Asianet News MalayalamAsianet News Malayalam

മാറുന്ന ലോകത്തിലെ മാറുന്ന  മത പുനരുദ്ധാരണങ്ങള്‍

JOhn Samuel on religious revivalism
Author
Thiruvananthapuram, First Published Jul 15, 2016, 10:08 AM IST

 

JOhn Samuel on religious revivalismവിവര വിനിമയ സാങ്കേതിക വിദ്യ മാറുന്നത് അനുസരിച്ച് മനുഷ്യനും സമൂഹവും ആശയ വിനിമയം ചെയ്യുന്ന രീതിക്ക് മാറ്റം വരും. ആശയ വിനിമയ രീതികള്‍ നമ്മുടെ ചിന്തയെയും പ്രവൃത്തികളെയും പല തരത്തില്‍ ബാധിക്കും. ഉദാഹരണത്തിന് ലോക ഗതി ഗുട്ടന്‍ ബര്‍ഗ് അച്ചടി യന്ത്രം കണ്ടു പിടിച്ചതോടു കൂടി പാടെ മാറി. നമ്മള്‍ ആശയ വിനിമയം ചെയ്യുന്ന രീതിയും ഭാവവും നമ്മുടെ ചിന്തയും ജീവിത രീതികളും അച്ചടിച്ച പുസ്തകങ്ങള്‍ പാടെ മാറ്റി. പുസ്തങ്ങളിലൂടെ ശാസ്ത്രവും സമൂഹവും മാത്രമല്ല വളര്‍ന്നത്. അച്ചടിച്ച പുസ്തകങ്ങള്‍ ഭരണങ്ങളും അധികാര രൂപങ്ങളെയും മാറ്റി മറിച്ചു.
പക്ഷെ ആദ്യം തന്നേ അച്ചടി യന്ത്രം കൂടുതല്‍ ഉപയോഗിച്ചത് ബൈബിള്‍ അച്ചടിക്കുവാനും വിവിധ ഭാഷകളില്‍ പരിഭാഷപ്പെടുത്തി അതാതു ഭാഷയില്‍ അച്ചടിച്ചു വിതരണം ചെയ്യാനും ആയിരുന്നു. ഏതാണ്ട് മുന്നൂറു കൊല്ലങ്ങളില്‍ അധികമായി വളര്‍ന്നു വന്ന ബൈബിള്‍ ഭാഷാന്തരം അച്ചടി സരംഭങ്ങള്‍ നൂറു കണക്കിന് ഭാഷകളെ നവീകരിക്കുകയും അറിവിന്റെയും ചോദ്യം ചെയ്യലുകളുടെയും പുതിയ വാക്കുകളും വാക്കുകളുടെ വാഖ്യാനങ്ങളും ഉണ്ടാവുകയും ചെയ്തു. 

അത് തുറന്നു വിട്ട വിജ്ഞാന വിപ്ലവം കഴിഞ്ഞ രണ്ടു നൂറ്റാണ്ടില്‍ ലോകത്തെ ആകമാനം വിദ്യാഭാസത്തിലൂടെയും പുതിയ ആശയ ധാരകളിലൂടെയും സ്വാധീനിച്ചു. അച്ചടി പത്ര മാധ്യമങ്ങളില്‍ കൂടി ലോകവിവരങ്ങള്‍ ലോകത്തെ എല്ലാ ജനങ്ങളും വായിച്ചറിയാന്‍ തുടങ്ങി.

ഇതേ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് കൊളോണിയല്‍ മേല്‍ക്കോയ്മയുടെ സന്നാഹ സഹായങ്ങളോടെ ക്രിസ്തീയ വിശ്വാസ ധാരകള്‍, പ്രത്യകിച്ചും പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചിലിക്കല്‍ മത ധാരകള്‍, ലോകമെങ്ങും 16 ാം നൂറ്റാണ്ടു മുതല്‍ വളര്‍ന്നു പടര്‍ന്നത്; പ്രത്യകിച്ചു ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍. 

JOhn Samuel on religious revivalism

പുതിയ സാങ്കേതിക വിദ്യയോട് മുഖം തിരിച്ചു നിന്ന ഇസ്ലാം മതം 16 ാം നൂറ്റാണ്ടിനു ശേഷം പരമ്പരാഗത അധികാര രാജ്യങ്ങള്‍ക്കുപരി വളര്‍ന്നില്ല. അതു മാത്രമല്ല വിശുദ്ധ ഖുര്‍ആന്‍ അറബിയില്‍ തന്നെ പഠിക്കണം എന്ന ഭരണ ഔദ്യോഗിക വ്യവസ്ഥകള്‍ അധികം വിപുലമായ വൈവിധ്യ വ്യാഖാന ആശയ ധാരകള്‍ക്കു വഴിയേകിയില്ല. സൂഫി പരമ്പരയും സുന്നി ഷിയ അഹമ്മദീയ വേര്‍തിരിവുകള്‍ പോലും അതാതു കാലത്തു അതിനു കിട്ടിയ രാഷ്ട്രീയ അധികാര സാധുതകള്‍ കാരണമാണ്. ചുരുക്കത്തില്‍ വിവര വിനിമയ സാങ്കേതിക വിദ്യകള്‍ മത ധാരകളെയും മത പ്രവര്‍ത്തനങ്ങളെയും പല തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.

എന്നാല്‍ 1990 കളില്‍ ലോകം പുതിയ മുന്നേറ്റങ്ങള്‍ കണ്ടു. ഒന്നാമതായി വിവര വിനിമയ സാങ്കേതിക വിദ്യകളില്‍ ഉണ്ടായ വിപ്ലവം. രണ്ടാമതായി ഉപഭോഗ സംസ്‌കാര വിപണീ ശൃഖലകളുടെ ആഗോള വല്‍ക്കരണം. മൂന്നാമതായി സോവിയറ്റ് പതനത്തിനു ശേഷം ഉണ്ടായ അമേരിക്കന്‍ യൂറോപ്പ്യന്‍ ലോക അധികാര മേല്‍കോയ്മയും അവരുടെ വിപണീ അധികാരങ്ങളെ ഉറപ്പിക്കുവാന്‍ ഉപയോഗിച്ച ആശയ സോഫ്‌റ്റ്വെയര്‍ ആയ നവ ലിബറല്‍ ആശയ സംഹിതകളുടെ ആഗോള പ്രചാരവും. ഈ പുതിയ സാങ്കേതിക വിദ്യ വിപ്ലവവും അധികാര മേല്‍കോയ്മയും ലോകത്തു പല വിധ പ്രതികരണങ്ങള്‍ പല തലത്തില്‍ ഉണ്ടാക്കി.

വാര്‍ത്ത വിവര വിനിമയ വിദ്യയില്‍ ഉള്ള കുതിച്ചു ചാട്ടം ആദ്യമായുണ്ടായത് ടെലിവിഷന്‍ സാങ്കേതിക വിദ്യയുടെ ആഗോളവല്‍ക്കരണത്തില്‍ കൂടിയാണ്. ഇത് നമ്മളുടെ കാഴ്ച്ചയെയും ചിന്തകളെയും വല്ലാതെ ബാധിച്ചു. കാഴ്ച്ച- ചിന്തകള്‍ നമ്മുടെ സാമൂഹിക സംവേദനങ്ങളെയും സാമൂഹിക കാഴ്ചപ്പാടുകളെയും സ്വാധീനിച്ചു. കാഴ്ചകളുടെയും കാഴ്ച്ചപ്പാടുകളുടെയും ആഗോള വിപണീ വല്‍ക്കരണം നമ്മുടെ ആശയധാരകളെയും ജീവിത രീതിയെയും ബാധിച്ചു.

ഈ സാഹചര്യത്തില്‍ അധികാരത്തിന്റെ രണ്ടു രൂപങ്ങളായ മത സംഘടനകളും രാഷ്ട്രീയ അധികാര കക്ഷികളും ടി.വി മാധ്യമം ഉപയോഗിച്ചു കാഴ്ച വിശ്വാസ ആശയ വിനിമയത്തിലൂടെ കൂടുതല്‍ കാഴ്ക്കാരായ, അധികം ചിന്തിക്കാന്‍ സമയമില്ലാത്ത 'ആള്‍ക്കൂട്ടത്തെ' സ്വന്തം ചേരിയില്‍ കൂട്ടാന്‍ മത്സര കമ്പങ്ങള്‍ ടി.വി യിലൂടെ എയ്യുവാന്‍ തുടങ്ങി.

ടെലി ഇവാഞ്ചലിസം വിപണിയെയും വിശ്വാസത്തെയും കൂട്ടിയിണക്കിയ നവ നവ സംരംഭ വ്യവസായമായി പരിണമിച്ചു. പുതിയ ആത്മാക്കളെ നേടുക എന്നതിനേക്കാള്‍ പഴയതിനെ പുനരുദ്ധരിക്കുക എന്ന ഈ സംരംഭ രീതി ലോകത്താകമാനം പുതിയ ആത്മീയ വ്യാപാര വ്യവസായത്തിന് തുടക്കമേകി. അമേരിക്കയില്‍ ബില്ലി ഗ്രഹമൊക്ക പരീക്ഷിച്ചു വിജയിച്ച ഈ മോഡല്‍ ലോകമാകെ പടര്‍ന്നു.

ഈ ആത്മീയ വ്യാപാര വ്യവസായ മോഡലും മതത്തിന്റെ സ്ഥാപന വ്യവസ്ഥകളുടെ വിപണീവല്‍ക്കരണവും മത ആശയ ധാര വിശ്വാസത്തെ വിപണിയിലെ ഒരു ഉപഭോഗ വസ്തുവാക്കി. 

അക്രമോല്‍സുകമായ വിപണീവല്‍ക്കരണവും അധികാര രുപങ്ങളുടെ ആഗോള മേല്‍കോയ്മയും യുദ്ധവും യുദ്ധ ശ്രുതികളും കൊള്ളയും കൊള്ളിവയ്പ്പും ജനങ്ങളെ കൂടുതല്‍ അരക്ഷിതരാക്കുമ്പോള്‍ മനസ്സിന് ആശ്വാസമേകുന്ന മറു മരുന്ന് എന്ന രീതിയില്‍ ആണ് ആത്മീയ വ്യാപാര വ്യവ്യസായം ഒരു ആഗോള ഉപഭോഗ വിപണിയുടെ ചുവട് പിടിച്ചു വളര്‍ന്നത്.

JOhn Samuel on religious revivalism

കഴിഞ്ഞ ഇരുപതു കൊല്ലം കൊണ്ട് കേരളത്തില്‍ ഏറ്റവും ലാഭകരമായ ഒരു സംരഭമാണിത്. ആറ്റുകാല്‍ പൊങ്കാല മുതല്‍ , ആത്മീയ യാത്രയും അമൃത ടി.വി യും മറ്റനേകം ടി.വി ചാനലുകളും ഈ പുതിയ ആത്മീയ ഉപഭോഗ സംസ്‌കാരത്തിന്റ് ഭാഗമാണ്.

അവിടം കൊണ്ട് പ്രശ്‌നം തീരുന്നില്ല. ലോകത്തെ ആയുധ അധികാര വടം വലികളില്‍ അമേരിക്ക സോവിയറ്റ് യൂണിയനും ചൈനക്കും എതിരെ നടത്താന്‍ 1980 കളില്‍ പാകപ്പെടുത്തിയെടുത്ത ഒരു പുതിയ ആശയ വൈറസ് ആയിരുന്നു മതമൗലിക വാദവും മത തീവ്രവാദ യോദ്ധാക്കളും. ഒരു ഭാഗത്തു പാകിസ്താനെ ഉപയോഗിച്ചു അഫ്ഗാനിസ്ഥാനില്‍ കൂടി താലിബാന്‍ വഴി മുഹജ്ദീന്‍ യോദ്ധാക്കളും മറു ഭാഗത്തു റുമേനിയിലും മറ്റും വുംബ്രാണ്ടിനെ പോലെയുള്ള 'ജീവിക്കുന്ന രക്ത സാക്ഷികളും' നടത്തിയത് അമേരിക്കന്‍ സാമൂഹിക നരവംശ വിദഗ്ദര്‍ നിര്‍ദേശിച്ച മതമൗലിക ആശയ ധാരകള്‍ കമ്മ്യൂണിസത്തിന് മറു മരുന്നായി ഉപയോഗിച്ചു കൊണ്ട് പുതിയ ആശയ വൈറസിനെ കടത്തി വിടുക എന്നതായിരുന്നു. ഇത് നടത്തിയത് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തില്‍ ആണ്. ഒരു വശത്തു മതങ്ങളുടെ വിപണീവല്‍ക്കരണവും മറു ഭാഗത്തു മത സ്വതങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുവാനുമുള്ള ശ്രമങ്ങള്‍ ശക്തമായത് 1980 കളുടെ അവസാനവും 1990 കളുടെ ആദ്യ പാദത്തിലും ആണ്.

1980 കളില്‍ പെട്രോഡോളര്‍ ലോക സാമ്പത്തിക വ്യവസ്ഥിയില്‍ വളരെ ശക്തി പ്രാപിച്ചു. ഈ പെട്രോഡോളര്‍ സാമ്പത്തിക വ്യവസ്ഥ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനാണ് അമേരിക്ക സൗദി അറേബ്യയെ ഉപയോഗിച്ചു എണ്ണ പണം കൊണ്ട് ഇസ്ലാം മതസ്വത മൗലിക വാദമായ വഹാബിസത്തെ ആദ്യം പാക്കിസ്ഥാനിലേക്കും പിന്നെ അഫ്ഗാനിസ്താനിലേക്കും കയറ്റി അയച്ച.ു ശീത സമരത്തില്‍ മത മൗലിക വൈറസ് ഉപയോഗിച്ചു അപകടകരമായ പുതിയ യുദ്ധ മുഖം തുറന്നത്. 

എണ്ണ കമ്പോള മതസ്വത മൗലിക ചേരുവ 2000 ആയപ്പോഴേക്കും പുതിയ തീവ്ര വാദ മതസ്വത രൂപ ഭേദം വൈറസ്സുകളായി മ്യുട്ടേറ്റു ചെയ്ത് രൂപാന്തരപ്പെട്ടു.. അങ്ങനെ അമേരിക്ക പണ്ട് തുടങ്ങിയ കളി കാര്യമായി അവരെ തന്നെ തിരിച്ചുകൊത്തി.

ഇന്ന് വഹാബിസം ലോകമെമ്പാടും അനുയായികളുള്ള ഒരു മതമൗലിക വാദ ശൃംഖലയാണ്.

ഇത് പോലെ ഒരു അവസ്ഥയില്‍ ആണ് അമേരിക്കന്‍ സതേണ്‍ ബാപിസ്റ്റ്‌റ് ടെലിവിഷന്‍ ആത്മീയ വിപണിയുടെ ചുവട് പിടിച്ചു ഡോ. സാക്കിര്‍ നായക്ക് ദുബൈ ആസ്ഥാനമാക്കി എണ്ണ പണത്തിന്റെ തണലില്‍ ഒരു ആത്മീയ വ്യവസായ സാമ്രാജ്യം പീസ് ടി.വി എന്ന പേരില്‍ കെട്ടിപടുത്തത്. പക്ഷെ അതിന്റെ വേറൊരു വക ഭേദം ആണ് ബാബാ രാംദേവും, ശ്രീ ശ്രീ യും, അമൃത വ്യവസായവും ആത്മീയ യാത്രയും എല്ലാം. വന്‍കിടക്കാരും ചെറുകിടക്കാരും ഈ രംഗത്ത് ലോകമാകെ സജീവമാണ് ഇതെല്ലം പുതിയ കമ്പോളവല്‍ക്കരണത്തിന്റെയും ആത്മീയ വിപണീവല്‍ക്കരണത്തിന്റെയും വളവുകളും വിളവുകളും ആണ്.

എണ്ണ കമ്പോള മതസ്വത മൗലിക ചേരുവ 2000 ആയപ്പോഴേക്കും പുതിയ തീവ്ര വാദ മതസ്വത രൂപ ഭേദം വൈറസ്സുകളായി മ്യുട്ടേറ്റു ചെയ്ത് രൂപാന്തരപ്പെട്ടു.. അങ്ങനെ അമേരിക്ക പണ്ട് തുടങ്ങിയ കളി കാര്യമായി അവരെ തന്നെ തിരിച്ചു കൊത്തി. അമേരിക്ക കയറ്റി അയച്ച അതേ സാങ്കേതിക യുദ്ധപാടവവും മത മൗലിക വൈറസും അമേരിക്കയുടെ മണ്ണില്‍ മരണം വിതയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച ആയുധ ആശയ യുദ്ധം ഇന്നും പല രീതിയിലും പല ഭാവത്തിലും തുടരുകയാണ്. പഴയ ഇറാന്‍-ഇറാക്ക് യുദ്ധ ദ്വന്ദ്വങ്ങള്‍ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തോടെ തകിടം മറിഞ്ഞു. അത് മാത്രമല്ല തകിടം മറിഞ്ഞത്. അറബ് രാജ്യങ്ങളുടെ അധികാര രൂപങ്ങളുടെ തൊട്ട് താഴെ തലത്തില്‍ നൂറ്റാണ്ടുകളായി രൂപ പെട്ട് വന്ന ഗോത്ര മത അധികാര സമാവയങ്ങളെ അത് പാടെ തകര്‍ത്തതു ആ മേഖലയെ മുഴുവന്‍ ഒരു പുതിയ അരാജകത്വത്തിലേക്ക് തള്ളി വിട്ടു. ഈ അധികാര വിടവില്‍ ആണ് ഐ.എസ് പോലുള്ള മത സ്വത മൗലീക അധികാര ഭീകരരൂപികള്‍ രൂപം കൊണ്ടത്.

2000 മുതല്‍ അമേരിക്ക തുടങ്ങിയ പുതിയ യുദ്ധം ലോകത്തെ കൊണ്ടെത്തിച്ചത് 2008 ല്‍ തുടങ്ങിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് ആണ്. പുതിയ സാമ്പത്തിക പ്രതിസന്ധി അമേരിക്കയും യൂറോപ്പിനെയും തളര്‍ത്തി. ചൈനയും ഇന്ത്യയും വളര്‍ന്നു. വിപണിയിലെയും ലോകത്തിലെയും പുതിയ അരക്ഷിതാവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക് 'ദൈവം തന്നെ തുണ' എന്ന അവസ്ഥ വന്നു.

മനുഷ്യനില്‍ ആശ്രയിക്കാന്‍ തരമില്ലാതെ വന്നാപ്പോള്‍ കൂടുതല്‍ അവരവര്‍ കേട്ടറിഞ്ഞ ദൈവത്തില്‍ ആശ്രയിക്കാന്‍ തുടങ്ങി. മനുഷ്യന്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ട് സമൂഹ കൂട്ടായ്മയില്‍ നിന്ന് ആള്‍ക്കൂട്ടമായി പരിണമിക്കുമ്പോള്‍ ജനം ചിന്തയറ്റു പഴയ മത സ്വത തവളങ്ങളിലേക്ക് പിന്‍ വാങ്ങുന്ന കാഴ്ചയാണു ഇന്ന് പല നാടുകളിലും കാണുന്നത്.

ഭൂരിഭക്ഷ മതസ്വതങ്ങള്‍ ഉപയോഗിച്ചു പുതിയ അധികാരി വര്‍ഗ്ഗം ഭരണം പിടിച്ചെടുക്കുമ്പോള്‍ ന്യുനപക്ഷ മതസ്വതങ്ങള്‍ ഉള്‍വലിഞ്ഞു കൂടുതല്‍ ഭീതിയും അരക്ഷിതാവസ്ഥയും അനുഭവിക്കുന്നു.

ഭീതിയും അരക്ഷിതാവസ്ഥയും ആണ് എല്ലാ വിധ ആക്രമവാസനയുടെയും തുടക്കം. ഈ അക്രമവാസന മത പ്രസംഗങ്ങളിലും പ്രതിലോമ രാഷ്ട്രീയ്യത്തിലും ദൃശ്യമാണ്. ന്യുന പക്ഷ സ്വത വര്‍ഗീയ രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടി ഭൂരിപക്ഷ മത ധ്രൂവീകരണം ഉണ്ടാക്കിയാണ് ഒരു നവ യാഥാസ്ഥിതിക പ്രതിലോമ രാഷ്ട്രീയം ലോകമാകമാനം വളരുന്നത്.

മത സ്വത മൗലീക വാദം ഒരു ആശയ ധാരയായി രൂപപ്പെടുത്തിയത് ലോകത്തും അതാത് ദേശങ്ങളിലും ഉള്ള രാഷ്ട്രീയ അധികാര മേല്‍ക്കോയ്മകള്‍ ആണ്. 19 നൂറ്റാണ്ടിലും 20 നൂറ്റാണ്ടിലും ഉണ്ടായ അധികാര രൂപ ആശയ ധാരകള്‍ പൂരിതമാക്കപ്പെട്ടു കൊഴിഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ അതാതു ദേശത്തെ അധികാര രൂപങ്ങള്‍ പഴയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായി വര്‍ധിച്ച മത ജാതി സ്വതങ്ങളെ പൊടിതട്ടി പുനരുജീവിപ്പിക്കുന്ന കാഴ്ചയാണ് നമ്മള്‍ കഴിഞ്ഞ 20 വര്‍ഷമായി കാണുന്നത്.

Follow Us:
Download App:
  • android
  • ios