ഡോ. വീണ ജെ.എസ് എഴുതുന്നു

ഒന്ന് മുതല്‍ അഞ്ചു മൈക്രോണ്‍ വരെ വലിപ്പമുള്ള കണികകള്‍ക്കു ശ്വാസകോശത്തെ പതുക്കെ പതുക്കെ, പൂര്‍ണമായും നാശത്തിലേക്കു കൊണ്ടുപോകാന്‍ കഴിയും. ചെറിയ ചുമ, ശ്വാസംമുട്ടല്‍ എന്നിങ്ങനെയുള്ള ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകള്‍ക്കും ഇവ കാരണമായേക്കാം. 

A big No ആണ് ഉത്തരം. പൗഡറിലുള്ള കുഞ്ഞുകുഞ്ഞു കണികകള്‍ കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു ശ്വാസകോശഅറകളില്‍ കയറിയിരുന്നു വലിയ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇനി കുഞ്ഞിന് പൗഡര്‍ ഇട്ടേ തീരൂ എന്നാണ് വീട്ടിലുള്ള വില്ലന്മാരുടെ ആഗ്രഹമെങ്കില്‍, കുഞ്ഞ് കിടക്കുന്ന റൂമില്‍ നിന്നും മറ്റൊരു റൂമിലേക്ക് പോയി കയ്യിലെടുത്തു നന്നായി തുടച്ചശേഷം കുഞ്ഞിന്റെ റൂമിലേക്ക് പോയി ദേഹത്ത് തൊടുക. അത്രക്കും ഭീകരന്മാരാണ് പൗഡറിന്റെ കുഞ്ഞുകണികകള്‍. 

'ഓഹ് നമ്മളിതൊക്കെ എത്ര ഇട്ടിരിക്കുന്നു, ഇതുവരെ കുഴപ്പമുണ്ടായില്ലല്ലോ' എന്നു പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാ!

ഒന്ന് മുതല്‍ അഞ്ചു മൈക്രോണ്‍ വരെ വലിപ്പമുള്ള കണികകള്‍ക്കു ശ്വാസകോശത്തെ പതുക്കെ പതുക്കെ, പൂര്‍ണമായും നാശത്തിലേക്കു കൊണ്ടുപോകാന്‍ കഴിയും. ചെറിയ ചുമ, ശ്വാസംമുട്ടല്‍ എന്നിങ്ങനെയുള്ള ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകള്‍ക്കും ഇവ കാരണമായേക്കാം. 

വര്‍ഷങ്ങളായി ടാല്‍കം പൗഡര്‍ മണത്തുനോക്കുന്ന സ്വഭാവമുണ്ടായിരുന്ന ഒരു വ്യക്തിയുടെ രോഗവിവരങ്ങള്‍ അറിയാന്‍ ഈ ലിങ്ക് നോക്കുക.

പൗഡര്‍ ടിന്‍ ഒരു കാരണവശാലും കുഞ്ഞിന് കളിക്കാന്‍ കൊടുക്കരുത്. എങ്ങാനും മൂടി തുറന്നു കുഞ്ഞിന്റെ മുഖത്തേക്ക് വീണാല്‍ വലിയ അപകടം നടന്നേക്കാം. പെട്ടെന്നുള്ള വെപ്രാളത്തില്‍ കുഞ്ഞ് വലിയ ശക്തിയോടെ ശ്വാസം ഉള്ളിലേക്ക് എടുക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, ഈ കുഞ്ഞുകണികകള്‍ ശ്വാസകോശത്തിനുള്ളില്‍ എത്തി കുഞ്ഞുശ്വാസനാളികളെ ബ്ലോക്ക് ചെയ്യാനിടയാകും. അതുപോലെതന്നെ, കൊച്ചുകുട്ടികളെക്കൊണ്ട് കുഞ്ഞുകുട്ടികളെ പൗഡറിട്ട് ഒരുക്കാന്‍ അനുവദിക്കരുത്. നേരത്തേ സൂചിപ്പിച്ചത്പോലെയുള്ള അപകടം ഉണ്ടാവാം. 

കുഞ്ഞ് കിടക്കുന്ന മുറിയില്‍ വച്ചു പൗഡര്‍ പാത്രം തുറക്കാതിരിക്കുക. കുഞ്ഞ് കിടക്കുന്ന മുറിയില്‍ വെച്ച് പൗഡര്‍ പാത്രം തുറന്നിടുമ്പോള്‍ പൗഡറിന്റെ കുറേ കണികകള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാം. അത് മുഴുവന്‍ കുറച്ച് നേരത്തിനുള്ളില്‍ കുഞ്ഞ് വലിച്ചെടുക്കും! 

കുഞ്ഞുള്ള വീടുകളില്‍ ചന്ദനത്തിരി സാംബ്രാണിത്തിരി കൊതുകുതിരി എന്നിവ കത്തിക്കുന്നത് ഇതുപോലെ തന്നെ അപകടം ഉള്ള കാര്യങ്ങളാണ്. ദയവു ചെയ്ത് ഒഴിവാക്കുക. ഭഗവാന് ഇപ്പറഞ്ഞ സാധനങ്ങളൊന്നും ദോഷം വരുത്തില്ല. അതിന് മിനിമം ഒരു ശ്വാസകോശമെങ്കിലും വേണം! 

ഡയപ്പര്‍ റാഷ് ഉള്ളതിന്റെ മുകളില്‍ പൗഡര്‍ ഇടുന്നത് ചില കുട്ടികളില്‍ കൂടുതല്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. ബേബി പൗഡറുകളില്‍ ചിലതില്‍ ടാല്‍കം പൗഡറിന് പകരം ധാന്യപ്പൊടി ഉപയോഗിക്കുന്നത് ഇത്തരം ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ ആണ്. 

മിക്ക ബേബി പൗഡറുകളുടെയും talc safetyയെ കുറിച്ച് വായിക്കുകയാണെങ്കില്‍ hypoallergic എന്നൊരു വാക്ക് കാണാന്‍ കഴിയും. അതായത് കുറഞ്ഞ രീതിയിലേ അലര്‍ജി ഉണ്ടാക്കു എന്ന്! അലര്‍ജി ഉണ്ടാക്കില്ല എന്ന് വാക്ക് തന്നിട്ടില്ല എന്ന് സാരം! 

ഏതൊരു വസ്തുവും എപ്പോള്‍ വേണെങ്കിലും അലര്‍ജി ഉണ്ടാക്കാം. ഉദാഹരണത്തിന് കണ്മഷി. മൂന്നാംവര്‍ഷ MBBSന് പഠിക്കുമ്പോഴാണ്. പരീക്ഷയുടെ തലേന്ന് കണ്മഷി പ്രാന്ത്! കുറച്ചെടുത്തിട്ടു, അതിന്റെ നീറ്റല്‍ സുഖം abuse ചെയ്തു പഠിച്ചോണ്ടിരുന്നു പിന്നെ ഉറങ്ങി. രാത്രി എന്തോ ഒരു അസ്വസ്ഥത തോന്നി എണീറ്റു. കണ്ണാടി നോക്കിയപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. കണ്ണിന്റെ വെള്ളഭാഗം കുഴിഞ്ഞിരിക്കുന്നു. കണ്ണിനു മുകളിലെ നേര്‍ത്ത സ്തരത്തിന് നീര. നല്ല ചൊറിച്ചിലും നീരൊലിപ്പും. പിന്നെ ചുമയും ശ്വാസംമുട്ടലും കൂടി തലപൊക്കി തുടങ്ങിയപ്പോള്‍ ഓടിപ്പോയി life saving injection എടുക്കേണ്ടി വന്നു. പിന്നെ ഇങ്ങോട്ട് കണ്മഷി ഇട്ടിട്ടില്ല. 

ഇടക്ക് ആഗ്രഹം വരുമ്പോള്‍ മണത്തുനോക്കും. ഈയിടെ മണവും suffocating ആണ്! ചന്ദനത്തിരി, കൊതുകുതിരി, പെയിന്റ് മണം എല്ലാം ഇതേക്കണക്ക്! 

ആസ്ത്മയുള്ളവരില്‍ ഇതൊക്കെ എപ്പോ വേണെങ്കിലും മാരകമായേക്കാം. 

സൂക്ഷിക്കുക. കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിടുക.