തരംഗമായി ഫേസ്ബുക്ക് മാട്രിമോണി രണ്ട് മാസം മുമ്പാണ് ജ്യോതി ഫേസ്ബുക്ക് പോസ്റ്റിട്ടത്
മലപ്പുറം: അങ്ങനെ ഫേസ്ബുക്ക് മാട്രിമോണി ജ്യോതിക്കൊരു കൂട്ടുകാരനെ കൊടുത്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മലപ്പുറം സ്വദേശിനിയായ ജ്യോതി തന്റെ പ്രൊഫൈൽ വോളിലൊരു പോസ്റ്റിട്ടത്. അതിങ്ങനെ, ''എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവിൽ ഉണ്ടെങ്കിൽ അറിയിക്കുക. ഡിമാന്റുകൾ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്.'' ഈ പോസ്റ്റിട്ട് രണ്ട് മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ജ്യോതിയുടെ അടുത്ത പോസ്റ്റുമെത്തിയിരിക്കുന്നു. ഒപ്പം ഫോട്ടോയുമുണ്ട് കൂടെ ഇങ്ങനെയൊരു കുറിപ്പും. ''ഇതാണ് എന്റെ ജീവിത പങ്കാളി പേര് രാജ്കുമാർ. തമിഴ്നാട് സ്പെഷൽ പൊലീസിൽ ജോലി ചെയ്യുന്നു. തമിഴ്നാട് ബർഗൂർ സ്വദേശിയാണ് രാജ്കുമാർ.'' ഈ സന്തോഷവാർത്തയ്ക്ക് ജ്യോതി കടപ്പെട്ടിരിക്കുന്നത് ഫേസ്ബുക്കിനോടാണ്.
മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ രഞ്ജിഷ് മഞ്ചേരിയാണ് ആദ്യമായി ഫേസ്ബുക്കിനെ മാട്രിമോണിയൽ സൈറ്റായും ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ചത്. അതേ പാത പിന്തുടർന്നായിരുന്നു ജ്യോതിയും വിവാഹ ആലോചനയ്ക്കായി ഫേസ്ബുക്കിനെ ആശ്രയിച്ചത്. ജ്യോതിക്ക് അച്ഛനും അമ്മയുമില്ല. ഒരു സഹോദരനും സഹോദരിയും മാത്രമാണുള്ളത്. എന്തായാലും വിവാഹം തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ് ജ്യോതി. മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കാമെന്ന് ജ്യോതി പറയുന്നു. സൗഹൃദങ്ങളും ആശയങ്ങളും പങ്ക് വയ്ക്കുക എന്നതിനപ്പുറം വിവാഹാലോചനകൾക്കുള്ള വേദി കൂടി ആകാൻ പോകുകയാണ് ഈ സൈബറിടം.
