ലോകനേതാക്കളെല്ലാം പുതുവത്സരാശംസകൾ നേരുന്ന കൂട്ടത്തിൽ, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉനും തന്റെ രാജ്യത്തെ പൗരന്മാർക്ക് പുതുവത്സരാശംസകൾ നേർന്നു കൊണ്ട് കാർഡുകൾ അയക്കുകയുണ്ടായി. ദുഷ്‌കരമായ സമയങ്ങളിൽ ജനങ്ങൾ നൽകിയ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു അത്. കൂടാതെ പുതുവത്സര ദിനത്തിൽ ജനങ്ങൾക്ക് സന്തോഷവും ആരോഗ്യവും നേരാനും കിം മറന്നില്ല. 
 
ഇന്നലെ രാത്രി 12 മണിയ്ക്ക്, കിമ്മും മറ്റ് മുതിർന്ന നേതാക്കളും Kumsusan Palace of the Sun സന്ദർശിച്ചു. അവിടെയാണ് അദ്ദേഹത്തിന്റെ പിതാവിന്റെയും മുത്തച്ഛന്റെയും മൃതദേഹങ്ങൾ ഗ്ലാസിൽ സൂക്ഷിച്ചിരിക്കുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ പുതുവർഷത്തിലും താൻ കഠിനമായി പരിശ്രമിക്കുമെന്ന് കിം എഴുതി. മഹാമാരിയുടെ ഫലമായി രാജ്യത്ത് നടപ്പിലാക്കിയ അന്താരാഷ്ട്ര ഉപരോധങ്ങളും കർശന നടപടികളും മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘ്യാതങ്ങൾക്കും, പൗരന്മാർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും ഉത്തരകൊറിയൻ നേതാവ് മുമ്പ് ക്ഷമ ചോദിച്ചിരുന്നു. അതിർത്തി ലോക്ക് ഡൗണുകളും, മറ്റ് കർശന നടപടികളും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

കൊറോണ വൈറസിൽ നിന്ന് പൂർണമായും മുക്തമാണെന്ന് രാജ്യം അവകാശപ്പെടുമ്പോഴും, ദക്ഷിണ കൊറിയയും, അമേരിക്കയും ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല. അതേസമയം, വടക്കൻ കൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ പ്രധാന സ്‌ക്വയറിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയിൽ മാസ്ക് ധരിച്ച ധാരാളം ആളുകൾ പങ്കെടുത്തതായി സംസ്ഥാന മാധ്യമങ്ങൾ വ്യക്തമാക്കി. ജനുവരി ആദ്യം നടക്കാനിരുന്ന രാഷ്ട്രീയ സമ്മേളനത്തിൽ കിം പുതിയ പഞ്ചവത്സര സാമ്പത്തിക പദ്ധതി പ്രഖ്യാപിക്കുമെന്നും, നേതൃമാറ്റങ്ങൾ വരുത്തുമെന്നും, മറ്റ് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുമെന്നും പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്ത് ആദ്യമായി നടക്കുന്ന രാഷ്ട്രീയ സമ്മേളനമാണ് ഇത്.