട്രീം ചിന്താഗതികളുണ്ട്. ഇതിലേക്കൊക്കെ ചെറുപ്പക്കാരെ വല വീശി കൊണ്ടു പോകുന്ന ചില ശക്തികള്‍ ഉണ്ട്, ഇല്ലായെന്ന് പറയേണ്ട കാര്യമല്ല.

കേരള മുസ്‌ലിംകള്‍ക്കിടയില്‍ സംഭവിക്കുന്നത്
മാധ്യമപ്രവര്‍ത്തകനും ചിന്തകനുമായ ഒ. അബ്ദുള്ള കഴിഞ്ഞ ദിവസം ഒരഭിപ്രായം പറഞ്ഞു. പ്രകടനപരത വല്ലാതെ കൂടുകയാണ്. താടി നീട്ടി വളര്‍ത്തുക, കേരളത്തില്‍ ഇല്ലാതിരുന്ന നീണ്ട വസ്ത്രം ധരിക്കുക. സ്ത്രീകളാണെങ്കില്‍ അടി മുതല്‍ മുടി വരെ മൊത്തത്തില്‍ മൂടിയുള്ള വസ്ത്രം ധരിക്കുക. ഇനി വിശ്വാസത്തിന്റെ കാര്യത്തിലാണെങ്കില്‍ കിടപ്പറ ഒരു പ്രത്യേക രീതിയില്‍ അടച്ചു വയ്ക്കുകയോ തുറന്നു വയ്ക്കുകയോ ചെയ്താല്‍ ജിന്ന് വരികയോ വരാതിരിക്കുകയോ ചെയ്യും, അതിനുള്ള രീതികള്‍. ഇങ്ങനെയൊക്കെ വ്യാപകമായ കാര്യങ്ങള്‍ അവിടെ നടക്കുകയാണ്. വേറൊരാള്‍ പറഞ്ഞത് ഈ മുണ്ട് ഉടുക്കാന്‍ പോലും പറ്റുമോ കുറച്ചു നാള്‍ കഴിയുമ്പോള്‍ അത് ഇസ്ലാം വേഷമല്ല എന്നൊക്കെ പറഞ്ഞു കളയുമോ എന്നാണ്. അങ്ങനെയൊരു സംഭവം വളരെ വ്യാപകമായി കേരളത്തില്‍ നടക്കുന്നുണ്ട് എന്നത് സത്യമല്ലേ?
അത് രണ്ടും രണ്ടായിട്ട് വായിക്കേണ്ടതാണ്, ക്ലബ്ബ് ചെയ്യരുത്. വേഷവിധാനം അതിലെ പ്രകടനപരത, എക്‌സിബിഷനിസം എന്നു നമ്മള്‍ വിളിക്കുന്ന സംഗതി അതിപ്പോള്‍ തുണി കുറച്ചു പൊക്കി ഉടുക്കുന്നു അല്ലെങ്കില്‍ താടി നീട്ടുന്നു അല്ലെങ്കില്‍ നീണ്ട കുപ്പായം ധരിക്കുന്നു എന്നുള്ളതിനെ നിങ്ങള്‍ ഇതില്‍ മിക്‌സ് ചെയ്യരുത്. അത് വേറെ കാര്യമാണ്.
ഐഎസ്സിന്റെ കാര്യത്തില്‍ ഇപ്പോള്‍, മതം മാറി പോയ ഈസയുടെ ഭാര്യ, വീടിനകത്തു പോലും മുഖാവരണം മാറ്റാതെ ഭക്ഷണം കഴിക്കുന്നുവെന്ന് ഈസയുടെ അച്ഛന്‍ തന്നെ ഈയിടയ്ക്ക് പറയുന്നു. വസ്ത്രം എല്ലാവരുടെയും സ്വാതന്ത്ര്യമാണ്. പക്ഷേ, വല്ലാതെ ഒരു അറ്റത്തേക്ക് പോകുകയല്ലേ?
അതിലൊക്കെ വ്യക്തികളുടെ വൈകൃതങ്ങളുണ്ട്. ജീമ്മീ, നമ്മള്‍ കാണേണ്ടത് എന്താണെന്ന് വച്ചാല്‍, വ്യക്തികളുടെ വൈകൃതങ്ങള്‍ നമ്മള്‍ കൂട്ടി വായിച്ചിട്ട് കാര്യമില്ല.
വേറൊരു ഉദാഹരണം, ഇപ്പോള്‍ ആടു വളര്‍ത്തല്‍ ഇസ്ലാമില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. അതുകൊണ്ട് കുറച്ചാളുകള്‍ ആടിനെ വളര്‍ത്തുന്നു കോഴിക്കോട്. അത് പോര, മരുഭൂമിയില്‍ തന്നെ ആടിനെ വളര്‍ത്തണം എന്നാണല്ലോ പറയുന്നത്. അപ്പോള്‍ പിന്നെ നമുക്ക് പൊയ്ക്കളയാം മരുഭൂമിയിലേക്ക്. അങ്ങനെ പോകുന്ന ആളുകളുണ്ടെന്ന്, കഥയുണ്ട്. ചിലപ്പോള്‍ സത്യമായിരിക്കാം. പക്ഷേ അങ്ങനെ കേള്‍ക്കുന്നുണ്ട്.
അല്ലാ, അതൊക്കെ എന്നു പറഞ്ഞാല്‍ അവര്‍ അനുവര്‍ത്തിക്കുന്ന തൊഴിലിനെ പറ്റി അവരുടെ ഒരു കാഴ്ചപ്പാടായിരിക്കാം. പക്ഷേ, ഇത്തരം സംഗതികളില്‍, അവിടെ മാത്രമേ എനിക്കു നിങ്ങളോട് വിയോജിപ്പുള്ളൂ, മതപരമായ സ്വഭാവത്തിലേക്ക് പോകുന്നതില്‍ നിന്നുള്ള ഒരു പരിണാമമാണ് തീവ്രവാദം എന്നു പറയരുത്. അതിലര്‍ത്ഥമില്ല.

ഡിഫ്തീരിയ ഭീഷണി
മറ്റൊരുദാഹരണം പറയാം. മലപ്പുറത്ത് പതിനായിരക്കണക്കിന് കുട്ടികള്‍ ഡിഫ്തീരിയ രോഗബാധ ഭീഷണിയിലാണ്. കാരണം കുത്തിവയ്പ്പ് എടുത്തിട്ടില്ല. നമ്മള്‍ അത് ഇപ്പോഴാണ് അറിയുന്നത്. ഒരു തലമുറ അങ്ങനെ കഴിഞ്ഞു പോയി എന്നൊക്കെ പറയുന്നു. ഇതെല്ലാം നടക്കുന്നത് മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രത്തിലാണ്. അതിനും വിശദീകരണം വേണം.
അതിനെന്താ വിശദീകരണം? മെഡിക്കല്‍ ആയിട്ടുള്ള അതിന്റെ കാര്യങ്ങളെ പറ്റി എക്‌സ്‌പെര്‍ട്ടുകള്‍ ഡിസ്‌കസ്സ് ചെയ്തിട്ട് ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കേണ്ടതാണ്. എനിക്കു മനസിലാവുന്നില്ല, എന്താ പറയുക ഈ തീവ്ര ചിന്താഗതിയുമായി അതെങ്ങനെയാണ് കണക്റ്റ് ആയതെന്ന് ജിമ്മി കുറച്ചുകൂടി വിശദീകരിക്കുകയാണെകില്‍...
അല്ല, എനിക്കുമറിയില്ല എന്തു കൊണ്ടായിരിക്കാമെന്ന്.
അതാണ് ഞാനും പറയുന്നത്.
ഈ പറയുന്ന ഇങ്ങനത്തെ തീവ്ര ചിന്ത വരുന്ന സ്ഥലത്ത്, വസ്ത്രവിധാനത്തില്‍ കുറച്ചു കൂടെ പ്രകടനപരത വരുന്ന സ്ഥലത്ത് തന്നെയാണ് ഈ പറയുന്ന ഡിടിപി വാക്‌സിനേഷന് എതിരെയുള്ള പ്രതിരോധവും.
എനിക്കതിനെ കൂട്ടിച്ചേര്‍ത്തു വായിക്കുന്നത്...
പക്ഷേ കണക്കുകള്‍ അങ്ങനെയാണ് കേട്ടോ. മലപ്പുറത്താണ്...
ഇത് കൂട്ടിച്ചേര്‍ത്തു വായിക്കുന്നതില്‍ ഞാന്‍ വലിയ അര്‍ത്ഥം കാണുന്നില്ല. ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒക്കെ ഉയര്‍ന്നു വന്നൊരു ഡിസ്‌കഷനാണ്. അത് ക്ലാരിഫൈ ചെയ്യേണ്ട കാര്യമാണ്. ഇപ്പോള്‍ എക്‌സ്‌പെര്‍ട്ടുകള്‍ അതിനെ പറ്റി സംസാരിക്കുന്നുണ്ട്. അതല്ലാതെ, നമ്മള്‍ സംസാരിക്കുന്ന ടോപ്പിക്കുമായിട്ട് ലിങ്ക് ചെയ്യേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം.

കോമണ്‍ സിവില്‍ കോഡിന്റെ രാഷ്ട്രീയം
ബിജെപി സര്‍ക്കാര്‍ ഏറ്റവും അവസാനമായി കൊണ്ടു വന്ന ഒരു നീക്കം, സമുദായ സ്പര്‍ദ്ധ വേണമെങ്കില്‍ ആരോപിക്കാവുന്നത്, കോമണ്‍ സിവില്‍ കോഡ് ആണ്. എന്തുകൊണ്ട് കോമണ്‍ സിവില്‍ കോഡിനെ എതിര്‍ക്കുന്നു?
കോമണ്‍ സിവില്‍ കോഡ് എന്നു പറയുമ്പോള്‍, ശരീഅത്ത് നിയമം എന്നു പറയുന്നത്, it is a divine law. ദൈവത്തിന്‍േറതാണ്. ഖുര്‍ ആനിലൂടെ നിങ്ങള്‍ പോയി നോക്കിയാല്‍, എങ്ങനെയാണ് വിവാഹം, വിവാഹമോചനം എങ്ങനെയാണ്, വിവാഹമോചന വ്യവസ്ഥകള്‍ എന്താണ്, സ്വത്ത് എങ്ങനെയാണ് ഭാഗിക്കേണ്ടത്, എങ്ങനെയാണ് ഒസ്യത്ത് കൊടുക്കേണ്ടത്, പിന്തുടര്‍ച്ചാവകാശം അത് പോലെയുള്ള സംഗതികളെ പറ്റി കൃത്യമായി ചില മാനദണ്ഡങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് വച്ചു കൊണ്ടാണ് എത്രയോ കാലമായി ഇവിടെ പേഴ്‌സണല്‍ ലോ നിലനില്‍ക്കുന്നത്. പേഴ്‌സണല്‍ ലോ എന്നു പറഞ്ഞാല്‍ എല്ലാ കാര്യത്തിലും ഇല്ലല്ലോ, വിവാഹം പിന്നെ അത് സംബന്ധിച്ച കാര്യങ്ങള്‍, സ്വത്ത്, അതിന്റെ പിന്തുടര്‍ച്ചാവകാശം പോലെയുള്ള കാര്യങ്ങള്‍, ഇതില്‍ ഒതുങ്ങി നില്‍ക്കുന്നതാണത്. അതിവിടെ കൊല്ലങ്ങളോളമായിട്ട് പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. അതില്‍ ഒരു പ്രശ്‌നങ്ങളും ഇല്ല. നൂറ്റാണ്ടുകള്‍ ആയിട്ട് അതിവിടെയുണ്ട്. അപ്പോള്‍, അങ്ങനത്തെ ഒരു സംഗതിയില്‍ നമുക്ക് കോംപ്രമൈസ് ചെയ്യാന്‍ ഒക്കില്ല. കാരണം ദൈവികമായ ഒരു നിയമത്തെ നിങ്ങള്‍ക്ക് കോംപ്രമൈസ് ചെയ്യാന്‍ ഒക്കില്ല. അതുകൊണ്ട് തന്നെയാണ് അതിന്മേല്‍ ആരും തൊടാതെ ഈ കാലം വരെ പോയത്.
പക്ഷേ, ഈ ശരിഅത്ത് ലോയെ പല രാജ്യങ്ങളിലും പല തരത്തില്‍ വ്യാഖ്യാനിക്കുന്നതായുള്ള വാദങ്ങള്‍ വരുന്നുണ്ട്. ഉദാഹരണത്തിന്, തലാഖ്. പുരുഷന് ചെയ്യാവുന്ന ഒരു കാര്യം. അത് അങ്ങനെ പറ്റില്ല ചില രാജ്യങ്ങളില്‍. മറ്റൊന്നുള്ളത്, ഒന്നിലധികം വിവാഹങ്ങള്‍. അതെല്ലായിടത്തും അങ്ങനെ പറ്റില്ല. അവിടെത്തന്നെ വ്യാഖ്യാന കുഴപ്പങ്ങളുണ്ട്. പക്ഷേ, ഈ തലാഖിന്റെ കാര്യത്തില്‍ സ്ത്രീകള്‍ തന്നെ കേസ് കൊടുത്തിരിക്കുന്നു. കേരളത്തില്‍ തന്നെ മുസ്ലീം സ്ത്രീകളുടെ ഭാഗത്തു നിന്ന് അതിനു വേണ്ടി ഭീമ ഹര്‍ജ്ജി പോയിട്ടുണ്ട്. പുരുഷന് അങ്ങനെ ഒരവകാശം കൊടുക്കാന്‍ പാടില്ല, ഒന്നിലധികം വിവാഹം പാടില്ല, അതനുവദിക്കരുത്. ഇത്തരം കാര്യങ്ങളോടുള്ള നീതിപരമായ സമീപനം എന്താണ്?
ഇതൊക്കെ വലിയ വിഷയമാണ്...
അല്ല, വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്...
എന്തു കൊണ്ടാണ് ഇസ്ലാം ബഹുഭാര്യാത്വത്തെ അംഗീകരിക്കുന്നത് എന്നതൊക്കെ ഒരുപാട് സംഗതികളുമായി ബന്ധപ്പെട്ട് പറയേണ്ട കാര്യമാണ്. ഇസ്ലാം ഒരു പ്രകൃതി മതമാണ്. ഇസ്ലാമിന് എല്ലാത്തിലും ചില എനേബ്ലിങ് പ്രോവിഷന്‍സ് ഉണ്ട്. അതിനു ലിമിറ്റും ഉണ്ട്. ആ ലിമിറ്റ് വച്ചുകൊണ്ട്, മനുഷ്യ പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള ചില വ്യവസ്ഥകള്‍ ഇസ്ലാം പറയുന്നുണ്ട്. ബഹുഭാര്യാത്വമെന്നത് ഇസ്ലാമിലെ എല്ലാവര്‍ക്കും ചെയ്യാന്‍ വേണ്ടി വ്യാപകമായി ലൈസന്‍സ് കൊടുക്കുന്ന കാര്യമല്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അനിവാര്യമായി വരുന്ന സംഗതിക്ക് വേണ്ടിയുള്ള ഒരു പ്രോവിഷന്‍ ഇസ്ലാമിന് ഉണ്ടെന്നു മാത്രമേയുള്ളൂ. ഒരു തെറ്റിദ്ധാരണ ഇവിടെ പരത്താന്‍ ശ്രമിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം, അങ്ങനെയല്ല. പല സര്‍വ്വേകളിലും, ലേറ്റസ്റ്റ് സര്‍വ്വേകളിലൊക്കെ ബഹുഭാര്യാത്വം കുറഞ്ഞ സമുദായമായിട്ടാണ് മുസ്ലീങ്ങളെ പറ്റി പറയുന്നത്. നമ്മുടെ നാട്ടിലെയൊക്കെ സ്ഥിതി എടുത്തു പരിശോധിച്ചാല്‍ അങ്ങനെയാണ്.
കേരളത്തില്‍ തന്നെ എനിക്കറിയാവുന്ന ആര്‍ക്കുമില്ല. അപ്പോള്‍ പിന്നെ എന്തിനാണത്? അതൊരു അവകാശമാണെങ്കില്‍, നാച്ചുറല്‍ ആണെങ്കില്‍ അത് ചെയ്യണമല്ലോ. അങ്ങനെയാരും ചെയ്യുന്നില്ലല്ലോ. പിന്നെയെന്തിനാണ് അതൊരു നിയമമായി നിര്‍ത്തുന്നത്?
അതല്ലെന്നേ, നിയമം എന്നു പറഞ്ഞാല്‍ ഇപ്പോള്‍ ഞാനും നിങ്ങളും സംസാരിക്കുമ്പോള്‍ മനുഷ്യരുണ്ടാക്കിയ ഒരു നിയമം നിങ്ങള്‍ക്ക് അമെന്‍ഡ് ചെയ്യാം. ഒരു ദൈവിക നിയമം, ഇസ്ലാമിന്റെ കോഡ് ഓഫ് കണ്ടക്റ്റ് ഇന്നതാണെന്നു പറഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ക്കത് അമെന്‍ഡ് ചെയ്യാനൊക്കില്ല. അത് അതിന്റെ നിലയില്‍ പോകണം. അമെന്‍ഡ് ചെയ്യാതെ ഇരുന്നിട്ട് ഇവിടെ എന്താ കുഴപ്പമുണ്ടായത്? ശരീഅത്തിനെതിരായി സംസാരിക്കുന്ന ആളുകളോട് ഞാന്‍ ചോദിക്കുന്നത്, എത്രയോ കൊല്ലമായിട്ട് ഈ കാര്യങ്ങളൊക്കെ ഇവിടെ നടക്കുന്നുണ്ട്. എന്നിട്ട് ആര്‍ക്കെങ്കിലും സൗകര്യക്കേട് ഉണ്ടായിട്ടുണ്ടോ?
ഉദാഹരണത്തിന് തലാഖ് ചൊല്ലി പുരുഷന്‍ ഒരു സ്ത്രീയെ പറഞ്ഞു വിടുകയാണ്. അത് കോടതിക്ക് മുന്‍പില്‍ പോകുന്നില്ല, കോടതിയുടെ സ്‌കാനില്ല. അത് പുരുഷന് സ്വതന്ത്രമായി ചെയ്യാവുന്നതാണ്. മൂന്നു തലാഖ് കൊടുത്താല്‍ അത് പോകും. അത് നീതിരഹിതമാണെന്ന് പ്രത്യേകിച്ചു ആരും വന്നു പറയണ്ട, നമുക്കറിയാമല്ലോ.
അങ്ങനെയല്ല, അതൊക്കെ എന്നു പറഞ്ഞാല്‍, തെറ്റായ ചില സങ്കല്‍പ്പങ്ങളാല്‍ ഭരിക്കപ്പെട്ടിട്ടുള്ളവയാണ്. ഇസ്ലാമെന്നു പറഞ്ഞാല്‍ സ്ത്രീയെ ഇഷ്ടം പോലെയങ്ങു തലാഖ് ചൊല്ലാവുന്ന പറ്റിയൊരു മതമാണെന്ന നിലയിലുള്ള വ്യാഖ്യാനം കൊടുക്കുന്നുണ്ട്. ജിമ്മി അങ്ങനെ പറയുന്നു എന്നല്ല, ജിമ്മിയും ഞാനും തമ്മില്‍ ധിഷണാപരമായ ഒരു ഡിസ്‌ക്കഷനാണ്. അല്ലാതെ നിങ്ങള്‍ പറയുകയാണെന്നല്ല. അങ്ങനെയൊരു പ്രചരണം രാജ്യത്തുണ്ട്. അത് ഇസ്ലാമിനെ ഡീഫെയിം ചെയ്യാനുള്ള പ്രചരണമാണ്.
പക്ഷേ ട്രിപ്പിള്‍ തലാഖ് ഒരു ഫാക്റ്റ് ആണ്.
അങ്ങനെയല്ല, ട്രിപ്പിള്‍ തലാഖിന്റെ കാര്യം തന്നെ അതിന്റെ ഇന്റര്‍പ്രറ്റേഷന്‍ രാജ്യത്ത് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ട്രിപ്പിള്‍ തലാഖ് എന്നു പറഞ്ഞാല്‍ എന്താണ്? ട്രിപ്പിള്‍ തലാഖിന്റെ ഡിസ്പ്യൂട്ട് എന്താണെന്ന് വച്ചാല്‍, മൂന്നു മൊഴി ചൊല്ലല്‍. ഈ മൂന്നു മൊഴി ഒരുമിച്ചു ചൊല്ലിയാല്‍ മൂന്നു മൊഴിയുടെ എഫക്റ്റ് ഉണ്ടാവുന്നു. അതല്ല, മൂന്നു ചൊല്ലുന്നു എന്നു പറഞ്ഞാല്‍ ഒന്നു ചൊല്ലിയതിന്റെ കണക്കാവുന്നു, ഇതൊരു ഇന്റര്‍പ്രറ്റേഷന്‍ ഇഷ്യൂവാണ്.
ഇപ്പോള്‍ മതിയായ സമയം കൊടുക്കണമെന്ന് പറയുന്നു. എന്താണ് മതിയായ സമയം എന്നത്...?
ഇത്തരം കാര്യങ്ങള്‍ മതപരമായ ഡീറ്റെയില്‍സിലേക്ക് പോയി പണ്ഡിതന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്. ഏക സിവില്‍ കോഡിന് ആധാരമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ബാലിശമാണ് എന്നാണ് ഞാന്‍ പറയുന്നത്. ഈ ഏക സിവില്‍ കോഡിലേക്ക് പോകാതെ മുസ്ലീം പേഴ്‌സണല്‍ ലോ നിലനിന്നതിന്റെ ഫലമായി ഇവിടെ യാതൊരു അസൗകര്യവും ഒരാള്‍ക്കും ഉണ്ടായിട്ടില്ല.
ഷാ ബാനു എന്നൊരു സ്ത്രീ അവര്‍ക്ക് ജീവനാംശം കിട്ടുന്നില്ല എന്നു പറഞ്ഞ്, മൂന്നു മാസമാണല്ലോ നിയമപ്രകാരം ഭര്‍ത്താവ് ഒഴിവാക്കിയാല്‍ ജീവനാംശം കൊടുക്കുക, മൂന്നു മാസമെന്ന് പറയുന്നത് നാട്ടിലെ ഏത് നീതിക്ക്, ന്യായത്തിന് നിരക്കും? അവര്‍ ഒരു കോടതിയില്‍ പോയപ്പോഴാണല്ലോ കോടതി വിധിക്കുകയും അവസാനം എല്ലാവരും കൂടെ കൈകോര്‍ത്ത് ആ കോടതിവിധിയെ അപ്രസക്തമാക്കി കളയുകയും ചെയ്തത്. അല്ലേ?
അതെല്ലാവരും കൂടെ സംഘടിച്ച് ചെയ്തതൊന്നുമല്ല. മതപരമായ വിധി എന്താണ് എന്നതിലേക്ക് തിരിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ എല്ലാവരും കൂടെ സംഘടിച്ച് മാറ്റിയതൊന്നുമല്ല.
അതൊരു വാദമാണ്.
വാദമല്ല, ഞങ്ങളെല്ലാം കൂടെ ബഹളം വച്ച് സമ്മര്‍ദ്ദത്തിന്റെ ഫലമായി മാറ്റിയതല്ല.
വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നല്ലോ
സമ്മര്‍ദ്ദമുണ്ടാകുമല്ലോ. സുപ്രീം കോടതിയുടെ വിധി മതവിധിക്കെതിരായപ്പോള്‍ വിവാഹം വിവാഹമോചനം പോലെയുള്ള കാര്യങ്ങളില്‍ എടുക്കേണ്ട പ്രിന്‍സിപ്പിള്‍ എന്നു പറയുന്നത് ശരഅത്ത് നിയമമാണ് എന്നു കണ്ട് അന്ന് അധികാരത്തില്‍ ഉണ്ടായിരുന്ന ഗവണ്‍മെന്റ് എടുത്ത തീരുമാനത്തിന്റെ ഫലമായിട്ടു വന്നതാണ്.

മുസ്‌ലിം ലീഗും വോട്ടുചോര്‍ച്ചയും
കേരള രാഷ്ട്രീയത്തിലേക്ക് വന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന് വലിയ നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ പറയാം. മൂന്ന് സീറ്റ് പോയി, ഒരു സീറ്റ് നേടി. പക്ഷേ കുറച്ചു കൂടെ അകത്തേക്ക് ചെല്ലുമ്പോള്‍ ചില സീറ്റുകളിലൊക്കെ, മങ്കടയൊക്കെയാണെങ്കില്‍, കഷ്ടിച്ച് കയറിപ്പറ്റിയതാണ്. എന്താണ് ലീഗിന്റെ ഒരു വിലയിരുത്തല്‍?
അല്ല, ഞങ്ങള്‍ ജയിച്ച പലയിടത്തും വോട്ട് കുറഞ്ഞത് ഒരു കുറവു തന്നെയാണ്. അതിനെ ന്യായീകരിക്കേണ്ട കാര്യമില്ല. ഞങ്ങളുടെ വോട്ടില്‍ ചിലയിടത്ത് കുറവുണ്ടായിട്ടുണ്ട്. പഠിക്കേണ്ട കാര്യം തന്നെയാണ്.
സംഘടനാ പ്രശ്‌നമാണോ?
ഇതില്‍ കറക്റ്റ് ചെയ്യേണ്ട കാര്യങ്ങളുണ്ടാകും. സംഘടനാ എന്നു പറയുന്നത്, അവിടെ ചില ഡിസിഷന്‍സ് ചിലപ്പോള്‍ പാളിപ്പോകും. സ്വഭാവികമാണത്. ചിലതില്‍ നമ്മുടെ തീരുമാനം നല്ലതാവും. അതിലൊക്കെ എന്നു പറഞ്ഞാല്‍, നമ്മുടെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്നലെയും മിനിഞ്ഞാന്നും, രണ്ടു ദിവസത്തോളം ചര്‍ച്ച നടത്തിയതാണ്. അപ്പോള്‍ കറക്റ്റ് ചെയ്യേണ്ട കാര്യങ്ങള്‍ എന്തെന്നു ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിനേക്കാള്‍ ദയനീയമായി ഞങ്ങള്‍ വന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് വന്നില്ലേ. വന്‍പിച്ച തോതില്‍, 20 സീറ്റ് വരെ കുതിച്ചുയര്‍ന്നില്ലേ. 2006ലൊക്കെ ഇവിടത്തെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ആഘോഷിക്കുകയായിരുന്നു. ലീഗിന്റെചരിത്രമങ്ങ് അവസാനിച്ചു കഴിഞ്ഞു എന്ന മട്ടിലായിരുന്നു. അന്നൊക്കെ ഞങ്ങള്‍ ഫീനിക്‌സ് പക്ഷിയെ പോലെ എന്നൊക്കെ പറയാവുന്ന വിധം ഉയര്‍ന്നു വന്നല്ലോ.
മറ്റൊരു പ്രധാനപ്പെട്ട വിഷയം കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗവും കോണ്‍ഗ്രസ്സും തമ്മിലുള്ള പരസ്യമായ യുദ്ധമാണ്. കെ എം മാണിയുടെ പാര്‍ട്ടിയുടെ മുഖമാസിക രമേശ് ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കുമൊക്കെ നേരിട്ടു ബന്ധമുണ്ട് അദ്ദേഹത്തെ ക്രൂശിച്ചതില്‍ എന്നുവരെ പറഞ്ഞു വച്ചിരിക്കുകയാണ്. ലീഗ് ഈ കാര്യത്തില്‍ എന്തു നിലപാടാണ് എടുക്കുന്നത്?
കേരള കോണ്‍ഗ്രസ്സ് പറഞ്ഞ സംഗതിയിലും അതിനെ പറ്റി കോണ്‍ഗ്രസ്സ് കൊടുത്ത മറുപടിയിലും ഞങ്ങള്‍ അതിന്റെ ഇടയില്‍ കയറുന്നില്ല. അത് അനലൈസ് ചെയ്യാനും പോകുന്നില്ല. ഇവര്‍ പറഞ്ഞിട്ടുള്ള ഒരു ആരോപണം, അതിനോടു അവര്‍ റിയാക്റ്റ് ചെയ്യട്ടെ.

യുഡിഎഫിന്റെ കെട്ടുറപ്പ്
പക്ഷേ ഒരു പ്രതിപക്ഷമായിട്ട് മുന്‍പോട്ട് നീങ്ങേണ്ട സമയം. തുടക്കമാണ്. അത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ?
അല്ല, ജിമ്മി ചോദിച്ചത് വളരെ വൈറ്റലായിട്ടുള്ള ഒരു സംഗതിയാണ്.കാരണം ഒരു ഗവണ്‍മെന്റ് വന്നു. ആ ഗവണ്‍മെന്റിനെ കൃത്യമായി നോക്കി അവരുടെ വീഴ്ചകളെ വളരെ ശക്തമായി എതിര്‍ത്തുകൊണ്ട് ഒറ്റക്കെട്ടായി പ്രതിപക്ഷം മുന്നോട്ട് പോകേണ്ടതുണ്ട്. അപ്പോള്‍ പ്രതിപക്ഷ രംഗത്തുള്ള അനൈക്യങ്ങള്‍ ശരിയല്ല. അതിന് വിശദമായ ചര്‍ച്ചകള്‍ വേണം. വല്ല തെറ്റിദ്ധാരണയും ഉണ്ടെങ്കില്‍ അവ മാറ്റണം. കറക്റ്റീവ് മെഷേഴ്‌സ് എടുത്തിട്ട് ശക്തമായ ഒരു പ്രതിപക്ഷമെന്ന നിലയില്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട ബാധ്യതയുണ്ട്. അതില്‍ യാതൊരു സംശയവുമില്ല.
സമയം വൈകുന്നുണ്ടോ? നമ്മള്‍ പറഞ്ഞുപറഞ്ഞ്, ഓരോ ദിവസവും വാര്‍ത്തകള്‍ വന്ന് അത് വൈകുകയാണോ?
ഇ ടി മുഹമ്മദ് ബഷീര്‍: അല്ല, അതിപ്പോള്‍ സ്വാഭാവികമായും ഇപ്പോള്‍ എനിക്കു തോന്നുന്നു ഇലക്ഷന്‍ കഴിഞ്ഞതിനു ശേഷം രണ്ടോ മൂന്നോ യുഡിഎഫ് യോഗം നടന്നിട്ടുണ്ട്. അതിപ്പോള്‍, എന്താ പറയുക, ഒരു തുടക്ക പീരിയഡ് ആയത് കൊണ്ട്. കുറച്ചുകൂടി ഡിസ്‌കഷനുകളിലേക്ക് പോകും, ഇപ്പോള്‍ ഓരോ പാര്‍ട്ടികള്‍ ആയാണ് ഡിസ്‌ക്കഷന്‍ നടക്കുന്നത്. ഓരോ പാര്‍ട്ടി ലെവലിലും എങ്ങോട്ടാ വോട്ട് പോയത്, എന്താ സംഭവിച്ചത് എന്ന ഡിസ്‌ക്കഷന്‍. അതെല്ലാം കഴിഞ്ഞു വരട്ടെ. എന്നിട്ട് സംസാരിക്കുമ്പോള്‍ കുറച്ചുകൂടെ കല്ലും മുള്ളും വേര്‍തിരിഞ്ഞു കാണാനൊക്കും. അത് നോക്കട്ടെ. Let's wait and see.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ്സിന്റെ ഭാവിയെ ലീഗ് എങ്ങനെയാണ് കാണുന്നത്?
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ വിധിയെടുത്ത് പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സ് വീണ്ടും ഒരു ശക്തി സംഭരിച്ച് ഉയര്‍ന്നു വരുന്നിടത്ത് കാര്യങ്ങള്‍ എത്തിയിട്ടില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. കാരണം എന്താണെന്ന് വച്ചാല്‍, നമുക്കറിയാം. ബംഗാളിലിപ്പോള്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കി.
അതുകൊണ്ട് കാര്യമൊന്നുമുണ്ടായില്ല.
കാര്യമുണ്ടായില്ല, തമിഴ്‌നാട്ടില്‍ ആണെങ്കിലും അതുതന്നെ സംഭവിച്ചു. പോണ്ടിച്ചേരിയില്‍ ചെറിയൊരിതുണ്ട്. ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന പ്രധാനപ്പെട്ട സ്റ്റേറ്റ് കര്‍ണാടകയാണ്. കര്‍ണാടകയിലും അവരുടെ ഇന്‍ഫൈറ്റ് ഉണ്ട്. അപ്പോള്‍ ഇന്ത്യയിലിപ്പോള്‍ ഈ കക്ഷികളെല്ലാം നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെയും ഒരു ദേശീയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ്സിനു തന്നെയാണ് നേതൃത്വം കൊടുക്കാനുള്ള ഡ്യൂട്ടി ഉള്ളതും സാധ്യതയുള്ളതും.
ആ സാധ്യതയും ആ ശക്തിയും ഇപ്പോഴുമുണ്ടെന്ന് ലീഗ് കരുതുന്നുണ്ടോ?
അതിലേക്ക് ഇനിയും എത്രയോ ദൂരം നടക്കാനുണ്ട്.
എല്ലാ കാലത്തും ഈ മൂന്നാം ശക്തികള്‍ എന്നു പറയുന്ന മറ്റ് പാര്‍ട്ടികള്‍, ജനതാദള്‍ കുടുംബത്തിലുള്ളവരൊക്കെയുണ്ട്. അങ്ങനെയൊരു ദേശീയ സഖ്യത്തിന്റെ സാധ്യത, കോണ്‍ഗ്രസ്സ് വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ, അങ്ങനെയൊരു സഖ്യത്തിന് സാധ്യതയുണ്ടോ അടുത്ത മൂന്നു വര്‍ഷം കഴിയുമ്പോള്‍?
അതിപ്പോള്‍, ബീഹാര്‍ നമ്മുടെ മുന്‍പിലുണ്ട്. ബീഹാറില്‍ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. ഇന്ത്യയില്‍ തെളിഞ്ഞു വരുന്ന രാഷ്ട്രീയം, ഇനിയും പ്രതീക്ഷയുള്ള രാഷ്ട്രീയം അതാണ്. കോണ്‍ഗ്രസ്സ് അടക്കം അത് ഉള്‍ക്കൊള്ളുന്നു. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും പ്രാദേശിക കക്ഷികളും നമുക്കെല്ലാം അറിയാം പ്രാദേശിക കക്ഷികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള വില മറ്റേത് കാലഘട്ടത്തെക്കാളും വര്‍ദ്ധിച്ചു വരികയാണ്. അപ്പോള്‍ കോണ്‍ഗ്രസ്സിനെ മുന്‍പില്‍ നിര്‍ത്തി ഈ പറയുന്ന, ബീഹാര്‍ മോഡലിലുള്ള രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഇനി യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരികയാണല്ലോ ആ ഘട്ടത്തിലൊക്കെ ഇതെന്തു മാത്രം യാഥാര്‍ഥ്യവല്‍ക്കരിക്കപ്പെടും എന്നതിനെ ആശ്രയിച്ചു മാത്രമേ ഇന്ത്യ യുടെ ഭാവി രാഷ്ട്രീയത്തെ പറ്റി കൃത്യമായി പറയാനൊക്കൂ. അതു വരണം. അത് വന്നിട്ടില്ലെങ്കില്‍ രക്ഷയില്ലെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.
കേട്ടെഴുത്ത്: ഹരിപ്രിയ കെ.എം
