സമൂഹത്തിലെ ഉന്നതർ ചെയ്യുന്ന പല വിലക്കപ്പെട്ട കാര്യങ്ങളും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. നിയമവും, സമൂഹവിലക്കുകളും പാലിക്കാൻ എപ്പോഴും പാവപ്പെട്ടവൻ മാത്രം ബാധ്യസ്ഥനാകുന്നു. അധികാരത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരുകാലത്ത് ഉണ്ടായിരുന്നു. അധികാരത്തിനും, തങ്ങളുടെ സ്വത്ത് പുറമേയുള്ളവരുടെ കൈകളിൽ എത്തിച്ചേരാതിരിക്കാനും രാജകുടുബം പണ്ടുകാലങ്ങളിൽ സ്വന്തം കുടുംബാംഗങ്ങളെ തന്നെയാണ് വിവാഹം ചെയ്‌തിരുന്നതത്രെ. അത് ചിലപ്പോൾ സ്വന്തം സഹോദരിയാകാം, അല്ലെങ്കിൽ സ്വന്തം അമ്മയോ, അച്ഛനോ ആകാം. അയർലൻഡിൽ അടുത്തകാലത്തായി നടത്തിയ ഒരു പഠനത്തിലാണ് ഇത് വെളിപ്പെട്ടത്. അവിടെ രാജാക്കന്മാർ തങ്ങളുടെ സഹോദരിമാരെ വിവാഹം കഴിച്ചിരുന്നിരിക്കാമെന്നും, അതിൽ അവർക്ക് കുട്ടികളുമുണ്ടായിരുന്നേക്കാമെന്നും ഗവേഷണസംഘം വെളിപ്പെടുത്തി. 

അയർലന്‍ഡിലെ കൗണ്ടി മീത്തിലെ പ്രശസ്‍തമായ ന്യൂഗ്രേഞ്ച് ശവകുടീരത്തിൽ സംസ്‌കരിച്ച ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ വിദഗ്ദ്ധരാണ് ഈ പഠനത്തിന് മേൽനോട്ടം വഹിച്ചത്. പരിശോധനയിൽ ആ വ്യക്തി 'ഫസ്റ്റ് ഡിഗ്രി' ബന്ധത്തിൽ ഉണ്ടായതാവാമെന്ന അനുമാനത്തിലാണ് പഠനസംഘമെത്തിയത്. അതായത് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒന്നുകിൽ സഹോദരങ്ങളാകാം, അല്ലെങ്കിൽ ഒരു രക്ഷകർത്താവും അവരുടെ കുട്ടിയുമാകാം. കൂടാതെ, ഡൗൺസിൻഡ്രോം എന്ന ജനിതക തകരാറുള്ള ഒരു വ്യക്തിയെയും മറ്റൊരു ശവകുടീരത്തിൽ നിന്ന് ഗവേഷകർ കണ്ടെത്തി. ഇത് സൂചിപ്പിക്കുന്നത് അയർലന്‍ഡിലെ പുരാതന രാജാക്കന്മാർക്കിടയിൽ നിലനിന്നിരുന്ന ഒരു കീഴ്വഴക്കമായിരുന്നു അടുത്ത ബന്ധുവിനെ വിവാഹം കഴിക്കല്‍ എന്നാണ്.  

പിരമിഡുകളേക്കാളും സ്റ്റോൺഹെഞ്ചിനേക്കാളും പഴക്കമുള്ള ന്യൂഗ്രേഞ്ച് ശവകുടീരം 5,000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച 200,000 ടൺ ഭാരമുള്ള നിയോലിത്തിക്ക് സ്‍മാരകമാണ്. ന്യൂഗ്രേഞ്ചിലെ ഏറ്റവും ആർഭാടം നിറഞ്ഞ ഒരു ശവകുടീരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ വ്യക്തിയും മിക്കവാറും ഇത്തരത്തിൽ ജനിച്ചതാണെന്ന് വിശ്വസിക്കുന്നു. അദ്ദേഹം ഒരു രാജവംശത്തിലെ വരേണ്യവിഭാഗത്തിൽ പെട്ടയാളാകാം എന്നും  അനുമാനിക്കുന്നു. "ഞാൻ ആദ്യമായാണ് ഇത്തരമൊന്ന് കാണുന്നത്. നമുക്കെല്ലാവർക്കും ജനിതകഘടനയുടെ രണ്ട് പകർപ്പുകൾ ഉണ്ടാകും, ഒന്ന് അമ്മയിൽ നിന്നും മറ്റൊന്ന് അച്ഛനിൽ നിന്നും. ഈ വ്യക്തിയുടെ പകർപ്പുകൾ വളരെ സാമ്യമുള്ളതാണ്, രക്തബന്ധമുള്ളവരാണ് അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ എന്ന് ഇത് സൂചിപ്പിക്കുന്നു'' ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ജനിതകശാസ്ത്രജ്ഞനുമായ ലാറ കാസിഡി പറഞ്ഞു. അത്തരം ബന്ധങ്ങളിൽ, പ്രത്യേകിച്ച് ഒരു സഹോദരനും സഹോദരിയും ഒരുമിച്ച് ഒരു കുഞ്ഞിന് ജന്മം നൽകുകയെന്നത് ചിന്തിക്കാൻ കൂടി സാധിക്കാത്ത കാര്യമാണ് എന്ന് അവർ കൂട്ടിച്ചേർത്തു. 

എന്നിരുന്നാലും, അന്നത്തെ കാലത്ത് ഫസ്റ്റ് ഡിഗ്രി ബന്ധം ചിലപ്പോൾ ഉന്നതർക്കിടയിൽ സ്വീകാര്യമായ ഒരു കാര്യമായിരുന്നിരിക്കാം, പ്രത്യേകിച്ച് ഒരു രാജകുടുംബത്തിൽ. അവരുടെ അധികാരത്തിന്റെ ഒരു അടയാളമായി ഇത് നിലനിന്നു പോന്നു. പൊതുജനങ്ങളിൽ നിന്ന് വേറിട്ട് നില്ക്കാൻ വരേണ്യ കുടുംബങ്ങളെ ഇത് അനുവദിച്ചു. ഇപ്പോൾ സാർ‌വ്വത്രികമായി വിലക്കപ്പെട്ടതും, ഏറ്റവും പ്രാകൃതമായി കണക്കാക്കുന്നതുമായ  ഇത്, മുൻ‌കാലങ്ങളിൽ സാമൂഹികമായി അംഗീകരിക്കപ്പെട്ടിരുന്നു എന്ന് വേണം അനുമാനിക്കാൻ. എന്നാൽ, ഇന്ന് ശാസ്ത്രം പുരോഗമിച്ചതോടെ അതിന്‍റെ അപകടങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്. രക്തബന്ധമുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾ അധികവും എന്തെങ്കിലും തരത്തിലുള്ള ജനന വൈകല്യങ്ങലുളളവരായിരിക്കും. ഹൃദയം,  നാഡീവ്യവസ്ഥയുടെ തകരാറുകൾ എന്നിവയാണ് സാധാരണയായി അവരിൽ കാണുന്ന രോഗങ്ങൾ. ഇന്ന് നിയമവ്യവസ്ഥകൾ മൂലം ഇത് നിരോധിച്ചിട്ടുണ്ട്.