ഒരു പ്രവചനം ആദ്യമേ നടത്തട്ടെ. കേരളത്തില്‍ പൂട്ടിയ ബാറെല്ലാം ഉടനെ തുറക്കും. എല്ലാം തുറന്നില്ലെങ്കിലും ഫോര്‍ സ്റ്റാര്‍ എങ്കിലും തുറക്കും. അതിനുള്ള കളമൊരുക്കല്‍ തകൃതിയായി തലസ്ഥാനത്ത് നടക്കുകയാണ്.

പക്ഷെ അതിന് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞുകൊണ്ടേയിരുന്നാലോ? എക്‌സൈസ് മന്ത്രിക്ക് പിന്നാലെ ടൂറിസം മന്ത്രിയും ബാറുകള്‍ക്ക് വേണ്ടി കണ്ണീരൊലിപ്പിച്ചുകൊണ്ട് ഇപ്പോള്‍ നടപ്പ്. ബാറുകള്‍ പൂട്ടിയതുകൊണ്ട് ടൂറിസം മേഖലയില്‍ ഇടിവ് സംഭവിച്ചു എന്നാണ് മന്ത്രി എ സി മൊയ്തീന്‍ പറയുന്നത്. കിട്ടുന്ന എല്ലാ അവസരിത്തിലും ഇത് വച്ചുകാച്ചിയ ശേഷം ഇപ്പോള്‍ ' ഇടിവിന് ഒരു പ്രധാന കാരണം ...' എന്നാക്കി മയപ്പെടുത്തിയിട്ടുണ്ട്. 

പക്ഷെ സത്യം ഇതിന് നേരെ എതിരാണെങ്കിലോ? ടൂറിസ്റ്റുകളുടെ എണ്ണത്തിലോ വരുമാനത്തിലോ ഒരു കുറവും വന്നില്ലെന്നതാണ് ശരിയെങ്കിലോ? അങ്ങനെയാണ് ടൂറിസം വകുപ്പിന്റെ തന്നെ കണക്കുകള്‍ പറയുന്നത്. 

ഏട്ടേകാല്‍ ലക്ഷം ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം കൂടുതലായി എത്തിയത്. വരുമാനത്തിലെ വര്‍ദ്ധന 1804 കോടി! എങ്ങനെയുണ്ട് നമ്മുടെ ടൂറിസം മന്ത്രിയുടെ വാചകമടി. 

പക്ഷെ ടൂറിസം മേഖലയുടെ വളര്‍ച്ചാ തോത് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ ഏഴേകാല്‍ ശതമാനത്തിന്റെ വര്‍ദ്ധനവേ ഉണ്ടായുള്ളു. അതിന് മുന്‍പുള്ള വര്‍ഷം, 2014ല്‍ ഇത് 12 ശതമാനമായിരുന്നു. 

പക്ഷെ കണക്ക് അതുകൊണ്ട് തീരുന്നില്ലല്ലോ. 2013ലേയും 2012ലേയും കണക്കൊക്കെ നോക്കേണ്ടെ? 2013ല്‍ 12ശതമാനം, 2012ല്‍ ഏഴ് ശതമാനം. മുക്കിന് മുക്കിന് ബാറുണ്ടായിരുന്ന 2012ലും വളര്‍ച്ച 7 ശതമാനമേ ഉണ്ടായിരുന്നുള്ളു!. അതിന് പിന്നോട്ടുള്ള വര്‍ഷങ്ങളിലും ഇതൊക്കെ തന്നെ (കണക്ക് മുകളിലുണ്ട്). അപ്പോള്‍ ടൂറിസം രംഗത്തെ വളര്‍ച്ചക്കും തളര്‍ച്ചക്കുമുള്ള കാരണങ്ങള്‍ മറ്റെന്തെങ്കിലും ആയിക്കൂടെ.. 

മദ്യം ഇല്ലാത്തതിനാല്‍ വലിയ കമ്പനികളുടെ കോണ്‍ഫറന്‍സുകള്‍ റദ്ദാകുന്നു എന്നാണ് പറയുന്നത്. ശരി. അങ്ങനെയാണെങ്കില്‍ അതിന്റെ കണക്ക് പ്രസിദ്ധീകരിക്കട്ടെ.എത്ര വലിയ നഷ്ടം എന്ന് വിശദീകരിക്കട്ടെ. അല്ലാതെ ഉഡായിപ്പ് വാദവുമായി ഇറങ്ങുകയല്ല ഒരു മന്ത്രി ചെയ്യേണ്ടത്. 

മദ്യത്തിന്റെ വില്‍പന കുറഞ്ഞെങ്കിലും ബിയറിന്റെ വില്‍പന അതിലും കൂടിയതുകൊണ്ട് നാട്ടില്‍ കുടി കൂടി എന്നാണ് എക്‌സൈസ് മന്ത്രി നിയമസഭയില്‍ പേലും പറഞ്ഞത്. മദ്യത്തിലെ ആല്‍ക്കഹോള്‍ അളവ് 45 ശതമാനവും, ബിയറിലേത് 6 ശതമാനവും ആണെന്ന് അറിയാത്ത ആളാവില്ലല്ലോ മന്ത്രി ടി പി രാമകൃഷ്ണന്‍. അതേക്കുറിച്ച് ഒരു ചര്‍ച്ചയില്‍ ചോദിച്ചപ്പോള്‍ മന്ത്രി പറഞ്ഞത് വ്യാജമദ്യം ഒഴുകുന്നുണ്ട് എന്നാണ്. ആ സംവാദം ഇങ്ങനെ പുരോഗമിച്ചു..

ചോദ്യം : അതിന് കണക്കുണ്ടോ? ശരാശരി എത്ര?
മന്ത്രി : അതിന് എങ്ങനെ കണക്ക് കിട്ടും..?

അപ്പോള്‍ അതൊരു ഊഹമാണ്. ഊഹത്തിന്റെ പുറത്താണോ സര്‍ക്കാര്‍ നിലപാട് പറയേണ്ടത്!!

ഇതൊക്കെ പറഞ്ഞു എന്നേ ഉള്ളു. എന്തായാലും സര്‍ക്കാര്‍ ബാറുകള്‍ തുറക്കും. അവരുടെ ന്യായവാദങ്ങള്‍ പൊളിഞ്ഞാലും ഇല്ലെങ്കിലും. 
ബാറൊക്കെ തുറന്നിട്ടും ടൂറിസ്റ്റുകള്‍ ഇങ്ങോട്ട് ഇരച്ചെത്തിയില്ലെങ്കിലാണ്... 

(എന്ത്‌ചെയ്യാന്‍. ചുമ്മാ ഒരു ജാഡയ്ക്ക് പറഞ്ഞെന്നേ ഉള്ളു :)