Asianet News MalayalamAsianet News Malayalam

ബാറുകള്‍ പൂട്ടിയിട്ടും മദ്യപാനം കുറഞ്ഞില്ലെന്ന് ആര് പറഞ്ഞു?

Jimmy james on Impacts of Kerala bar closure
Author
Thiruvananthapuram, First Published Jun 7, 2016, 2:48 AM IST

Jimmy james on Impacts of Kerala bar closure

പന്നിമലത്ത് എന്നൊരു ചീട്ടുകളിയുണ്ട്. BLUFF എന്നൊക്കെ സായിപ്പ് പറയും. കയ്യിലിരിക്കുന്ന ചീട്ടുകള്‍ ഏതോ കൂടിയ ഇനമാണെന്ന് ഭാവിച്ച് പണം കളത്തിലേക്ക് ഇറക്കുന്ന കളി. അത് തെറ്റോ ശരിയോ ആകാം.  അറിയണമെങ്കില്‍ അതിലും കൂടുതല്‍ പണം ഇറക്കി മറ്റൊരാള്‍ ചീട്ട് കാണിക്കാന്‍ പറയണം. വിലയില്ലാത്ത ചീട്ടായിരുന്നെന്ന് തെളിഞ്ഞാല്‍ കൈ കാണിക്കാന്‍ പറഞ്ഞ ആള്‍ക്ക് പണമെല്ലാം എടുക്കാം. മറിച്ചാണെങ്കില്‍ എല്ലാം മറ്റവന്‍ കൊണ്ടുപോകും. ഏഴാംകൂലി കാര്‍ഡുകള്‍ മാത്രം കൈയ്യിലുള്ളവന്റെ ആത്മവിശ്വാസം കണ്ട് പേടിച്ച് മറ്റുള്ളവര്‍ കളിവിട്ടപോകുമ്പോഴാണ് രസം.​

ബാറുകള്‍ പൂട്ടിയതുകൊണ്ട് മദ്യപാനം കൂടിയെന്ന് പറയുന്ന നേതാക്കള്‍ അതിന് അടിസ്ഥാനം എന്തെന്ന് മാത്രം പറയില്ല. കടലാസു നോക്കി തട്ടിവിടുന്ന കണക്കുകള്‍ എവിടെനിന്നെന്നും പറയില്ല. ഇനി അഥവാ പറഞ്ഞാല്‍ അത് കെ ബാബു നിയമസഭയില്‍ പറഞ്ഞതുപോലെയാണ് 'ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക് അനുസരിച്ച് മദ്യവില്‍പന ഇത്ര കോടി രൂപ കൂടി സര്‍'. മദ്യപാനം കൂടി എന്ന മട്ടില്‍ അവതരിപ്പിക്കുന്ന കണക്ക് മദ്യം വിറ്റ് കിട്ടിയ പണത്തിന്റെ കണക്കാണ്. മദ്യത്തിന്റെ വില കൂടിയാലും വിറ്റുവരവ് കൂടുമല്ലോ? അത് മദ്യവില്‍പന കുറഞ്ഞാല്‍ പോലും സംഭവിക്കില്ലേ? കഴിഞ്ഞ വര്‍ഷങ്ങളില്‍ മദ്യത്തിന്റെ വില അങ്ങനെ പലതവണ കൂടുകയും ചെയ്തിരുന്നു!

കുടികുറഞ്ഞത് മൂന്നരകോടി ലിറ്റര്‍!
2014 ഏപ്രില്‍ ഒന്ന് മുതലാണ് നമ്മള്‍ ബാറുകള്‍ പൂട്ടിതുടങ്ങിയത്. അന്ന് 418 ബാറുകളാണ് പൂട്ടിയത്. ആ വര്‍ഷം വിദേശമദ്യത്തിന്റെ വില്‍പ്പന ഒരു കോടി 86 ലക്ഷം ലിറ്റര്‍ കുറഞ്ഞു. അടുത്ത വര്‍ഷം 2015 ഏപ്രില്‍ മുതല്‍ 5 സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടി. അതോടെ വിദേശമദ്യത്തിന്റെ വില്‍പന പിന്നെയുംതാഴ്ന്നു. ഒരു കോടി 70ലക്ഷം ലിറ്റര്‍.

അങ്ങനെ രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ വിദേശമദ്യത്തിന്റെ ഉപയോഗം കുറഞ്ഞത് മൂന്ന് കോടി 56 ലക്ഷം ലിറ്റര്‍. (കൃത്യമായി പറഞ്ഞാല്‍ 3,56,77,748 ലിറ്റര്‍). അപ്പോഴാണ് കുടി കുറഞ്ഞതായി ആര് പറഞ്ഞെന്ന പന്നിമലത്തുമായി നേതാക്കള്‍ ഇറങ്ങിയിരിക്കുന്നത്.

അതുകൊണ്ടും കളി തീരുന്നില്ല. കള്ള് പോയാല്‍ കഞ്ചാവ് വന്നില്ലേ എന്നാവും അടുത്തത്. രജിസ്റ്റര്‍ ചെയത ലഹരി മരുന്ന് കേസുകളുടെ എണ്ണം 2 വര്‍ഷം കൊണ്ട് 974ല്‍ നിന്ന് 4105 ആയി. പക്ഷെ വെള്ളമടിയില്‍ നമുക്കൊപ്പം പിടിച്ചുനില്‍ക്കുന്ന പഞ്ചാബില്‍ കേസുകള്‍ പതിനായിരത്തിന് അടുത്തുവരും. ദേശീയ ശരാശരിയിലും ര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയൊന്നും ബാറടച്ചില്ലല്ലോ?

പിന്നെ ബിയര്‍, വൈന്‍ ഉപയോഗം കൂടിയില്ലേ എന്ന മറുചോദ്യം ചോദിച്ചാല്‍ ഉത്തരം കൂടിഎന്ന് തന്നെ. നന്നായി തന്നെ കൂടി. ബിയര്‍ വില്‍പന രണ്ട് വര്‍ഷം കൊണ്ട് മൂന്ന് കോടി എഴുപത്തിരണ്ട് ലക്ഷം ലിറ്റര്‍ കൂടി. 

അപ്പോള്‍ പന്നിമലത്തിലെ അടുത്ത കാര്‍ഡ് വരുന്നു. വിദേശമദ്യത്തിന്റെ ഉപയോഗം മൂന്ന് കോടി 56 ലക്ഷം ലിറ്റര്‍ കുറഞ്ഞപ്പോള്‍ ബിയറിന്റെ വില്‍പന മൂന്ന് കോടി എഴുപത്തിരണ്ട് ലക്ഷം ലിറ്റര്‍ കൂടി. അപ്പോള്‍ കുടി കൂടിയോ കുറഞ്ഞോ?

പക്ഷെ വിദേശമദ്യത്തിലെ മദ്യത്തിന്റെ അളവ് 45 ശതമാനമാണ്.ബിയറിലേത് 6 ശതമാനം മാത്രവും. വൈനിലേത് 12 ശതമാനമാണ്. അതായത്, 7കുപ്പി ബിയര്‍ അകത്താക്കണം ഒരു ലിറ്റര്‍ മദ്യത്തിന്റെ അടുത്തെങ്കിലും എത്താന്‍. 

ഈ വ്യത്യാസം അറിയാത്തവരല്ല, ആകെ മദ്യ ഉപഭോഗം എന്നൊക്കെ പറഞ്ഞ് രംഗത്ത് വരുന്നത്. പറഞ്ഞല്ലോ, ഇത് കളി പന്നിമലത്താണ്.

കുടിക്കുന്ന ദ്രാവകത്തിലെ യഥാര്‍ത്ഥ മദ്യത്തിന്റെ അളവ് കണക്കാക്കിയാന്‍ (അതിന് ശതമാനം കണ്ടെത്താനുള്ള അറിവ് മാത്രം മതി) നമ്മുടെ മദ്യ ഉപയോഗം കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 16.54 ശതമാനമാണ് കുറഞ്ഞത്!

ആവശ്യപ്പെട്ട എല്ലാ ബാര്‍ ഉടമകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ട് ബിയറും വൈനും ചേര്‍ത്തിളക്കി പുതിയ ലഹരി കണ്ടുപിടിച്ചത് അറിഞ്ഞില്ലേ എന്ന് ഇപ്പോള്‍ ചോദിക്കുന്നവരുടെ മുന്നില്‍ മാത്രം ആയുധം വച്ച് കീഴടങ്ങുന്നു.

 

Jimmy james on Impacts of Kerala bar closure

 

Jimmy james on Impacts of Kerala bar closure

Compiled by Alcohol & Drug Information Centre (ADIC)-India


 

Follow Us:
Download App:
  • android
  • ios