കുട്ടിക്കാലം മുതല്‍ കവിത കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. മറ്റൊന്നുംകൊണ്ടല്ല; അമ്മയുടെ നാവിലെപ്പോഴുമുണ്ടാകും ആരുടെയെങ്കിലും കവിത. അത് ചൊല്ലിക്കേട്ട് വളര്‍ന്നതാണ് എന്റെ ബാല്യം. അര മണിക്കൂര്‍ പവര്‍കട്ട് സമയത്ത് ഉമ്മറത്തെ തിണ്ടില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ച് അമ്മ പുസ്തകം തുറക്കും. 

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പവര്‍ കട്ട് സമയത്ത് എന്റെ ഉള്ളില്‍ വിരിഞ്ഞ സൂര്യകാന്തിപ്പാടം ഇന്നും വാടാതെ അവിടെത്തന്നെ നില്‍പ്പുണ്ട്.
എനിക്കേറ്റവും പ്രിയപ്പെട്ട കവി ജി ശങ്കരക്കുറുപ്പിന്റെ ഏറ്റവും പ്രിയപ്പെട്ട കവിത; സൂര്യകാന്തി. അങ്ങനെ ഒന്നല്ല, രണ്ടല്ല, ഒരായിരം സൂര്യകാന്തിപ്പാടം തന്നെ തീര്‍ത്ത് അവിടെയങ്ങനെ നൃത്തം ചെയ്യുന്നു.

ജിയെ കുറിച്ചോ സൂര്യകാന്തിയെ കുറിച്ചോ അല്ല എനിക്ക് പറയാനുള്ളത്. ഈ സൂര്യകാന്തി വിത്തെന്റെ ഉള്ളില്‍ എറിഞ്ഞ് വിളയിപ്പിച്ചെടുത്ത ആ കര്‍ഷകയെ കുറിച്ച് പറയാനാണ്...അമ്മ! ഉള്ളില്‍ ഒരായിരം സൂര്യകാന്തിപ്പൂക്കള്‍ വിരിയിച്ചുതന്ന അത്ഭുതം.

കുട്ടിക്കാലം മുതല്‍ കവിത കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. മറ്റൊന്നുംകൊണ്ടല്ല; അമ്മയുടെ നാവിലെപ്പോഴുമുണ്ടാകും ആരുടെയെങ്കിലും കവിത. അത് ചൊല്ലിക്കേട്ട് വളര്‍ന്നതാണ് എന്റെ ബാല്യം. അര മണിക്കൂര്‍ പവര്‍കട്ട് സമയത്ത് ഉമ്മറത്തെ തിണ്ടില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ച് അമ്മ പുസ്തകം തുറക്കും. അമ്മയുടെ അനിയത്തിമാരുടെ അടുത്തുനിന്നെല്ലാം സംഘടിപ്പിച്ച് വയ്ക്കുന്നതാണ് ഈ കവിതാ പുസ്തകങ്ങളെല്ലാം. വൈലോപ്പിള്ളിയുടെയും ശങ്കരക്കുറുപ്പിന്റെയും ചങ്ങമ്പുഴയുടെയും കവിതകളാകും മിക്കവയും. പിന്നെ അരമണിക്കൂര്‍ എന്നെയും അനിയനെയും അടുത്തിരുത്തി എല്ലാം മറന്ന് അമ്മ കവിത ഈണത്തില്‍ ചൊല്ലും.

'അങ്കണ തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ ''

അമ്മ എപ്പോഴും ചൊല്ലിത്തരുന്ന കവിതയാണ് വൈലോപ്പിള്ളിയുടെ മാമ്പഴം. ഓരോ കവിതയും ഭാവത്തിലും താളത്തിലും ചൊല്ലിത്തരും. എന്നിട്ട് ആ വരികളുടെയെല്ലാം അര്‍ത്ഥം പറഞ്ഞ് തരും. ഞങ്ങളെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്യും. പൂങ്കുല തല്ലുന്നത് കണ്ട് തല്ലുകൊള്ളാഞ്ഞിട്ടല്ലേ എന്ന് അമ്മ ചീത്ത പറയുന്നതും പിന്നെ മരിച്ചുപോയ കുഞ്ഞിനെ ഓര്‍ത്ത് വിഷമിക്കുന്ന അമ്മയെ കുറിച്ച് പറയുമ്പോഴുമൊക്കെ എന്റെ അമ്മയാണോ ആ അമ്മ എന്ന് തോന്നിപ്പോകും. അമ്മയുടെ താളത്തിലും ഈണത്തിലുമുണ്ടാകും ആ വേദന.

അച്ഛന്‍ ഇതെല്ലാം കേട്ട് നിശ്ശബദം ഉമ്മറത്തെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടാകും. ഒരിക്കലും ഇതിനിടയിലേക്ക് കയറി വരികയോ എന്തെങ്കിലും പറയുകയോ ചെയ്തതായി ഓര്‍മ്മയില്ല. അമ്മയുടെ ഇത്തരം രസകരമായ വട്ടുകളെ അച്ഛന്‍ മിണ്ടാതെ കണ്ടിരിക്കുന്നത് ഇപ്പോഴും പതിവു തന്നെ...
എന്നേയും അനിയനേയും കൊണ്ട് അമ്മ മാറി മാറി കവിതയുടെ വരികള്‍ ചൊല്ലിക്കും. എന്നിട്ട് ഞങ്ങള്‍ ആ വരികള്‍ പഠിച്ചെന്ന് ഉറപ്പ് വരുത്തും. സ്‌കൂളിലെ മലയാളം ക്ലാസായിരുന്നില്ല, അമ്മയുടെ കവിതകളായിരുന്നു അന്നും ഇന്നും വായിക്കാനുള്ള പ്രചോദനം.

'മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി
സുന്ദര ദിവാകരന്‍ ചോദിച്ചൂ മധുരമായ്'

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തിയിലെ വരികള്‍ അമ്മ ചൊല്ലുമ്പോള്‍ അന്ന് ഏഴോ എട്ടോ വയസ്സുളള എനിക്ക് സൂര്യനെ മുന്നില്‍ കാണാമായിരുന്നു. ഓരോ വാക്കിന്റെയും അര്‍ത്ഥം പറഞ്ഞ് തരും. അന്നതിന്റെ ആഴം അറിഞ്ഞിരുന്നില്ലെങ്കിലും കവിതയായാലും പാട്ടായാലും വരികളിലൂടെ വായിക്കുന്നത് ശീലിപ്പിച്ചത് അമ്മയാണ്.

'സ്‌നേഹമേ പരം സൗഖ്യം, സ്‌നേഹഭംഗമേ ദുഃഖം
സ്‌നേഹമേ ദിക്കാലതിവര്‍ത്തിയായ് ജ്വലിച്ചാവൂ'

എന്ന് പാടിത്തന്ന ഉള്ളില്‍ സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ സൂര്യകാന്തിപ്പാടം തന്നെ തീര്‍ക്കുകയായിരുന്നു അമ്മ...

മറന്നുപോയെന്ന് തോന്നുന്ന കവിതകള്‍ ഓര്‍ക്കാന്‍ അമ്മയെ ഒന്ന് വിളിച്ച് ചോദിച്ചാല്‍ മതി. താളത്തില്‍ ഈണത്തില്‍ ചൊല്ലിത്തരും. എഴുത്തച്ചനോ, ഇടശ്ശേരിയോ ഒഎന്‍വിയോ ആരുമാകട്ടെ അമ്മ ചൊല്ലിക്കൊണ്ടേയിരിക്കും. ഇവര്‍ മാത്രമല്ല, വയലാറിനെയും പി ഭാസ്‌കരന്‍ മാഷെയും ബാബുരാജിനെയും ദേവരാജന്‍ മാസ്റ്ററെയുമെല്ലാം ഞാന്‍ അറിഗമയുന്നത് അമ്മയിലൂടെയാണ്. 

'' ഒരൊറ്റ മതമുണ്ടുലകിന്നുയരാന്‍ പ്രേമമതൊന്നല്ലോ...
പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വ്വണ ശശിബിംബം...''

ടാഗോറിന്റെ ഗീതാഞ്ജലിയ്ക്ക് ജി നല്‍കിയ വിവര്‍ത്തനം കുഞ്ഞുന്നാളിലെ പഠിപ്പിച്ചതും അമ്മയാണ്. പത്തുവരെയെ അമ്മ പഠിച്ചിട്ടുള്ളൂ. എന്നാല്‍ ഇപ്പോഴും എപ്പോഴും അതുവരെ പഠിച്ച എല്ലാ കവിതകളും അമ്മയ്ക്ക് മനപാഠമാണ്. ആസ്വദിച്ച് ചൊല്ലും. പത്രമെടുത്ത് പോലും അമ്മ വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ എനിക്ക് വായനയുടെ സ്വര്‍ഗ്ഗം മുന്നില്‍ തുറന്നുതന്നത് അമ്മയാണ്. 

ഇപ്പോഴും ഏതെങ്കിലും പുസ്തകക്കടയ്ക്ക് മുന്നിലെത്തിയാല്‍ അമ്മ ഫോണ്‍ വിളിക്കും... 'അമ്മൂ ഇവിടെ കുറേ പുസ്തകമുണ്ട്' എന്ന് പറഞ്ഞ് പിന്നെ ഓരോന്നിന്റെയും പേര് പറഞ്ഞ് തുടങ്ങും. എനിക്ക് വേണ്ടത് ഏതാണെന്ന് വച്ചാല്‍ തെരഞ്ഞെടുത്തോട്ടെ എന്ന് കരുതി. പറഞ്ഞാല്‍ പൈസ ഇല്ലെങ്കിലും ചിലപ്പോള്‍ ഉച്ചയ്ക്ക് ഊണ് കഴിക്കാതെ ആ തുക മിച്ചം വച്ച് പോലും ആ പുസ്തകവും വാങ്ങി വരും...

ലൈബ്രറിയില്‍ കയറി കവിതകളെടുക്കുമ്പോള്‍ അതൊന്ന് അമ്മ ചൊല്ലിത്തന്നിരുന്നെങ്കിലെന്ന് തോന്നും. അടുത്തിടയ്ക്ക് അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പഴയ അതേ ആവേശത്തില്‍ മുറിയിലേക്ക് ഓടിപ്പോയി ഒരു പുസ്തകവുമായി വന്നു. വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും.

എന്നിട്ട് പുസ്തകം തുറന്ന് കവിത ചൊല്ലി തുടങ്ങി. ചൊല്ലിക്കഴിഞ്ഞപ്പോള്‍ സങ്കടത്തോടെ അമ്മ ആ കവിതയുടെ അര്‍ത്ഥവും പറഞ്ഞ് തന്നു. മുന്നിലിരിക്കുന്ന ഞാനാകട്ടെ ആ പഴയ കുട്ടിയായി. മണ്ണെണ്ണ വിളക്കിന് മുന്നില്‍ അമ്മയുടെ കവിത കേള്‍ക്കാന്‍ കൊതിച്ചിരുന്നിരുന്ന, പവര്‍ക്കട്ട് വരാന്‍ കാത്തിരുന്നിരുന്ന ആ പഴയ കുട്ടി.