ജറൂസലേം: സംഘര്‍ഷത്തിനിടെ ഫലസ്തീന്‍കാരന്റെ പഴക്കടയില്‍നിന്നും ഇസ്രായേലി സൈനികന്‍ പഴങ്ങള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ഗാസയിലും ജറൂസലേമിലും വെസ്റ്റ് ബാങ്കിലും സംഘര്‍ഷം രൂക്ഷമായതിനിടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് സൈനികനെ സസ്‌പെന്റ് ചെയ്തതായി ഇസ്രോയലി സൈന്യത്തെ ഉദ്ധരിച്ച് ഇസ്രായേലി പത്രം ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. 

വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിലാണ് സംഭവം. ഇസ്രായേല്‍ സൈന്യത്തിലെ ഗിവാതി ഇന്‍ഫന്‍ട്രി ബ്രിഗേഡിലെ സ്‌ക്വാഡ് ലീഡറാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. ഹെബ്രോണില്‍ സംഘര്‍ഷം നടക്കുന്നതിനിടെ ഇയാള്‍ സമീപത്തെ ഫലസ്തീന്‍കാരന്റെ കടയില്‍നിന്നും പഴങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തൊട്ടപ്പുറത്ത് ഒളിഞ്ഞിരുന്ന ഫലസ്തീന്‍ കച്ചവടക്കാരന്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പിന്നീട് ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തു. ഇത് വൈറലായതിനെ തുടര്‍ന്നാണ് സൈനികനെതിരെ നടപടി എടുത്തതായി ഇസ്രായേലി സൈന്യം അറിയിച്ചത്.