81 വയസുകാരിയായ ജില്ലി കൂപ്പറിന് 2010 -ലാണ് നായയെ കിട്ടുന്നത് ജില്ലി കൂപ്പറിന്‍റെ 'മൗണ്ട്' എന്ന നോവലില്‍ ബ്ലൂബെല്‍ ഒരു കഥാപാത്രമാണ്

ബ്രിട്ടനിലെ പ്രശസ്തയായ എഴുത്തുകാരിയാണ് ജില്ലി കൂപ്പര്‍. മാധ്യമ പ്രവര്‍ത്തക കൂടിയായിരുന്നു ഇവര്‍. തന്‍റെ വളര്‍ത്തുനായയെ തനിച്ചാക്കാന്‍ വയ്യാത്തതുകൊണ്ട് 22 വര്‍ഷമായി ജില്ലി കൂപ്പര്‍ അവധി ആഘോഷത്തിനൊന്നും പോകാറില്ലത്രേ. 

ജില്ലി കൂപ്പറിന്‍റെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. 81 വയസുകാരിയായ ജില്ലി കൂപ്പറിന് 2010 -ലാണ് നായയെ കിട്ടുന്നത്. അതിനുശേഷം, ബ്ലൂബെല്‍ എന്ന് പേരിട്ടിരിക്കുന്ന നായയെ തനിച്ചാക്കി അവരെവിടെയും പോയിട്ടില്ല. 

ഒരിക്കല്‍ ജില്ലി കൂപ്പറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ ഒരു ഓപ്പറേഷനൊക്കെ കഴിഞ്ഞ് മൂന്നുദിവസത്തിന് ശേഷം തിരിച്ചെത്തിയ ജില്ലി കൂപ്പറിനെ നായ സ്നേഹത്തോടെയാണ് വരവേറ്റത്. പക്ഷെ, മൂന്നു ദിവസം അവന്‍ അവരോട് മിണ്ടാതെ പരിഭവിച്ചിരുന്നു. 

ഒരിക്കല്‍ ബ്ലൂബെല്ലിനെയും കൊണ്ട് നടക്കാനിറങ്ങിയതായിരുന്നു ജില്ലി കൂപ്പര്‍. കുറേ നടന്നുകഴിഞ്ഞപ്പോഴാണ് അവന്‍ വളരെ പിറകിലാണെന്നറിയുന്നത്. ബ്ലൂബെല്ലിന് വഴി തെറ്റാതെ എത്താന്‍ അടയാളത്തിനായി വഴിയില്‍ തന്‍റെ ബ്രാ ഉപേക്ഷിക്കുകയായിരുന്നു ജില്ലി കൂപ്പര്‍. തന്‍റെ സുഹൃത്തും സന്തതസഹചാരിയും കൂടിയാണ് ബ്ലൂബെല്‍ എന്നാണ് ഇവര്‍ പറയുന്നത്.

ജില്ലി കൂപ്പറിന്‍റെ എഴുത്തിലെല്ലാം മൃഗങ്ങളെ കുറിച്ചുണ്ടാകും. മൃഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി എഴുതിയതിന്‍റെ പേരില്‍ പുരസ്കാരത്തിനും അര്‍ഹയായിട്ടുണ്ട്. ജില്ലി കൂപ്പറിന്‍റെ 'മൗണ്ട്' എന്ന നോവലില്‍ ബ്ലൂബെല്‍ ഒരു കഥാപാത്രമാണ്.