എല്ലാ ദിവസവും മുറിയിലെത്തുമ്പോള്‍ അമ്മയേയും അവരുടെ പുഞ്ചിരിയും അവള്‍ക്ക് മിസ് ചെയ്യും. പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഇതാണോ താന്‍ നേടാനാഗ്രഹിച്ചത് എന്ന് ആലോചിക്കും. ഗാന്ധിജിയുടെ സ്വപ്നം പോലെ എല്ലാ മനുഷ്യരുടെയും കണ്ണുനീര്‍ തുടക്കണമെന്ന് കരുതും. തനിക്ക് കിട്ടിയ വിദ്യാഭ്യാസവും അറിവും തന്‍റെ രാജ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ടതല്ലേ എന്ന് ആലോചിക്കും. 

ഇല്‍മ അഫ്രോസ്, ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ഒരു കുഞ്ഞു ഗ്രാമത്തിലെ വളരെ വളരെ സാധാരണക്കാരനായ കര്‍ഷകന്‍റെ മകളാണ്. ആഗസ്ത് 2018 -ല്‍‌ അവള്‍ ഇല്‍മ ഐ പി എസ് ആയി. 

നിരവധി തടസങ്ങള്‍ നിറഞ്ഞതു തന്നെയായിരുന്നു അവളുടെ ഈ യാത്ര. ഇല്‍മയ്ക്ക് 14 വയസുള്ളപ്പോള്‍ അവളുടെ അച്ഛന് കാന്‍സര്‍ ആണെന്ന് തിരിച്ചറിയപ്പെട്ടു. അച്ഛന്‍റെ മരണശേഷം അവളേയും 12 വയസുള്ള സഹോദരനേയും വളര്‍ത്തിയത് അമ്മ സുഹൈല പര്‍വീണ്‍ ആയിരുന്നു. വളരെ കരുത്തുറ്റ ഒരു സ്ത്രീയായിരുന്നു അവര്‍. 

സാധാരണ എല്ലാവരും ഒരു പ്രായമാകുമ്പോള്‍ സ്ത്രീധനവും കൊടുത്ത് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കും. പക്ഷെ, ഇവരത് ചെയ്തില്ല. പകരം, അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. നാട്ടിലെ സ്കൂളില്‍ ഹൈസ്കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അവള്‍ പ്രശസ്തമായ സെന്‍റ്. സ്റ്റീഫന്‍സ് കോളേജില്‍ ഫിലോസഫിയില്‍ ബിരുദത്തിന് പ്രവേശനം നേടി. 

'തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു അത്. പ്രൊഫസര്‍മാര്‍ വിദ്യാര്‍ത്ഥികളെ ക്ലാസ് റൂമിനും അപ്പുറത്തേക്ക് ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ഓരോരുത്തരെയും അവരവരുടെ ചിന്താശേഷിയെ വളര്‍ത്താന്‍ കഴിഞ്ഞു' ഇല്‍മ പറയുന്നു. ആ സമയത്താണ് ഇല്‍മയുടെ മനസ്സില്‍ 'സിവില്‍ സര്‍വീസ്' എന്ന ആഗ്രഹം മുള പൊട്ടുന്നത്. ഫിലോസഫിയുടെ ആഴങ്ങളിലേക്കുള്ള യാത്രയും അവിടെ തുടങ്ങി. ഗാന്ധിജിയെ കുറിച്ചും മറ്റും ആഴത്തില്‍ അറിവ് നേടി. 

കഠിനാധ്വാനം അവളെ തുണച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കുന്നതിനുള്ള സ്കോളര്‍ഷിപ്പ് നേടി. ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകള്‍... അവര്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ആ അനുഭവം ലോകത്തിലേക്ക് അവളുടെ കണ്ണുകള്‍ തുറപ്പിച്ചു. ലോകത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുമുണ്ടായി. പിന്നീട്, ന്യൂയോര്‍ക്കിലേക്ക്. അവിടെ വോളണ്ടിയറി സര്‍വീസ് പ്രോഗ്രാം... അപ്പോഴും എന്തോ ഒരു നഷ്ടബോധം അവളെ അലട്ടി.

എല്ലാ ദിവസവും മുറിയിലെത്തുമ്പോള്‍ അമ്മയേയും അവരുടെ പുഞ്ചിരിയും അവള്‍ക്ക് മിസ് ചെയ്യും. പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഇതാണോ താന്‍ നേടാനാഗ്രഹിച്ചത് എന്ന് ആലോചിക്കും. ഗാന്ധിജിയുടെ സ്വപ്നം പോലെ എല്ലാ മനുഷ്യരുടെയും കണ്ണുനീര്‍ തുടക്കണമെന്ന് കരുതും. തനിക്ക് കിട്ടിയ വിദ്യാഭ്യാസവും അറിവും തന്‍റെ രാജ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ടതല്ലേ എന്ന് ആലോചിക്കും. 

ഓരോ അവധിക്ക് നാട്ടിലെത്തുമ്പോഴും അവിടെയുള്ള മനുഷ്യരുടെ കണ്ണുകളിലെ തിളക്കം അവള്‍ കാണും. അതില്‍ 'നമ്മുടെ മകള്‍ നമ്മെ രക്ഷിക്കും' എന്ന പ്രതീക്ഷയുണ്ടായിരുന്നു. അയല്‍ക്കാരും ബന്ധുക്കളും ചെറിയ ചെറിയ ആവശ്യങ്ങളുമായി അവളെ സമീപിക്കും. ഒരു റേഷന്‍കാര്‍ഡ് കിട്ടുന്നതിന് സഹായിക്കാന്‍, ചില ഫോമുകള്‍ പൂരിപ്പിക്കാന്‍ അങ്ങനെ... അങ്ങനെ... 

അപ്പോഴാണ് തന്‍റെ സന്തോഷം ഈ ഗ്രാമത്തിലാണല്ലോ എന്നവള്‍ ചിന്തിക്കുന്നത്. തിരികെ നാട്ടിലേക്ക് വരാന്‍ അവളാഗ്രഹിച്ചു. അമ്മയും പ്രിയപ്പെട്ടവരുമെല്ലാം ഇവിടെയാണ്. അവരെപ്പോഴും അടുത്തുണ്ടാകും. 

അങ്ങനെയാണ്, സിവില്‍ സര്‍വീസ് ഈ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നെ സഹായിക്കുമെന്ന് അവള്‍ തിരിച്ചറിയുന്നത്. അങ്ങനെ അവള്‍ ഗ്രാമത്തിലേക്ക് തിരികെയെത്തി. 2017 -ല്‍ അവള്‍ സിവില്‍ സര്‍വീസ് നേടി. റാങ്ക് 217... ഹിമാചല്‍ പ്രദേശ് കാഡറിലാണ്... പിന്നെ 16 മാസം പരിശീലനം. 

അമ്മയും സഹോദരനുമാണ് തനിക്ക് ഈ സ്വപ്നത്തിലേക്ക് എത്താന്‍ കരുത്തായത് എന്ന് ഇല്‍മ പറയും. ''എന്‍റെ അമ്മയാണ് കഠിനാധ്വാനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് എന്നെ പഠിപ്പിക്കുന്നത്. എന്‍റെ സഹോദരന്‍ എനിക്കായി സ്ത്രീധനത്തുക കരുതി വയ്ക്കുകയല്ല ചെയ്തത്. മറിച്ച് അവനത് എന്‍റെ പഠനത്തിനായി ചെലവഴിച്ചു. എന്നെ, പഠിപ്പിക്കാനായി അമ്മയും സഹോദരനും ഒരുപാട് ത്യാഗം ചെയ്തു.'' ഇല്‍മ പറയുന്നു. 

നാട്ടില്‍ തിരികെയെത്തിയപ്പോള്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമവും ഇല്‍മ തുടങ്ങി. ''ഓരോ കുട്ടികളിലുമുള്ള യഥാര്‍ത്ഥ കരുത്ത് കണ്ടെത്തണം. അവരെ അവരുടെ സ്വപ്നങ്ങളിലേക്ക് നടത്തണം. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും തിളങ്ങാനുള്ള അവസരം കിട്ടണം.'' അവള്‍ പറയുന്നു. 

ഇല്‍മ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നു. അത് നമുക്ക് ഓരോരുത്തര്‍ക്കും വെളിച്ചമാകും എന്നും കരുതുന്നു.