തൃശൂര്‍: തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളിലെ റെയില്‍ വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന മാഫിയ സജീവമാകുന്നു. പട്ടാമ്പിയാണ് ഇവരുടെ മുഖ്യ കേന്ദ്രം മൂന്ന് ജില്ലകളിലേക്ക് ഭിക്ഷാടനത്തിനായി ഇവിടെനിന്നും പ്രതിദിനം പുറപ്പെടുന്നത് നൂറുകണക്കിനാളുകളാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഭിക്ഷക്കാരെ വാടകയ്ക്ക് നല്‍കാമെന്നായിരുന്നു മാഫിയ സംഘത്തിന്റെ ഓഫര്‍.
സൗമ്യാകേസില്‍ സുപ്രീം കോടതി വിധിവന്നതിന് പിന്നാലെയാണ് കേരളത്തിലെ അന്തര്‍സംസ്ഥാന ഭിക്ഷാടന മാഫിയ ഇപ്പോഴെങ്ങനെയെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണം തുടങ്ങുന്നത്.. തൃശൂരിലും വടക്കാഞ്ചേരിയിലും ചെറുതുരുത്തിയിലും ഒറ്റപ്പാലത്തും റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഞങ്ങള്‍ പരിശോധന നടത്തി. ഭിക്ഷാടകരുടെ താവളത്തെപ്പറ്റി സൂചനകിട്ടിയത് പട്ടാമ്പിയില്‍ നിന്ന്. റെയില്‍ വേ സ്റ്റേഷന് രണ്ട് കിലോമീര്‍ ചുറ്റളവില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ഇടകലര്‍ന്ന് നൂറുകണക്കിന് ഭിക്ഷാടകര്‍ ജീവിക്കുന്നു.
അവിടെ നിന്നും കേട്ട ഒരു കാര്യം ഇതാണ്:
'നിരവധി ആളുകളുണ്ട്. രാവിലെ വേഷം കെട്ടും. മുസ്ലീം വേഷം. വൈകിട്ട് പണികഴിഞ്ഞ് പട്ടാമ്പിയിലെ പീടികകളില്‍ ചില്ലറ മാറും'
പട്ടാമ്പി റെയില്‍ പരിസരത്തെ പൊന്തക്കാടുകള്‍ നിറഞ്ഞ, അധികമാരുടെയും ശ്രദ്ധയെത്താത്ത പരിസരം. താത്കാലിക ലോഡ്ജുകളിലും കുടുസ്സ് ഷെഡുകളിലുമായി നൂറുകണക്കിനാളുകള്‍. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും ഭിക്ഷാടകരെ തേടിയെടുക്കാനായി ഞങ്ങളുടെ ശ്രമം. തൃശൂരില്‍ പള്ളിപ്പരിസരത്ത് ഭിക്ഷയ്ക്കിരിക്കാന്‍ 20 പേരെവേണ എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.
മറുപടി ഇങ്ങനെ:
തള്ളമാരാണെങ്കില്‍ അഞ്ചാറുപേരെ തരം. കൂടുതലാളുവേണമെങ്കില്‍ മുകളില്‍ താമസിക്കുന്ന ആന്ധ്രക്കാരെ കാണണം. രാവിലെ ട്രയിനിലും ബസ്സിലുമായി കയറിപ്പോകും. രാത്രിവരും. രാവിലെ ബസ് സ്റ്റാന്റില്‍ വന്നാല്‍ കൂട്ടിക്കൊണ്ടുപോകാം.
കിട്ടിയ വിവരം ഒന്നുകൂടി ഉറപ്പിക്കാന്‍ ഞങ്ങള്‍ ആന്ധ്രക്കാരുടെ ക്യാംപിലെത്തി. പുറത്തിറങ്ങിവന്നത് ചെറുപ്പക്കാരന്‍. അപരിചിതരുടെ വരവില്‍ സംശയം തോന്നിയ അയാള്‍ ഞങ്ങളെ മാറ്റിനിര്‍ത്തി സംസാരിച്ചു
'പോയ മുതല്‍ അന്വേഷിച്ചു വരികയാണോ? സത്യം പറഞ്ഞാല്‍ സഹായിക്കാം. ഭിക്ഷയ്ക്കു പോകുന്ന ആന്ധ്രക്കാരെ അന്വേഷിച്ച് ഇടയ്ക്കിങ്ങനെ ആളുവരാറുണ്ട.
ഒരുവിധത്തില്‍ ഞങ്ങളവിടുന്ന് തടിതപ്പി. പുലര്‍ച്ചെ പട്ടാമ്പി ബസ്റ്റാന്റ് പരിസരത്തെത്തി. ഞങ്ങള്‍ക്ക് വിവരം തന്നയാള്‍ പറഞ്ഞതുപോലെ മുസ്ലീം വേഷധാരികളായ നാലുപേര്‍. ഞങ്ങള്‍ അടുത്തെത്തി. ഭിക്ഷാടനത്തിന് ആളെവേണമെന്ന് പറഞ്ഞപ്പോള്‍ നാലുപേരിപ്പോഴുണ്ടെന്ന് മറുപടി.
'വീടുകളിലും പള്ളീലും പോകും വൈകിട്ട് മടങ്ങിയെത്തും'
എപ്പോള്‍ വരണമെന്ന് ചോദിച്ചതോടെ പിന്നെ വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ ഒഴിവായി. സമീപവാസികളിലെ കച്ചവടക്കാരില്‍ ചിലരെയും ഞങ്ങള്‍ സമീപിച്ചു. അവരില്‍ നിന്നുമുണ്ടായി പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരിക്കുന്ന അന്തര്‍ സംസ്ഥാന ഭിക്ഷാടകരെപ്പറ്റിയുള്ള സ്ഥിരീകരണം.
'മുസ്ലീം വേഷം കെട്ടിപ്പോകുന്നു, ഭയങ്കര കളക്ഷനാ, രണ്ടായിരം രണ്ടായിരത്തഞ്ഞൂറ് ദിവസവും.'

