
ഗുജറാത്ത് തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് നല്ല രസം ആണ്. ഭക്ഷണമാണ് അതിലും രസം. ആളുകൾ വീട്ടിലേക്ക് ഉണ്ണാൻ ക്ഷണിക്കും. പോയാലോ, ദൂരെ നിന്നും വന്ന ബന്ധുക്കളോടെന്നപോലെ സ്ത്രീകളൊക്കെ ചോദിക്കും. കേം ചോ ഭയ് (സുഖമല്ലേ). അഹമ്മദാബാദ് നവരംഗ്പുരയിലെ ഗുൽബെടെക്റാ കോളനിക്കകത്തേക്ക് കേറിയതും എതിരെ ഒരു കല്യാണസംഘം വരുന്നു. കല്യാണപ്പെണ്ണ് വിന ബെൻ ഞങ്ങൾക്കടക്കം എല്ലാവരുടെയും കൈയിലേക്ക് അരിമണികൾ നുള്ളിയിട്ടു. അരിമണികളിൽ ചായം പൂശിയിരിക്കുന്നു. പ്രസാദമാണെന്നുകരുതി ഞാനത് വായിലേക്കിട്ടതും കല്യാണപ്പെണ്ണടക്കം എല്ലാവരും കൂട്ടച്ചിരി. അബദ്ധം പറ്റി. വിവാഹക്ഷണക്കത്താണത്രേ ഈ അരിമണികൾ. കല്യാണപ്പെണ്ണ് നേരിട്ട് ക്ഷണിക്കാനെത്തിയതാണ്. മണവാട്ടിയെ അനുഗ്രഹിച്ച് അരിമണികൾ അന്തരീക്ഷത്തിലേക്ക് തൂവിക്കണം. കുറച്ച്കഴിഞ്ഞ് ചെക്കനും സംഘവും വന്നു.

200 വർഷം മുൻപ് രാജസ്ഥാനിൽ നിന്നും ഗുജറാത്തിലേക്ക് കുടിയേറിയ ബാവരി സമുദായം ആണിത്. സർക്കാർ ഭാഷയിൽ ഒബിസി. ഈ കോളനിയിൽ പതിനായിരം പേരുണ്ട്. സംസ്ഥാനത്തൊട്ടാകെ രണ്ടുലക്ഷത്തോളം ബാവരികളുണ്ടത്രേ. വിഗ്രഹനിർമാണമാണ് കുലത്തൊഴിൽ. എല്ലാവർക്കും വോട്ടുണ്ട്. അഹമ്മദാബാദിനകത്തുതന്നെയുള്ള എല്ലിസ് ബ്രിഡ്ജ് ആണ് നിയോജകമണ്ഡലം.

ബിജെപിയുടെ രാകേഷ് ഷായാണ് എംൽഎ. ഷാ ഇങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാറില്ലത്രേ.
നേരത്തെ സൗജന്യമായി കിട്ടിയിരുന്ന പൈപ്പ് വെള്ളം പോലും ഇപ്പോഴില്ല. മോട്ടറടിക്കാൻ ഓരോ കുടുംബവും ദിവസം മുപ്പത് രൂപ കൊടുക്കണം. മാസം 900 വെള്ളത്തിനുമാത്രം ചെലവ്
ചേരിയിൽ താമസിക്കുന്ന ഏക ബിരുദധാരി രമേശ് ഭാട്ടി ബുദ്ധിമുട്ടുകൾ വിവരിച്ചു. രമേശ് ഒരു മെക്കാനിക്കാണ്. പറഞ്ഞുവരുന്നത്, വ്യവസായവൽകരണം ഏറ്റവും വേഗത്തിൽ നടപ്പിലായ അഹമ്മദാബാദ് നഗരത്തിനുള്ളിലും വികസനം എത്തിനോക്കാത്ത ചേരികളുണ്ടെന്ന കാര്യമാണ്. ശുദ്ധജലമോ, സ്കൂളോ, അടച്ചുറപ്പുള്ള വീടോ ഇല്ലാത്തവർ. ഗുജറാത്ത് വികസനമാതൃക ഈ ജീവിതങ്ങളോട് ചെയ്തതെന്താണ് കണ്ടറിയണം. അൻപത് ശതമാനം കുട്ടികളും സ്കൂളിൽ പോകുന്നില്ല.
സ്കൂളുകളില്ലെങ്കിൽ എന്ത് വികസനം വരാനാണ്. ആദ്യം വേണ്ടത് സ്കൂളാണ്. കുട്ടികൾ ഇങ്ങനെ തെരുവിൽ നടക്കുന്നത് കാണുന്നത് തന്നെ പ്രയാസമാണ് രമേശ് നിരാശനായി.

രമേശ് ഭട്ടിയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അയാളുടെ അമ്മ ജിനി ബെൻ വീട്ടിൽനിന്നും ഇറങ്ങിവന്ന് ഞങ്ങളോട് ഗുജറാത്തിയിൽ എന്തൊക്കെയോ പറഞ്ഞു. മൊറാർജി ദേശായ് എന്ന് മാത്രമാണ് എനിക്ക് മനസിലായത്. ആ പേരു പറയുമ്പോഴെല്ലാം അവരുടെ കണ്ണുകൾ തിളങ്ങി. അമ്മ പറഞ്ഞതത്രയും രമേശ് ഭാട്ടി ഞങ്ങൾക്ക് ഹിന്ദിയിൽ മനസിലാക്കിത്തന്നു. ആ കഥ ഇതാണ്. പണ്ട് ഈ കോളനിയിലെ ആളുകളെല്ലാം മുഴുക്കുടിയൻമാരായിരുന്നു, രമേശിന്റെ അച്ഛനടക്കം. ഭർത്താക്കൻമാരുടെ അലസതകണ്ട് ജീവിതം മടുത്ത സ്ത്രീകളെല്ലാം കൂടി പ്രധാനമന്ത്രി മൊറാർജി ദേശായിയോട് പരാതി പറയാൻ തീരുമാനിച്ചു.

മീരാബെൻ ആണുങ്ങളറിയാതെ സ്ത്രീകളെയും കൂട്ടി ലോക്കൽ ടിക്കറ്റെടുത്ത് ദില്ലിയിൽ പോയി. മൊറാർജി ഗുജറാത്തിൽ മദ്യനിരോധനം നടപ്പാക്കുന്നതിന് മുഖ്യപങ്ക് വഹിച്ച ആളാണല്ലോ. മൊറാർജിയെ കണ്ട് സങ്കടം പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് ഗുജറാത്ത് സർക്കാരിനെ ബന്ധപ്പെട്ട് ഗുൽബെടെക്റ കോളനിയിലെ പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഗുജറാത്ത് സർക്കാർ ഇവിടെ പൊലീസ് കാവലേർപെടുത്തി. അങ്ങനെ വ്യാജമദ്യം ഒഴുകുന്നത് നിന്നു. “അന്ന് മൊറാർജിയോടൊപ്പം നിന്ന് എടുത്ത ഞങ്ങളുടെ ഫോട്ടോ വീട്ടിലുണ്ട്. കല്യാണം ആയതിനാൽ സാധനങ്ങളെല്ലാം വേറൊരിടത്തേക്ക് മാറ്റി. അതുകൊണ്ട് കാണിച്ചുതരാൻ പറ്റില്ലല്ലോ’’ അമ്മ സങ്കടപ്പെട്ടു. കൊച്ചുമോൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. “കല്യാണം കഴിഞ്ഞ് സാധനങ്ങളെല്ലാം ഇവിടെ തിരിച്ചെത്തിക്കുമ്പോൾ ഫോട്ടോ എടുത്ത് ഞാൻ വാട്സാപ്പ് അയച്ചുതരാം.’’ ജിനി ബെൻ ഞങ്ങളെ ചായയും ഹാണ്ട്വയും (മധുരപലഹാരം) കഴിക്കാൻ ക്ഷണിച്ചു. ആറുമണിക്ക് ഓഫീസിലേക്ക് വാർത്ത അയക്കാനുള്ള ധൃതിയിൽ ചായ കുടിക്കാതെ ഇറങ്ങി.

