1998ല്‍ ഫ്‌ളോറിഡയിലെ ഒരു ആശുപത്രിയില്‍ വെച്ച് നഴ്‌സിന്റെ വേഷമിട്ടെത്തിയ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയ കാമിയ മൊബിലി എന്ന പെണ്‍കുട്ടിയെയാണ് കണ്ടെത്തിയത്. പ്രസവിച്ച കഴിഞ്ഞ ഉടനെ പരിശോധനയ്ക്ക് എന്നു പറഞ്ഞ് ഒരു സ്ത്രീ കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം, ഈ സ്ത്രീയെയും കുഞ്ഞിനെയും കണ്ടെത്താനായില്ല.
തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ പൊലീസ് തകൃതിയായ അന്വേഷണം നടത്തി. വിവിധ സ്‌റ്റേറ്റുകളിലേക്കു വ്യാപിച്ച അന്വേഷണത്തിന് ഫലം കാണാത്ത സാഹചര്യത്തില്‍, വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരുന്നു. എന്നാല്‍, 18 വര്‍ഷമായി കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
അതിനിടെയാണ്, വാള്‍ട്ടര്‍ ബറോയിലെ ഒരു വീട്ടില്‍ കാമിയയുടെ അതേ ജന്‍മത്തീയതിയുള്ള ഒരു കുട്ടിയുള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ ഈ കുട്ടി ആരാണെന്ന് മനസ്സിലായി. ഡിഎന്‍എ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞു. അമ്മയായി കൂടെ ഉണ്ടായിരുന്ന ഗ്ലോറിയ വില്യംസ് എന്ന 51 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.
