ഇന്ത്യയാകെ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന, ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പുസ്തകം എഴുതിയത് ഒരു മലയാളിയാണ്. ചേര്‍ത്തല നിന്നും അധികാര സിരാകേന്ദ്രമായ ദില്ലിയിലേക്ക് കൂടുമാറിയ ജോസി ജോസഫ് എന്ന മാധ്യമ പ്രവര്‍ത്തകന്‍. ജോസി എഴുതിയ, 'എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്' (കഴുകന്‍മാരുടെ വിരുന്ന്) എന്ന പുസ്തകം ദേശസ്‌നേഹ പദാവലികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഇന്ത്യന്‍ അധികാര വ്യവസ്ഥയുടെ തനിനിറമാണ് പുറത്തേക്ക് വലിച്ചിടുന്നത്. കോര്‍പറേറ്റുകള്‍ക്കും അവരുടെ ദല്ലാള്‍മാര്‍ക്കും പണത്തിനുമുന്നില്‍ മുട്ടിലിഴയുന്ന രാഷ്ട്രീയ വര്‍ഗത്തിനും അവര്‍ക്ക് ഒത്താശപാടുന്ന ഉദ്യോഗസ്ഥ, മാധ്യമ കൂട്ടുകെട്ടുകള്‍ക്കുമിടയില്‍ രാജ്യം അനുഭവിക്കുന്ന കൊടും ചൂഷണത്തിന്റെ പച്ചയായ നേര്‍ക്കാഴ്ചകളാണ് ജോസിയുടെ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. 

പ്രതിരാധ, അന്വേഷണ ബീറ്റുകളില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന മാധ്യമപ്രവര്‍ത്തനം നല്‍കിയ ഉള്‍ക്കാഴ്ചകളും ഞെട്ടിക്കുന്ന വിവരങ്ങളും അസാധാരണമായ സത്യസന്ധതയോടെ പകര്‍ത്തുന്ന ഈ പുസ്തകം സമീപകാല ഇന്ത്യയിലെ അഴിമതിയുടെ നീരാളിപ്പിടിത്തത്തിന്റെ ദൃക്‌സാക്ഷി വിവരണം കൂടിയാണ്. നാമറിയാത്ത, നാമറിയേണ്ട ഇന്ത്യന്‍ അഴിമതിയുടെ അശ്ലീലംനിറഞ്ഞ മുഖം അനാവരണം ചെയ്യുന്ന ഈ പുസ്തകം കഴുകന്‍മാരുടെ അടുക്കളകളില്‍ ഇപ്പോഴും വെന്തുകൊണ്ടിരിക്കുന്ന സാധാരണ ജനതയുടെ നിസ്സഹായതകളെയാണ് അഭിസംബോധന ചെയ്യുന്നത്. 

ആദര്‍ശ്  ഫ്‌ലാറ്റ് അഴിമതി, നാവിക രഹസ്യചോര്‍ച്ച കേസ്, 2ജി സ്‌പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവ പുറത്തുകൊണ്ടുവന്ന ജോസിക്ക് ഇന്ത്യയിലെ മികച്ച രാഷ്ട്രീയ ലേഖകനുള്ള പ്രേം ഭാട്ടിയ അവാര്‍ഡ്, 2013ലെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇന്‍വെസ്റ്റിഗേഷന്‍സ് എഡിറ്ററായിരുന്ന ജോസി ഇപ്പോള്‍ ദി ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററാണ്. 

പുതിയ പുസ്തകം ഇളക്കിവിട്ട പ്രകമ്പനങ്ങള്‍ക്കിടയില്‍, ജോസി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖമാണിത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ എബി തരകന്‍ ജോസിയുമായി സംസാരിക്കുന്നു.