അവരുടെ കയ്യിലൊരു വിളക്കുണ്ട്​. ഒരു ലിറ്ററി​ന്‍റെ നെരോലാക്​ പെയിന്‍റ് പാട്ടയിൽ നിറയെ പഴയ കോട്ടൺ തുണി ഇടിച്ചു നിറച്ച്​ അതിൽ നിറച്ചും മണ്ണെണ്ണ ഒഴിച്ച്​, ടിന്നിന്റെ അടപ്പിൽ ഓട്ടയിട്ട്​ മുറുക്കി അടച്ച്​ ഓട്ടയിലൂടെ ലോറി ടയറി​ലെ ട്യൂബി​ന്‍റെ കുറ്റിച്ചുവട്​ കടത്തി നാളമാക്കിയ വിളക്ക്​... തനി ലോക്കൽ ടെക്​നോളജി.

നമ്മൾ നമ്മളെത്തന്നെ മറന്ന്​ വീട്ടിൽ കിടന്നുറങ്ങുമ്പോൾ അവർ കടലിൽ വല നീട്ടി വിരിക്കുവായിരിക്കും. കൂരിരുട്ടിൽ നക്ഷത്രങ്ങൾ മാത്രമായിരിക്കും അവർക്ക്​ വഴികാട്ടി. കടലിൽ ജലരേഖകളിൽ വരച്ച ഒരു ഭൂപടമുണ്ടാകും അവരുടെ മനസ്സിൽ. രാവലയ്​ക്ക്​ വള്ളമിറക്കാൻ പോയവർ പള്ളി മിനാരങ്ങളിൽ സുബ്​ഹി ബാങ്ക്​ മുഴങ്ങുന്ന സമയത്ത്​ ഉപ്പുവെള്ളത്തിൽ നനഞ്ഞുകയറിവരും. വള്ളത്തിൽ അപ്പോൾ നല്ല പെടപെടയ്​ക്കണ മീനുണ്ടാവും... അങ്ങനെയാണ്​ ഞങ്ങൾ മോർച്ചറിയിൽ വെക്കാത്ത മീൻ കൂട്ടുന്നവരായി മാറിയത്​...

ഒരു ലുങ്കിയും പഴകിയ ഫുൾക്കൈ ഷർട്ടുമിട്ട്​ അബ്​ദു ഇക്ക കടയിൽ വന്ന്​ ഒരു പൊതി കാജാ ബീഡിയും വാങ്ങി പോകുമ്പോൾ ഉമ്മിച്ച പറഞ്ഞു കേട്ടിട്ടുണ്ട്​, 'അബ്​ദു ഇ​ക്ക രാവലയ്​ക്ക്​ വള്ളമിറക്കാൻ പോവുകയാണെന്ന്​... അപ്പോൾ സമയം ഏഴെട്ടു മണിയായി കാണും. മനോഹരണ്ണനും പരമേശ്വരണ്ണനും അബ്​ദു ഇ​ക്കായും കൂട്ടരും ഒരൊറ്റ വള്ളത്തിലാ കടലിൽ പോകുന്നത്​... ഒരു ചെറിയ ഡിങ്കി വള്ളം... യന്ത്രങ്ങളല്ല, കൈക്കരുത്ത്​ മാത്രമാണ്​ ആശ്രയം.

അവരുടെ കയ്യിലൊരു വിളക്കുണ്ട്​. ഒരു ലിറ്ററി​ന്‍റെ നെരോലാക്​ പെയിന്‍റ് പാട്ടയിൽ നിറയെ പഴയ കോട്ടൺ തുണി ഇടിച്ചു നിറച്ച്​ അതിൽ നിറച്ചും മണ്ണെണ്ണ ഒഴിച്ച്​, ടിന്നിന്റെ അടപ്പിൽ ഓട്ടയിട്ട്​ മുറുക്കി അടച്ച്​ ഓട്ടയിലൂടെ ലോറി ടയറി​ലെ ട്യൂബി​ന്‍റെ കുറ്റിച്ചുവട്​ കടത്തി നാളമാക്കിയ വിളക്ക്​... തനി ലോക്കൽ ടെക്​നോളജി.. പന്തത്തെക്കാൾ ഗംഭീരമായി കത്തുന്ന അതി​ന്‍റെ ചുറ്റുവട്ടത്തെ വെളിച്ചത്തിൽ കുറേ ദൂരെ നിൽക്കുന്ന മനുഷ്യരുടെ ​ മുഖം പോലും തെളിഞ്ഞുകാണും...

അവർ വള്ളമിറക്കുന്നത്​ കണ്ടിട്ടുണ്ടോ....?

അതൊരു അഭ്യാസമാണ്​... ജനിച്ചുവീണപ്പോഴേ ആ അറിവ്​ അവരിലുള്ളതായി തോന്നും... കടൽഭിത്തികളില്ലാത്ത തീരത്തെ ചൊരിമണലിൽ കയറ്റി വെച്ചിരിക്കുന്ന വള്ളത്തെ കടലിലേക്ക്​ തെളിയിക്കുന്ന വഴികളിൽ പച്ച മടൽ കമിഴ്​ത്തി നിശ്ചിത അകലത്തിൽ നിരത്തിയിടും. അതിനു മുകളിലൂടെ നിരക്കി കടലിലേക്ക്​ വള്ളം തള്ളിയിറക്കും. വലിയൊരു തിര വരുന്നതുവരെ കാത്ത്​ നിൽക്കും. ആ തിരയുടെ തീരംതല്ലലിനും പിൻവാങ്ങലിനുമിടയിലെ നിമിഷാർദ്ധത്തിൽ വള്ളം കടലിലേക്ക്​ ആഞ്ഞിറക്കും... മുന്നിൽ നിൽക്കുന്നവർ ആദ്യം ചാടിക്കയറും...

അടുത്ത തിരയുടെ കമാനാകാരത്തിനു മുകളിലൂടെ അപ്പുറം കടക്കുന്ന ഒരു വിദ്യയുണ്ട്​. അതു കടന്നാൽ അവർ തീരത്തടിയുന്ന തിരകളെ അതിജയിച്ചുകഴിഞ്ഞു.അപ്പോഴേക്കും ശേഷിക്കുന്നവരും വള്ളത്തിൽ ചാടിക്കയറിയിരിക്കും. അതിനകം വള്ളത്തിൽ കുറേയധികം വെള്ളം കയറിയിട്ടുണ്ടാവും.കുറച്ചുപേർ തണ്ടും പങ്കായവുമെടുത്ത്​ തുഴയുമ്പോൾ ഒന്നുരണ്ടുപേർ പൊട്ടിയ കന്നാസി​ന്റെ ചരിച്ചുചെത്തിയ ഭാഗം കൊണ്ട്​ വെള്ളം തേകി വറ്റിക്കും. ബീഡിയും തീപ്പെട്ടിയും വിളക്കുമെല്ലാം പ്ലാസ്​റ്റിക്​ കവറിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കും.

നമ്മൾ നമ്മളെത്തന്നെ മറന്ന്​ വീട്ടിൽ കിടന്നുറങ്ങുമ്പോൾ അവർ കടലിൽ വല നീട്ടി വിരിക്കുവായിരിക്കും. കൂരിരുട്ടിൽ നക്ഷത്രങ്ങൾ മാത്രമായിരിക്കും അവർക്ക്​ വഴികാട്ടി. കടലിൽ ജലരേഖകളിൽ വരച്ച ഒരു ഭൂപടമുണ്ടാകും അവരുടെ മനസ്സിൽ. രാവലയ്​ക്ക്​ വള്ളമിറക്കാൻ പോയവർ പള്ളി മിനാരങ്ങളിൽ സുബ്​ഹി ബാങ്ക്​ മുഴങ്ങുന്ന സമയത്ത്​ ഉപ്പുവെള്ളത്തിൽ നനഞ്ഞുകയറിവരും. വള്ളത്തിൽ അപ്പോൾ നല്ല പെടപെടയ്​ക്കണ മീനുണ്ടാവും... അങ്ങനെയാണ്​ ഞങ്ങൾ മോർച്ചറിയിൽ വെക്കാത്ത മീൻ കൂട്ടുന്നവരായി മാറിയത്​...

ഒരു പാതിരാത്രിയിൽ ഞങ്ങളുടെ വീട്ടുവാതിലിൽ തുരു​തുരെ മുട്ടുകേട്ടു...‘ലത്തീഫേ... ലത്തീഫേ... എഴുന്നേൽക്കെടാ...’ എന്ന്​ ആരോ അധികാരഭാഷയിൽ പുറത്തുനിന്നു വിളിക്കുന്നു. കണ്ണുമിഴിച്ച്​ ആറ്​ ബാറ്ററിയുടെ ടോർ​ച്ചുമെടുത്തിറങ്ങിയ ബാപ്പയ്​ക്കൊപ്പം പുറത്തുവരുമ്പോൾ കുറേയേറെ ആളുകളുണ്ട്​ വീടിനു മുന്നിൽ...‘എടാ ഉവ്വേ... ചാകര വന്നെടാ...’ എന്നാരോ പറയുന്നുണ്ടായിരുന്നു... റോഡിലുടെ തേരാപ്പാരാ പായുന്ന ആളുകൾ. അതിനിടയിലും വല്ലാത്തൊരു നിശബ്​ദതയുണ്ടായിരുന്നു... ഓടി കടപ്പുറത്തെത്തുമ്പോൾ, കടലുണ്ട്​ ദീപാരാധനയ്​ക്ക്​ ഒരുങ്ങിയ പോർക്കലി ക്ഷേത്രം പോലെ കത്തിച്ചുപിടിച്ച്​ കിടക്കുന്നു...

അന്നു വൈകുന്നേരം വരെ വിരൽ വെച്ചാൽ മുറിയുന്ന മട്ടിൽ കലികൊണ്ടു കിടന്ന കടൽ ദാ, അനുസരണയോടെ കിടക്കുന്നു... ചെത്തി കടപ്പുറത്തുനിന്നും അർത്തുങ്കൽ നിന്നും ആറാട്ടുപുഴയിൽനിന്നും നീണ്ടകരയിൽനിന്നുപോലും ചാകരയുടെ മണംപിടിച്ച്​ മഴ പെയ്​തുകൊണ്ടിരിക്കുന്ന ആ രാത്രി ഞങ്ങളുടെ കടൽപ്പുറത്ത്​ മീൻപിടുത്തക്കാർ എത്തിയിരുന്നു...

ഉറക്കം കടലിലെറിഞ്ഞ്​ മീൻ കൊയ്യാനറിയാവുന്ന, തിരയടികളിൽ കൂസാത്ത, കൊടും തണുപ്പുപോലും അറിയാതിരിക്കാനുള്ള രാസവിദ്യ ജനിതകത്തിൽ അലിഞ്ഞവരാണവർ... പമ്പയാറ്റിലെയും പെരിയാറ്റിലെയും വെള്ളത്തിൽ അലിയില്ല അവരുടെ കരുത്ത്​... സൈന്യം രാത്രി രക്ഷാദൗത്യം നിർത്തിയപ്പോഴും അവർ ഓരോരുത്തരെയായി രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു. രക്ഷതേടി വിളിച്ചവർക്കെല്ലാം അവർ സ്വന്തം ജീവൻ കൊണ്ട്​ മറുപടിയേകി.... രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മെൽവിൻ ആൻറണി എന്ന പൂന്തുറക്കാരനെ രാത്രി വിളിച്ചപ്പോൾ പറഞ്ഞതിങ്ങനെയാണ്​... "രാത്രിയൊന്നും പ്രശ്​നമല്ല, ഞങ്ങൾ രക്ഷിക്കാൻ വന്നവരാ...അവസാനത്തെ ആളെയും രക്ഷിച്ചി​ട്ടേ പോകൂ...."

ഒരു മത്സ്യത്തൊഴിലാളിക്ക്​ ഏറ്റവും ജീവൻ അവ​ന്‍റെ വള്ളമാണ്​... അതവ​ന്‍റെ തൊഴിലുപകരണമാണ്​... വേറൊരു തുറയിൽ ചാകര വന്നെന്നു കേട്ടാൽ വള്ളം ലോറിയിൽ കയറ്റി അവർ കൊണ്ടുപോകുന്നത്​ കണ്ടിട്ടുണ്ടോ? ചില്ലുപാത്രം ഉടയാതെ കാക്കുംപോലെയാണത്​... ആ അവരാണ്,​ രക്ഷിക്കണേയെന്നു കേട്ടപ്പോൾ വള്ളവും വലിച്ചുവാരി പാഞ്ഞുവന്നത്​... വെള്ളത്തിൽ മൂടിയ കൂറ്റൻ ഗേറ്റുകളിലും മതിലുകളിലും തട്ടി അവരുടെ വള്ളങ്ങളിൽ പലതിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്​...
പറഞ്ഞ വാക്കു പാലിച്ച്​ നമ്മൾ ആ കേടുപാടുകൾ തീർത്തുകൊടുക്കണം... അതിൽപരം പ്രത്യുപകാരം നമുക്ക്​ ചെയ്യാനില്ല....

കാരണം, കടലുപോലെയാണ്​ കടലി​ന്റ മക്കളും... സ്​നേഹിച്ചാൽ ശാന്തമായി ചാകരപ്പാട്ടിലെ കടലുകണക്കെ വാരിക്കോരി തരും... ചവിട്ടിക്കയറാൻ മുതുകു കാട്ടിത്തരും... കോപിച്ചാൽ തീരമറുത്തെടുത്തുപോകുന്ന കടലുപോലെ കലിതുള്ളുകയും ചെയ്യും... ചവിട്ടിയരയ്ക്കാൻ ഒരിക്കലും തല കുനിച്ചു തരികയുമില്ല... കാരണം അവരുടെ മനസ്സാണ്​ ആ കടൽ... നമ്മുടെ വിഴുപ്പും അഴുക്കുമെല്ലാം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട കടൽ... എന്നും കടലിൽ പോരടിക്കുന്ന അവരെയല്ലാതെ മറ്റാരെയാണ് സൈനികരെന്നു വിളിക്കേണ്ടത്.