ഫിദല്‍ കാസ്‌ട്രോ മരിച്ചപ്പോഴായിരുന്നു ആദ്യത്തെ വെടിപൊട്ടിയത്. ദീലീപ് -കാവ്യ കല്യാണത്തിന്റ അടുത്ത ദിവസം മഞ്ജു വാര്യരുടെ ഒരു ഫേ്‌സ് ബുക്ക് പോസ്റ്റ്. 

'...ശരിയെന്ന് താന്‍ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ 'മനുഷ്യര്‍' എപ്പോഴും ഇപ്പുറത്തുതന്നെ ആയിരുന്നു, ഫിദലിനൊപ്പം...'

പക്ഷെ അതിനും മുമ്പേ മലയാളികള്‍ മഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദിലീപ് -കാവ്യ കല്യാണം നടക്കുമ്പോള്‍ തന്നെ stand with manju warrier ഹാഷ് ടാഗില്‍ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുതുടങ്ങി. വീടുകളില്‍ ആണും പെണ്ണും അടക്കം പറഞ്ഞു. 'എന്നാലും അവനാ പെണ്ണിനെ ഉപേക്ഷിച്ചത് ഇതിന് വേണ്ടിയായിരുന്നല്ലേ... പാവം കുട്ടി!'

അതുവരെ മകളെ പോലും ഉപേക്ഷിച്ച് വീടുവിട്ട അഹങ്കാരിയായിരുന്നു മഞ്ജു. ദിലീപ്, മകളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ വിധിക്കപ്പെട്ട പാവം അച്ഛനും.

മകളേയും ജനം വെറുതെവിട്ടില്ല. അച്ഛന്റെ രണ്ടാം വിവാഹത്തെ പിന്തുണച്ചതായിരുന്നു പ്രകോപനം. പ്രതീക്ഷിച്ചത് ചടങ്ങ് ബഹിഷ്‌കരിക്കും എന്നാണെന്ന് തോന്നുന്നു.

വീടുകളില്‍ ആണും പെണ്ണും അടക്കം പറഞ്ഞു. 'എന്നാലും അവനാ പെണ്ണിനെ ഉപേക്ഷിച്ചത് ഇതിന് വേണ്ടിയായിരുന്നല്ലേ... പാവം കുട്ടി!'

ഏത് കല്യാണം അടിച്ചു പിരിഞ്ഞാലും അതിന്റെ ശരിയായ കാരണം കണ്ടുപിടിക്കുക പൊതുജനത്തിന്റെ ഹരങ്ങളില്‍ ഒന്നാണ്. ബന്ധം ഉപേക്ഷിക്കാന്‍ മുന്‍കൈ എടുത്തത് സ്ത്രി ആണെങ്കില്‍ ആദ്യത്തെ കുറേ പോയിന്റുകള്‍ ഭര്‍ത്താവ് കൊണ്ടുപോകും. ഇങ്ങനെ അവലോകനം ചെയ്ത്, വിശദീകരിച്ച്, വ്യാഖ്യാനിച്ച് പലതും കണ്ടെത്തും. ചില പ്രവചനങ്ങളും നടത്തും.

അത്തരം പ്രവചനങ്ങളില്‍ ഒന്നായിരുന്നു മഞ്ജുവിന്റെ പുനര്‍വിവാഹം. പക്ഷെ നടന്നത് ദിലീപിന്റെയായിപ്പോയി. എങ്ങനെ സഹിക്കും.

ഒരു കല്യാണം അടിച്ചുപിരിയാന്‍ ഒരു മറ്റേയാളോ മറ്റവളോ നമുക്ക് നിര്‍ബന്ധമാണ്. പ്രത്യക്ഷത്തില്‍ ബന്ധം ഉപേക്ഷിച്ച പോകുന്ന ആള്‍ക്ക് നാട്ടുകാര്‍ ആ അവിഹിത ബന്ധം ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും. അങ്ങനെ ഒരു ബന്ധം ഉണ്ടോ, ഉണ്ടെങ്കില്‍ തന്നെ അതിനുള്ള കാരണം... ഇതൊന്നും പ്രശ്‌നമല്ല. വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം ചിലപ്പോള്‍ ആരും അറിയില്ല എന്നതും മറക്കും. നമുക്ക് ഒരു കഥ വേണം. പറഞ്ഞ് ചിരിക്കാന്‍. അതില്‍ ഒരു വില്ലനോ വില്ലത്തിയോ വേണം. ശപിച്ച് ധാര്‍മ്മിക രോഷം തീര്‍ക്കാന്‍.

ഒരു കല്യാണം അടിച്ചുപിരിയാന്‍ ഒരു മറ്റേയാളോ മറ്റവളോ നമുക്ക് നിര്‍ബന്ധമാണ്. പ്രത്യക്ഷത്തില്‍ ബന്ധം ഉപേക്ഷിച്ച പോകുന്ന ആള്‍ക്ക് നാട്ടുകാര്‍ ആ അവിഹിത ബന്ധം ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും.

ആ ജനത്തെ പേടിച്ച് എല്ലാം വിശദീകരിക്കാന്‍ പെടാപ്പാട് പെടുന്നവരെയാണ് നമ്മള്‍ കാണുന്നത്. മനസ്സിലുള്ളതിന് പകരം ജനം ആഗ്രഹിക്കുന്നതനുസരിച്ച് പറഞ്ഞുപോകുന്ന ഭയം. എന്റെ ഫാന്‍സ്, എന്റെ സിനിമ ഇതൊക്ക പ്രശ്‌നം തന്നെ. പക്ഷെ അതുകൊണ്ടൊന്നും അവരെ തൃപ്തിപ്പടുത്താമെന്ന് കരുതരുത്. ഒരു കല്യാണം കഴിച്ചാല്‍ തീരും നായികയുടെ ജനപ്രിയത. നായകന് കല്യാണം കഴിക്കാം, പക്ഷെ സല്‍ഗുണ സമ്പന്നനായി വിളിങ്ങി നില്‍ക്കണം. ഞങ്ങളെന്തും ചെയ്യും, പക്ഷെ നിങ്ങള്‍ താരങ്ങളല്ലേ എന്ന് പറഞ്ഞ് ജനത കണ്ണിറുക്കും.

വീണ്ടും കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍, എന്റെ പേരില്‍ ചീത്തപ്പേര് കേട്ട കുട്ടി തന്നെ ആയിക്കോട്ടെ എന്ന് തീരുമാനിച്ചതായി ജനപ്രിയ നായകന്‍ പറഞ്ഞതും ഇത് ഉദ്ദേശിച്ചാവണം. പക്ഷെ അത് പാളി. ഫേസ്ബുക്കില്‍ പൊങ്കാല. മകള്‍ക്കുവേണ്ടി ഒരു കുടുബം എന്നൊക്കെ വരുത്താന്‍ ശ്രമിച്ചതും വിജയിച്ചില്ല. പൊങ്കാലയ്ക്ക് പക്കമേളമായി മഞ്ജുവിന്റെ പോസ്റ്റ്.


ജനത്തിന് ദിലീപെന്നോ, മഞ്ജുവെന്നോ ഇല്ല, ആരും സന്തോഷമായിട്ട് ഇരിക്കരുത്. അത്രയേ ഉള്ളു.

ജയലളിത മരിച്ചപ്പോള്‍ വീണ്ടു വന്നു, മറ്റൊരു പോസ്റ്റ്. ഒറ്റക്ക് പോരാടി ജീവിച്ചതിനേക്കുറിച്ച്.
'ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത..'

ജനം വീണ്ടും ഹാപ്പി. 

കഥക്ക് അനുസരിച്ച് തന്നെയാണല്ലോ തിരക്കഥ വികസിക്കുന്നത്. അവിടെ ഒരു പുതിയ കുടുംബം ഉയരുമ്പോള്‍ ഇവിടെ ഒരാള്‍ വഞ്ചിക്കപ്പെട്ട്, ഒറ്റക്ക്.

പക്ഷെ പണി പാളാന്‍ പോകുന്നത് വീണ്ടും കല്യാണം കഴിക്കാനെങ്ങാനും മഞ്ജു വാര്യര്‍ തീരുമാനിച്ചാലാണ്. ഒറ്റക്ക് ജീവിക്കുമെന്നൊക്കെ പറഞ്ഞിട്ട്...അമ്പടീ, പണ്ടേ ഇതായിരുന്നല്ലേ മനസ്സിലെന്നാവും പിന്നെ.

ജനത്തിന് ദിലീപെന്നോ, മഞ്ജുവെന്നോ ഇല്ല, ആരും സന്തോഷമായിട്ട് ഇരിക്കരുത്. അത്രയേ ഉള്ളു. ദുഖിച്ചിരുന്നാല്‍ അതിലും നല്ലത്. ആയതിനാല്‍ ഇരുകൂട്ടര്‍ക്കും ഗ്യാലറിക്ക് വേണ്ടിയുള്ള കളി നിര്‍ത്താം.