പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തി കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം വിജയപതാക നാട്ടുന്നത്. നമ്മുടെ ധീരയോധാക്കളുടെ ആ ദിവസങ്ങളിലെ പോരാട്ടത്തിന്‍റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നു. ജൂലൈ 26 ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ വിജയ ദിവസമായിട്ടാണ്. പാക്കിസ്ഥാന്‍റെ ദുഷ്ടനീക്കങ്ങളുടെ ചരിത്രപരമായ ഓര്‍മ്മപ്പെടുത്തല്‍. പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാത പാക്കിസ്ഥാന്‍ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതും ഈ ദിവസങ്ങളില്‍ തന്നെയാണെന്നത് തികച്ചും യാദൃശ്ചികം.
കാര്‍ഗില്‍ വിജയ് ദിവസ് നിരവധി ആളുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. രാജ്യത്തിനു വേണ്ടി ആത്മസമര്‍പ്പണം നടത്തി ജീവിതം ധന്യമാക്കിയ ധീരജവന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ ഒക്കെ ഈ ദിവസത്തെ പ്രതിനിധീകരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രൊഫഷണല്‍ സമീപനത്തിന്‍റെ വിജയദിവസം കൂടിയാണിത്. രാജ്യത്തിനു വേണ്ടി ജീവനും ജീവിതവും ത്യജിച്ച് വീരമൃത്യു വരിച്ചവരുടെ ദിവസം.
പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ വീണ്ടും ആയുധമെടുത്തിറങ്ങുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ജമ്മു - കശ്മീരിനെ അശാന്തമാക്കാനുള്ള പാക്ക് ശ്രമങ്ങള്‍ക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. നിരവധി പ്രതിസന്ധികളെയാണ് സൈന്യം കശ്മീരില്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. ഭീകരവാദത്തിനും നുഴഞ്ഞു കയറ്റത്തിനും പ്രകൃതി ദുരന്തത്തിനുമൊക്കെ എതിരെ അവര്‍ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നു.
ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് സൈന്യം നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. ചൈന്നൈയിലും ജമ്മുവിലും പ്രളയകാലത്ത് രക്ഷകാരായെത്തിയത് നമ്മുടെ സൈന്യമാണ്. ഹരിയാനയിലെ ജാട്ട് സംഘര്‍ഷം നിയന്ത്രണാതീതമായപ്പോഴും സൈന്യം തന്നെ ഇറങ്ങേണ്ടി വന്നു, സ്ഥിതി ശാന്തമാക്കാന്‍.
സൈന്യത്തിന്‍റെ സേവനത്തെ ആദരിക്കുന്ന നമ്മള്‍ ഒരേസമയം ചെറിയ കാര്യങ്ങള്‍ക്കു പോലും സൈന്യത്തെ കുറ്റപ്പെടുത്തുന്ന പ്രവണതയും സമീപകാലത്ത് കൂടിവരുന്നു.
ആഭ്യന്തര സുരക്ഷയ്ക്ക് സൈന്യത്തെ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ഇത്തരം കുറ്റപ്പെടുത്തലുകളിലേക്ക് നയിക്കുന്നത്. മണിപ്പൂരിലെ അസ്‍ഫ നിയമം ഉദാഹരണം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആഭ്യന്തര സുരക്ഷയ്ക്ക് സൈന്യത്തെ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
തിരക്കിനിടയില്‍ നമ്മളൊക്കെ ബോധപൂര്‍വ്വം മറക്കുന്നവരാണ് സൈനികര്‍. നമ്മുടെ സുരക്ഷയ്ക്കു വേണ്ടി സ്വന്തം ജീവനും ജീവിതവും സമര്‍പ്പിച്ച് അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്നവര്‍. അവരുടെ സേവനത്തിന് നമ്മള്‍ വിലമതിച്ചേ മതിയാവൂ. നമ്മുടെ സൈന്യത്തിന്‍റെ കരുത്ത് രാജ്യത്തെ ജനങ്ങളാണ്. സൈന്യത്തിന്‍റെ ആത്മവിശ്വാസം കെടാതെ സൂക്ഷേക്കേണ്ടത് ജനതയുടെ കടമയാണ്.
