Asianet News MalayalamAsianet News Malayalam

എഴുത്തും വായനയും അറിയാത്ത അമ്മയ്ക്ക്  വിജയം സമര്‍പ്പിച്ച്  റാങ്ക് ജേതാവിന്റെ വൈറല്‍ പോസ്റ്റ്

Kerala university MA rank holders fb post
Author
Thiruvananthapuram, First Published Oct 7, 2016, 3:49 PM IST

ഇതാണ് ആ പോസ്റ്റ്: 
എഴുത്തും വായനയും അറിയാത്ത ഒരു അമ്മയുടെ മകളാണ് ഞാന്‍. ഒരുപാട് മക്കള്‍ ഉള്ള വീട്ടിലെ നടുവിലെ സന്തതിയായ എന്റെ അമ്മയെ പഠിക്കാന്‍ വിടുന്നതില്‍ അന്ന് ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. അടുക്കളയുടെ പുകക്കുള്ളില്‍ എല്ലാര്‍ക്കും വച്ച് വിളമ്പി തീര്‍ന്നു പോയ ബാല്യത്തെ കുറിച്ച് എന്റെ 'അമ്മ എനിക്ക് പറഞ്ഞു തരുമായിരുന്നു. മത്സര വേദികളില്‍ സമ്മാനങ്ങള്‍ വാരി കൂട്ടുമ്പോഴൊക്കെ പലരും ചോദിച്ചിട്ടുണ്ട 'അമ്മ ടീച്ചറാണോ 'എന്ന്.

'അതെ എന്റെ 'അമ്മ എന്റെ ടീച്ചര്‍ ആണെ'ന്ന് ഞാന്‍ ഉത്തരം പറയും . അമ്മയിലൂടെയാണ് ഞാന്‍ ഈ ലോകത്തെ ആദ്യമായി കാണുന്നത്. ബോംബായില്‍ നിന്ന് അച്ഛന്‍ അയക്കുന്ന കത്തുകള്‍ വായിക്കാന്‍ കഷ്ടപ്പെടുന്ന അമ്മയെ കണ്ടപ്പോഴാണ് വായിക്കാന്‍ പഠിക്കണം എന്ന ചിന്ത ആദ്യം മനസില്‍ ഉണ്ടായത് .പിന്നെ ബസ്സിലെ ചെറിയ ചെറിയ ബോര്‍ഡുകള്‍ വായിച്ച് തുടങ്ങി .എന്നിലൂടെയാണ് എന്റെ 'അമ്മ എഴുത്തു പഠിക്കുന്നത്, ചെറുതായെങ്കിലും വായിക്കാന്‍ പഠിക്കുന്നത്. ഞാന്‍ എഴുതുമ്പോള്‍ പഠിക്കുമ്പോള്‍ സംസാരിക്കുമ്പോള്‍ കൗതുകത്തോടെ നോക്കുന്ന കണ്ണുകളെ ഇപ്പോഴും അമ്മയില്‍ കാണാം.

ഡിപ്പാര്‍ട്‌മെന്റിലെ ആദ്യദിവസം,നന്നായി സംസാരിച്ച,രക്ഷാകര്‍ത്താക്കളുടെ അഭിനന്ദനം ഏറ്റു വാങ്ങിയ കുട്ടിയുടെ 'അമ്മ , സംസാരിക്കാന്‍ ഊഴം എത്തിയപ്പോള്‍ എഴുന്നേറ്റു നിന്ന് 'സന്തോഷം 'എന്ന ഒറ്റവാക്കില്‍ എല്ലാം ഒതുക്കി കണ്ണ് നിറഞ്ഞു ഒരു മൂലയിലെ കസേരയില്‍ പോയി ഇരുന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകാം.പേരെഴുതി ഒപ്പിടാന്‍ നേരം എന്നെ ഒളികണ്ണോടെ നോക്കിയ അമ്മയുടെ മുഖം ഇപ്പോഴും ഓര്‍മ്മയുണ്ട് .അമ്മയുടെ കണ്ണ് നിറഞ്ഞാല്‍ എനിക്ക് സഹിക്കാന്‍ പറ്റില്ല,നമുക്ക് ജീവിതം ഒരു പോരാട്ടം ആണ്. ഞങ്ങള്‍ പരസ്പരം പഠിച്ച് കൊണ്ടിരിക്കുകയാണ് ഒന്നിച്ച്. അച്ഛനോട് ഒരുപാട് സ്‌നേഹം.

ഈ സന്തോഷനിമിഷത്തില്‍ ഓര്‍ക്കാന്‍ ഒരുപാട് പേരുണ്ട്. എന്റെ അധ്യാപകര്‍, ചിന്തക്കും വായനക്കും ഇടം ഒരുക്കിയ, തെറ്റില്‍ നിന്ന് ശരിയിലേക്കു നയിച്ച,തളര്‍ന്നു പോകുമ്പോള്‍ വീണ്ടും ഓടാന്‍ ധൈര്യം തന്ന ,ആത്മാവില്‍ ഉപ്പായി മാറിയ അവരോടു എങ്ങനെ നന്ദി പറഞ്ഞു തീരും എന്ന് അറിയില്ല .'ഒരുവെള്ള കടലാസായി മാറുക, അതില് സ്വതന്ത്രമായി സ്വപ്നം വരക്കാം 'എന്ന് പഠിപ്പിച്ച ഓരോ അദ്ധ്യാപകരെയും ഞങ്ങളുടെ മാത്യു സാറിനെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു .ഹോസ്റ്റല്‍ ഫീയില്‍ എനിക്ക് മാത്രം ഇളവ് തന്നു, സങ്കടങ്ങളില്‍ നെഞ്ചോടു പിടിച്ച് അമ്മയുടെ സ്‌നേഹം നല്‍കി ഒപ്പം നിര്‍ത്തിയ എന്റെ സുജാത ആന്റി ,മിനി ചേച്ചി ,തൃശ്ശൂരിലെ മാമന്‍ ,അപ്പച്ചി ,ഏട്ടന്‍, ഷീല മാമി ,മുരളി മാമന്‍,എല്ലാമായ ജീജ ചേച്ചി,ദീഷൂട്ടി ,ചെറിയ പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും ഇടയില്‍ എന്നും സ്‌നേഹം നില നിര്‍ത്തുന്ന ക്യാമ്പസിലെ സഖാക്കള്‍, ബീന ആന്റി ,വലിയവേങ്കാട് ഗ്രാമ പ്രകാശ് വായന ശാല ,ഐക്യ മലയാള പ്രസ്ഥാനം ,എന്റെ അഖില്‍ ഏട്ടന്‍ ,കുക്കു അണ്ണന്‍ ,അനിയത്തി കുട്ടി രമ്യ ,തിരോന്തരത്തെ ചങ്ക് പിള്ളേര് ,ആകാശവാണി എന്നും അത്താണി ആയി ഒപ്പം ഉണ്ടാരുന്നു.

കൂടെ മത്സരിച്ചവര്‍,പഠിച്ചവര്‍,എഴുത്തിന് ഇടം ഒരുക്കിയ മാസികകള്‍, ഒരു വിജയത്തിലും ഒരു നല്ല വാക്ക് പോലും പറഞ്ഞിട്ടില്ലാത്ത ,അവഗണയുടെ ആഴങ്ങളിലേക്ക് തള്ളി വിട്ട് ജീവിക്കാന്‍ വാശി തന്ന നാട്ടുകാര് ,സങ്കടത്തിലും സന്തോഷത്തിലും എപ്പോഴും ഒപ്പം ഉണ്ടാകുന്ന ഫേസ് ബുക്ക് വാട്‌സ് ആപ്പ് ബന്ധുക്കള്‍ ,നിങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് ,പിന്നെ എല്ലാത്തിനും കൂട്ടായി നില്‍ക്കുന്ന ,ഞാന്‍ തന്നെയായ എന്റെ സഖാവ് .എല്ലാരോടും സ്‌നേഹം സന്തോഷം .

(nb :ഗ്രേസ് മാര്‍ക്ക് ഒന്നും ഉള്‍പ്പെടുത്താതെ ആണ് റാങ്ക് കിട്ടിയത് ,യൂണിവേഴ്‌സിറ്റി കലോത്സവത്തില് പ്രസംഗം,ഉപന്യാസം ,ഡിബേറ്റ് എന്നീ ഇനങ്ങളില്‍ രണ്ടു വര്‍ഷം തുടര്‍ച്ചയായി ലഭിച്ച ഗ്രേസ് മാര്‍ക്ക് ഒന്നും ചെയ്യാനാകാതെ കൈയില്‍ ബാക്കി ഉണ്ട് .ആത്മ പ്രശംസ / അഹങ്കാരം ആണെന്ന് വിചാരിക്കരുത് )

Follow Us:
Download App:
  • android
  • ios