തൂത്തുക്കുടിയുടെ ചോര! കെ.ജി ബാലു എഴുതുന്നു  

ഇന്ത്യയെ പോലൊരു രാജ്യത്തെ ജനത സ്വന്തം ജീവനും സ്വത്തിനും വേണ്ടി അധികാരകേന്ദ്രങ്ങളിലേക്ക് നടത്തുന്ന ലോങ് മാര്‍ച്ചുകള്‍ ഭരണകൂടത്തെ അസ്വസ്ഥമാക്കുകതന്നെ ചെയ്യും. അതിനെ മറികടക്കാന്‍ ഭരണകൂടങ്ങള്‍ ആയുധമുപയോഗിക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നത് അധികാര വര്‍ഗ്ഗത്തിന്റെ മിഥ്യാധാരണ മാത്രമാണ്. കൂടുതല്‍ കരുത്തോടെ ഇത്തരം പ്രതിഷേധങ്ങള്‍/പ്രതിരോധങ്ങള്‍ ഇന്ത്യയുടെ ഭരണകേന്ദ്രങ്ങളെ ആടിയുലയ്ക്കുകതന്നെ ചെയ്യും. ആത്യന്തികമായി, ജനങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിഷേധിച്ച ഭരണകൂടങ്ങള്‍ക്ക് ചരിത്രം ഒരിക്കലും ആയുസ് നീട്ടിക്കൊടുത്തിട്ടില്ല.

സ്വന്തം പൗരന്മാര്‍ക്കെതിരെ ആയുധമുപയോഗിക്കാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറല്ലെന്ന് പറഞ്ഞത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്. ബസ്തറില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ ഉപയോഗിക്കണം എന്ന ആവശ്യം ശക്തമായപ്പോഴായിരുന്നു മന്‍മോഹന്‍ സിംഗ് തന്റെ നിലപാട് വ്യക്തമാക്കിയത്. 

ഭരണകൂടം പൗരന്റെ സ്വാതന്ത്രത്തിനും സ്വത്തിനും എതിരായി നില്‍ക്കുമ്പോഴാണ് ഭരണകൂടത്തിനെതിരെ പൗരന് സമരം നയിക്കേണ്ടി വരുന്നത്. 'ഏതൊരു കാര്യവും ചെയ്യും മുമ്പേ അത് എത്ര പേര്‍ക്ക് ഗുണകരമാകും എന്ന് ചിന്തിക്കേണ്ടതുണ്ട്' എന്ന രാഷ്ട്ര പിതാവിന്റെ വാക്കുകള്‍ക്ക് വര്‍ത്തമാനകാല കോര്‍പ്പറേറ്റ്, ഭരണകൂട കൂട്ടുകെട്ടുകള്‍ക്കും അവരുടെ വ്യാപാര തന്ത്രങ്ങള്‍ക്കുമിടയില്‍ വലിയ സ്ഥാനമൊന്നും ഇല്ല. എങ്കിലും ഇന്ത്യയെ പോലൊരു രാജ്യത്തിന് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ വാക്കുകളെ അത്രയെളുപ്പം തള്ളിക്കളയാന്‍ കഴിയില്ലെന്നത് ഈ രാജ്യം ഇതുവരെ കടന്നു പോയ സംഭവവികാസങ്ങളിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. 

സ്വന്തം പൗരന്മാരോട് ഏങ്ങനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭരണകൂടങ്ങളുടെ നിലനില്‍പ്പ്. സര്‍ക്കാറിന്റെ അധികാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിയുന്നത് മൃഗ(മനുഷ്യ) വാസനതന്നെ. എത്ര പരിമിതമാണെങ്കിലും സ്വന്തം സ്വാതന്ത്ര്യം ആഘോഷിച്ച് തന്നെയാണ് ഓരോ മനുഷ്യനും ജീവിച്ച് മരിച്ച് വീഴുന്നത്. അതിനെതിരെ നില്‍ക്കുന്നതെന്ത് തന്നെയായാലും എതിരിടുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള ചരിത്രമാണ്. 

രാജ്യ പുരോഗതിയുടെ അളവുകോലുകള്‍ അതത് കാലഘട്ടത്തില്‍ രൂപപ്പെടുന്ന വിപണിയുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെങ്കിലും അടിസ്ഥാനപരമായി സ്വാസ്ഥ്യമുള്ള ജനതയെ നിര്‍മ്മിച്ചെടുക്കുന്നതിനുള്ള അടിസ്ഥാനം അതുമാത്രമല്ല. അതിനാല്‍, ജനതയ്ക്ക് നിലനില്‍ക്കുന്ന വ്യാപാര രീതിശാസ്ത്രങ്ങളോട് കലഹിക്കാതെ വയ്യ. ഇത്തരം കലഹങ്ങള്‍ രാജ്യത്തിന്റെ 'പുരോഗതി 'യെ പിന്നോട്ടടിക്കും എന്ന വാദം സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ നിര്‍ബന്ധിതമാവുന്നത് ഈ സാഹചര്യത്തിലാണ്. 

തെരഞ്ഞെടുപ്പ് വിജയങ്ങള്‍ തീരുമാനിക്കുന്ന വിപണിയാണ് ഭരണ പാര്‍ട്ടിയുടെ അജണ്ടകളെ നിശ്ചയിക്കുന്നതും.

മുത്തങ്ങയില്‍ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടത് സ്വന്തമായി ഒരു തുണ്ട് സ്ഥലം, വീട് എന്ന സ്വപ്നത്തിന് വേണ്ടി സമരം ചെയ്തു എന്നതുകൊണ്ട് മാത്രമാണ്. അന്ന് വെടിവെക്കാന്‍ ഉത്തരവിട്ട, ഭരണകൂടത്തെ നിയന്ത്രിച്ചിരുന്ന അതേ ആള്‍ തന്നെയായിരുന്നു പിന്നീട് രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായത്. സ്വന്തം ജനതയുടെ നേര്‍ക്ക് തോക്കുയര്‍ത്തുന്ന ഒരു ഭരണാധികാരിയും നീതി അര്‍ഹിക്കുന്നില്ല. വേട്ടക്കാരനായി തീരുന്ന ഭരണാധികാരിയും ഇരയായി തീരുന്ന പൗരനും തമ്മിലുള്ള നീതിബോധത്തിന്റെ തുടര്‍ച്ചതന്നെയാണ്.

തൂത്തുക്കുടിയില്‍നടന്നത് ഇന്ത്യയിലെ ആദ്യത്തെയോ അവസാനത്തെയോ ഭരണകൂട ഭീകരതയല്ല. അത് അനേകം 'തുടര്‍ സംഘര്‍ഷ'ങ്ങളുടെ തുടര്‍ച്ച തന്നെയാണ്. ഭരണകൂടവും പൗരനും തമ്മില്‍ രൂപം കൊള്ളുന്ന ഈ സംഘര്‍ഷാവസ്ഥ സര്‍ക്കാറുകളുടെ വ്യാപാര-വാണിജ്യ താല്‍പ്പര്യങ്ങളുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ തീരുമാനിക്കുന്ന വിപണിയാണ് ഭരണ പാര്‍ട്ടിയുടെ അജണ്ടകളെ നിശ്ചയിക്കുന്നതും.

നരേന്ദ്ര മോദി ഇന്ത്യയുടെ അധികാര കേന്ദ്രത്തിലെത്തിയത് പ്രത്യയശാസ്ത്രപരമായ അജണ്ടയില്‍ ഊന്നി പ്രചാരണം നടത്തിയല്ല. വികസനവും മുന്‍ സര്‍ക്കാറിന്റെ ജനവിരുദ്ധ, അഴിമതി നയങ്ങളും യഥോചിതം ഉപയോഗിച്ചാണ്. വിപണിയുടെ പൂര്‍ണ്ണ പിന്തുണ ഈ സ്ഥാനാരോഹണത്തിന് പിന്നിലുണ്ടായിരുന്നു. വിപണിയുടെ ഗിമ്മിക്കുകള്‍, പണം നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് എന്നിവയെ ഏങ്ങനെ വിപണിയുടെ (market)സ്വഭാവത്തിനനുസരിച്ച് വിജയകരമായി ഉപയോഗിക്കാന്‍ കഴിയുമെന്നിടത്താണ് ഇന്ത്യന്‍ ജനാധിപത്യം ഭരണാധികാരിയെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരിക്ക് പൗരന്റെ അവകാശ/അധികാരത്തെ മാനിക്കേണ്ടതില്ല എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യന്‍ ജനത കണ്ടുകൊണ്ടിരിക്കുന്നതും.

പ്രധാനമന്ത്രി എന്നത് വ്യക്തി എന്നതിനേക്കാള്‍ ഒരു ഭരണകൂട തലവനാണെന്നിടത്താണ് ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന നീതി പൂര്‍വ്വകമായ സംവിധാനത്തെ രാജ്യം പിന്തുടരുന്നത്. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതോടെ അദ്ദേഹം ഒരേ സമയം ഇന്ത്യന്‍ പ്രധാനമന്ത്രിയും അദാനി, വേദാന്ത, റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാരുടെ പരസ്യമുഖവുമായി മാറുന്നു. ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തെ സാധാരണക്കാരനോടുള്ളതിനേക്കാള്‍ വിധേയത്വം കോര്‍പ്പറേറ്റുകളോട് തോന്നിത്തുടങ്ങിയാല്‍, ആ രാജ്യത്തെ ജനത താന്‍ തന്നെ നികുതി കൊടുത്തുവളര്‍ത്തുന്ന ഭരണകൂട സംവിധാനങ്ങളാല്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. 

ഫെഡറല്‍ ഭരണ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര അധികാരത്തോട് പലകാര്യത്തിലും വിധേയത്വം പുലര്‍ത്തേണ്ടി വരുന്നിടത്ത് എ.കെ.ആന്റണിയും പിണറായി വിജയനും എടപ്പാടി കെ. പളനിസ്വാമിയും മറ്റൊന്നായി തീരുകയില്ല. കുറ്റവാളിയെ പിടികൂടാനും ശിക്ഷിക്കാനുമുള്ള ഒരു സംവിധാനം നിലനില്‍ക്കെ വീട്ടില്‍ കയറി പിടിച്ചു കൊണ്ടു പോയി തല്ലി കൊല്ലുന്ന പോലീസും തങ്ങളുടെ സ്വസ്ഥ ജീവിതത്തിനായി സമരം ചെയ്യുന്ന ജനതയ്ക്ക് നേരെ തോക്കുയര്‍ത്തുന്ന പോലീസും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ജനതയുടെ ജീവനോപാധികളെ നിഷ്‌കരുണം ഇല്ലാതാക്കി നഷ്ടപരിഹാരം പോലും നിഷേധിച്ചു കൊണ്ട് വിപണിയെ മാത്രം പിന്തുണയ്ക്കുന്ന ഭരണാധികാരിയും ഒരൊറ്റ ബോധ്യത്തിലായിരിക്കും അധികാരത്തെ ഉപയോഗിക്കുന്നത്. 

ഇന്ത്യയെ പോലൊരു രാജ്യത്തെ ജനത സ്വന്തം ജീവനും സ്വത്തിനും വേണ്ടി അധികാരകേന്ദ്രങ്ങളിലേക്ക് നടത്തുന്ന ലോങ് മാര്‍ച്ചുകള്‍ ഭരണകൂടത്തെ അസ്വസ്ഥമാക്കുകതന്നെ ചെയ്യും. അതിനെ മറികടക്കാന്‍ ഭരണകൂടങ്ങള്‍ ആയുധമുപയോഗിക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നത് അധികാര വര്‍ഗ്ഗത്തിന്റെ മിഥ്യാധാരണ മാത്രമാണ്. കൂടുതല്‍ കരുത്തോടെ ഇത്തരം പ്രതിഷേധങ്ങള്‍/പ്രതിരോധങ്ങള്‍ ഇന്ത്യയുടെ ഭരണകേന്ദ്രങ്ങളെ ആടിയുലയ്ക്കുകതന്നെ ചെയ്യും. ആത്യന്തികമായി, ജനങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിഷേധിച്ച ഭരണകൂടങ്ങള്‍ക്ക് ചരിത്രം ഒരിക്കലും ആയുസ് നീട്ടിക്കൊടുത്തിട്ടില്ല.

Scroll to load tweet…

തൂത്തുക്കൂടിയിലെ കാവ്യനീതി 
തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പ്പ് ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവ്യനീതിയാകണം. മുത്തശ്ശിയും അച്ഛനും രാജ്യത്തിനകത്തും പുറത്തും നടത്തിയ സൈനികവും അല്ലാതെയുമുള്ള കൊലപാതകങ്ങളെ വിചാരണ ചെയ്യുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ഭരണകൂടവും ഭരണാധികാരികളും മാത്രമാണ്.