രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടനിൽ ജീവിച്ചിരുന്ന ഒരു പ്രശസ്‍ത മാന്ത്രികനായിരുന്നു ജാസ്‍പർ മാസ്‌കലൈന്‍. ജാലവിദ്യയുടെ മഹത്തായ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ നെവിൽ മാസ്‌കലൈനും, അപ്പൂപ്പൻ ജോൺ നെവിൽമാസ്‌കലൈനും പ്രശസ്‍ത ജാലവിദ്യക്കാരായിരുന്നു. അവരുടെ പരാമ്പര്യം പിന്തുടർന്ന് ജാസ്‍പറും ഒരു മാന്ത്രികനായി മാറി. മന്ത്രികനെന്നതിലും ഉപരി രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സൈനിക വ്യൂഹത്തിൽ സേവനം അനുഷ്ഠിച്ച വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം കൂടുതലും ഓർക്കുന്നത്. എന്നാൽ, അദ്ദേഹത്തെ കുറിച്ച് കേട്ട മഹത്തായ പല വീരകഥകളും ശുദ്ധ നുണകളാണ് എന്ന ആരോപണവും പില്‍ക്കാലത്ത് ഉയര്‍ന്നുവന്നു.   

രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തിൽ ചേരുന്നത്. യുദ്ധത്തിൽ നാസി ജർമ്മനിയെ തോൽപിക്കാൻ ഒരു ജാലവിദ്യക്കാരനെന്ന നിലയിൽ തന്‍റെ കഴിവുകൾ ഉപയോഗിച്ചതായി അദ്ദേഹം തന്നെ അവകാശപ്പെടുന്നു. 1949 -ൽ അദ്ദേഹത്തിന്‍റെ ഒരു പുസ്‍തകം, 'മാജിക്: ടോപ്പ് സീക്രട്ടി'ൽ അദ്ദേഹം നടത്തിയ സൈനിക സാഹസങ്ങളെ കുറിച്ച് പറയുന്നുണ്ട്. തന്നെ നായകനാക്കി പല വീരകഥകളും അദ്ദേഹം അതിൽ എഴുതിച്ചേർത്തു. ഈ യുദ്ധകാലത്തെ വീരചരിതങ്ങളാണ് അദ്ദേഹത്തെ ശരിക്കും പ്രശസ്‍തനാക്കിയത്. ഇതിഹാസമായി മാറിയ ആ കഥകളെ അടിസ്ഥാനമാക്കി ലേഖനങ്ങൾ, ഡോക്യുമെന്‍ററികൾ, ചിത്രങ്ങൾ എന്നിവ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, പല കഥകളും ഒരു കാർട്ടൂണിനെക്കാളും വിചിത്രമായിരുന്നു. 'യുദ്ധചുമതലകളിൽ അദ്ദേഹത്തെ സഹായിക്കാൻ അദ്ദേഹം ഒരു 'മാജിക് ഗാംഗ്' ഉണ്ടാക്കി. അതിൽ ഒരു മരപ്പണിക്കാരൻ, ഇലക്ട്രീഷ്യൻ, വാസ്‍തുശില്‍പി, രസതന്ത്രജ്ഞൻ, സ്റ്റേജ്-സീനറി നിർമ്മാതാവ്, ചിത്രകാരൻ എന്നിവരുൾപ്പെട്ടു. അവരോടൊപ്പം അദ്ദേഹം ഒന്നിനുപുറകെ ഒന്നായി ഓരോ ജാലവിദ്യകൾ കാണിച്ച് ശത്രുവിനെ കബളിപ്പിച്ചു യുദ്ധം ജയിച്ചു' എന്നാണ് കഥ.   

അതും ചില്ലറ കാര്യമൊന്നുമല്ല അദ്ദേഹം ചെയ്‍തായി അവകാശപ്പെടുന്നത്. ആദ്യമായി അദ്ദേഹം ജാലവിദ്യായി ഒരു ചെറിയ ബലൂൺ മോഡലും കണ്ണാടികളും ഉപയോഗിച്ച് അസാമാന്യ വലുപ്പമുള്ള ഒരു ഫ്ലോട്ടിംഗ് കപ്പൽ സൃഷ്ടിച്ചുവത്രെ. ഇത് മേലുദ്യോഗസ്ഥരിൽ മതിപ്പുളവാക്കാൻ കാരണമായിയെന്നും പറയപ്പെടുന്നു. എന്നാൽ, അതിന്റെ ചിത്രമോ വിവരങ്ങളോ ചരിത്രത്തിൽ എവിടെയും പരാമർശിച്ചിട്ടില്ല എന്നതാണ് വാസ്‍തവം.  

അതുപോലെ അലക്സാണ്ട്രിയ തുറമുഖത്തിന്‍റെ ഡമ്മിയുണ്ടാക്കിയതാണ് പുസ്‍തകത്തിൽ പറയുന്ന അദ്ദേഹം ചെയ്‍ത മറ്റൊരു ജാലവിദ്യ. ആ കഥയിതാണ്: 'അലക്സാണ്ട്രിയ തുറമുഖം സഖ്യകക്ഷികൾക്ക് നിർണായകമായിരുന്നു. അവരുടെ കപ്പലുകൾ അവിടെയായിരുന്നു നങ്കൂരമിട്ടിരുന്നത്. സ്വാഭാവികമായും, ശത്രുക്കൾ അതിനെ നശിപ്പിക്കാൻ ആഗ്രഹിച്ചു. അത് തടയേണ്ട ചുമതല ജാസ്‍പറിനായിരുന്നു. തുറമുഖം വളരെ വലുതായിരുന്നു. ധാരാളം കപ്പലുകളുള്ള അത് മറച്ച് വയ്ക്കാൻ സാധ്യമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന് അതൊക്കെ നിസ്സാരമായിരുന്നു. അദ്ദേഹം തന്റെ ജാലവിദ്യ ഉപയോഗിച്ച് അതിന്റെ അടുത്തായി വേറെ ഒരു തുറമുഖം അങ്ങ് സൃഷ്ടിച്ചു. കാർഡ്‌ബോർഡും ചെളിയും ഉപയോഗിച്ച് ഡമ്മി കപ്പലുകളും വീടുകളും സൃഷ്ടിച്ചു. എന്നിട്ട് അത് ഇടക്കിടെ കത്തിച്ചു. തങ്ങളുടെ മിസൈലുകളാണ് തുറമുഖത്തെ കത്തിക്കുന്നതെന്ന് കരുതി ശത്രുക്കൾ അവിടെ കൂടുതൽ മിസൈലുകൾ നിക്ഷേപിച്ചു. ഇതിനിടയിൽ യഥാർത്ഥ തുറമുഖം അതുപോലെ തുടർന്നു.'  എന്നാൽ സത്യത്തിൽ അത്തരമൊന്ന് നടന്നതായി ഔദ്യോഗികരേഖകളിൽ എവിടെയും പറയുന്നില്ല.

അദ്ദേഹത്തിന്‍റെ അടുത്ത വീരവാദം നാസി വിമാനങ്ങളുടെ ആക്രമണത്തിൽ  നിന്ന് സൂയസ് കനാലിനെ രക്ഷിച്ചതിനെ കുറിച്ചായിരുന്നു. പൈലറ്റുമാരെ അന്ധരാക്കാൻ അദ്ദേഹം ഒരുപാട് കണ്ണാടികൾ ഘടിപ്പിച്ച ഒരു യന്ത്രം നിർമ്മിച്ചു. അത് വേഗത്തിൽ കറക്കിക്കൊണ്ടിരുന്നപ്പോൾ കണ്ണാടിയുടെ പ്രതിഫലനം ശത്രുക്കളുടെ കാഴ്‍ചയെ മറച്ചു. മാത്രമല്ല, ശത്രു പൈലറ്റുമാരെ വഴിതിരിച്ചുവിടാനും, വിമാനങ്ങൾ തകരാനും ഇത് കാരണമായി. എന്നാൽ, അദ്ദേഹം അത്തരമൊരു യന്ത്രം ഉണ്ടാക്കിയെങ്കിലും അതൊരിക്കലും ഉപയോഗിച്ചില്ലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 

യുദ്ധത്തിന്റെ ഔദ്യോഗിക രേഖകളിൽ ജാസ്‍പറിനെക്കുറിച്ച് പരാമർശമൊന്നുമില്ലാത്തതും, അദ്ദേഹത്തിന്‍റെ സ്വന്തം മകൻ തന്നെ അദ്ദേഹത്തിന്‍റെ പുസ്‍തകത്തിൽ വളരെ കുറച്ച് മാത്രമേ സത്യമുള്ളൂ എന്ന് പറഞ്ഞതും അദ്ദേഹത്തിന്റെ ഈ അവകാശവാദങ്ങളിൽ വലിയ സംശയം ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പല കഥകളും പൂർണമായ നുണകളായിരുന്നു. ചെറിയ ചില കാര്യങ്ങള്‍ സൈന്യത്തിന്‍റെ ഭാഗമായി നിന്ന് ചെയ്‍തു എന്നതൊഴിച്ചാല്‍ ഇതിലൊന്നും അദ്ദേഹത്തിന് ഒരു പങ്കുമില്ലായിരുന്നുവെന്ന് പറയപ്പെടുന്നു. 

യുദ്ധാനന്തരം ജാസ്‍പര്‍ അപ്രസക്തമായി. തന്റെ തൊഴിലിൽ ഉയരാൻ കഴിയാതിരുന്നതും, അദ്ദേഹത്തിന്റെ യുദ്ധശ്രമങ്ങൾക്ക് യാതൊരു അംഗീകാരവും ലഭിക്കാതിരുന്നതും അദ്ദേഹത്തെ വല്ലാതെ നിരാശനാക്കി. പിന്നീട് ആഫ്രിക്കയിലേക്ക് പോയ അദ്ദേഹം അവിടെ ഒരു ഡ്രൈവിംഗ് സ്‍കൂൾ നടത്തി. ഒടുവിൽ, 1973 -ൽ അദ്ദേഹം അന്തരിച്ചു. ചരിത്രത്തിന്റെ ഏറ്റവും വലിയ നുണകളിൽ ഒന്നാണോ ജാസ്‍പര്‍ മാസ്‌കലൈനിന്‍റെ യുദ്ധകാല  ജാലവിദ്യകൾ? അതേയെന്നാണ് പിന്നീട് വന്ന ചരിത്രകാരന്മാർ തെളിയിക്കുന്നത്.