Asianet News MalayalamAsianet News Malayalam

കേരളത്തിലെ ടോട്ടോച്ചാനിന്റെ സ്കൂൾ ഒന്നൊന്നര സ്കൂളാണ്!

  • അഞ്ചു ദിവസം കൊണ്ടാണ് സ്കൂൾ ട്രെയിനാക്കി മാറ്റിയത്
  • സ്റ്റാഫ് റൂമും സെമിനാർ ഹാളും ഓഫീസ് റൂമും എല്ലാം പുറത്തു നിന്ന് നോക്കിയാൽ തനി തീവണ്ടി
  • ഇവിടെ എത്തുന്ന ഓരോ കുഞ്ഞുങ്ങളും ടോട്ടോച്ചാനെപ്പോലെ ഈ വിദ്യാലയത്തെ സ്നേഹിക്കുന്നുണ്ട്. 
kerala s totochans school

കൊല്ലം: ജനാലയ്ക്കരികിലെ വികൃതിക്കുട്ടിയായിരുന്നു ടോട്ടോച്ചാൻ.  വികൃതി കൂടിക്കൂടി എപ്പോൾ വേണമെങ്കിലും അവൾ ജനാലയിലൂടെ ചാടിപ്പോകുമെന്നായപ്പോഴാണ് അധ്യാപകർ അവളെ സ്കൂളിൽ നിന്നും പുറത്താക്കിയത്. പിന്നീട് അവൾ എത്തിച്ചേർന്നത് കൊബാഷി മാസ്റ്ററുടെ അടുത്താണ്. അവൾ കണ്ടു പരിചയിച്ച സ്കൂളേ ആയിരുന്നില്ല ടോമിയോ ​​ഗൗകൻ.  ഓടിച്ചാടി പാട്ടുപാടി അവൾ കൊയാബാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയായി. ടോട്ടോചാൻ വളർന്ന് തെത്സുകോ കുറോയാന​ഗി എന്ന ജാപ്പനീസ് എഴുത്തുകാരിയായി. അവൾ പഠിച്ച സ്കൂൾ വിദ്യാലയങ്ങൾക്ക് മാതൃകയായി. അവളുടെ പ്രിയപ്പെട്ട കൊയാബാഷി മാസ്റ്റർ ലോകം കണ്ട ഏറ്റവും മികച്ച അധ്യാപകനുമായി. 

കേരളത്തിലുമുണ്ട്, ഇങ്ങനെയൊരു വിദ്യാലയവും അധ്യാപകരും. കൊല്ലം ജില്ലയിലെ താഴത്തുകുളക്കട ഡിവിയുപി സ്കൂളാണ് അധ്യാപനത്തിന് മാതൃകയായി ശ്രദ്ധ നേടുന്നത്. വിദ്യാലയങ്ങൾ ഇങ്ങനെയായിരിക്കണമെന്ന പരമ്പരാ​ഗത വിശ്വാസങ്ങളെ പുറത്തു നിർത്തുകയാണ് ഈ സ്കൂൾ. 
ഓരോ വർഷവും വ്യത്യസ്തമായാണ് ഇവിടം വിദ്യാർത്ഥികൾക്ക് സ്വാ​ഗതമേകുന്നത്. ക്ലാസ്റൂമുകൾക്ക് തീവണ്ടിയുടെ മാതൃകയും നിറവും നൽകിയാണ് ഈ വർഷം ഡിവിയുപി സ്കൂൾ നവാ​ഗതരെ സ്വീകരിക്കാനൊരുങ്ങിയത്.  കരഞ്ഞു നിലവിളിച്ച് സ്കൂളിലെത്തിയ കുഞ്ഞുങ്ങൾ സ്കൂൾ കണ്ടപ്പോൾ അത്ഭുതപ്പെട്ടു എന്ന് പ്രധാനാധ്യാപകനായ ഹേമന്ത് പറയുന്നു. എല്ലാ വർഷവും എന്തെങ്കിലും പ്രത്യേകതകൾ വിദ്യാർത്ഥികൾക്കായി നൽകാൻ ശ്രമിക്കാറുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.  

കഴിഞ്ഞ വർഷം ടോട്ടോച്ചാൻ ആയിരുന്നു കുട്ടികളുടെ നാടകത്തിനായി തെരെഞ്ഞെടുത്ത വിഷയം. അധ്യാപനത്തിന്റെയും വിദ്യാലയത്തിന്റെയും  ഏറ്റവും മികച്ച മാതൃകകളായി നിലകൊള്ളുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഈ സ്കൂളിലും പരീക്ഷിക്കാൻ അധ്യാപകർ തീരുമാനിച്ചു. അങ്ങനെയാണ് ക്ലാസ്മുറികൾ തീവണ്ടി ബോ​ഗികളായി രൂപം മാറിയത്. പിറ്റിഎ മീറ്റിങ്ങിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ അവർക്കും സന്തോഷമായി. - ഹേമന്ത് സാറിന്റെ വാക്കുകൾ.

അഞ്ചു മുതൽ ഏഴ് വരെയുള്ള ആറ് ക്ലാസ്സ്റൂമുകളാണ്  നിറവും രൂപവും മാറിയിരിക്കുന്നത്. ഈ ക്ലാസ്സ്മുറികളെ ഡിവിയുപി എകസ്പ്രസ് എന്നാണ് കുട്ടികൾ ഇപ്പോൾ വിളിക്കുന്നത്. അഞ്ചാം ക്ലാസിൽ ടോട്ടോച്ചാനിനെക്കുറിച്ചുള്ള പാഠവും ഉൾപ്പെടുത്തിയിട്ടുണ്ട്. പാഠഭാ​ഗം അതേ പോലെ കൺമുന്നിൽ കാണുമ്പോൾ പഠിക്കാനുള്ള കുട്ടികളുടെ ഉത്സാഹവും വർദ്ധിക്കുമെന്ന് അധ്യാപകർ ഒന്നടങ്കം പറയുന്നു. അഞ്ചു ദിവസം കൊണ്ടാണ് സ്കൂൾ ട്രെയിനാക്കി മാറ്റിയത്. സ്റ്റാഫ് റൂമും സെമിനാർ ഹാളും ഓഫീസ് റൂമും എല്ലാം പുറത്തു നിന്ന് നോക്കിയാൽ തനി തീവണ്ടി. വെളിയം ബിആർസിയിലെ ചിത്രകലാ അധ്യാപകൻ അതുൽ കുമാർ, അപ്പുണ്ണി, അജേഷ് ബാബു, അതുൽ കൃഷ്ണൻ, ​ഗോകുൽ, മനു എന്നിവരാണ് തീവണ്ടി ക്ലാസ്സ്മുറികൾക്ക് നിറം നൽകിയത്. 

വ്യത്യസ്തത കൊണ്ട് ഇതിന് മുമ്പും ഡിവിയുപി സ്കൂൾ  ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം സ്കൂൾ മുറ്റത്ത്  മുളകൊണ്ട് നിർമ്മിച്ച ബഞ്ചുകളിലിരുന്നാണ് കുട്ടികൾ പഠിച്ചത്. സ്കൂളിൽ ​ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായിരുന്നു ഈ പരിസ്ഥിതി സൗഹൃദമാറ്റം. മാത്രമല്ല  ജൈവപച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും തോട്ടവും ഈ സ്കൂളിന് സ്വന്തമായുണ്ട്. എല്ലാ വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്ന ഒരു ആശയവും ഇവിടെ നടപ്പിൽ വരുത്തിയിരുന്നു. സ്കൂൾ ബാ​ഗിന്റെ ഭാരമില്ലാതെ കുട്ടികൾക്ക് സ്കൂളിൽ എത്തി പഠിച്ച് മടങ്ങാം. സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ പഠിക്കാനുപയോ​ഗിക്കാം. സ്വന്തം പുസ്തകങ്ങൾ കൊണ്ട് വീട്ടിലിരുന്നും പഠിക്കാം കൈയും വീശിയെത്തി പഠിച്ചു മടങ്ങാം എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. അങ്ങനെയങ്ങനെ പ്രകൃതിയോടിണങ്ങി, പഠനം ഭാരമാക്കാതെയാണ് ഈ സ്കൂളിലെ കുട്ടികൾ പഠിച്ചു മടങ്ങുന്നത്.

തീവണ്ടി ക്ലാസ്സ്റൂമുകൾ കാണാൻ പൂർവ്വവിദ്യാർത്ഥികളും എത്തിയിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ മുന്നിൽ നിന്ന് നോക്കിയാൽ ഒരു ട്രെയിൻ യാത്ര തുടങ്ങാൻ റെ‍ഡിയായി നിൽക്കുന്നത് പോലെയുള്ള കാഴ്ചയാണ്. ടോട്ടോച്ചാനിന്റെ സ്കൂൾ ജാപ്പനീസ് മാതൃകയിലായിരുന്നെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ മാതൃകയിലാണ്  ഈ സ്കൂൾ തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിയെ സ്നേഹിച്ച്, പ്രകൃതിയോടിണങ്ങി ജീവിക്കാനാണ് കൊബാഷി മാസ്റ്ററുടെ സ്കൂളിൽ പഠിപ്പിച്ചത്. അതേ മാതൃക തന്നെയാണ് ഈ സ്കൂളും പിന്തുടരുന്നത്. ഇവിടെ കുട്ടികൾക്ക് പഠനമൊരു ഭാരമേയല്ല. ഇവിടെ എത്തുന്ന ഓരോ കുഞ്ഞുങ്ങളും ടോട്ടോച്ചാനെപ്പോലെ ഈ വിദ്യാലയത്തെ സ്നേഹിക്കുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios