Asianet News MalayalamAsianet News Malayalam

ഗോത്രപാരമ്പര്യമല്ല സര്‍, കണ്ണൂരില്‍ നടക്കുന്നത് രാഷ്ട്രീയ ജിഹാദ്!

Kannur political violence is not a tribal tradition
Author
Kannur, First Published Jul 12, 2016, 9:55 AM IST
  • Facebook
  • Twitter
  • Whatsapp

Kannur political violence is not a tribal tradition

കണ്ണൂരില്‍ പണ്ടൊരു മാധ്യമ പ്രവര്‍ത്തക സുഹൃത്ത് ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് ഒഴുക്കില്‍ പറഞ്ഞതല്ല. ആള്‍ ഇപ്പോഴും ഉണ്ട്. പക്ഷെ ജോലി മാറി. എന്‍ഡോസള്‍ഫാന്‍ വിഷമല്ല ആരോഗ്യദായകമായ പാനീയം ആണ് എന്നെല്ലാം ആ കമ്പനിക്ക് വേണ്ടി വിളിച്ചു പറഞ്ഞു നടക്കുന്നു. വിഷയം അതല്ല. കാര്യത്തിലേക്ക് വരാം.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ എല്ലാം അദ്ദേഹം തന്റെ സ്ഥിരം തിയറി പുതിയ കണ്ടെത്തല്‍ ആയി അവതരിപ്പിക്കും. പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍. കണ്ണൂരുകാരുടെ ഗോത്ര പാരമ്പര്യത്തില്‍ അന്തര്‍ലീനമായ പകയുടെയും പ്രതികാരത്തിന്റെയും ബഹിര്‍സ്ഫുരണങ്ങള്‍ എന്നെല്ലാം ആണ് സ്ഥിരം എഴുത്ത്. ഒരു ദേശത്തെ മൊത്തം അപമാനിക്കുമെങ്കിലും കൊലനടത്തുന്ന രാഷ്ട്രീയക്കാര്‍ ആര്‍ക്കും നേരെ വിരല്‍ ചൂണ്ടല്‍ ഇല്ല. പറശിനി മടപ്പുര മുത്തപ്പന് ഇഷ്ടം വേട്ട ഇറച്ചിയും ഉണക്ക മീനും കള്ളും ആണെന്നതില്‍ അടക്കം പാരമ്പര്യം തെരഞ്ഞുപോകും. പ്രാക്തനമായ പകകള്‍. അത് രക്തത്തില്‍ അലിഞ്ഞ് തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കപ്പെടുക ആണ് പോലും.

ഒന്നര ദശകം മുന്‍പ് പാനൂരിലും കൂത്തുപറമ്പിലും കൊലപാതക രാഷ്ട്രീയം ഒന്നര ആഴ്ചയോളം തകര്‍ത്താടിയപ്പോള്‍ അന്ന് നിലനിന്നിരുന്ന വ്യക്തിബന്ധം വച്ച് സുഹൃത്തിനോട് പറഞ്ഞു: ``നിങ്ങള്‍ ദയവു ചെയ്ത് ഇക്കുറി ഗോത്ര പകയുടെ തിയറി പുറത്തെടുക്കരുത്.''

ഇന്ന് ഒരിടവേളക്ക് ശേഷം കണ്ണൂരില്‍ രാഷ്ട്രീയ ജിഹാദ് പുനരാരംഭിച്ചിരിക്കുകയാണ്. അതും സിറിയയില്‍ മത ജിഹാദിന് പോയവരെക്കുറിച്ച് നമ്മള്‍ ഞെട്ടുകയും രോഷം കൊള്ളുകയും ചെയ്യുന്ന കാലത്ത്.

പതിനാറ് കൊല്ലം മുന്‍പ്,വെട്ടിക്കൊല്ലപ്പെട്ട, സഹോദരങ്ങള്‍ ആയ രണ്ടു യുവാക്കളുടെ വീട്ടില്‍ ചെല്ലുമ്പോള്‍, വരാന്തയില്‍ രണ്ടു പ്ലെയിറ്റില്‍ കപ്പ പുഴുങ്ങിയതും അടുത്ത് തണുത്തു വിറച്ച കട്ടന്‍ കാപ്പി ഗ്ലാസ്സുകളും ഉണ്ടായിരുന്നു. അമ്മ ഉണ്ടാക്കി സ്‌നേഹപൂര്‍വ്വം വിളമ്പിയ പ്രഭാത ഭക്ഷണം കഴിക്കാതെ ജീവനും കൊണ്ട് ഓടുകയായിരുന്നു. പുറകെ ചെന്ന് വെട്ടി വീഴ്ത്തി.

കണ്ണൂരില്‍ അക്രമ രാഷ്ട്രീയം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കുത്തകയല്ല. ചെറുതും വലുതുമായ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ആവുംപോലെ അതില്‍ സംഭാവന ചെയ്യാറുണ്ട്. വെട്ടിനും കുത്തിനും കൊലപാതകത്തിനും സ്വയം പ്രതിരോധം എന്നാണ് അക്രമികളുടെ നേതാക്കള്‍ വിളിക്കാറ്. എവിടെ വച്ചും വെട്ടിക്കൊല്ലാം. വീട്ടില്‍ കയറി ചെന്ന് അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് വേണോ അതോ ഭാര്യയുടെ കൂടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിടിച്ചിറക്കി വേണോ എന്നത് ജിഹാദിയുടെ ചോയ്‌സ് ആണ്. നേതാവ് ഇടപെടില്ല. ചിലപ്പോള്‍ അത് ക്ലാസ്സ് മുറിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് ആകാം. സാക്ഷി പറഞ്ഞാല്‍ വീണ്ടും കൊലപാതകം ഉണ്ടാകും എന്ന് ബ്ലാക്ക് ബോര്‍ഡില്‍ ചോക്ക് കൊണ്ട് എഴുതാം. തിരുവോണ ദിവസം വീട്ടില്‍ കയറിയും വെട്ടാം. ഹോട്ടലില്‍ ചോറ് ഉണ്ണുന്ന ആളെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ബോംബ് എറിഞ്ഞും കൊല്ലാം. സിറിയയിലെ ജിഹാദികള്‍ അന്ത്യഭക്ഷണം അനുവദിക്കുമോ എന്നറിയില്ല. ഇവിടെ ഇങ്ങനെ ആണ്. മൊബൈല്‍ ഫോണും കംഗാരു കോടതികളും ഒക്കെയായി സമീപ വര്‍ഷങ്ങളില്‍ രാഷ്ട്രീയ ജിഹാദ് പിന്നെയും വളര്‍ന്നിട്ടുണ്ട്. പക്ഷെ നേതാക്കള്‍ക്ക് ഒന്നേ നിര്‍ബന്ധം ഉള്ളു. എണ്ണം ഒക്കണം. അപ്പുറത്ത് രണ്ടു എങ്കില്‍ ഇവിടെയും രണ്ട്. പത്തെങ്കില്‍ പത്ത്.

പതിനാറ് കൊല്ലം മുന്‍പ്,വെട്ടിക്കൊല്ലപ്പെട്ട, സഹോദരങ്ങള്‍ ആയ രണ്ടു യുവാക്കളുടെ വീട്ടില്‍ ചെല്ലുമ്പോള്‍, വരാന്തയില്‍ രണ്ടു പ്ലെയിറ്റില്‍ കപ്പ പുഴുങ്ങിയതും അടുത്ത് തണുത്തു വിറച്ച കട്ടന്‍ കാപ്പി ഗ്ലാസ്സുകളും ഉണ്ടായിരുന്നു. അമ്മ ഉണ്ടാക്കി സ്‌നേഹപൂര്‍വ്വം വിളമ്പിയ പ്രഭാത ഭക്ഷണം കഴിക്കാതെ ജീവനും കൊണ്ട് ഓടുകയായിരുന്നു. പുറകെ ചെന്ന് വെട്ടി വീഴ്ത്തി.

അക്രമം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അമ്മമാരുടെ ദുഃഖം, പെങ്ങന്മാരുടെ നിസ്സഹായത, ഭാര്യമാരുടെ രോദനം എന്നൊക്കെ ഉള്ള ക്ലീഷേകള്‍ കുറയ്ക്കുന്നത് നല്ലത് ആണെന്നും ഒഴിച്ച് കൂടാത്തപ്പോള്‍ മതിയെന്നും ഉപദേശിച്ചത് മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ കെ എ ആന്റണി ആയിരുന്നു. പോയി കൊന്നിട്ട് വാ ചേട്ടാ എന്ന് പറഞ്ഞു കൊലക്കത്തി എടുത്തു കൊടുക്കുന്ന ചില ഭാര്യമാര്‍ ഒരു അമ്പരപ്പ് ആയിരുന്നു ആദ്യം. മക്കള്‍ കൊലപാതകികള്‍ ആകുന്നതില്‍ അഭിമാനിക്കുന്ന അമ്മമാരും.

പാര്‍ട്ടി പത്രങ്ങളുടെ ലേഖകരുടെ റിപ്പോര്‍ട്ടിംഗ് വിരുത് ഏറ്റവും പ്രകടിപ്പിക്കപ്പെടുന്നത് ഇത്തരം സമയങ്ങളില്‍ ആണ്. സ്വന്തം പാര്‍ട്ടിയില്‍ ഉള്ള ആള്‍ ആണ് കൊല്ലപ്പെട്ടത് എങ്കില്‍ കരളലിയിക്കുന്ന കണ്ണീര്‍ കഥകള്‍ നിറയെ വേണം. സ്വന്തം ആളുകള്‍ ആണ് കൊന്നതെങ്കില്‍ ഒരു കുഞ്ഞു കഥ മതി. അതില്‍ ആരോ കൊന്നു എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോണം. അന്യഗ്രഹ ജീവികള്‍ ആയിരിക്കും കൊന്നത് എന്ന് വായിക്കുന്നവര്‍ക്ക് തോന്നണം. ഇല്ലെങ്കില്‍ അഹങ്കാരം കൊണ്ട് സ്വയം വെട്ടിയോ കുത്തിയോ ബോംബിട്ടോ മരിച്ചു എന്ന് തോന്നിപ്പിച്ചാലും മതി. കൊല്ലപ്പെട്ടവന്‍ എതിര്‍ പക്ഷം ആണെങ്കില്‍ കൊടും ക്രിമിനല്‍ ആയിരിക്കും എന്നതും ഉറപ്പ്.

കലക്ടര്‍ വിളിക്കുന്ന സമാധാന യോഗങ്ങള്‍ ആണ് കോമഡി. അക്രമത്തിന്റെ ബുദ്ധികേന്ദ്രമായ നേതാവ് യോഗത്തില്‍ സമാധാന മാടപ്രാവ് ആകും. അതെല്ലാം എണ്ണം തികഞ്ഞെങ്കില്‍ മാത്രം. എണ്ണം ആണ് കാര്യം.

മരിച്ചവരെക്കാള്‍ കഷ്ടമാണ് കയ്യും കാലും പോയി ജീവിക്കുന്നവരുടെ അവസ്ഥ. ബോംബ് നിര്‍മാണത്തിനിടയില്‍ കൈയിലിരുന്ന്
പൊട്ടി മൃതപ്രായരാകുന്ന അപ്രന്റീസുകളും ഉണ്ട്. ജീവിക്കുന്ന രക്തസാക്ഷികളോട് സംസാരിക്കുക എന്ന ദൌര്‍ഭാഗ്യവും ഉണ്ടായിട്ടുണ്ട്.

പാര്‍ട്ടികള്‍ കൊടുക്കുന്ന പ്രതിപ്പട്ടിക പോലീസ് അവഗണിച്ച് നേതാക്കളെ അടക്കം കുറ്റക്കാരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നപ്പോള്‍ എല്ലാം അക്രമ പരമ്പരകള്‍ ഇല്ലാതായിട്ടുണ്ട്. ഒരു ഗോത്ര പാരമ്പര്യവും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. നിയമം മുഖം നോക്കുമ്പോള്‍ ആണ് പ്രശ്‌നം.

കലക്ടര്‍ വിളിക്കുന്ന സമാധാന യോഗങ്ങള്‍ ആണ് കോമഡി. അക്രമത്തിന്റെ ബുദ്ധികേന്ദ്രമായ നേതാവ് യോഗത്തില്‍ സമാധാന മാടപ്രാവ് ആകും. അതെല്ലാം എണ്ണം തികഞ്ഞെങ്കില്‍ മാത്രം. എണ്ണം ആണ് കാര്യം.

മനുഷ്യ നന്മയുടെയും അപരനോടുള്ള സ്‌നേഹത്തിന്റെയും കരുണയുടെയും കരുതലിന്റെയും നാടാണ് കണ്ണൂര്‍. അവിടെ ഒരിക്കലെങ്കിലും
ജോലി ചെയ്ത ഇതര നാട്ടുകാര്‍ക്ക് കണ്ണൂര്‍ മറക്കാന്‍ ആകില്ല. ആത്മാര്‍ത്ഥത പൂത്തുലയുന്ന നാട്. അവിടെ തന്നെയാണ് രാഷ്ട്രീയ സക്കീര്‍ നായക്കുമാര്‍ കൊലപാതക പരമ്പരകള്‍ക്ക് ആവേശം ആകുന്നത്.

(ഫേസ്ബുക്ക് പോസ്റ്റ്)

Follow Us:
Download App:
  • android
  • ios