ജുമാനയും സഹോദരനും അനേകം കുഞ്ഞുങ്ങള്‍ക്കൊപ്പം ലിബിയയിലെ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് വര്‍ഷത്തോളമായി ലിബിയന്‍ റെഡ് ക്രസന്‍റിനു കീഴിലാണ് ഈ കുഞ്ഞുങ്ങള്‍.

ഓരോ അക്രമത്തിനും, ഓരോ യുദ്ധത്തിനും സാക്ഷിയായി നില്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയെന്താണ്. അവരുടെ നഷ്ടബാല്യങ്ങള്‍ക്ക്, കിട്ടാതെ പോയ സ്വൈര്യ ജീവിതത്തിന് ആരാണ് മറുപടി പറയേണ്ടത്? ഈ കുഞ്ഞുങ്ങളുമങ്ങനെയാണ്. നീണ്ട വെടിയൊച്ചകളുടെ, ചോരക്കടലുകളുടെ ഇടയില്‍ നിന്ന് മനസ് മരവിച്ചുപോയവര്‍, ഭയത്തിന്‍റെ ചിറകടിയൊച്ചകള്‍ ഉറക്കം നഷ്ടപ്പെടുത്തിയവര്‍.

ലിബിയയിലെ സര്‍ത്തില്‍ ഏഴ് മാസത്തോളം നീണ്ടുനിന്ന ഐ.എസ് ആക്രമണം. അന്ന് നിരവധി രാജ്യങ്ങളില്‍ നിന്ന് ഐ.എസ്സിനൊപ്പം ചേരാന്‍ ആള്‍ക്കാരെത്തി. പലരും ഭാര്യയും മക്കളുമായി കുടുംബത്തോടൊപ്പമാണ് എത്തിയത്. അതില്‍ പലരും കൊല്ലപ്പെട്ടു. അന്ന്, അനാഥരായത് ഇരുപതിലേറെ കുഞ്ഞുങ്ങളാണ്. ആ കുഞ്ഞുങ്ങള്‍ ലിബിയയിലെ റെഡ് ക്രസന്‍റ് എന്ന അഭയകേന്ദ്രത്തിലാണിപ്പോള്‍. അതിലൊരാളാണ് ജുമാന. മൂന്നു വര്‍ഷം മുമ്പാണ് ജുമാനയുടെ മാതാപിതാക്കള്‍ ജുമാനയും, സഹോദരങ്ങളുമായി ലിബിയയിലെത്തുന്നത്. 

ജുമാനയുടെ മുത്തശ്ശനും മുത്തശ്ശിയും ഈജിപ്തിലുണ്ട്. മൂന്നു വര്‍ഷത്തോളമായി ഇവര്‍ അവരുടെ പേരക്കുട്ടിയെ കണ്ടിട്ട്. 2015 ലാണ് ഇവരുടെ മകന്‍ കുട്ടികളെയുമെടുത്ത് ലിബിയയിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ ചേരാനായി വീടുവിട്ടത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം മകന്‍ കൊല്ലപ്പെട്ടു. അതോടെ അവരുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു. 

''അവര്‍ പോയ ശേഷം ഞാനുറങ്ങിയിട്ടില്ല. രാവും പകലും ഞാന്‍ കരയുകയായിരുന്നു. അവരെപ്പോഴും എന്‍റെ ഓര്‍മ്മയിലെത്തും. ഒരു നിമിഷം പോലും എനിക്കവരെ മറക്കാനായിട്ടില്ല. '' ജുമാനയുടെ മുത്തശ്ശി കുഞ്ഞുങ്ങളെയോര്‍ത്ത് കരയുന്നു. 

ജുമാനയും സഹോദരനും അനേകം കുഞ്ഞുങ്ങള്‍ക്കൊപ്പം ലിബിയയിലെ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് വര്‍ഷത്തോളമായി ലിബിയന്‍ റെഡ് ക്രസന്‍റിനു കീഴിലാണ് ഈ കുഞ്ഞുങ്ങള്‍. ജുമാനയ്ക്ക് ഈജിപ്തിലെ ജീവിതം ഓര്‍മ്മയുണ്ട്. അവളുടെ മുത്തശ്ശനെ, മുത്തശ്ശിയെ, ആന്‍റിയെ. മുത്തശ്ശിയുടെ പേര് അസീസ എന്നാണെന്നവള്‍ ഓര്‍ക്കുന്നുണ്ട്. 

റെഡ് ക്രസന്‍റിന് കീഴിലുള്ള ഈ കുഞ്ഞുങ്ങളിലേറെയും ഈജിപ്തില്‍ നിന്നുള്ളവരാണ്. സുഡാന്‍ പോലെയുള്ള രാജ്യങ്ങള്‍ അവരുടെ രാജ്യത്തെ കുട്ടികളെ തിരികെ കൊണ്ടുപോയിരുന്നു. 

ഫൈസലെന്ന മാനസികാരോഗ്യ വിദഗ്ദ്ധനാണ് കുഞ്ഞുങ്ങളെ നോക്കുന്നത്. അവരവിടെ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ എങ്ങനെയായിരുന്നുവെന്ന് ഫൈസല്‍ ഓര്‍ക്കുന്നു. ''രാത്രിയില്‍ അവര്‍ക്ക് ഉറങ്ങാനായിരുന്നില്ല. ഉറക്കമില്ലായ്മ (insomnia) ആയിരുന്നു ഈ കുഞ്ഞുങ്ങള്‍ നേരിട്ട പ്രധാന പ്രശ്നം. മൂത്രം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ അസുഖങ്ങളും അവരെ അലട്ടിയിരുന്നു. പാനിക് അറ്റാക്ക് (അമിത ഉത്കണ്ഠയില്‍ നിന്നും മറ്റുമുണ്ടാകുന്ന അറ്റാക്കുകള്‍, കൈകാലുകള്‍ വിറയ്ക്കുക, തളരുക തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയത്) ഇവയെല്ലാം കുഞ്ഞുങ്ങളനുഭവിച്ചിരുന്നു. ഇപ്പോള്‍ മാറ്റമുണ്ട്. ''

നിരന്തരമായ വെടിവയ്പ്പുകളും, കൊലകളും, കൊലക്കളങ്ങളുമാണ് ഈ കുഞ്ഞുങ്ങളെന്നും കണ്ടിരുന്നത്. ഏഴ് മാസത്തോളം സര്‍ത്തേയില്‍ ഐ.എസ്സിന്‍റെ അക്രമം തുടര്‍ന്നു. ജുമാനയടക്കമുള്ള കുഞ്ഞുങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. പിതാവിനെ കൂടാതെ, മാതാവിനേയും ഒരു സഹോദരനേയും കൂടി ജുമാനയ്ക്ക് നഷ്ടപ്പെട്ടിരുന്നു. 

കുഞ്ഞുങ്ങളെ രാജ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഈജിപ്തിലെ അധികൃതര്‍ മറുപടി പറഞ്ഞിരുന്നില്ലെന്നും, അതിനുള്ള നടപടികള്‍ നടക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ബിബിസി വ്യക്തമാക്കുന്നു. മാസങ്ങളായി ഇത്തരം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ കുഞ്ഞുങ്ങളിനിയുമെത്ര നാള്‍ ഈ അഭയകേന്ദ്രത്തില്‍ തുടരേണ്ടി വരുമെന്ന് പറയുക സാധ്യമല്ല. 

കടപ്പാട്: ബിബിസി