Asianet News MalayalamAsianet News Malayalam

വാക്കുകളില്‍ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട മാധവിക്കുട്ടി...

kamala surayya death anniversary column by arun asokan
Author
First Published May 31, 2017, 4:40 PM IST

kamala surayya death anniversary column by arun asokan

പ്രണയത്തിന്റെ പല ഭാവങ്ങളെക്കുറിച്ച് , ജീവിതത്തിന്റെ പല തലങ്ങളെക്കുറിച്ചൊക്കെ അവരെഴുതി. ഒരു സ്ത്രീക്ക് മാത്രമെ ഇത്രമേല്‍ വൈവിധ്യപൂര്‍ണമായി ജീവിതത്തെ കാണാന്‍ സാധിക്കൂയെന്ന് മലയാളികളെ ആദ്യം ബോധ്യപ്പെടുത്തിയ കഥാകാരിയെന്ന് നമുക്ക് അവരെ വിളിക്കാം. 

കാരണം മനുഷ്യമനസ്സിനെ അത്രമേല്‍ കീറിമുറിച്ച് കഥകളിലൂടെ തുറന്നുകാട്ടുകയാണ് മാധവിക്കുട്ടി ചെയ്തത്.  

ആ കീറിത്തുറന്ന ഹൃദയങ്ങളില്‍ വിവാഹത്തിലേക്ക് എത്തുന്ന സഫലമായപ്രണയമോ വിവാഹത്തിന് മുന്‍പുള്ള നഷ്ടപ്രണയമോ മാത്രമല്ല, വിവാഹത്തിന് ശേഷമുള്ള പ്രണയവും കടന്നുവന്നു. അതിനെ പവിത്രീകരിക്കാനോ ,  പാപമെന്ന് വിളിക്കാനോ അവര്‍ ശ്രമിച്ചില്ല. അത്  എങ്ങനെയോ അതുപോലെ അവതരിപ്പിച്ചു. വിവാഹിതയായ സ്ത്രീക്ക് പരപുരുഷനോട് തോന്നുന്ന വികാരത്തെ പ്രണയമെന്ന് വിളിക്കാന്‍ 1950 കളില്‍ മാധവിക്കുട്ടി കാട്ടിയതും ഒരു ധൈര്യമാണ്. 

പുഴ വീണ്ടും ഒഴുകിയെന്ന കഥ ഉദാഹരണം. ഭര്‍ത്താവിനാല്‍ തിരസ്‌കൃതയായെന്ന് തോന്നിയ നായിക യുവാവായ പുരുഷനില്‍ തന്റെ സ്‌നേഹിക്കപ്പെടാനുള്ള ആഗ്രഹം സമര്‍പ്പിക്കുന്നു. നിമിഷങ്ങള്‍ പോലും അകന്നിരിക്കാന്‍ ആകാത്ത വിധത്തില്‍  അവര്‍ അടുക്കുമ്പോഴേക്ക് കാമുകനെ മരണം കവര്‍ന്നെടുക്കുന്നു. അവിടെ തീരേണ്ടുന്ന കഥ കാമുകന്റെ മരണത്തില്‍ വിതുമ്പുന്ന ഭാര്യയെ ആശ്വസിപ്പിക്കുന്ന ഭര്‍ത്താവിന്റെ മഹത്വത്തിലാണ് അവസാനിക്കുന്നത്. മറ്റൊരു കഥയില്‍ മകളുടെ പനിയാണ് പരപ്രണയം ഉപേക്ഷിച്ച് ഈശ്വരനോടുള്ള സ്ഥായിയായ പ്രണയത്തിലേക്ക് മടങ്ങാന്‍  നായികയെ പ്രേരിപ്പിക്കുന്നത്. 

ജീവിതത്തില്‍ മാധവിക്കുട്ടി ആരെയെങ്കിലും ഭയപ്പെട്ടിരുന്നുവോ?

പ്രിയപ്പെട്ട മരത്തിന്റെ വേരുകള്‍ക്കിടയില്‍ നിത്യമായ ഉറക്കത്തിലുള്ള അവര്‍ക്ക് മാത്രം അറിയുന്നതാകാം അക്കാര്യം. എന്നാല്‍ എഴുത്തില്‍ കമല ആരെയും ഭയപ്പെട്ടില്ല. എഴുതാന്‍ തോന്നിയതൊക്കെ അവര്‍ എഴുതി. സ്വന്തം എഴുത്തിനെ മാധവിക്കുട്ടി തന്നെ നിര്‍വചിച്ചത് ഇങ്ങനെയാണ് . 

ഞാന്‍ എഴുതുന്നത് ഒരു ആത്മബലിയാണ്. തൊലി കീറി എല്ലു പൊട്ടിച്ച് മജ്ജ പുറത്തു കാണിക്കുകയാണ് ഞാന്‍ . ഇതാണ് ആത്മബലി . പലതും എഴുതുമ്പോള്‍ എന്നെത്തന്നെ കൊല്ലുകയാണ് ഞാന്‍.

ഈ വരികളില്‍ നിറയുന്നത് മാധവിക്കുട്ടിയുടെ ഭയം തന്നെയല്ലേയെന്ന് ഒരു നിമിഷം ശങ്കിച്ചേക്കാം. പക്ഷെ തുടര്‍ന്നുള്ള വരികള്‍ ആ സംശയത്തെ കൊന്നുകളയാന്‍ ശക്തിയുള്ളതാണ്. ഞാന്‍ അശ്ലീലമെഴുതിയെന്നും വരച്ചെന്നും പറയുന്നവരുണ്ട്. എന്താണ് അശ്ലീലം? ദൈവം അശ്ലീലത സൃഷ്ടിച്ചുവോ? മനുഷ്യശരീരം അശ്ലീലമാണോ? ഈ സൃഷ്ടി എന്തിനാണ്? അപ്പോഴത് ദൈവത്തിന്റെ പിഴവാകും.

സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും  എഴുതുക മാത്രമല്ല, അത് തെറ്റാണെങ്കില്‍ ആ തെറ്റ് ദൈവത്തിന്റേതാണെന്ന് പറയുക കൂടി ചെയ്തു മാധവിക്കുട്ടി. വാക്കുകളില്‍ അസാമാന്യമായ ധൈര്യം കുത്തിനിറയ്ക്കാന്‍ മാധവിക്കുട്ടിക്ക് കഴിഞ്ഞെന്ന് പലരും പറഞ്ഞതിന്റെ കാരണം അതാണ്.  മാധവിക്കുട്ടി സ്‌നേഹത്തെ നിര്‍വചിച്ചത് പൊതുബോധത്തിന്റെ തലത്തില്‍ നിന്നായിരുന്നില്ല, മനുഷ്യ മനസ്സിന്റെ അടിത്തട്ടില്‍ നിന്നാണ്.  രക്തവും മാംസവും നിറയുന്ന വടിവൊത്ത യാഥാര്‍ഥ്യമല്ല,  പുകപോലെ അവ്യക്തവും മായികവുമായ സ്വപ്‌നമായിരുന്നു അവരുടെ കഥാലോകം. 

അലഞ്ഞുനടന്ന സ്വപ്‌നലോകങ്ങളില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന് യാഥാര്‍ഥ്യലോകത്ത് പ്രതിഷ്ഠിക്കപ്പെട്ടവയാണ് മാധവിക്കുട്ടിയുടെ കഥകള്‍.

അതുകൊണ്ട് തന്നെ യാഥാര്‍ഥ്യത്തില്‍ നിന്ന് അയഥാര്‍ത്ഥ്യത്തിലേക്കും അവിടെ നിന്ന് തിരിച്ചും മാധവിക്കുട്ടിയുടെ കഥകള്‍ നിരന്തരം ദേശാന്തരഗമനം നടത്തുന്നു.  പക്ഷിയുടെ മണം എന്ന കഥ അത്തരം വളഞ്ഞുപുളഞ്ഞുള്ള സഞ്ചാരത്തിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്. മാധവിക്കുട്ടിയുടെ കഥകളില്‍ മായികതയെ ആസ്വദിച്ചവരും യാഥാര്‍ഥ്യത്തെ ആസ്വദിച്ചവരും ഉണ്ട്.  പക്ഷെ കഥകളില്‍ കഥാകാരിയുടെ യാഥാര്‍ഥ്യത്തെ തിരഞ്ഞവര്‍, മാധവിക്കുട്ടിയെന്ന കഥാകാരിയെ അറിയാത്തവരായി മാറി.

ബാല്യം വിട്ടുമാറുന്നതിന് മുന്‍പേ തന്നെക്കാള്‍ വയസുണ്ടായിരുന്നയാളുടെ   ഭാര്യയാകേണ്ടിവന്ന സ്വപ്‌നജീവിയായ സുന്ദരിയായാണ് അവര്‍  മാധവിക്കുട്ടിയെ കണ്ടത്.  അങ്ങനെ മാത്രം കണ്ടവര്‍ പക്ഷെ ഉറപ്പായും അറിഞ്ഞിരിക്കേണ്ട മറ്റൊരു മാധവിക്കുട്ടിയുണ്ട്. അത് നെയ്പ്പായസം എഴുതിയ കഥാകാരിയാണ്. ഒരു സ്ത്രീ ഉറക്കെപ്പറയാന്‍ മടിക്കുന്നതൊക്കെ പറഞ്ഞ അതേ മാധവിക്കുട്ടി പുരുഷന്റെ വീക്ഷണകോണിലൂടെയും ഒരുപാട് കഥകള്‍ എഴുതിയിട്ടുണ്ട്.  

മാതൃത്വത്തിന്റെ കഥകള്‍ പറഞ്ഞ അമ്മയുമാണവര്‍.

സ്‌നേഹമായിരുന്നു മാധവിക്കുട്ടിയുടെ ഭാഷ. പ്രണയമായിരുന്നു അതിന്റെ ഛന്ദസ്സ്.  ഛന്ദസ്സില്‍ അതിമനോഹരമായ പ്രണയകാവ്യങ്ങളും ചന്ദസില്ലാതെ അതിലും മനോഹരമായ സ്‌നേഹകഥകളും പാടിയ പക്ഷിയായിരുന്നു മാധവിക്കുട്ടി.  അവരുടെ മരണത്തിലൂടെ മലയാളത്തിന് നഷ്ടമായത് എന്തായിരുന്നു.    ഉറക്കത്തെ മെല്ലെ മെല്ലെ ആനയിച്ചുകൊണ്ടുവരുന്ന രാഗമാണ് നീലാംബരി.  സ്വപ്‌നലോകത്തിലേക്കുള്ള പുതിയ വാതായനങ്ങളാണോ മാധവിക്കുട്ടി പോയപ്പോള്‍ നമുക്ക് നഷ്ടമായത്. അതോ ഉറക്കത്തിന്റെ ഗാഢതയിലും നിറഞ്ഞുകവിഞ്ഞൊരു പുഷ്പസുഗന്ധമോ. രണ്ടും നഷ്ടപ്പെട്ടുവെന്ന് പറയാം. നഷ്ടപ്പെട്ട നീര്‍മാതളവും നീലാംബരിയും . പക്ഷെ അപ്പോഴും നീലാംബരിയുടെും നീര്‍മാതളത്തിന്റെയും ഓര്‍മ്മകള്‍ വാക്കുകളായി ഇവിടെ ബാക്കിയാകുന്നു.
 

Follow Us:
Download App:
  • android
  • ios