ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഒരു ചോദ്യം.

'എങ്ങനെയാണ് മകന്‍ അമൃത മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്സിനും പിന്നെ എംഡിക്കും പഠിച്ചത്?'
'ലോണ്‍ എടുത്ത്'
'എത്രയാണ് ലോണ്‍?'
'ഒരു വര്‍ഷം ഒരുലക്ഷത്തിന് മുകളില്‍. ആകെ ലോണ്‍ 6 ലക്ഷം രൂപ'
'6ലക്ഷം രൂപകൊണ്ട് എംബിബിഎസ്സും എംഡിയും പഠിക്കാനോ? അമൃതയില്‍ MBBS പഠിക്കാന്‍ തന്നെ ഒരു കോടിക്കടുത്ത് ഫീസുവേണം എന്നാണല്ലോ കേള്‍ക്കുന്നത്' 
'അത് എനിക്ക് അറിയില്ല'
'എത്രയാണ് മകന് ചിലവായ ഫീസ്?'
'ഫീസ് എത്രയെന്ന് കോളേജില്‍ ചോദിക്കണം.എനിക്ക് ഓര്‍മ്മയില്ല'.

പിണറായി സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുമായി ഒപ്പിട്ട കരാറിലെ ഫീസ് എന്തുകൊണ്ട് വിദ്യാത്ഥികളെ പിഴിയുന്നതാണെന്ന് ഇഴകീറി വിശദീകരിച്ച നേതാവാണ്. പക്ഷെ സ്വന്തം മകന് മുടക്കിയ ഫീസ് എത്രയെന്ന് രമേശ് ചെന്നിത്തലക്ക് അറിയില്ല.

......................................................................................

രംഗം മറ്റൊരു പോയിന്റ് ബ്ലാങ്ക്. അതിഥി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷ നേതാക്കളുടെ മക്കള്‍ സ്വാശ്രയ കോളേജില്‍ പഠിക്കുന്നതിനേക്കുറിച്ചുള്ള ചോദ്യം. മറുപടി ഇങ്ങനെ
'പോയിന്റ് ബ്ലാങ്കില്‍ രമേശ് ചെന്നിത്തല പറഞ്ഞല്ലോ, അദ്ദേഹത്തിന്റെ മകന്‍ ലോണെടുത്താണ് പഠിക്കുന്നതെന്ന്. അതുപോലെ ഇടതുപക്ഷ നേതാക്കളുടെ മക്കള്‍ക്ക്പഠിച്ചുകൂടെ'?

'ആറു ലക്ഷം രൂപകൊണ്ട് അമൃതയില്‍ പഠിച്ചെന്നാണ് ചെന്നിത്തലയുടെ വിചിത്രമായ ന്യായം. അത് വിശ്വസിക്കുന്നോ?'

'അതെനിക്ക് അറിയില്ല. ലോണെടുത്താണ് പഠിച്ചതെന്ന് പറഞ്ഞകാര്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്' 

...............................................................................

സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് മെറിറ്റ് സീറ്റില്‍ അറുപത്തിഅയ്യായിരം രൂപ കൂടുതല്‍ വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ സമ്മതിച്ചതിനെതുടര്‍ന്നുണ്ടായ വിവാദത്തിനിടെയാണ് സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിച്ച നേതാക്കളുടെ മക്കളുടെ കാര്യം ചര്‍ച്ചയായത്.

നിയമസഭയില്‍ ആരോഗ്യമന്ത്രി ഇതേക്കുറിച്ച് സൂചിപ്പിച്ചതിന് പിന്നാലെ യുഡിഎഫ് നേതാക്കളുടെ പട്ടിക പുറത്തുവന്നു. രമേശ് ചെന്നിത്തലക്ക് പുറമേ ഉണ്ടായിരുന്ന പേരുകള്‍ ഇവയാണ്. എം കെ മുനീര്‍ (എം ഇ എസ് മെഡിക്കല്‍ കോളേജ്), അബ്ദുറബ്ബ് (അമല), എന്‍ ഷംസുദ്ദീന്‍ MLA (കരുണ). ആകെ 25 യുഡിഎഫ് എംഎല്‍എമാരുടെ മക്കള്‍ സ്വാശ്രയത്തില്‍ പഠിച്ചിട്ടുണ്ടെന്ന് എം സ്വരാജ് MLA മാതൃഭൂമി ചാനലിലെ ചര്‍ച്ചയില്‍ പറയുകയും ചെയ്തു.

അടുത്ത ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് യുത്ത് കോണ്‍ഗ്രസ് എതിര്‍പക്ഷത്തെ പേരുകളുമായി തിരിച്ചടിച്ചു. പിണറായി വിജയന്റെ രണ്ട് മക്കള്‍ പഠിച്ചത് സ്വാശ്രയ സ്ഥാപനങ്ങളില്‍. (മെഡിസിന് അല്ല). എം വിജയകുമാര്‍ (മോഹന്‍ദാസ് എഞ്ചിനിയറിംഗ് കോളേജ്). എസ് ശര്‍മ (അമൃത മെഡിക്കല്‍കോളേജ്), വി എന്‍ വാസവന്‍ (ഗോകുലം മെഡിക്കല്‍ കോളേജ്). കൂടാത വി എസ്സിന്റെ കൊച്ചുമകള്‍ പഠിച്ചതും അമൃത മെഡിക്കല്‍ കോളേജില്‍. 

താത്വിക പ്രശ്‌നങ്ങള്‍ പോട്ടെ, ലിസ്റ്റില്‍ പേര് വന്ന ഒരു നേതാവും എങ്ങനെയാണ് മക്കളെ ഇത്രയും ഫീസ് കൊടുത്ത് പഠിപ്പിച്ചതെന്ന വിശദീകരണവുമായി വന്നില്ല. അത് ഒരു ആവശ്യമായി ഒരു നേതാവിനും തോന്നിയതുമില്ല.

പക്ഷെ പെട്ടന്നുതന്നെ ഇരുപക്ഷവും വെടിനിര്‍ത്തി. ഏത് ലിസ്റ്റ്, ഏത് മക്കള്‍ എന്ന മട്ടിലായി നേതാക്കള്‍. അതൊഴിച്ചുള്ള ആരോപണങ്ങളെല്ലാം ശക്തിയുക്തം ഉന്നയിക്കുന്നത് തുടരുകയും ചെയ്തു. 

സ്വാശ്രയ കോളേജുകള്‍ക്കെതിരെ തലപൊട്ടിയൊലിച്ച ചോരകൊണ്ട് തെരുവുകളെ ചുവപ്പിച്ചവരുടെ നേതാക്കളേക്കുറിച്ചാണ് ആരോപണം. അവരുടെ ഉളുപ്പാണ് വിഷയം. സ്വാശ്രയ കോളേജുകാര്‍ എ കെ ആന്റണിയെ പറ്റിച്ചവരാണന്ന് വിലപിച്ചവര്‍ തന്നെ മക്കളെ ആ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചതുമാണ് വിഷയം. പക്ഷെ ഒന്നും സംഭവിച്ചില്ല.

താത്വിക പ്രശ്‌നങ്ങള്‍ പോട്ടെ, ലിസ്റ്റില്‍ പേര് വന്ന ഒരു നേതാവും എങ്ങനെയാണ് മക്കളെ ഇത്രയും ഫീസ് കൊടുത്ത് പഠിപ്പിച്ചതെന്ന വിശദീകരണവുമായി വന്നില്ല. അത് ഒരു ആവശ്യമായി ഒരു നേതാവിനും തോന്നിയതുമില്ല. അങ്ങോട്ട് കണക്ക് ചോദിച്ചപ്പോള്‍ രമേശ് ചെന്നിത്തല നല്‍കിയതാകട്ടെ വിചിത്രമായ വിശദീകരണവും. കുറേക്കാലം മുന്‍പ് ഈ വിഷയം ചര്‍ച്ച ആയപ്പോള്‍ പിണറായി വിജയന്റെ നിലപാട് അതേക്കുറിച്ച് മറുപടി പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു!

ഫീസ് കുറച്ചില്ലെങ്കില്‍ കുട്ടികള്‍ എങ്ങനെ പഠിക്കുമെന്ന വേവലാതിയില്‍ സമരം നടത്തിയ പ്രതിപക്ഷ നേതാക്കളെ, കോടിക്കടുത്ത് രൂപ വേണ്ടിവരുന്ന ഫീസ് എങ്ങനെയാണ് കൊടുത്ത് എന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ വിശദീകരിക്കാത്തത്.

സ്വാശ്രയ കോളേജുകള്‍ക്കെതിരായ സമരം പഴയ കമ്പ്യൂട്ടറിനതിരായ സമരം പോലെയല്ലേ എന്ന് ഒരു നേതാവ് സ്വകാര്യസംഭാഷണത്തില്‍ ചോദിച്ചു. അതിന്റെ കാലം കഴിഞ്ഞെന്നും. ശരിയാണ്. സ്വാശ്രയ കോളേജുകള്‍ ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. പണം ഉള്ളവരുടെ മക്കള്‍ അവിടെ പഠിക്കുകയും ചെയ്യും. പക്ഷെ ഇടതുപക്ഷം നിലപാട് മാറ്റിയിട്ടില്ലോ. കഴിഞ്ഞ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും അത് അച്ചടിച്ചിട്ടുണ്ട്. അപ്പോള്‍ ഏത് ചോരയില്‍ ചവുട്ടിനിന്നുകൊണ്ടാണ് നേതാക്കളെ നിങ്ങള്‍ നിങ്ങളുടെ മക്കളെ സ്വാശ്രയകോളേജുകളില്‍ പഠിപ്പിച്ചത്.

ഫീസ് കുറച്ചില്ലെങ്കില്‍ കുട്ടികള്‍ എങ്ങനെ പഠിക്കുമെന്ന വേവലാതിയില്‍ സമരം നടത്തിയ പ്രതിപക്ഷ നേതാക്കളെ, കോടിക്കടുത്ത് രൂപ വേണ്ടിവരുന്ന ഫീസ് എങ്ങനെയാണ് കൊടുത്ത് എന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ വിശദീകരിക്കാത്തത്.

പിണറായി അങ്കിളെന്നും രമേശ് മാമനെന്നും ഒക്കെ നേതാക്കളുടെ മക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. മുന്നണി വ്യത്യാസമില്ലാതെ. പലരുടേയും കുടുംബങ്ങള്‍ തമ്മില്‍ സഹൃദങ്ങളുമുണ്ട്. അതുകൊണ്ട് ചിലതൊക്കെ കണ്ണടയ്ക്കുമായിരിക്കും. അല്ലെങ്കില്‍ അത് തിരിഞ്ഞുകൊത്തുമെന്ന പേടിയായിരിക്കും.

പക്ഷെ നിങ്ങള്‍ കഴിഞ്ഞ ആഴ്ചവരെ തെരുവിലിറക്കിവിട്ട കുട്ടികള്‍ പലരും ഇപ്പോള്‍ ആശുപത്രി കിടക്കകളിലാണ്. കഴിഞ്ഞ വര്‍ഷം വരെ സമരം ചെയ്തവര്‍ ഇപ്പോള്‍ കോടതികള്‍ കയറി ഇറങ്ങുകയാണ്. ആ കുട്ടികളോട്, അവരുടെ കുടുംബങ്ങളോട് നിങ്ങള്‍ എന്ത് സമാധാനം പറയും?

ഈ പംക്തിയി്ല്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

ബാറുകള്‍ പൂട്ടിയിട്ടും മദ്യപാനം കുറഞ്ഞില്ലെന്ന് ആര് പറഞ്ഞു?

സ്കൂളുകള്‍ ഏറ്റെടുത്താല്‍ പ്രശ്നം തീരുമെന്ന് ആര് പറഞ്ഞു?

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കാന്‍ പറ്റുമോ?

എന്റമ്മോ.... പുളു!

അസൂയ എനിക്ക് സഹിക്കാൻ വയ്യേ..

കേരളത്തിലെ 'ഐഎസ്' അക്രമങ്ങളെ ആര് തടുക്കും?

അതെങ്ങനെ ലൗ ജിഹാദ് ആവും?

അകറ്റിനിര്‍ത്തുന്നത് മാധ്യമങ്ങളെയല്ല സര്‍, ജനങ്ങളെ!

ആരാണ് ആ ഡോക്ടറെ കൊന്നത്?​